രാജേഷ് ഝാ അദാനി പോര്‍ട്‌സിന്റെ പുതിയ സിഇഒ ; വിഴിഞ്ഞം പദ്ധതി കരാര്‍ പ്രകാരം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുമെന്ന് ഝാ

വിഴിഞ്ഞം പദ്ധതിയുടെ മാര്‍ഗനിര്‍ദേശകനായി സന്തോഷ് മഹാപാത്ര തുടരുമെന്നും രാജേഷ് ഝാ അറിയിച്ചു
രാജേഷ് ഝാ അദാനി പോര്‍ട്‌സിന്റെ പുതിയ സിഇഒ ; വിഴിഞ്ഞം പദ്ധതി കരാര്‍ പ്രകാരം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുമെന്ന് ഝാ

ന്യൂഡല്‍ഹി : അദാനി പോര്‍ട്‌സ് കമ്പനിയുടെ പുതിയ സിഇഒ ആയി രാജേഷ് ഝായെ നിയമിച്ചു. നിലവിലെ സിഇഒ സന്തോഷ് മഹാപാത്ര രാജിവെച്ച ഒഴിവിലാണ് ഝായുടെ നിയമനം. സന്തോഷ് മഹാപാത്രയുടെ രാജി വിഴിഞ്ഞം പദ്ധതിയെ പ്രതികൂലമായി ബാധിക്കില്ലെന്ന് രാജേഷ് ഝാ അറിയിച്ചു. 

വിഴിഞ്ഞം പദ്ധതി കരാര്‍ പ്രകാരം പൂര്‍ത്തിയാക്കാനാണ് ശ്രമിക്കുന്നത്. കല്ല് കിട്ടുന്ന മുറയ്ക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും. ഓഖി ദുരന്തവും വിഴിഞ്ഞം പദ്ധതിയുടെ നിര്‍മ്മാണ പുരോഗതിക്ക് തിരിച്ചടിയായിരുന്നതായി രാജേഷ് ഝാ വ്യക്തമാക്കി. കഴിഞ്ഞ നാലു വര്‍ഷമായി അദാനി പോര്‍ട്‌സിന്റെ ഊര്‍ജ്ജ പദ്ധതികളില്‍ സിഇഒ ആയി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു രാജേഷ് ഝാ. 

ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെയും ടാറ്റ സ്റ്റീലിന്റെയും ഉന്നത പദവികള്‍ അലങ്കരിച്ചിരുന്ന വ്യക്തിയാണ് രാജേഷ് ഝാ. വിഴിഞ്ഞം പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരുമായി കരാര്‍ ഒപ്പുവെച്ച സന്തോഷ് മഹാപാത്ര രാജിവെച്ചത് പദ്ധതിയെ ബാധിക്കില്ല. ആരോഗ്യപരമായ കാരണങ്ങളാലാണ് മഹാപാത്ര രാജിവെച്ചത്. അദ്ദേഹം അദാനി കമ്പനിയില്‍ നിന്നും പോയിട്ടില്ല. വിഴിഞ്ഞം പദ്ധതിയുടെ മാര്‍ഗനിര്‍ദേശകനായി സന്തോഷ് മഹാപാത്ര തുടരുമെന്നും രാജേഷ് ഝ പറഞ്ഞു.

വ്യക്തിപരമായ കാരണങ്ങളാലാണ് സിഇഒ പദവിയില്‍ നിന്ന് രാജിവെക്കുന്നതെന്ന് സന്തോഷ് മഹാപാത്ര വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിഴിഞ്ഞം പദ്ധതിയിലെ മെല്ലെപ്പോക്കിലെ അതൃപ്തിയാണ് സന്തോഷ് മഹാപാത്രയുടെ രാജിക്ക് കാരണമായതെന്ന് റിപ്പോര്‍ട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com