ലോവര്‍ ബെര്‍ത്ത് യാത്രകള്‍ക്ക് നിരക്ക് വര്‍ധിപ്പിക്കാന്‍ റെയില്‍വേ ഉന്നതലസമിതിയുടെ ശുപാര്‍ശ

ടിക്കറ്റിന്റെ ആവശ്യകതയും സീറ്റിന്റെ താല്പര്യവും കണക്കാക്കി ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്ന ഡൈനാമിക്ക് പ്രൈസിങ് മോഡല്‍ റെയില്‍വേയിലും നടപ്പിലാക്കാന്‍ സാധ്യത
ലോവര്‍ ബെര്‍ത്ത് യാത്രകള്‍ക്ക് നിരക്ക് വര്‍ധിപ്പിക്കാന്‍ റെയില്‍വേ ഉന്നതലസമിതിയുടെ ശുപാര്‍ശ

ന്യൂഡല്‍ഹി: ഭാവിയില്‍ ഉത്സവസീസണുകളിലും ലോവര്‍ ബെര്‍ത്ത് സീറ്റുകളിലും ട്രെയിന്‍ യാത്ര നടത്താന്‍ ആഗ്രഹിക്കുന്നവരുടെ കീശ കാലിയായേക്കാം.ടിക്കറ്റിന്റെ ആവശ്യകതയും സീറ്റിന്റെ താല്പര്യവും കണക്കാക്കി ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്ന ഡൈനാമിക്ക് പ്രൈസിങ് മോഡല്‍ റെയില്‍വേയിലും നടപ്പിലാക്കാന്‍ സാധ്യത. വിമാനക്കമ്പനികളും, ഹോട്ടലുകളും സ്വീകരിച്ചുവരുന്ന ഈ മാത്യക നടപ്പിലാക്കാന്‍ ഉന്നതതലസമിതി റെയില്‍വേയോട് ശുപാര്‍ശ ചെയ്തു. ഇതോടെ ഉത്സവ സീസണുകളിലും ലോവര്‍ ബെര്‍ത്തുകള്‍ ആവശ്യപ്പെടുന്നവര്‍ക്കും കൂടുതല്‍ പണം നല്‍കേണ്ടി വരും.

റെയില്‍വേയില്‍ നടപ്പിലാക്കിയ ഫഌക്‌സി മോഡലിന് എതിരെ വ്യാപക പരാതി ഉയര്‍ന്നിട്ടുണ്ട്. ഇത് പുന: പരിശോധിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഉന്നതതല സമിതിയെ റെയില്‍വേ നിയോഗിച്ചു. ഈ സമിതിയാണ് റെയില്‍വേയുടെ വരുമാനം വര്‍ധിപ്പിക്കാന്‍ ശുപാര്‍ശകള്‍ സമര്‍പ്പിച്ചത്.  മുന്‍നിര സീറ്റുകള്‍ക്ക് കൂടുതല്‍ നിരക്ക് ഈടാക്കുന്ന വിമാനക്കമ്പനികളുടെ ഡൈനാമിക്ക് പ്രൈസിങ്  മാത്യക പിന്തുടരാനാണ് റെയില്‍വേ ആലോചിക്കുന്നത്. അതായത് കൂടുതല്‍ പേര്‍ ആവശ്യപ്പെടുന്ന സീറ്റുകളുടെ നിരക്ക് വര്‍ധിക്കുമെന്ന് സാരം. യാത്രക്കാര്‍ പതിവായി തെരഞ്ഞെടുക്കുന്ന അനുയോജ്യമായ സമയത്തുളള യാത്രകള്‍ക്ക് നിരക്ക് വര്‍ധിപ്പിക്കാനും റെയില്‍വേയ്ക്ക് പദ്ധതിയുണ്ട്. ഇതിലുടെയെല്ലാം സാമ്പത്തിക പ്രതിസന്ധി ഒരു പരിധി വരെ മറികടക്കാനാകുമെന്നാണ് റെയില്‍വേയുടെ കണക്കുകൂട്ടല്‍.

 ഫഌറ്റ് നിരക്ക് മാത്യകയ്ക്ക് പകരം ഏറ്റവുമധികം യാത്രക്കാര്‍ റെയില്‍വേയെ ആശ്രയിക്കുന്ന ഉത്സവ സീസണുകളില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാനാണ് സമിതി മുഖ്യമായി ശുപാര്‍ശ ചെയ്യുന്നത്. അതേസമയം ഓഫ് സീസണുകളില്‍ ട്രെയിന്‍ നിരക്ക് കുറച്ച് യാത്രക്കാരെ റെയില്‍വേയിലേക്ക് ആകര്‍ഷിക്കാനും ശുപാര്‍ശയില്‍ പറയുന്നു. യാത്രക്കാര്‍ തീരെ കുറവുളള പുലര്‍ച്ചെയും, ഉച്ചയ്ക്ക് ഒരു മണിമുതല്‍ അഞ്ചുമണിവരെയുളള സമയത്തും നിരക്ക് കുറയ്ക്കുന്ന കാര്യം റെയില്‍വേ  ഗൗരവമായി കാണണമെന്നും സമിതി ചൂണ്ടികാണിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com