ചരക്കുസേവന നികുതി റിട്ടേണുകളില്‍ 34000 കോടിയുടെ പൊരുത്തക്കേട്;  മോദി സര്‍ക്കാര്‍ ആശങ്കയില്‍ 

ചരക്കുസേവന നികുതി നടപ്പിലാക്കിയിട്ടും നികുതി വെട്ടിപ്പ് തുടരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ കേന്ദ്രസര്‍ക്കാരിനെ ആശങ്കപ്പെടുത്തുന്നു.
ചരക്കുസേവന നികുതി റിട്ടേണുകളില്‍ 34000 കോടിയുടെ പൊരുത്തക്കേട്;  മോദി സര്‍ക്കാര്‍ ആശങ്കയില്‍ 

മുംബൈ: ചരക്കുസേവന നികുതി നടപ്പിലാക്കിയിട്ടും നികുതി വെട്ടിപ്പ് തുടരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ കേന്ദ്രസര്‍ക്കാരിനെ ആശങ്കപ്പെടുത്തുന്നു. ആദായ നികുതി വകുപ്പില്‍ ഫയല്‍ ചെയ്ത നികുതി റിട്ടേണുകളിലെ പൊരുത്തക്കേടുകളാണ് സര്‍ക്കാരിന്റെ സംശയം ബലപ്പെടുത്തുന്നത്. ഏകദേശം 34000 കോടി രൂപയുടെ വ്യത്യാസമാണ് ആദായനികുതി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.

ജൂലൈ- ഡിസംബര്‍ കാലയളവില്‍ സമര്‍പ്പിച്ച നികുതി റിട്ടേണുകള്‍ പ്രാഥമികമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഈ നിഗമനത്തിലെത്തിയിരിക്കുന്നത്. 34,000 കോടി രൂപയുടെ പൊരുത്തക്കേടുകള്‍ ഉണ്ടെന്നാണ് ജിഎസ്ടി നെറ്റ്‌വര്‍ക്ക് ചൂണ്ടികാണിക്കുന്നത്.

ശനിയാഴ്ച ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം വിഷയം ചര്‍ച്ച ചെയ്തു. വ്യത്യസ്തമായ നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്ത വ്യവസായികള്‍ക്കും ബിസിനസ്സുകാര്‍ക്കും നോട്ടീസ് അയക്കാന്‍ യോഗം അനുമതി നല്‍കി. ചരക്കുസേവനനികുതി റിട്ടേണുകളായ ജിഎസ്ടിആര്‍-1, ജിഎസ്ടിആര്‍-3ബി എന്നിവ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് അധികൃതര്‍ നികുതി വെട്ടിപ്പ് കണ്ടെത്തിയത്. കുറ്റക്കാര്‍ എന്ന് സംശയിക്കുന്നവരുടെ നികുതി സംബന്ധമായ വിശദാംശങ്ങള്‍ അതാത് സംസ്ഥാനങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് വിശദാംശങ്ങള്‍ കൈമാറിയത്.

ഇറക്കുമതി ചെയ്ത സാധനങ്ങളുടെ വില കുറച്ച് കാണിച്ചാണ് ഈ തട്ടിപ്പ് നടത്തിയിരിക്കുന്നതെന്ന് കസ്റ്റംസ് അധികൃതര്‍ സംശയിക്കുന്നു. ഉദാഹരണമെന്ന നിലയില്‍ 10000 രൂപ വിലമതിക്കുന്ന മൊബൈല്‍ ഫോണിന്റെ വില 7000 രൂപയായി കുറച്ചുകാണിച്ചിരിക്കുന്നു. ഇത് കുറഞ്ഞ ജിഎസ്ടി കൊടുക്കാനുളള തന്ത്രമാണെന്ന് അധികൃതര്‍ സംശയിക്കുന്നു.

നികുതി വെട്ടിപ്പ് തടയുന്നതിന് കേന്ദ്രസര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്ന പദ്ധതികള്‍ നടപ്പിലാക്കാത്തതാണ് ചരക്കുനികുതി പിരിവില്‍ കുറവുണ്ടാകാന്‍ കാരണമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സാധനങ്ങളുടെ വാങ്ങല്‍, വില്‍പ്പന മൂല്യം നിശ്ചയിക്കുന്നതിന് ഇന്‍വോയിസ് ബില്ലുകള്‍ ഒത്തുനോക്കല്‍ ഉള്‍പ്പെടെയുളള നടപടികള്‍ സ്വീകരിക്കാന്‍ ഇപ്പോഴും സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ഇതാണ് ഇത്തരത്തിലുളള പൊരുത്തക്കേടുകള്‍ക്ക് കളമൊരുക്കിയതെന്ന വാദവും ഉയരുന്നുണ്ട്.

അതേസമയം ഇത്തരത്തിലുളള പൊരുത്തക്കേടുകള്‍ക്ക് കൃത്യമായ കാരണമുണ്ടെന്ന ന്യായവാദമാണ് നികുതി വിദ്ഗ്ധര്‍ ഉന്നയിക്കുന്നത്. മാസങ്ങളോളം കെട്ടി കിടന്നിരുന്ന ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ്  മൊത്തമായി കണക്കാക്കിയത് അടക്കമുളള കാരണങ്ങളാണ് ചരക്കുസേവന നികുതി റിട്ടേണുകളില്‍ പൊരുത്തക്കേടുകള്‍ കടന്നുകൂടാന്‍ കാരണമെന്ന് ഇവര്‍ വാദിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com