ഭര്‍ത്താവായാലും എടിഎം പിന്‍നമ്പര്‍ പറഞ്ഞു കൊടുക്കരുത്; ലംഘിച്ചാല്‍ ബാങ്ക് മുട്ടന്‍ പണി തരും

കര്‍ണാടകയിലെ മറാത്തഹള്ളി സ്വദേശിയായ വന്ദനയ്ക്കും ഭര്‍ത്താവ് രാജേഷ് കുമാറിനുമാണ് 25,000 രൂപ നഷ്ടമായത്
ഭര്‍ത്താവായാലും എടിഎം പിന്‍നമ്പര്‍ പറഞ്ഞു കൊടുക്കരുത്; ലംഘിച്ചാല്‍ ബാങ്ക് മുട്ടന്‍ പണി തരും

രു വ്യക്തിയുടെ സ്വകാര്യ വിവരമാണ് എടിഎമ്മിന്റെ പിന്‍ നമ്പര്‍. സ്വന്തം എടിഎം കാര്‍ഡോ പിന്‍ നമ്പറോ രണ്ടാമതൊരാള്‍ക്ക് നല്‍കരുതെന്ന മുന്നറിയിപ്പുകള്‍ ബാങ്കുകള്‍ നല്‍കാറുണ്ട്. അത് സ്വന്തം ഭര്‍ത്താവായില്‍ കൂടി ഇതു പാലിച്ചിരിക്കണം. അല്ലെങ്കില്‍ ഏതെങ്കിലും രീതിയില്‍ പണം നഷ്ടപ്പെട്ടാല്‍ അതിന്റെ ഉത്തരവാദിത്തം ബാങ്കിനായിരിക്കില്ല. എത്ര നിയമ പോരാട്ടം നടത്തിയാലും പണം തിരിച്ചു കിട്ടില്ല. അഞ്ചുവര്‍ഷം മുന്ന് നടന്ന സംഭവത്തില്‍ കഴിഞ്ഞ ദിവസം പുറത്തുവന്ന വിധിയാണ് ഇതിന് അടിവരയിടുന്നത്.

കര്‍ണാടകയിലെ മറാത്തഹള്ളി സ്വദേശിയായ വന്ദനയ്ക്കും ഭര്‍ത്താവ് രാജേഷ് കുമാറിനുമാണ് 25,000 രൂപ നഷ്ടമായത്. 2013 ലായിരുന്നു സംഭവം, പ്രസവിച്ചു കിടക്കുകയായിരുന്ന വന്ദന തന്റെ അക്കൗണ്ടില്‍ കിടക്കുകയായിരുന്ന പണമെടുക്കാനായി ഭര്‍ത്താവിന് എടിഎം കാര്‍ഡും പിന്‍ നമ്പറും കൊടുത്തു. എസ്ബിഐയുടെ എടിഎമ്മില്‍ നിന്ന് രാജേഷ് 25,000 രൂപ പിന്‍വലിച്ചു. എന്നാല്‍ പിന്‍വലിച്ചതായുള്ള സ്ലിപ്പ് ലഭിച്ചതല്ലാതെ പണം കിട്ടിയില്ല. രാജേഷ് ഉടന്‍ ബാങ്കിനെ വിവരം അറിയിച്ചെങ്കിലും 24 മണിക്കൂറില്‍ അക്കൗണ്ടില്‍ പണം കയറുമെന്നായിരുന്നു അവരുടെ വിശദീകരണം.

പണം തിരികെ കയറാതിരുന്നതിനെ തുടര്‍ന്നു വന്ദനയും രാജേഷും ആദ്യം ബാങ്ക് ഓംബുഡ്‌സ്മാനെ സമീപിച്ചു. എന്നാല്‍ ഇടപാടു കൃത്യമായിരുന്നുവെന്നും പണം ലഭിച്ചുവെന്നും പറഞ്ഞ് ദിവസങ്ങള്‍ക്കു മുന്‍പു കേസ് അവസാനിപ്പിച്ചുവെന്നായിരുന്നു മറുപടി. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ കാണിച്ച് പണം ലഭിച്ചില്ലെന്ന് തെളിയിച്ചു. എന്നാല്‍ കാര്‍ഡുടമയായ വന്ദനയെ വിഡിയോയിലൊരിടത്തും കാണാന്‍ കഴിയുന്നില്ലെന്നു ചൂണ്ടിക്കാട്ടി അന്വേഷണ കമ്മിഷന്‍ കേസ് അവസാനിപ്പിച്ചു.

ഓംബുഡ്‌സ്മാന്‍ റിപ്പോര്‍ട്ടും അനുകൂലമാകാതിരുന്നതോടെ വന്ദനയും രാജേഷും കണ്‍സ്യൂമര്‍ കോടതിയെ സമീപിച്ചു. എസ്ബിഐ തന്റെ കൈയില്‍നിന്നു പോയ പണം തിരികെ നല്‍കിയില്ലെന്നു കാട്ടി 2014 ഒക്ടോബര്‍ 21ന് പരാതി നല്‍കി. താന്‍ പ്രസവാവധിയിരുന്നതിനാല്‍ ഭര്‍ത്താവിന്റെ കൈയില്‍ കാര്‍ഡു നല്‍കി വിടുകയായിരുന്നുവെന്നു വന്ദന കോടതിയെ അറിയിച്ചു. എന്നാല്‍ എടിഎം പിന്‍ മറ്റൊരാളുമായി പങ്കുവയ്ക്കുന്നതു കുറ്റമാണെന്ന നിലപാടില്‍ ബാങ്ക് ഉറച്ചുനിന്നു. തുടര്‍ന്ന് കഴിഞ്ഞമാസം 29ന്, വന്ദനയ്ക്ക് എതിരായി കോടതി വിധി വന്നു. പണം പിന്‍വലിക്കുന്നതിനായി വന്ദന സ്വന്തം ചെക്കോ അനുമതി പത്രമോ നല്‍കണമായിരുന്നു എന്നാണ് കോടതി പറഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com