മോദിയുടെ ബുളളറ്റ് ട്രെയിന്‍ പാതയ്‌ക്കെതിരെ ഗോദ്‌റെജ് ഗ്രൂപ്പ്;  സ്ഥലമേറ്റെടുക്കലിനെതിരെ ഹൈക്കോടതിയെ സമീപിച്ചു

ട്രെയിന്‍ പാത കടന്നുപോകുന്ന ബിസിനസ്സ് ഗ്രൂപ്പിന്റെ ഭൂമി ഏറ്റെടുക്കാനുളള അധികൃതരുടെ നടപടിക്കെതിരെ ബോംബൈ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ഗോദ്‌റെജ്
മോദിയുടെ ബുളളറ്റ് ട്രെയിന്‍ പാതയ്‌ക്കെതിരെ ഗോദ്‌റെജ് ഗ്രൂപ്പ്;  സ്ഥലമേറ്റെടുക്കലിനെതിരെ ഹൈക്കോടതിയെ സമീപിച്ചു

മുംബൈ: അഹമ്മദ്ബാദ്- മുംബൈ ബുളളറ്റ് ട്രെയിന്‍ പദ്ധതിക്ക് തടസ്സങ്ങള്‍ ഒന്നിന് പിറകെ മറ്റൊന്ന്.നിര്‍ദിഷ്ട പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ കര്‍ഷകരും ആദിവാസി വിഭാഗങ്ങളും പ്രക്ഷോഭത്തിലാണ്. ഇതിന് പിന്നാലെ മറ്റൊരു തലവേദനയും ബുളളറ്റ് ട്രെയിന്‍ പദ്ധതിയെ അലട്ടുകയാണ്.

രാജ്യത്തെ പ്രമുഖ ബിസിനസ്സ് ഗ്രൂപ്പായ ഗോദ്‌റെജാണ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കെതിരെ രംഗത്തുവന്നിരിക്കുന്നത്. ട്രെയിന്‍ പാത കടന്നുപോകുന്ന ബിസിനസ്സ് ഗ്രൂപ്പിന്റെ ഭൂമി ഏറ്റെടുക്കാനുളള അധികൃതരുടെ നടപടിക്കെതിരെ ബോംബൈ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ഗോദ്‌റെജ്.  ഈ ഭൂമി ഏറ്റെടുക്കുന്നതോടെ മുംബൈ നഗരപരിധിയിലുളള ഏറ്റെടുക്കല്‍ നടപടികള്‍ എല്ലാം പൂര്‍ത്തിയാകും. എന്നാല്‍ അലൈന്‍മെന്റ് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് കമ്പനി കോടതിയെ സമീപിച്ചിരിക്കുന്നത്.

ട്രെയിന്‍ പാത കടന്നുപോകുന്ന ഗോദ്‌റെജിന്റെ വിക്‌റോളി ഭൂമിയാണ്് തര്‍ക്കപ്രദേശമായിരിക്കുന്നത്. 500 കോടിയില്‍പ്പരം മതിപ്പുവില വരുന്ന ഭൂമി വിട്ടുകൊടുക്കാന്‍ ഗോദ്‌റെജ് തയ്യാറാകുന്നില്ലെങ്കില്‍ അലൈന്‍മെന്റ് മാറ്റാനോ, നിര്‍ബന്ധിച്ച് ഭൂമി ഏറ്റെടുക്കാനോ അധികൃതര്‍ തയ്യാറാകേണ്ടി വരും. 

508 കിലോമീറ്റര്‍ വരുന്ന നിര്‍ദിഷ്ട ബുളളറ്റ് ട്രെയിന്‍ പാതയില്‍ 21 കിലോമീറ്ററാണ് മുംബൈ നഗരത്തിലുടെ കടന്നുപോകുന്നത്. മുംബൈ നഗരത്തില്‍ അണ്ടര്‍ ഗ്രൗണ്ടിലുടെ ട്രെയിന്‍ പാത കടന്നുപോകുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. നിര്‍ദിഷ്ട പാത അണ്ടര്‍ ഗ്രൗണ്ടിലേക്ക് പ്രവേശിക്കുന്ന കവാടമായി നിശ്ചയിച്ചിരിക്കുന്ന പ്രദേശമാണ് ഗോദ്‌റെജിന്റെ ഭൂമി.

ട്രെയിന്‍ പാതയുടെ അലൈന്‍മെന്റില്‍ മാറ്റം വരുത്തണമെന്നാണ് ഗോദ്‌റെജ് ആവശ്യപ്പെടുന്നത്. അങ്ങനെയെങ്കില്‍ ഗ്രൂപ്പിന്റെ കീഴിലുളള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കമ്പനിയുടെ കൈവശമുളള 8.6 ഏക്കര്‍ ഭൂമി നഷ്ടപ്പെട്ില്ലെന്ന് കമ്പനി ചൂണ്ടിക്കാണിക്കുന്നു.

2022 ല്‍ ബുളളറ്റ് ട്രെയിന്‍ പാത പൂര്‍ത്തിയാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. 17000 കോടി ഡോളര്‍ ചെലവുവരുന്ന പദ്ധതിക്കായി മഹാരാഷ്ട്രയിലും ഗുജറാത്തിലുമായി 1400 ഏക്കര്‍ ഭൂമി ഏറ്റെടുക്കണം. ഇതിനായി മാത്രം 10000 കോടി രൂപ ചെലവ് വരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com