ഭവനവായ്പ നിരക്കുകള്‍ കുറയുമെന്ന പ്രതീക്ഷക്ക് മങ്ങലേറ്റു; നിരക്കുകളില്‍ മാറ്റം വരുത്താതെ ആര്‍ബിഐയുടെ വായ്പ നയം 

നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് വായ്പ നയം പ്രഖ്യാപിച്ചു. ഇതോടെ റിപ്പോ നിരക്ക് ആറുശതമാനമായും റിവേഴ്‌സ് റിപ്പോ നിരക്ക് 5.75 ശതമാനമായും തുടരും
ഭവനവായ്പ നിരക്കുകള്‍ കുറയുമെന്ന പ്രതീക്ഷക്ക് മങ്ങലേറ്റു; നിരക്കുകളില്‍ മാറ്റം വരുത്താതെ ആര്‍ബിഐയുടെ വായ്പ നയം 

മുംബൈ: നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് വായ്പ നയം പ്രഖ്യാപിച്ചു. ഇതോടെ റിപ്പോ നിരക്ക് ആറുശതമാനമായും റിവേഴ്‌സ് റിപ്പോ നിരക്ക് 5.75 ശതമാനമായും തുടരും. കരുതല്‍ ധനാനുപാതം നാലുശതമാനമായി നിലനിര്‍ത്തി. ഭവനമേഖലയെ പ്രോത്സാഹിപ്പിക്കാന്‍ വായ്പ നിരക്കുകളില്‍ കുറവുവരുത്തുമെന്ന വ്യവസായ ലോകം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ നിരക്കുകളില്‍ മാറ്റം വരുത്താന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ ഭവന വായ്പയുടെ പലിശനിരക്കുകളിലും മാറ്റമുണ്ടാവില്ല.

പണപ്പെരുപ്പനിരക്ക് വരുംമാസങ്ങളിലും വര്‍ധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് റിസര്‍വ് ബാങ്കിന്റെ തീരുമാനം.  നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ പണപ്പെരുപ്പനിരക്ക് 5.1 ശതമാനമായിരിക്കുമെന്നാണ് പണനയസമിതിയുടെ അനുമാനം. സാമ്പത്തിക അച്ചടക്കം പാലിക്കുന്നതില്‍ വീഴ്ച സംഭവിച്ചതായി ബജറ്റില്‍ കേന്ദ്രസര്‍ക്കാര്‍ തുറന്നുസമ്മതിക്കുന്നതും വായ്പനയത്തെ സ്വാധീനിച്ചു. പണപ്പെരുപ്പം ഉയരുമെന്ന സൂചനയാണ് ബജറ്റ് നല്‍കുന്നത്. ഈ സാഹചര്യവും കണക്കിലെടുത്താണ് വായ്പ നിരക്കില്‍ മാറ്റം വരുത്തേണ്ടെന്ന തീരുമാനം പണനയസമിതി സ്വീകരിച്ചത്.

എങ്കിലും വരുന്ന സാമ്പത്തിക വര്‍ഷത്തിലും പണപ്പെരുപ്പനിരക്ക് നാലുശതമാനമാക്കി താഴ്ത്തുക എന്ന ലക്ഷ്യവുമായി റിസര്‍വ് ബാങ്ക് മുന്നോട്ടുപോകുമെന്ന് സമിതി വ്യക്തമാക്കി.  ഡിസംബറില്‍ നടന്ന പോളിസി യോഗത്തില്‍ തന്നെ ഉയരുന്ന പണപ്പെരുപ്പനിരക്കില്‍ ആര്‍ബിഐ ഗവര്‍ണര്‍ ഉള്‍പ്പെടുന്ന ആറംഗധനസമിതി ആശങ്ക പ്രകടിപ്പിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com