ഇന്ധന വില പിടിച്ചു നിര്‍ത്താന്‍ കേന്ദ്രം ഇടപെടുന്നു, നികുതി കുറച്ചേക്കും, രണ്ടു രൂപയുടെ കുറവിന് സാധ്യത

ഇതോടൊപ്പം നികുതി കുറയ്ക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്
ഇന്ധന വില പിടിച്ചു നിര്‍ത്താന്‍ കേന്ദ്രം ഇടപെടുന്നു, നികുതി കുറച്ചേക്കും, രണ്ടു രൂപയുടെ കുറവിന് സാധ്യത

ന്യൂഡല്‍ഹി: കുതിച്ചുയരുന്ന ഇന്ധന വില പിടിച്ചുനിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു. എക്‌സൈസ് തീരുവ കുറയ്ക്കണമെന്ന ശുപാര്‍ശ പെട്രോളിയം മന്ത്രാലയം ധനമന്ത്രാലയത്തിനു മുന്നില്‍ വച്ചതായാണ് സൂചന. പെട്രോളിനും ഡീസലിനും രണ്ടു രൂപ കുറയ്ക്കാനും തുടര്‍ന്നു വരുന്ന ദിവസങ്ങളില്‍ വര്‍ധന ഒഴിവാക്കാനുമാണ് ധാരണയായിരിക്കുന്നത്. ഇതോടൊപ്പം നികുതി കുറയ്ക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

രാജ്യാന്തര വിപണിയിലെ വില വര്‍ധനയ്ക്ക് അനുസരിച്ച് രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരുകയാണ്. കര്‍ണാടക തെരഞ്ഞെടുപ്പു കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാരില്‍നിന്നുളള അനൗദ്യോഗിക നിര്‍ദേശ പ്രകാരം എണ്ണ കമ്പനികള്‍ വര്‍ധന ഒഴിവാക്കിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പു കഴിഞ്ഞതിനു ശേഷം വിലയില്‍ വന്‍ വര്‍ധനയാണുണ്ടായത്. ഈ സാഹചര്യത്തിലാണ് വില പിടിച്ചുനിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നത്.

ഇന്ധന വില പിടിച്ചുനിര്‍ത്താന്‍ ഉടന്‍ നടപടികളുണ്ടാവുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എക്‌സൈസ് തീരുവ കുറയ്ക്കണമെന്ന ആവശ്യം പെട്രോളിയം മന്ത്രാലയം ധനമന്ത്രാലയത്തിനു മുന്നില്‍ വച്ചതായാണ് അറിയുന്നത്. ലിറ്റരിന് രണ്ടു രൂപയുടെ കുറവു വരത്തക്ക വിധം നികുതിയില്‍ കുറവു വരുത്തണമെന്നാണ് ആവശ്യം. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ധനമന്ത്രി പിയൂഷ് ഗോയലുമായി പ്രധാന്‍ കൂടിക്കാഴ്ച നടത്തും. വരും ദിവസങ്ങളില്‍ വര്‍ധന ഒഴിവാക്കാന്‍ പൊതു മേഖലാ എണ്ണക്കമ്പനികളുടെ മേധാവികളെയും പെട്രോളിയം മന്ത്രി കണ്ടേക്കും.

കേന്ദ്ര സര്‍ക്കാര്‍ തീരുവയില്‍ കുറവു വരുത്തുന്നതിനൊപ്പം സംസ്ഥാനത്തെ വില്‍പ്പന നികുതി കുറയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാരുകളോടും കേന്ദ്രം ആവശ്യപ്പെട്ടേക്കും.  

സര്‍വകാല റെക്കോഡ് പിന്നിട്ട കുതിക്കുന്ന ഇന്ധന വില ഇതേ നിലയില്‍ തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ അഞ്ചു രൂപയുടെ വര്‍ധനയ്ക്കു  സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കര്‍ണാടക തെരഞ്ഞെടുപ്പു കണക്കിലെടുക്ക് കേ്ന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം എണ്ണ കമ്പനികള്‍ വില നിര്‍ണയം നിര്‍ത്തിവച്ചിരുന്നു. ഈ ദിവസങ്ങളിലും രാജ്യാന്തര വിലയില്‍ വര്‍ധനയായിരുന്നു പ്രകടിപ്പിച്ചത്. ഈ അന്തരം കുറയ്ക്കാന്‍ വരും ദിവസങ്ങളില്‍ അഞ്ചു രൂപയുടെ വര്‍ധന വേണ്ടിവരുമെന്നാണ് എണ്ണ കമ്പനികള്‍ നല്‍കുന്ന സൂചന. കര്‍ണാടക തെരഞ്ഞെടുപ്പിനു ശേഷം ഇതുവരെ പെട്രോളിന് രണ്ടു രൂപയിലേറെ വര്‍ധന വരുത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com