'ഗൂഗിളിലെ 'ബ്രോ സംസ്‌കാരം' ലൈംഗിക അതിക്രമങ്ങള്‍ക്ക് കാരണമാകുന്നു'; ടെക് ഭീമനെതിരെ ഗുരുതര ആരോപണവുമായി മുന്‍ ജീവനക്കാരി

'ഗൂഗിളില്‍ ജോലി ചെയ്തിട്ടുള്ള എല്ലാ ദിവസവും താന്‍ ലൈംഗിക ആക്രമണത്തിന് ഇരയായിട്ടുണ്ട്‌'
'ഗൂഗിളിലെ 'ബ്രോ സംസ്‌കാരം' ലൈംഗിക അതിക്രമങ്ങള്‍ക്ക് കാരണമാകുന്നു'; ടെക് ഭീമനെതിരെ ഗുരുതര ആരോപണവുമായി മുന്‍ ജീവനക്കാരി

സാന്‍ഫ്രാന്‍സിസ്‌കോ: ടെക് ഭീമനായ ഗൂഗിളില്‍ നിലനില്‍ക്കുന്ന 'ബ്രോ സംസ്‌കാരം' ലൈംഗിക അതിക്രമത്തിന് കാരണമായെന്ന ആരോപണവുമായി വനിത സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ രംഗത്ത്. എന്നാല്‍ ഇത് തടയാന്‍ ഗൂഗിള്‍ തയാറായിട്ടില്ലെന്നും അവര്‍ ആരോപിച്ചു. മോശം പ്രകടനത്തിന്റെ പേരില്‍ ഗൂഗിളില്‍ നിന്ന് പുറത്താക്കപ്പെട്ട ലൊറെറ്റ ലീയാണ് ലൈംഗിക ആരോപണവുമായി രംഗത്തെത്തിയത്. 

2008 ലാണ് ലീ ഗൂഗിളില്‍ ജോലിക്ക് പ്രവേശിക്കുന്നത്. അതിന് ശേഷം 2016 ല്‍ പുറത്താക്കപ്പെട്ടു. തുടര്‍ന്ന് ഫെബ്രുവരിയില്‍ ഗൂഗിളില്‍ ലൈംഗിക അതിക്രമണവും ലിംഗ അസമത്വവും നടക്കുന്നുണ്ടെന്നും തന്നെ അനധികൃതമായി പുറത്താക്കിയെന്നും ആരോപിച്ച് ഇവര്‍ ഫെബ്രുവരിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു. ഗൂഗിളില്‍ ജോലി ചെയ്തിട്ടുള്ള എല്ലാ ദിവസവും താന്‍ ലൈംഗിക ആക്രമണത്തിന് ഇരയായിട്ടുണ്ടെന്നും ലൈംഗികചുവയോടെ സംസാരിക്കുകയും മോശമായി നോക്കുകയും ചെയ്തിരുന്നെന്നും പരാതിയില്‍ പറയുന്നു. പുരുഷ സഹപ്രവര്‍ത്തകര്‍ തന്റെ പാനിയത്തില്‍ മദ്യം ചേര്‍ക്കുകയും ലഹരിയില്‍ തന്നെ മര്‍ദ്ദിക്കുകയും ചെയ്തിട്ടുണ്ടെന്നും അവര്‍ ആരോപിച്ചു. 

സഹപ്രവര്‍ത്തകരുമായി പ്രശ്‌നമുണ്ടാവും എന്ന് പേടിച്ച് ആദ്യം പരാതി നല്‍കിയിരുന്നില്ല. അവസാനം തന്റെ മേലുദ്യോഗസ്ഥനും എച്ച്ആര്‍ ഡിപ്പാര്‍ട്ട്‌മെന്റിനും പരാതി നല്‍കി. എന്നാല്‍ ഇതിനെതിരേ നടപടിയെടുക്കാന്‍ കമ്പനി തയാറായില്ല. പരാതി നല്‍കിയതോടെ തന്റെ വര്‍ക്കുകള്‍ക്ക് അംഗീകാരം നല്‍കാന്‍ സഹപ്രവര്‍ത്തകര്‍ തയാറായില്ലെന്നും മോശം പ്രകടനത്തിന്റെ പേരില്‍ തന്നെ പുറത്താക്കുകയായിരുന്നെന്നും അവര്‍ ഹര്‍ജിയില്‍ പറയുന്നു. സംഭവം വിവാദമായതോടെ പുറത്താക്കലിനെക്കുറിച്ച് അന്വേഷിച്ച് അവശ്യമായ നടപടിയെടുക്കുമെന്ന് ഗൂഗിള്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com