ടെസ്ലയല്ല, ഇതൊരു പഴയ മാരുതി 800: നിങ്ങള്‍ മനസില്‍ കണ്ടാല്‍ ഈ കാറത് മാനത്തുകാണും 

ആക്‌സിലേറ്ററും ഗിയറും ക്ലച്ചും ഒന്നുമില്ലാതെ ചിന്തകള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദ്യ കാറില്‍ അവതരിപ്പിച്ചിരിക്കുന്നത്
ടെസ്ലയല്ല, ഇതൊരു പഴയ മാരുതി 800: നിങ്ങള്‍ മനസില്‍ കണ്ടാല്‍ ഈ കാറത് മാനത്തുകാണും 

കൊച്ചി: വേഗം കൂടണമെന്നു മനസില്‍ വിചാരിച്ചാല്‍ മതി വണ്ടി പറപറക്കും, വേഗത കുറയ്ക്കണമെന്നാണെങ്കിലും അങ്ങനെതന്നെ. കേള്‍ക്കുമ്പോള്‍ വിദേശരാജ്യങ്ങളില്‍ അവതരിപ്പിച്ച നൂതനസാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ എന്നൊക്കെ തോന്നുമെങ്കിലും ഇത് അതൊന്നുമല്ല. സംഭവം ഒരു പഴയ മാരുതി 800മാത്രമാണ്. 

ആക്‌സിലേറ്ററും ഗിയറും ക്ലച്ചും ഒന്നുമില്ലാതെ ചിന്തകള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദ്യ കാറില്‍ അവതരിപ്പിച്ചിരിക്കുകയാണ് കാക്കനാട് രാജഗിരി എന്‍ജിനീയറിങ്ങ് കോളജിലെ ഒരു കൂട്ടം വിദ്യാര്‍ഥികള്‍. ഡ്രൈവറുടെ ശ്രദ്ധതെറ്റിയാലും മയക്കത്തിലേക്ക് വീണുപോയാലും കാറത് മനസിലാക്കും, ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ സ്വയം വേഗത കുറച്ച് കാര്‍ നില്‍ക്കും. ഇതേ കാര്‍ ഡ്രൈവര്‍ ഇല്ലാതെ മൊബൈല്‍ ആപ്പ് ഉപയോഗിച്ച് നിയന്ത്രിക്കാമെന്നതും മറ്റൊരു പ്രത്യേകതയാണ്.

ഡ്രൈവര്‍ ധരിക്കുന്ന ഇഇജി ഹെഡ്‌സെറ്റ് ഉപയോഗിച്ച് തലച്ചോറിന്റെ സിഗ്നലുകളെ മുഴുവന്‍ സമയവും നിരീക്ഷിക്കുന്നതുവഴിയാണ് കാറിന്റെ പ്രവര്‍ത്തനം. ഇഇജി ഹെഡ്‌സെറ്റ് കാറിന്റെ എന്‍ജിന്‍ കണ്‍ട്രോളിങ് പാനലുമായി ബന്ധിപ്പിച്ചിരിക്കും. ഹെഡ്‌സെറ്റ് ധരിച്ച ഡ്രൈവറുടെ തലച്ചോറിലൂടെ കാറിന്റെ വേഗം കൂടണമെന്ന ചിന്ത കടന്നുപോയാല്‍ ഉടനടി വണ്ടി വേഗമാര്‍ജിക്കും. ഡ്രൈവര്‍ വേഗം കുറയ്ക്കാന്‍ ആഗ്രഹിച്ചാല്‍ കാര്‍ സഞ്ചാരം സാവധാനത്തിലാക്കു. 

മുമ്പോരിക്കല്‍ പഴയ മാരുതി 800 വൈദ്യുതീകരിച്ച് ശ്രദ്ധനേടിയ അതേ വിദ്യാര്‍ത്ഥികളാണ് ആഡംബര കാറുകളില്‍ മാത്രം പരിചിതമായിരുന്ന ഇത്തരം സാങ്കേതിക വിദ്യകള്‍ സാധാരണ കാറുകളിലും പ്രാപ്യമാണെന്ന് തെളിയിച്ചിരിക്കുന്നത്. ജെഫിന്‍ ഫ്രാന്‍സിസ്, അബി ബിജു, അനുപമ ജോണ്‍സണ്‍, ജസ്വന്ത് മാത്യു, അലന്‍ ജോണ്‍സ് ഊക്കന്‍, ജഗില്‍ ജേഴ്‌സന്‍, രെഞ്ജു മോഹന്‍ എന്നിവരാണ് ചിന്തകള്‍ കൊണ്ട് നിയന്ത്രിക്കാവുന്ന കാറിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. മൂന്നാം വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികളാണ് ഇവര്‍.  

'ബ്രെയിന്‍വേവ്' എന്ന ചെലവുചുരുങ്ങിയ സാങ്കേതിക വിദ്യയാണ് ഇവര്‍ കാറില്‍ ഉപയോഗിച്ചിരിക്കുന്നത്. കാര്‍ പുറമേ നിന്നു നിയന്ത്രിക്കുന്ന 'ഗ്രീന്‍ഫോക്‌സ്' എന്ന മൊബൈല്‍ ആപ്പും ഈ ഏഴംഗ സംഘം വികസിപ്പിച്ചു. മുമ്പ് തയ്യാറാക്കിയ പ്രോജക്ട് രാജ്യത്തെങ്ങും അവതരിപ്പിച്ച് വലിയ പ്രോത്സാഹനം നേടിയ ഇവര്‍ തങ്ങള്‍ക്ക് ലഭിച്ച സമ്മാനതുക ഉപയോഗപ്പെടുത്തിയാണ് പുതിയ സാങ്കേതികവിദ്യകള്‍ കാറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com