രാജ്യത്തെ ധനിക സംസ്ഥാനങ്ങള്‍ ഡല്‍ഹിയും പഞ്ചാബും; സമ്പത്തില്‍ ജൈന മതസ്ഥര്‍ മുന്‍പന്തിയിലെന്ന് സര്‍വേ ഫലം

രാജ്യത്ത് ഏറ്റവും സമ്പന്നമായ സംസ്ഥാനങ്ങള്‍ ഡല്‍ഹിയും പഞ്ചാബും 
രാജ്യത്തെ ധനിക സംസ്ഥാനങ്ങള്‍ ഡല്‍ഹിയും പഞ്ചാബും; സമ്പത്തില്‍ ജൈന മതസ്ഥര്‍ മുന്‍പന്തിയിലെന്ന് സര്‍വേ ഫലം

രാജ്യത്ത് ഏറ്റവും സമ്പന്നമായ സംസ്ഥാനങ്ങള്‍ ഡല്‍ഹിയും പഞ്ചാബുമാണെന്ന് സര്‍വേ റിപ്പോര്‍ട്ട്. ജൈന മതത്തിലുള്ളവരാണ് സമ്പത്തില്‍ മുന്നില്‍ നില്‍ക്കുന്നതെന്നും നാഷണല്‍ ഫാമിലി ആന്‍ഡ് ഹെല്‍ത്ത് സര്‍വേയില്‍ പറയുന്നു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ ഇപ്പോഴും സാമ്പത്തികമായി താഴ്ന്ന നിലയിലാണെന്നും സര്‍വേയില്‍ പറയുന്നു. 

2015-16 കാലഘട്ടത്തില്‍ ആറ് ലക്ഷത്തില്‍ അധികം കുടുംബങ്ങളിലാണ് സര്‍വേ നടത്തിയത്. ഇന്ത്യയുടെ സാമൂഹിക സാമ്പത്തിക സാഹചര്യം വിലയിരുത്തുന്നതിന്റെ ഭാഗമായാണ് സര്‍വേ നടത്തിയത്. ഇതിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വെല്‍ത്ത് ഇന്‍ഡക്‌സ് തയാറാക്കി. ടെലിവിഷന്‍, സൈക്കിള്‍ പോലുള്ള ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ ഉടമസ്ഥത, കുടുംബത്തിന്റെ ജീവിത അന്തരീക്ഷം എന്നിവയുടെ സ്‌കോര്‍ അനുസരിച്ചാണ് ഇന്‍ഡക്‌സ്. 

ഏറ്റവും ദരിദ്രരായവരും ഏറ്റവും സമ്പന്നരായവരും ഉള്‍പ്പടെ അഞ്ച് ഭാഗങ്ങളായി തിരിച്ചാണ് രാജ്യത്തെ സാമ്പത്തികാവസ്ഥ വിലയിരുത്തിയിരിക്കുന്നത്. ഇതില്‍ രാജ്യത്തെ ഗ്രാമീണ മേഖലകളിലാണ് പ്രധാനമായും ദാരിദ്ര്യം നിലനില്‍ക്കുന്നത്. ഗ്രാമീണ മേഖലയിലെ 29 ശതമാനവും സാമ്പത്തികമായി താഴ്ന്ന നിലയിലാണ്. നഗരപ്രദേശങ്ങളില്‍ ഇത് 3.3 ശതമാനമാണ്. 

ചില സംസ്ഥാനങ്ങളും മതവിഭാഗങ്ങളും ഉയര്‍ന്ന സാമ്പത്തിക സ്ഥിതിയിലുള്ളവരാണ്. ഡല്‍ഹിയിലേയും പഞ്ചാബിലേയും 60 ശതമാനം കുടുംബങ്ങളും ധനികരാണ്. ബിഹാറിലാണ് ഏറ്റവും മോശം സാമ്പത്തിക അവസ്ഥയിലുള്ളവര്‍ താമസിക്കുന്നത്. സംസ്ഥാനത്തിന്റെ പകുതിയില്‍ അധികം വരുന്നവരും പാവപ്പെട്ടവരാണ്. 

ജൈന മതത്തിലെ 70 ശതമാനത്തിന് മുകളില്‍ വരുന്ന ജനസംഖ്യയും മികച്ച സാമ്പത്തിക സ്ഥിതി നിലനിര്‍ത്തുന്നു. ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മില്‍ വലിയ വ്യത്യാസമില്ല. അഞ്ച് ഭാഗങ്ങളിലും ഇരു മതവിഭാഗവും തുല്യമായ അവസ്ഥയിലാണ്. ഉയര്‍ന്ന ജാതിയിലുള്ളവരില്‍ ധനികരാണ് കൂടുതലായുള്ളത് എന്നാല്‍ പട്ടിക വര്‍ഗ്ഗത്തിലുള്ളവരില്‍ പകുതി പേരും സാമ്പത്തികമായി താഴ്ന്ന അവസ്ഥയിലാണ്. വളരെ ചെറിയ ശതമാനം മാത്രമാണ് ഈ വിഭാഗത്തില്‍ നിന്ന് ധനികരായിട്ടുള്ളൂ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com