ഇന്ധനവില: ഒപ്പെക്കിന്റെ മേല്‍ക്കൈ അവസാനിപ്പിക്കാന്‍ ഇന്ത്യന്‍ നീക്കം; ചൈനയുമായി ചേര്‍ന്ന് 'ബയേഴ്‌സ് ക്ലബിന്'രൂപം നല്‍കും

എണ്ണ വിതരണരംഗത്തെ ഒപ്പെക്കിന്റെ കുത്തക അവസാനിപ്പിക്കാന്‍ ചൈനയെ കൂട്ടുപിടിച്ച് ഇന്ത്യ.
ഇന്ധനവില: ഒപ്പെക്കിന്റെ മേല്‍ക്കൈ അവസാനിപ്പിക്കാന്‍ ഇന്ത്യന്‍ നീക്കം; ചൈനയുമായി ചേര്‍ന്ന് 'ബയേഴ്‌സ് ക്ലബിന്'രൂപം നല്‍കും

ന്യൂഡല്‍ഹി: എണ്ണ വിതരണരംഗത്തെ ഒപ്പെക്കിന്റെ കുത്തക അവസാനിപ്പിക്കാന്‍ ചൈനയെ കൂട്ടുപിടിച്ച് ഇന്ത്യ. ചൈനയുമായി ചേര്‍ന്ന് എണ്ണ വാങ്ങുന്നവരുടെ കൂട്ടായ്മയ്ക്ക് രൂപം നല്‍കാനാണ് ഇന്ത്യ പദ്ധതിയിടുന്നത്. പ്രമുഖ എണ്ണ ഉത്പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപ്പെക്കിന് മുന്‍പില്‍ വിലപേശല്‍ തന്ത്രം ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് നീക്കം. ഇതിന്റെ ഭാഗമായി എണ്ണ വാങ്ങുന്നവരുടെ കൂട്ടായ്മയ്ക്ക് രൂപം നല്‍കുന്നതിന്റെ സാധ്യതകളെ കുറിച്ച് ഇന്ത്യ ചൈനയുമായി ചര്‍ച്ച നടത്തി. അമേരിക്കയില്‍ നിന്നും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്ത് ഏഷ്യയിലെ ഒപ്പെക്കിന്റെ  കുത്തക തകര്‍ക്കുന്നത് ഉള്‍പ്പെടെയുളള വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ഉയര്‍ന്നുവന്നു.

ഏപ്രിലില്‍ നടന്ന ഇന്റര്‍നാഷണല്‍ എനര്‍ജി ഫോറത്തിലാണ് ഈ ആശയം ഇന്ത്യ ആദ്യം മുന്നോട്ടുവെച്ചത്. പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനാണ് ഇതുസംബന്ധിച്ച കാര്യങ്ങള്‍ ഫോറത്തില്‍ വിശദീകരിച്ചത്. ഇതിന്റെ ചുവടുപിടിച്ച് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സഞ്ജീവ് സിങ് ഈ മാസമാദ്യം ചൈന സന്ദര്‍ശിച്ചു. അമേരിക്കന്‍ അസംസ്‌കൃത എണ്ണ ഏഷ്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിന്റെ സാധ്യതകള്‍ ഉള്‍പ്പെടെയുളള കാര്യങ്ങള്‍ എണ്ണ വിതരണ രംഗത്തെ പ്രമുഖ ചൈനീസ് കമ്പനിയായ ചൈന നാഷണല്‍ പെട്രോളിയം കോര്‍പ്പറേഷനുമായി ഐഒസി ചെയര്‍മാന്‍ ചര്‍ച്ച ചെയ്തു. ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യവും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. ഇന്ത്യയുടെ എണ്ണ ആവശ്യകതയുടെ 60 ശതമാനം സംഭാവന ചെയ്യുന്ന ഒപ്പെക്കിന്റെ കുത്തക തകര്‍ക്കുക എന്നത് ലക്ഷ്യമിട്ടായിരുന്നു കൂടിക്കാഴ്ച.
 
എണ്ണ ഉല്‍പ്പാദനം ഒപ്പെക്ക് വെട്ടിക്കുറച്ചതോടെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില ക്രമാതീതമായി ഉയരുകയാണ്. ഇത് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചു. തുടര്‍ച്ചയായി ഇന്ധനവില വര്‍ധിപ്പിക്കാന്‍ ഇന്ത്യയിലെ എണ്ണ വിതരണ കമ്പനികള്‍ നിര്‍ബന്ധിതരായി. 

2005ല്‍ അന്നത്തെ പെട്രോളിയം മന്ത്രിയായിരുന്ന മണിശങ്കര്‍ അയ്യര്‍ സമാനമായ ആശയം മുന്നോട്ടുവെച്ചിരുന്നു. ചൈനയ്്ക്ക് പുറമേ ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നി രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തി എണ്ണ വാങ്ങുന്നവരുടെ കൂട്ടായ്മയ്ക്ക് രൂപം നല്‍കാനാണ് ഇന്ത്യ ഇപ്പോള്‍ ആഗ്രഹിക്കുന്നത്.  

നിലവില്‍ ആവശ്യകതയുടെ 60 ശതമാനം എണ്ണ ഒപ്പെക്ക് രാജ്യങ്ങളില്‍ നിന്നുമാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. വലിയ തോതില്‍ എണ്ണ ഇറക്കുമതി ചെയ്തിട്ടും ഡിസ്‌ക്കൗണ്ട് പോലും ലഭിക്കാത്ത സാഹചര്യമാണ് ഇന്ത്യയ്ക്കുളളത്. പകരം ഏഷ്യന്‍ പ്രീമിയം എന്ന പേരില്‍ സൗദി് അറേബ്യ പോലുളള രാജ്യങ്ങള്‍ അതീവ ചാര്‍ജ് ഈടാക്കുന്നതായും ഇന്ത്യ ആരോപിക്കുന്നു. അതേസമയം യൂറോപ്പ്യന്‍ രാജ്യങ്ങളെ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com