ഇനിയും കോണ്‍ഗ്രസിനെ കുറ്റം പറയുന്നതില്‍ കാര്യമില്ല; രാജ്യത്തുണ്ടായ മാറ്റങ്ങളുടെ ഉത്തരവാദിത്വം മോദി സര്‍ക്കാരിനെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ 

സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ചയ്ക്ക് കാരണം കാലങ്ങളായി കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസാണെന്ന ബിജെപിയുടെ ആവര്‍ത്തിച്ചുളള ന്യായീകരണം ഇനി വിലപ്പോവില്ലെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍.
ഇനിയും കോണ്‍ഗ്രസിനെ കുറ്റം പറയുന്നതില്‍ കാര്യമില്ല; രാജ്യത്തുണ്ടായ മാറ്റങ്ങളുടെ ഉത്തരവാദിത്വം മോദി സര്‍ക്കാരിനെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ 

ന്യൂഡല്‍ഹി: സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ചയ്ക്ക് കാരണം കാലങ്ങളായി കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസാണെന്ന ബിജെപിയുടെ ആവര്‍ത്തിച്ചുളള ന്യായീകരണം ഇനി വിലപ്പോവില്ലെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍. നാലുവര്‍ഷമായി കേന്ദ്രത്തില്‍ ഭരണം തുടരുന്ന മോദി സര്‍ക്കാര്‍ രാജ്യത്ത് സംഭവിച്ച എല്ലാ മാറ്റങ്ങളുടെയും സമ്പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും രാജീവ് കുമാര്‍ പറഞ്ഞു.

കാലങ്ങളായി കേന്ദ്രത്തില്‍ ഭരണം കൈയാളിയിരുന്ന കോണ്‍ഗ്രസാണ് സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ചയ്ക്കും, നയവൈകല്യത്തിനും മുഖ്യ കാരണമെന്നാണ് ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ ആവര്‍ത്തിച്ച് കുറ്റപ്പെടുത്തുന്നത്. ഇതെല്ലാം കോണ്‍ഗ്രസ് പാരമ്പര്യത്തിന്റെ ചുമലില്‍ കെട്ടിവെച്ച് കുറ്റപ്പെടുത്തുന്നതില്‍ യാതൊരു ന്യായീകരണവുമില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് രാജീവ് കുമാര്‍ ബിജെപിയ്ക്ക് താക്കീത് നല്‍കുന്നത്. യുപിഎ സര്‍ക്കാരിന്റെ പിന്തുടര്‍ച്ചയായി 2014ല്‍ അധികാരത്തിലേറിയ മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തേണ്ടത് അനിവാര്യമാണ്. സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ നേരിട്ടിരുന്ന നിരവധി പ്രശ്‌നങ്ങളെ മോദി സര്‍ക്കാര്‍ അതിജീവിച്ചു കഴിഞ്ഞു. ഇനി കഴിഞ്ഞ നാലുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ ഗുണദോഷങ്ങള്‍ നിര്‍ണയിക്കുകയാണ് വേണ്ടതെന്നും രാജീവ് കുമാര്‍ പറഞ്ഞു.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നിരവധി ഘടനാപരമായ പരിഷ്‌ക്കരണ നടപടികളാണ് സ്വീകരിച്ചത്. നോട്ടുനിരോധനം, ജിഎസ്ടി തുടങ്ങി നിരവധി പരിഷ്‌ക്കരണ നടപടികള്‍ക്ക് സര്‍ക്കാര്‍ തുടക്കമിട്ടു. ഇതെല്ലാം സമ്പദ് വ്യവസ്ഥ നേരിട്ടിരുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ പര്യാപ്തമായെന്നാണ് തന്റെ വിലയിരുത്തല്‍. ഇനി സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കി ഗുണദോഷങ്ങള്‍ നിര്‍ണയിക്കേണ്ട സമയമായെന്നും രാജീവ് കുമാര്‍ ഓര്‍മ്മിപ്പിച്ചു.

ഭരണ നിര്‍വഹണ രംഗത്ത് അക്കാലത്ത് മരവിപ്പ് ദൃശ്യമായിരുന്നു. ലോക സമ്പദ് വ്യവസ്ഥയും തൃപ്തികരമായ അവസ്ഥയിലായിരുന്നില്ല. എന്നാല്‍ മോദി സര്‍ക്കാര്‍ ഇതിനെ മറികടക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചതായും രാജീവ് കുമാര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com