ഇനി രാഷ്ട്രീയക്കാര്‍ക്കു മാര്‍ക്കിടാം; നേതാക്കളെ റാങ്ക് ചെയ്യുന്ന മൊബൈല്‍ ആപ്പ് വരുന്നു

ഇനി രാഷ്ട്രീയക്കാര്‍ക്കു മാര്‍ക്കിടാം; നേതാക്കളെ റാങ്ക് ചെയ്യുന്ന മൊബൈല്‍ ആപ്പ് വരുന്നു
ഇനി രാഷ്ട്രീയക്കാര്‍ക്കു മാര്‍ക്കിടാം; നേതാക്കളെ റാങ്ക് ചെയ്യുന്ന മൊബൈല്‍ ആപ്പ് വരുന്നു


ന്യൂഡല്‍ഹി: വോട്ടര്‍മാര്‍ക്ക് രാഷ്ട്രീയ നേതാക്കളെ പ്രതികരണം അറിയിക്കാനും അതിന് അനുസരിച്ച് നേതാക്കളുടെ റേറ്റിങ് നിശ്ചയിക്കാനും ആപ്പ് വരുന്നു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന അപ്രൂവല്‍ സംവിധാനത്തിനു സമാനമായ മൊബൈല്‍ ആപ്പ് ആണ് ഡല്‍ഹിയിലെ സ്റ്റാര്‍ട്ടപ്പ് രംഗത്തിറക്കുന്നത്. നേതാ എന്നാണ് ആപ്പിനു പേരിട്ടിട്ടുളളത്.

നിലവില്‍ രാജ്യത്ത് രാഷ്ട്രീയക്കാരെ റേറ്റ് ചെയ്യുന്നതിനുള്ള സംവിധാനമില്ലെന്നും അതിനു പരിഹാരമായാണ് ഇത്തരമൊരു ആപ്പ് അവതരിപ്പിക്കുന്നതെന്നും സ്റ്റാര്‍ട്ടപ്പിനു നേതൃത്വം നല്‍കുന്ന പ്രതാം മിത്തല്‍ പറയുന്നു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ അപ്രൂവല്‍ സംവിധാനത്തില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് ആപ്പ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. പരീക്ഷണ അടിസ്ഥാനത്തില്‍ രാജസ്ഥാനിലെ അജ്‌മേല്‍ ഉപതെരഞ്ഞെടുപ്പിലും കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലും ആപ്പ് ഉപയോഗിച്ചതായും മിത്തല്‍ പറഞ്ഞു.

രാഷ്ട്രീയത്തെ കൂടുതല്‍ സുതാര്യമാക്കുക, നേതാക്കളെ ജനങ്ങളോടു മറുപടി പറയേണ്ടവര്‍ ആക്കുക എന്നിവയാണ് ആപ്പിലൂടെ ലക്ഷ്യമിടുന്നത്. അമേരിക്കയില്‍ ഈ രീതി ശക്തമായി ഉപയോഗിക്കുന്നുണ്ടെന്ന്, അവിടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി മിത്തല്‍ പറഞ്ഞു.

ഒരു മണ്ഡലത്തിലെ സ്ഥാനാര്‍ഥികളെയെല്ലാം ആപ്പില്‍ ലിസ്റ്റ് ചെയ്യും. വോട്ടര്‍മാര്‍ക്ക് അവരെ റാങ്ക് ചെയ്യാം. വോട്ടര്‍മാരും നേതാക്കളും തമ്മില്‍ ആശയവിനിമയത്തിനും ആപ്പില്‍ സംവിധാനമുണ്ടാവും. രാഷ്ട്രീയ നേതാക്കള്‍ക്കും വോട്ടര്‍മാര്‍ക്കും ഇത് ഒരുപോലെ പ്രയോജനം ചെയ്യുമെന്നാണ് ആപ്പ് രൂപകല്‍പ്പന ചെയ്തവര്‍ പറയുന്നത്. ജനങ്ങളുടെ പ്രതികരണത്തിന് അനുസരിച്ച് പ്രവര്‍ത്തന ശൈലയില്‍ മാറ്റം വരുത്താന്‍ അവര്‍ക്കാവും. റങ്ക് താഴെയുള്ള നേതാക്കള്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തി റാങ്കിങ് ഉയര്‍ത്താന്‍ ശ്രമിക്കുന്നത് സ്വാഭാവികമാണെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. 

എതിരാളികള്‍ കൂട്ടത്തോടെ ശ്രമിച്ച് ആരുടെയെങ്കിലും റാങ്ക് ഇടിക്കുന്നതു തടയാനും സംവിധാനമുണ്ടാവും. ഓരോ തവണയും വോട്ടിങ് ഒടിപി നമ്പര്‍ നല്‍കിയാവും പൂര്‍ത്തിയാക്കുക. അതുകൊണ്ടുതന്നെ നേതായില്‍ ഇരട്ട വോട്ടിനു സാധ്യതയില്ലെന്നാണ് മിത്തല്‍ അവകാശപ്പെടുന്നത്. കര്‍ണാടകയിലും രാജസ്ഥാനിലുമായി ഇരുപത്തിയഞ്ചു ലക്ഷം പേര്‍ ഇതിനകം തന്നെ ആപ്പ് ഉപയോഗിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com