ഗെറ്റ് റെഡി.. 5 ജിയുമായി ബിഎസ്എന്‍എല്‍ വരുന്നൂ

2019 ല്‍ തന്നെ ഇന്ത്യയില്‍ 5 ജി എത്തിക്കാനുള്ള ശ്രമങ്ങള്‍  പുരോഗമിക്കുകയാണെന്ന് ബിഎസ്എന്‍എല്‍ ചീഫ് ജനറല്‍ മാനേജര്‍ അനില്‍ ജെയിന്‍ 
ഗെറ്റ് റെഡി.. 5 ജിയുമായി ബിഎസ്എന്‍എല്‍ വരുന്നൂ

ന്യൂഡല്‍ഹി:  4 ജിയൊക്കെ ഇനി പഴങ്കഥയാവും. ആഗോളതലത്തില്‍ 5 ജി അവതരിപ്പിക്കപ്പെടുമ്പോള്‍ തന്നെ ഇന്ത്യയിലും സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് ബിഎസ്എന്‍എല്‍ ചീഫ് ജനറല്‍ മാനേജര്‍ അനില്‍ ജെയിന്‍.2020 ജൂണില്‍ 5 ജി വികസിത രാജ്യങ്ങളില്‍ അവതരിപ്പിക്കപ്പെടുമെന്നാണ് കണക്കുകൂട്ടുന്നത്. പക്ഷേ 2019 ല്‍ തന്നെ ഇന്ത്യയില്‍ 5 ജി എത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 

4 ജി രാജ്യത്ത് ആദ്യമായി അവതരിപ്പിക്കാന്‍ ബിഎസ്എന്‍എല്ലിന് സാധിച്ചില്ല. 5 ജി അതുപോലെ നഷ്ടമാവില്ലഎന്ന് ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി അന്താരാഷ്ട്ര ഓപറേറ്റര്‍മാരായ നോക്കിയയുടേയും എന്‍ടിടി അഡ്വാന്‍സ് ടെക്‌നോളജിയുടെയും സഹായം തേടിയിട്ടുണ്ട്. ജര്‍മ്മനിയിലും ചൈനയിലും യുഎസിലും നടക്കുന്നതിനൊപ്പം തന്നെ ഇന്ത്യയിലും പരീക്ഷണങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. 

സിം ഇല്ലാതെ വൈഫൈ ഉപയോഗിച്ച് ഫോണ്‍ സംഭാഷണങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്ന 'വിങ്‌സ്'  അടുത്ത മാസം ആദ്യം മുതല്‍ രാജ്യത്ത് ലഭ്യമായി തുടങ്ങും.50 ലക്ഷം പുതിയ ഉപഭോക്താക്കളെ ഈ പദ്ധതി വഴി ലഭിക്കുമെന്നാണ് കരുതുന്നത്. നിലവില്‍ 60 ലക്ഷം ലാന്‍ഡ് ലൈന്‍/ ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കളാണ് ബിഎസ്എന്‍എല്ലിനുള്ളത്. ഇത് 15 ലക്ഷമായി വര്‍ധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. സ്വകാര്യ ടെലികോം കമ്പനികളെ സാങ്കേതിക മികവ് കൊണ്ട് മറികടക്കുകയാണ് ബിഎസ്എന്‍എല്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com