എണ്ണ വില 80 ഡോളര്‍ പിന്നിട്ടു; പെട്രോളിനും ഡീസലിനും നാലു രൂപ വര്‍ധിച്ചേക്കും

എണ്ണ വില 80 ഡോളര്‍ പിന്നിട്ടു; പെട്രോളിനും ഡീസലിനും നാലു രൂപ വര്‍ധിച്ചേക്കും

കര്‍ണാടക തിരഞ്ഞെടുപ്പിനു മുന്‍പുള്ള രീതിയില്‍ എണ്ണക്കമ്പനികള്‍ ഇന്ധനവില പുനര്‍ നിര്‍ണയിക്കുകയാണെങ്കില്‍ പെട്രോളിനും ഡീസലിനും ലീറ്ററിന് നാലു രൂപവരെ വിലകൂടിയേക്കും

റാനുമായുള്ള ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്‍വാങ്ങിയതിനു പിന്നാലെ എണ്ണ വില കുതിക്കുന്നു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 80.18 ഡോളറായിരിക്കുകയാണ്. നാലുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഇതോടെ രാജ്യത്തും ഇന്ധന വില വര്‍ധിക്കുമെന്നാണ് സൂചനകള്‍. പെട്രോളിനും ഡീസലിനും നാലു രൂപയോളം വില ഉയര്‍ന്നേക്കും. 

കര്‍ണാടക തിരഞ്ഞെടുപ്പിനു മുന്‍പുള്ള രീതിയില്‍ എണ്ണക്കമ്പനികള്‍ ഇന്ധനവില പുനര്‍ നിര്‍ണയിക്കുകയാണെങ്കില്‍ പെട്രോളിനും ഡീസലിനും ലീറ്ററിന് നാലു രൂപവരെ വിലകൂടിയേക്കുമെന്നാണ് ബ്രോക്കറേജ് സ്ഥാപനങ്ങള്‍ വിലയിരുത്തുന്നത്. 

തിരഞ്ഞെടുപ്പുസമയം 19 ദിവസം വില മരവിപ്പിച്ചു നിര്‍ത്തിയ കമ്പനികള്‍ പോളിങ് കഴിഞ്ഞ് വിലകൂട്ടിത്തുടങ്ങി. പെട്രോളിന് പലതവണയായി 69 പൈസയും ഡീസലിന് 86 പൈസയും ഇതിനകം കൂട്ടിയിട്ടുണ്ട്. ഡീസലിന് ഒറ്റത്തവണ ലീറ്ററിനു മൂന്നര നാലു രൂപയും പെട്രോളിന് നാല് നാലര രൂപയും വിലവര്‍ധിപ്പിച്ചാല്‍ മാത്രമേ കമ്പനികള്‍ക്ക് ലീറ്ററിന് 2.7 രൂപ മാര്‍ജിന്‍ നേടാന്‍ കഴിയൂ എന്ന സ്ഥിതിയുണ്ട് കോട്ടക് ഇന്‍ഡസ്ട്രിയല്‍ ഇക്വിറ്റീസിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. രൂപയുടെ മൂല്യം കുറഞ്ഞതും എണ്ണവില ഉയരാന്‍ കാരണമാകും.

ബഹുരാഷ്ട്ര എണ്ണ കമ്പനിയായ ടോട്ടല്‍, ഇറാനിലെ എണ്ണപ്പാട ഖനനത്തില്‍ നിന്നു പിന്‍മാറിയേക്കുമെന്ന റിപ്പോര്‍ട്ടുകളാണു വിപണിയില്‍ എണ്ണ വില കൂടാന്‍ ഇടയാക്കിയത്. ഇറാനെതിരെ യുഎസ് ഉപരോധം വരാനിരിക്കുന്ന പശ്ചാത്തലത്തില്‍ ഷിപ്പിങ് കമ്പനികള്‍ ഉള്‍പ്പെടെയുള്ളവ പിന്‍മാറുമെന്നും സൂചനയുണ്ട്. ഈ സാഹചര്യത്തില്‍ ഇറാനില്‍ നിന്ന് ആഗോള വിപണിയിലേക്കുള്ള എണ്ണയുടെ വരവ് തടസ്സപ്പെടാനുള്ള സാധ്യതയാണു വിപണിയില്‍ എണ്ണ വില ഉയര്‍ത്തുന്നത്. പ്രതിദിനം രണ്ടു ലക്ഷം മുതല്‍ എട്ടു ലക്ഷം വരെ ബാരല്‍ കുറവു വരുമെന്നാണു വിലയിരുത്തല്‍.

ആഗോള വിപണിയുടെ ആവശ്യത്തിന് അനുസരിച്ച് ഉല്‍പാദനം വര്‍ധിപ്പിക്കാനുള്ള യുഎസ് എണ്ണക്കമ്പനികളുടെ ശ്രമം ഫലം കണ്ടിട്ടില്ല. ആവശ്യമായ തോതില്‍ പൈപ്പ്‌ലൈനുകളില്ലാത്തതും, ഉല്‍പാദനം ഉയര്‍ത്താനാവശ്യമായ സൗകര്യങ്ങള്‍ നിലവില്‍ ലഭ്യമല്ലാത്തതുമാണു പ്രശ്‌നം. ഒപെക്, ഒപെക് ഇതര രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉല്‍പാദന നിയന്ത്രണം മൂലം എണ്ണ ലഭ്യതയിലുണ്ടായ കുറവ് നികത്താന്‍ യുഎസ് കമ്പനികള്‍ക്ക് കഴിയുന്നുമില്ല.

ഒപെക് (എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മ) അംഗരാജ്യമായ വെനസ്വേലയും ഉല്‍പാദനത്തില്‍ കുറവു വരുത്തിയിട്ടുണ്ട്. ആവശ്യമേറുന്ന സാഹചര്യത്തില്‍ ഉല്‍പാദന നിയന്ത്രണം നീക്കണമെന്ന ആവശ്യത്തോട് ഒപെക് രാജ്യങ്ങള്‍ അനുകൂലമായല്ല പ്രതികരിക്കുന്നത്. നിയന്ത്രണം നീക്കിയാല്‍ അതു വീണ്ടും വിലയിടിവിനു കാരണമാകുമെന്നാണു സൗദി അറേബ്യയുള്‍പ്പെടെ ഒപെക്കിലെ പ്രമുഖ രാജ്യങ്ങള്‍ കരുതുന്നത്. വര്‍ഷാവസാനത്തോടെ മാത്രമേ ഇക്കാര്യത്തില്‍ പുനഃപരിശോധനയ്ക്കു സാധ്യതയുള്ളൂ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com