എസ്ബിഐയ്ക്ക് റെക്കോഡ് നഷ്ടം; മാര്‍ച്ച് പാദത്തില്‍ 7718 കോടി രൂപ 

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐയ്ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടം.
എസ്ബിഐയ്ക്ക് റെക്കോഡ് നഷ്ടം; മാര്‍ച്ച് പാദത്തില്‍ 7718 കോടി രൂപ 

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐയ്ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടം. ജനുവരി- മാര്‍ച്ച് പാദത്തില്‍ 7718 കോടി രൂപയുടെ നഷ്ടമാണ് ബാങ്കിന് ഉണ്ടായത്.കിട്ടാക്കടം പരിഹരിക്കാന്‍ പ്രോവിഷനായി വലിയ തുക നീക്കി വെച്ചതാണ് നഷ്ടം ഉയരാന്‍ കാരണമെന്നാണ് ബാങ്കിന്റെ വിശദീകരണം.

പ്രവചനങ്ങളെയെല്ലാം കാറ്റില്‍പറത്തുന്ന നഷ്ടമാണ് ബാങ്കിനുണ്ടായത്. മാര്‍ച്ച് പാദത്തില്‍ 1285 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തുമെന്നാണ് റോയിട്ടേഴ്‌സ് പ്രവചിച്ചത്. ഇതില്‍ നിന്നും പലമടങ്ങ് അധികമുളള നഷ്ടകണക്കാണ് പുറത്തുവന്നിരിക്കുന്നത്. 

ഡിസംബര്‍ പാദത്തിലും ബാങ്ക് നഷ്ടത്തിലായിരുന്നു. 2416 കോടി രൂപയായിരുന്നു നഷ്ടം. അതേസമയം ഓഹരി വിപണിയില്‍ എസ്ബിഐയുടെ ഓഹരി വില നാലുശതമാനം ഉയര്‍ന്നു. കിട്ടാക്കടം പരിഹരിക്കുന്നതിനുളള നടപടിയുടെ ഫലമാണിതെന്ന ബാങ്ക് അധികൃതരുടെ വിശദീകരണത്തെ തുടര്‍ന്നായിരുന്നു ഓഹരി വിലയിലുണ്ടായ കുതിപ്പ്.

മാര്‍ച്ച് പാദത്തില്‍ കിട്ടാക്കടം 10.91 ശതമാനമായിട്ടാണ് ഉയര്‍ന്നത്. മുന്‍ പാദത്തില്‍ ഇത് 10.35 ശതമാനമായിരുന്നു. മുന്‍ വര്‍ഷം സമാന കാലയളവില്‍ കിട്ടാക്കടം 6.90 ശതമാനമായിരുന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 

2020 ഓടേ വായ്പ വളര്‍ച്ച 12 ശതമാനമാക്കി ഉയര്‍ത്തുകയാണ് ബാങ്കിന്റെ ലക്ഷ്യം. കിട്ടാക്കടം ആറു ശതമാനമായി താഴ്ത്തി കൊണ്ടുവരാനും ബാങ്ക് ലക്ഷ്യമിടുന്നതായി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com