വെളിച്ചെണ്ണയില്‍ മായമായി കെര്‍ണല്‍ ഓയില്‍ മുതല്‍ പാരഫിന്‍ വരെ; കര്‍ശന നടപടിക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ്

വെളിച്ചെണ്ണയില്‍ മായമായി കെര്‍ണല്‍ ഓയില്‍ മുതല്‍ പാരഫിന്‍ വരെ; കര്‍ശന നടപടിക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ്
വെളിച്ചെണ്ണയില്‍ മായമായി കെര്‍ണല്‍ ഓയില്‍ മുതല്‍ പാരഫിന്‍ വരെ; കര്‍ശന നടപടിക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ്

കൊച്ചി: സംസ്ഥാനത്ത് വില്‍ക്കുന്ന വെളിച്ചെണ്ണയില്‍ മാരകമായ അളവില്‍ ലിക്വിഡ് പാരഫീനും ചേര്‍ക്കുന്നതായി കണ്ടെത്തല്‍. കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്കു കാരണമാവുന്ന പാരഫിന്‍ പോലെയുള്ള വസ്തുക്കള്‍ ചേര്‍ക്കുന്നതു കണ്ടെത്തിയ പശ്ചാത്തലത്തില്‍ കര്‍ശന നടപടികള്‍ക്കായി സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മിഷണറേറ്റ് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി.

പാം കെര്‍ണല്‍ ഓയില്‍, വൈറ്റ് പാമോയില്‍ എന്നിവയാണ് വെളിച്ചെണ്ണയില്‍ മായമായി ഉപയോഗിക്കുന്നത്. ഇതിന് പുറമെയാണ് പെട്രോളിയം ഉല്‍പന്നമായ ലിക്വിഡ് പാരഫീനും ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്. കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് ഇടയാക്കുന്നതാണ് മായം ചേര്‍ത്ത വെളിച്ചെണ്ണകള്‍.  

വെളിച്ചെണ്ണയില്‍ മായം ചേര്‍ക്കുന്നവരെ കണ്ടെത്തുന്നതിന് സംസ്ഥാനത്ത് പ്രത്യേക മാസ്റ്റര്‍ പ്ലാന്‍ തയറാക്കിയതായി ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് സമീപ ദിവസങ്ങളില്‍ പല ബ്രാന്‍ഡ് വെളിച്ചെണ്ണയുടെയും വില്‍പ്പന നിരോധിച്ചത്. 

മായം ചേര്‍ത്ത വെളിച്ചെണ്ണ കണ്ടെത്താന്‍ സംസ്ഥാനത്ത് മൂന്ന് ലാബുകള്‍ സജ്ജമാണ്. എന്‍എബിഎല്‍ അക്രഡിറ്റേഷനുള്ള ലാബുകള്‍ കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. അത്യാധുനിക സജ്ജീകരണങ്ങളുള്ള ലാബില്‍ പരിശോധിച്ചാല്‍ എത്ര ചെറിയ അളവില്‍ കലര്‍ത്തിയ മായവും കണ്ടെത്താനാവുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. 

ഇപ്പോള്‍ പരമാവധി അഞ്ചു ലക്ഷം രൂപ വരെ പിഴശിക്ഷയാണ്, ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കുന്നവര്‍ക്കു ലഭിക്കുന്നത്. ഇതു തടവുശിക്ഷയായി വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും ഭക്ഷ്യസുരക്ഷാ നിയമം ഭേദഗതി ചെയ്താതേ ഇതു സാധ്യമാവൂ എന്നാണ് ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. 

ഒരേ കമ്പനി തന്നെ പലപേരില്‍ വെളിച്ചെണ്ണ വിപണിയില്‍ ഇറക്കുന്നുണ്ട്. മായം ചേര്‍ത്തതായി കണ്ടെത്തുകയോ പരാതി ഉയരുകയോ ചെയ്യുമ്പോള്‍ ആ ബ്രാന്‍ഡിന്റെ വില്‍പ്പന മറ്റു ജില്ലകളിലേക്കു മാറ്റുകയാണ് പതിവ്. ഇത്തരത്തില്‍ ഉദ്യോഗസ്ഥരെ വെട്ടിലാക്കിയാണ് വ്യാജ വെളിച്ചെണ്ണ പ്രവര്‍ത്തിക്കുന്നത്. വെളിച്ചെണ്ണ കടകളില്‍ എത്തിച്ച് ബില്‍ നല്‍കാതെ മുങ്ങുന്ന ഡിസ്ട്രിബ്യൂട്ടര്‍മാരുമുണ്ട്. ഇത്തരക്കാരെ കണ്ടെത്താന്‍ വെളിച്ചെണ്ണയുടെ നിര്‍മാണം, സംഭരണം, വിതരണം എന്നിവ നടത്തുന്നവര്‍ ഭക്ഷ്യസുരക്ഷാ ലൈസന്‍സിനൊപ്പം അവരുടെ ബ്രാന്‍ഡുകള്‍കൂടി രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇതോടെ സംസ്ഥാനത്ത് എത്രതരം വെളിച്ചെണ്ണകള്‍ വില്‍ക്കുന്നു, ഡീലര്‍മാര്‍ ആരൊക്കെ, എവിടെ നിര്‍മിക്കുന്നു എന്നൊക്കെ കൃത്യമായി വിവരം ലഭിക്കുമെന്നാണ് ഭക്ഷ്യസുരക്ഷാ കമ്മിണറേറ്റ് പ്രതീക്ഷിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com