വികസന സൂചികയില്‍ ഇന്ത്യ പാകിസ്ഥാനും ചൈനയ്ക്കും പിന്നില്‍

വികസന സൂചികയില്‍ ഇന്ത്യ പാകിസ്ഥാനും ചൈനയ്ക്കും പിന്നില്‍

സമഗ്ര വികസനത്തില്‍ ഇന്ത്യ പാകിസ്ഥാനും ചൈനയ്ക്കും പിന്നിലാണെന്ന് ലോക സാമ്പത്തിക ഫോറം ചൂണ്ടികാണിക്കുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് അസമത്വം വര്‍ധിച്ചുവരുന്നുവെന്ന റിപ്പോര്‍ട്ടിന് പിന്നാലെ കേന്ദ്രസര്‍ക്കാരിന് മറ്റൊരു തിരിച്ചടി. സമഗ്ര വികസനത്തില്‍ ഇന്ത്യ പാകിസ്ഥാനും ചൈനയ്ക്കും പിന്നിലാണെന്ന് ലോക സാമ്പത്തിക ഫോറം ചൂണ്ടികാണിക്കുന്നു. അതിവേഗം വളരുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ചൈനയ്ക്കും പാകിസ്ഥാനും പിന്നില്‍ 62 -ാം സ്ഥാനത്താണ് ഇന്ത്യ.  ചൈന 26 ആം സ്ഥാനത്താണെങ്കില്‍ പാകിസ്ഥാന്‍ ആദ്യ അന്‍പതുരാജ്യങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചു. 47-ാം സ്ഥാനത്താണ് പാകിസ്ഥാന്‍.

ജീവിതനിലവാരം, പരിസ്ഥിതിയുടെ സുസ്ഥിരത തുടങ്ങിയ മാനദണ്ഡങ്ങള്‍ കണക്കാക്കിയാണ് സൂചിക തയ്യാറാക്കിയത്. കഴിഞ്ഞ വര്‍ഷം 60 ആം സ്ഥാനത്തായിരുന്ന ഇന്ത്യ ഇത്തവണ രണ്ട് റാങ്ക് പിന്നോട്ടുപോകുകയായിരുന്നു. ലോക സാമ്പത്തിക ഫോറത്തിന്റെ ഉച്ചക്കോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കാനിരിക്കേയാണ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്തത്.

രാജ്യങ്ങളുടെ സമഗ്രവികസനത്തിനും സുസ്ഥിര വളര്‍ച്ചയ്ക്കും രാഷ്ട്രതലവന്‍മാര്‍ കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് ലോകസാമ്പത്തിക ഫോറം ആവശ്യപ്പെട്ടു. ജിഡിപിയെ മാത്രം ആശ്രയിച്ച് വളര്‍ച്ചയില്‍ അഭിമാനം കൊളളുന്നത്് അസമത്വം വര്‍ധിക്കാന്‍ ഇടയാക്കുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ഇതാണ് ഇന്ത്യക്ക് വിനയായത് എന്നാണ് നിഗമനം. അതേസമയം വളര്‍ച്ച സാധ്യതയില്‍ അതിവേഗം വളരുന്ന പത്ത് രാജ്യങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചത് ഇന്ത്യക്ക് ആശ്വാസമായി.

വികസിത രാജ്യങ്ങളില്‍ നോര്‍വെ ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. അതിവേഗം വളരുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ലിത്വാനിയ, ഹംഗറി, അസര്‍ബൈജാന്‍ തുടങ്ങിയ രാജ്യങ്ങളാണ് മുന്‍പന്തിയില്‍. ചൈനയ്ക്കും പാകിസ്ഥാനും പുറമേ ഇന്ത്യയുടെ മറ്റു അയല്‍പക്ക രാജ്യങ്ങളായ ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍ എന്നി രാജ്യങ്ങളും ഇന്ത്യയെക്കാള്‍ മുന്‍പന്തിയിലാണ്. ശ്രീലങ്ക 40 ആം സ്ഥാനത്താണെങ്കില്‍ ബംഗ്ലാദേശും നേപ്പാളും യഥാക്രമം 34 ഉം , 22 ഉം സ്ഥാനങ്ങളിലാണ്. 

വികസിത, അതിവേഗം വളരുന്ന എന്നിങ്ങനെ രണ്ടായി വേര്‍തിരിച്ചാണ് രാജ്യങ്ങളുടെ സമഗ്രവികസനത്തിന്റെ സൂചിക ലോക സാമ്പത്തിക ഫോറം തയ്യാറാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com