പെട്രോളിന് 22 പൈസ കുറഞ്ഞു, വില എണ്‍പതിലേക്ക്; ഇരുപതു ദിവസം കൊണ്ടു കുറഞ്ഞത് അഞ്ചു രൂപയിലേറെ

കഴിഞ്ഞ ഇരുപതു ദിവസമായി തുടര്‍ച്ചയായി വില കുറഞ്ഞുകൊണ്ടിരിക്കുകയാണ്
പെട്രോളിന് 22 പൈസ കുറഞ്ഞു, വില എണ്‍പതിലേക്ക്; ഇരുപതു ദിവസം കൊണ്ടു കുറഞ്ഞത് അഞ്ചു രൂപയിലേറെ


കൊച്ചി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയിലെ ഇടിവ് തുടരുന്നു. പെട്രോളിന് ഇരുപത്തിരണ്ടു പൈസയുടെ ഇടിവാണ് ഇന്നുണ്ടായത്. ഡീസല്‍ വില ലിറ്ററിന് 19 പൈസ കുറഞ്ഞു.

ഒരു ലിറ്റര്‍ പെട്രോളിന് 80.16 രൂപയാണ് കൊച്ചിയിലെ വില. ഇന്നലെ ഇത് 80.37 ആയിരുന്നു. ആഴ്ചകള്‍ നീണ്ട ഇടവേളയ്ക്ക് ഒടുവിലാണ് പെട്രോള്‍ വില എണ്‍പതിലേക്ക് എത്തുന്നത്. കഴിഞ്ഞ ഇരുപതു ദിവസമായി തുടര്‍ച്ചയായി വില കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഒരു ലിറ്റര്‍ പെട്രോളിന് അഞ്ചു രൂപയിലേേെറ ഈ ദിവസങ്ങളില്‍ കുറഞ്ഞിട്ടുണ്ട്.

ഡീസല്‍ ലിറ്ററിന് 76.67 ആണ് കൊച്ചിയിലെ വില. ഇന്നലെ ഇത് 76.86 ആയിരുന്നു. തിരുവനന്തപുരത്ത് 78.15 ആണ് ഡീസല്‍ വില. പെട്രോളിന് 81.58ഉം.

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില കുറഞ്ഞതാണ് പ്രധാനമായും പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ ഇടയാക്കിയത്. അസംസ്‌കൃത എണ്ണവില എട്ടുമാസത്തെ താഴ്ന്ന നിലയിലാണ് ഇപ്പോള്‍. ബാരലിന് 85 ഡോളര്‍ ഉണ്ടായിരുന്ന സ്ഥാനത്ത് 71 ലേക്ക് അസംസ്‌കൃത എണ്ണ വില താഴ്ന്നു. അമേരിക്കയുടെ റെക്കോഡ് എണ്ണ ഉല്‍പാദനമാണ് വിപണിയില്‍ പ്രതിഫലിച്ചത്.

മൂന്നാഴ്ചകൊണ്ടാണ് ക്രൂഡ് വിലയും ഇന്ധനവിലയും കുറഞ്ഞത്. ഇറാനെതിരേയുള്ള അമേരിക്കയുടെ ഉപരോധം എണ്ണവില ഉയരാന്‍ ഇടയാക്കുമെന്നായിരുന്നു നിഗമനം. ഇതിന്റെ ചുവടുപിടിച്ചാണ് ക്രൂഡ് വില 85 ഡോളറിലേക്ക് ഉയര്‍ന്നത്. ഉപരോധംമൂലം എണ്ണലഭ്യതയില്‍ വന്‍ കുറവുണ്ടാകുമെന്നും അത് വിലകൂട്ടാന്‍ കാരണമാകുമെന്നുമായിരുന്നു വിലയിരുത്തല്‍. എന്നാല്‍, ഉപരോധം നവംബര്‍ നാലിന് നിലവില്‍ വന്നെങ്കിലും പ്രതീക്ഷകള്‍ തെറ്റിച്ചുകൊണ്ട് ക്രൂഡ് ഓയില്‍ വില താഴുകയായിരുന്നു. ഉപരോധം ഏര്‍പ്പെടുത്തിയാല്‍ എണ്ണവില ബാരലിന് 90 ഡോളര്‍ വരെ കടന്നേക്കാമെന്ന് നിരീക്ഷിച്ചിരുന്നു.

ഇറാനില്‍ നിന്നുളള എണ്ണയുടെ വരവ് കുറഞ്ഞടോതെ, സൗദി, റഷ്യ, അമേരിക്ക എന്നി രാജ്യങ്ങള്‍ എണ്ണയുല്‍പ്പാദനം വര്‍ധിപ്പിച്ച് ഈ കുറവ് പരിഹരിക്കുന്നുണ്ട്. അമേരിക്കയുടെ എണ്ണ ഉല്‍പ്പാദനം മാത്രം പ്രതിദിനം 1.16 കോടി ബാരലായി ഉയര്‍ന്നു. ഇത് റെക്കോഡാണ്. അമേരിക്കയുടെ എണ്ണ സംഭരണത്തില്‍ 58 ലക്ഷം ബാരലിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com