നോട്ടുനിരോധനത്തിന്റെ രണ്ടുവര്‍ഷങ്ങള്‍; കളളപ്പണം എവിടെയും പോയിട്ടില്ലെന്ന് 60 ശതമാനം ജനങ്ങളും പറയുന്നു

രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ച് മോദി സര്‍ക്കാര്‍ നോട്ടുനിരോധനം പ്രഖ്യാപിച്ചിട്ട് ഇന്ന് രണ്ടുവര്‍ഷം തികയുകയാണ്
നോട്ടുനിരോധനത്തിന്റെ രണ്ടുവര്‍ഷങ്ങള്‍; കളളപ്പണം എവിടെയും പോയിട്ടില്ലെന്ന് 60 ശതമാനം ജനങ്ങളും പറയുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ച് മോദി സര്‍ക്കാര്‍ നോട്ടുനിരോധനം പ്രഖ്യാപിച്ചിട്ട് ഇന്ന് രണ്ടുവര്‍ഷം തികയുകയാണ്. കളളപ്പണത്തിന് എതിരായുളള പോരാട്ടം ആരംഭിച്ചു എന്ന് പറഞ്ഞു കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയതായി പ്രഖ്യാപിച്ചത്. ഈ പ്രഖ്യാപനം നടന്ന് രണ്ട് വര്‍ഷം ആകുമ്പോള്‍ കളളപ്പണം എവിടെ എത്തി നില്‍ക്കുന്നു എന്ന ചോദ്യവും ശക്തമായി ഉയരുകയാണ്.

രാജ്യത്ത് ഇപ്പോഴും കളളപ്പണം ഒഴുകുന്നതായി 60 ശതമാനം ജനങ്ങളും വിശ്വസിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 2019 ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്‍പ് ഇതിന്റെ ഒഴുക്ക് വര്‍ധിക്കുമെന്നും ഭൂരിപക്ഷം ജനങ്ങളും വിശ്വസിക്കുന്നതായി ലോക്കല്‍ സര്‍ക്കിള്‍സിന്റെ സര്‍വ്വേയില്‍ വ്യക്തമാക്കുന്നു.

ലോക്‌സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് കളളപ്പണം പൂര്‍വ്വസ്ഥിതിയിലാകുമെന്ന് ഭൂരിപക്ഷം ജനങ്ങളും കണക്കുകൂട്ടുന്നു. 215 ജില്ലകളില്‍ നിന്നായി 15000 പേരെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ സര്‍വ്വേയിലാണ് കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന കണക്കുകള്‍ ഉള്‍പ്പെടുന്നത്.

നികുതി വെട്ടിപ്പുകാരെ ആദായനികുതിയുടെ പരിധിയില്‍ കൊണ്ടുവരാന്‍ നോട്ടുനിരോധനം വഴി സാധിച്ചതായി 40 ശതമാനം ജനങ്ങള്‍ വിശ്വസിക്കുന്നു.  ഇതുകൊണ്ട് ജനങ്ങള്‍ക്ക് ഒരു ഉപകാരവും ഉണ്ടായിട്ടില്ലെന്ന് 25 ശതമാനം ജനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.എന്നാല്‍ 13 ശതമാനം പേര്‍ മാത്രമാണ് നോട്ടുനിരോധനത്തെ പ്രത്യക്ഷത്തില്‍ അനുകൂലിച്ചത്. കളളപ്പണത്തെ തടയാന്‍ നോട്ടുനിരോധനം വഴി സാധിച്ചിട്ടുണ്ടെന്ന് ഇവര്‍ വിശ്വസിക്കുന്നു. പ്രത്യക്ഷനികുതി വരുമാനത്തില്‍ വര്‍ധന ഉണ്ടായതായി 23 ശതമാനം പേര്‍  ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

നിയമവിരുദ്ധമായി ശേഖരിച്ചുവച്ച കള്ളപ്പണം മുഴുവന്‍ കണ്ടെത്തും, കള്ളനോട്ടുകള്‍ അപ്രത്യക്ഷമാകും, തീവ്രവാദവും നക്‌സലിസവും തുടച്ചെറിയപ്പെടും, അഴിമതി എന്നെന്നേയ്ക്കുമായി ഇല്ലാതാകും എന്നിങ്ങനെയുളള പ്രതീക്ഷകള്‍ മുന്നോട്ടുവെച്ചാണ് മോദി സര്‍ക്കാര്‍ നോട്ടുനിരോധനം പ്രഖ്യാപിച്ചത്. ഇന്ധന വില 50 ലേയ്ക്ക് താഴുമെന്നും പണപ്പെരുപ്പം ഇല്ലാതാകുമെന്നും വളര്‍ച്ച നിരക്ക് ഉയരമെന്നുമെല്ലാമുള്ള വാഗ്ദാനങ്ങളും ജനങ്ങള്‍ക്ക് നരേന്ദ്രമോഡി അന്ന് നല്‍കിയിരുന്നു. എന്നാല്‍ അസംഘടിത - ചെറുകിട വ്യവസായ മേഖലയുടെ തകര്‍ച്ചയ്ക്ക് നോട്ടുനിരോധനം ഹേതുവായി എന്ന വ്യാപകമായ ആക്ഷേപമാണ് സര്‍ക്കാരിനെ തേടിയെത്തിയത്.

നിരോധിച്ച 500, 1000 രൂപ നോട്ടുകളില്‍ നല്ലൊരു ശതമാനം തിരിച്ചുവരില്ലെന്ന കണക്കുകൂട്ടലും തെറ്റി. നിരോധിച്ച നോട്ടുകളില്‍ 99.3 ശതമാനവും റിസര്‍വ് ബാങ്കില്‍ തിരികെയെത്തിയെന്ന കണക്ക് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി. അപ്പോഴും ഡിജിറ്റല്‍ പണമിടപാട് വര്‍ധിച്ചു, കൂടുതല്‍ പേരെ ആദായനികുതി പരിധിയിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞു എന്നി ന്യായവാദങ്ങള്‍ നിരത്തി പ്രതിരോധിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com