ജെറ്റ് എയര്‍വെയ്‌സില്‍ ബാഗേജിന് നിയന്ത്രണം; ഇക്കണോമി ക്ലാസില്‍ ഒരു ഹാന്‍ഡ് ബാഗ് മാത്രം

ഇക്കണോമി ക്ലാസ് ഉള്‍പ്പടെ വിവിധ ക്ലാസുകളില്‍ യാത്ര ചെയ്യുന്ന വിമാനയാത്രക്കാര്‍ക്ക് ഹാന്‍ഡ് ബാഗിന് നിയന്ത്രണമേര്‍പ്പെടുത്താനാണ് കമ്പനി തയ്യാറെടുക്കുന്നത്
ജെറ്റ് എയര്‍വെയ്‌സില്‍ ബാഗേജിന് നിയന്ത്രണം; ഇക്കണോമി ക്ലാസില്‍ ഒരു ഹാന്‍ഡ് ബാഗ് മാത്രം

മുംബൈ:  ഒന്നിലധികം ഹാന്‍ഡ് ബാഗുകളുമായി വിമാനയാത്ര ചെയ്യുന്നത് പതിവാണ്. ഇതിന് നിയന്ത്രണമേര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് ജെറ്റ് എയര്‍വെയ്‌സ്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു വിമാനകമ്പനി ഹാന്‍ഡ് ബാഗിന്റെ എണ്ണത്തിന് നിയന്ത്രണമേര്‍പ്പെടുത്തുന്നത്.

ഇക്കണോമി ക്ലാസ് ഉള്‍പ്പടെ വിവിധ ക്ലാസുകളില്‍ യാത്ര ചെയ്യുന്ന വിമാനയാത്രക്കാര്‍ക്ക് ഹാന്‍ഡ് ബാഗിന് നിയന്ത്രണമേര്‍പ്പെടുത്താനാണ് കമ്പനി തയ്യാറെടുക്കുന്നത്.  ഇക്കണോമി ക്ലാസില്‍ 15 കിലോഗ്രാം വരെ ഭാരം വരുന്ന ഒരു ഹാന്‍ഡ് ബാഗ് മാത്രം അനുവദിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഉയര്‍ന്ന ക്ലാസിലുളളവര്‍ക്ക് വിമാനടിക്കറ്റിന് ആനുപാതികമായി ഇളവുകള്‍ അനുവദിക്കും. 

പ്രീവിലേജ് ക്ലാസിലുളളവര്‍ക്ക് മേല്‍പ്പറഞ്ഞ ഭാരത്തിലുളള രണ്ടു ബാഗുകള്‍ അനുവദിക്കും. പ്രീമിയര്‍ ക്ലാസിലുളള യാത്രക്കാര്‍ക്ക്  25 കിലോഗ്രാം വരെ തൂക്കമുളള രണ്ടുബാഗുകള്‍ യാത്രയ്‌ക്കൊപ്പം കൊണ്ടുപോകാം. ഇതുസംബന്ധിച്ച അറിയിപ്പ് ട്രാവല്‍ ഏജന്‍സികള്‍ക്ക് കമ്പനി കൈമാറി കഴിഞ്ഞു. എന്നാല്‍ കൂടുതല്‍ ഹാന്‍ഡ് ബാഗുമായി എത്തുന്നവര്‍ക്ക് എതിരെ സ്വീകരിക്കുന്ന നടപടികളെ സംബന്ധിച്ച് അറിയിപ്പില്‍ വ്യക്തതയില്ല.

അന്താരാഷ്ട്ര തലത്തില്‍ നിരവധി കമ്പനികള്‍ ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ഇന്ത്യയില്‍ ഹാന്‍ഡ് ബാഗില്‍ കൊണ്ടുപോകുന്ന സാധനങ്ങളുടെ തൂക്കത്തിന് നിയന്ത്രണമുണ്ട്. 15 കിലോഗ്രാം വരെ സാധനങ്ങള്‍  ഹാന്‍ഡ് ബാഗില്‍ കൊണ്ടുപോകാനെ അനുവദിക്കൂ. എന്നാല്‍ ഹാന്‍ഡ് ബാഗുകളുടെ എണ്ണത്തില്‍ നിയന്ത്രണമുണ്ടായിരുന്നില്ല. ഇതിലാണ് ജെറ്റ് എയര്‍വെയ്‌സ് മാറ്റം കൊണ്ടുവന്നിരിക്കുന്നത്. 

ജൂണ്‍ 15 ന് മുന്‍പ് ടിക്കറ്റ് എടുത്തിരിക്കുന്നവര്‍ക്ക് പുതിയ നിയന്ത്രണം ബാധകമല്ല
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com