അപരിചിത നമ്പറുകളില്‍ നിന്ന് വരുന്ന മിസ്ഡ്‌കോളുകളെ സൂക്ഷിക്കുക: വാന്‍ഗിറി തട്ടിപ്പില്‍ നിന്ന് രക്ഷപ്പെടേണ്ടത് സ്വന്തം ഉത്തരവാദിത്വം

മിസ്ഡ് കോള്‍ കണ്ട് ഉപയോക്താവ് തിരികെ വിളിക്കുമ്പോളാണ് പണം നഷ്ടമാകുന്നത്.
അപരിചിത നമ്പറുകളില്‍ നിന്ന് വരുന്ന മിസ്ഡ്‌കോളുകളെ സൂക്ഷിക്കുക: വാന്‍ഗിറി തട്ടിപ്പില്‍ നിന്ന് രക്ഷപ്പെടേണ്ടത് സ്വന്തം ഉത്തരവാദിത്വം

കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പേജില്‍ കഴിഞ്ഞ ദിവസം ഒരു മുന്നറിയിപ്പ് വന്നിരുന്നു. അത് ശ്രദ്ധിക്കപ്പെട്ടതോടെയാണ് തങ്ങള്‍ക്ക് വന്ന ആ മിസ്ഡ് കോളിന് പിന്നില്‍ വന്‍ തട്ടിപ്പ് ഒളിഞ്ഞിരിപ്പുണ്ടെന്ന് പലരും തിരിച്ചറിഞ്ഞത്. വ്യത്യസ്ത വിദേശ നമ്പറുകളില്‍ നിന്നും മിസ്ഡ് കോളുകള്‍, അപരിചിതമായ നമ്പറില്‍ നിന്നും തിരികെ വിളിച്ചാല്‍ പിന്നെ ഫോണ്‍ ബാലന്‍സ് കാലി ഇതാണ് അവസ്ഥ. എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും മനസിലാവില്ല. ഫോണ്‍ കോള്‍ വഴിയെങ്ങനെയാണ് പണം കടത്തുന്നതെന്ന കാര്യത്തില്‍ ആര്‍ക്കും വ്യക്തതയില്ല.

ഫോണ്‍ വഴിയുള്ള ഒരുതരം തട്ടിപ്പാണ് വാന്‍ഗിറി തട്ടിപ്പ്. ജപ്പാനിലാണ് ഇതിന്റെ ഉറവിടം. ജാപ്പനീസ് ഭാഷയില്‍' 'വാന്‍' എന്നാല്‍ ഒന്ന് (ഒറ്റ ബെല്‍) എന്നും 'ഗിറി' എന്നാല്‍ കോള്‍ കട്ട് ചെയ്യുക എന്നുമാണ് അര്‍ത്ഥം. അത് തന്നെയാണ് വാന്‍ഗിറി തട്ടിപ്പിന്റെ പ്രവര്‍ത്തന മാതൃക. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടെ യുഎഇ, കാനഡ, അയര്‍ലാന്‍ഡ് തുടങ്ങി നിരവധി രാജ്യങ്ങളിലെ ഫോണ്‍ ഉപയോക്താക്കള്‍ വാന്‍ഗിറി തട്ടിപ്പിന് ഇരയായിട്ടുണ്ട്. 

തട്ടിപ്പുകാരന്‍ ഫോണ്‍ ഉപയോക്താക്കളുടെ നമ്പറുകളിലേക്ക് മിസ്ഡ് കോള്‍ ചെയ്യുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള നമ്പറുകളില്‍ നിന്നായിരിക്കും ഈ ഫോണ്‍ വിളികള്‍ ഉപയോക്താവിന് ലഭിക്കുക. മിസ്ഡ് കോള്‍ കണ്ട് ഉപയോക്താവ് തിരികെ വിളിക്കുമ്പോളാണ് പണം നഷ്ടമാകുന്നത്.

ഉപയോക്താവ് മിസ്ഡ് കോള്‍ ലഭിച്ച നമ്പറിലേക്ക് തിരികെ വിളിക്കുന്നതോടെ തട്ടിപ്പുകാരന്‍  പ്രത്യേക സാങ്കേതിക വിദ്യ ഉപയോഗിച്ച് ആ നമ്പറുകളെ പ്രീമിയം നമ്പറുകളായി റീ റൂട്ട് ചെയ്യും. പ്രീമിയം നമ്പറുകളിലേക്ക് സാധാരണ ഫോണ്‍ ചാര്‍ജിനേക്കാള്‍ വലിയതുകയാണ് ഉപയോക്താവില്‍ നിന്നും ഈടാക്കുക.

ഫോണ്‍ വിളിയുടെ ദൈര്‍ഘ്യം കൂട്ടാന്‍ മുന്‍കൂട്ടി റെക്കോഡ് ചെയ്ത ശബ്ദ നിര്‍ദ്ദേശങ്ങളും മറ്റും തട്ടിപ്പുകാരന്‍ ഉപയോക്താക്കളെ കേള്‍പ്പിക്കും. കൂടുതല്‍ സമയം ഫോണ്‍ കോളില്‍ തുടര്‍ന്നാല്‍ കൂടുതല്‍ പണം ഫോണ്‍ ഉടമയ്ക്ക് നഷ്ടമായിക്കൊണ്ടിരിക്കും. കൂടുതല്‍ സമയം ലഭിക്കാന്‍ ഫോണ്‍ റിങ് ചെയ്യുന്നത് പോലും ഈ തട്ടിപ്പുകാര്‍ നിശബ്ദമാക്കാറുണ്ട്. പ്രീമിയം നമ്പറുകളിലേക്കുള്ള ഫോണ്‍ കോളുകള്‍ക്ക് ഈടാക്കുന്ന തുകയുടെ ഒരു വിഹിതം ലാഭമായി ആ പ്രീമിയം നമ്പര്‍ ഉടമയ്ക്ക് നല്‍കേണ്ടതുണ്ട്. അവിടെയാണ് തട്ടിപ്പുകാരന്റെ ലാഭം കിടക്കുന്നത്.

  • അതീവ ശ്രദ്ധയോടെ മാത്രം സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കുക. 
  • ഫോണിലേക്ക് വരുന്ന ഫോണ്‍ നമ്പറുകള്‍ ശ്രദ്ധിക്കുക.
  • ഫോണ്‍ നമ്പറുകളുടെ ഉറവിടം അറിയാനുള്ള സൗകര്യം ഇന്ന് മിക്ക സ്മാര്‍ട്‌ഫോണുകളിലുമുണ്ട്.
  • ഇത് കൂടാതെ ഓരോ ഫോണ്‍ നമ്പറിനും പ്രത്യേകം കണ്‍ട്രി കോഡുകളുണ്ടാവും ഇന്ത്യയുടെത് തുടങ്ങുന്നത് +91 ലാണ്. തട്ടിപ്പു ഫോണുകളില്‍ വന്ന നമ്പറുകളില്‍ ഭൂരിഭാഗവും +5 ല്‍ തുടങ്ങുന്നതായിരുന്നു. 
  • നിങ്ങളുടെ പരിചയക്കാര്‍ ആരെങ്കിലും ഉള്ള രാജ്യങ്ങളിലെ നമ്പറുകളില്‍ നിന്നുള്ള കോളുകളാണെങ്കില്‍ കൂടുതല്‍ ശ്രദ്ധിക്കുക. കബളിപ്പിക്കപ്പെടാന്‍ സാധ്യതയേറെയാണ്. 
  • മിസ്ഡ് കോളില്‍ മറ്റ് പല രീതിയിലും തട്ടിപ്പുകള്‍ നടന്നേക്കാം.
  • ചിലപ്പോള്‍ ആരെങ്കിലും അറ്റന്‍ഡ് ചെയ്‌തേക്കാം. നിങ്ങളുടെ വ്യക്തിവിവരങ്ങള്‍, ബാങ്ക് വിവരങ്ങള്‍ എന്നിവയെല്ലാം അന്വേഷിച്ചേക്കാം. ഇതെല്ലാം കബളിപ്പിക്കപ്പെടാന്‍ ഇടയാക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com