അടുത്ത പണിവരുന്നു!; ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡുകളുടെ കാലാവധി ഡിസംബര്‍ 31ന് അവസാനിക്കും, ഇനി 'ഇഎംവി കാര്‍ഡുകള്‍', പെട്ടെന്ന് മാറ്റിക്കോളൂ 

നിലവിലെ ഉപഭോക്താക്കള്‍ക്കും പുതിയ ഇടപാടുകാര്‍ക്കും ആധുനിക സാങ്കേതികവിദ്യയോടുകൂടിയ നവീന കാര്‍ഡുകള്‍ നല്‍കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഉത്തരവിട്ടു
അടുത്ത പണിവരുന്നു!; ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡുകളുടെ കാലാവധി ഡിസംബര്‍ 31ന് അവസാനിക്കും, ഇനി 'ഇഎംവി കാര്‍ഡുകള്‍', പെട്ടെന്ന് മാറ്റിക്കോളൂ 

മുംബൈ:  നിലവിലെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ മാറ്റി പകരം പുതിയത് വാങ്ങാനുളള സന്ദേശങ്ങള്‍ പലപ്പോഴും അവഗണിക്കുകയാണ് പതിവ്. ഇത് വ്യാജ സന്ദേശമാണ് എന്ന് തെറ്റിദ്ധരിച്ചാണ് ഉപഭോക്താക്കള്‍  ഇത്തരത്തില്‍ പ്രതികരിക്കുന്നത്. എന്നാല്‍ ഇനി ഇങ്ങനെ പ്രതികരിക്കാന്‍ വരട്ടെ. നിലവിലെ ഉപഭോക്താക്കള്‍ക്കും പുതിയ ഇടപാടുകാര്‍ക്കും ആധുനിക സാങ്കേതികവിദ്യയോടുകൂടിയ നവീന കാര്‍ഡുകള്‍ നല്‍കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഉത്തരവിട്ടു. വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടുന്നത് വ്യാപകമായിരിക്കുന്ന പശ്ചാത്തലത്തില്‍ ഇത് തടയാന്‍ ലക്ഷ്യമിട്ട് ചിപ്പ് അടിസ്ഥാനമാക്കിയുളള ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ അനുവദിക്കാനാണ് ബാങ്കുകള്‍ക്ക് കേന്ദ്രബാങ്ക് നിര്‍ദേശം നല്‍കിയത്.

റിസര്‍വ് ബാങ്കിന്റെ പുതിയ ഉത്തരവ് അനുസരിച്ച് നിലവിലെ കാര്‍ഡുകള്‍ക്ക് ഡിസംബര്‍ 31 വരെ മാത്രമേ പ്രാബല്യം ഉണ്ടാകുകയുളളുവെന്ന് സാരം. ഇതിന് മുന്‍പ് ചിപ്പ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇഎംവി കാര്‍ഡുകളിലേക്ക് ഉപഭോക്താക്കള്‍ മാറണമെന്ന് റിസര്‍വ് ബാങ്ക് സൂചിപ്പിക്കുന്നു. യൂറോ പേ, മാസ്റ്റര്‍കാര്‍ഡ്, വിസ എന്നിവയുടെ ചുരുക്കപേരാണ് ഇഎംവി. ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ നിന്ന് ഉപഭോക്കാക്കളെ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ പരിഷ്‌കാരം.

ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളില്‍ നിന്നുളള വിവരങ്ങള്‍ ചോരുന്നതാണ് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിക്കാന്‍ മുഖ്യ കാരണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പൊതു വിലയിരുത്തല്‍. ഈ പശ്ചാത്തലത്തിലാണ് ശക്തമായ നടപടി സ്വീകരിക്കാന്‍ റിസര്‍വ് ബാങ്ക് തയ്യാറായത്. റിസര്‍വ് ബാങ്കിന്റെ ഉത്തരവ് തദ്ദേശീയ കാര്‍ഡുകള്‍ക്ക് പുറമേ രാജ്യാന്തര കാര്‍ഡുകള്‍ക്കും ബാധകമാണ്. രാജ്യത്ത് നിലവില്‍ ഉപയോഗിക്കുന്ന കാര്‍ഡുകളില്‍ പലതിനും ഡിസംബറിന് ശേഷവും നിരവധി വര്‍ഷങ്ങളുടെ കാലാവധിയുണ്ട്. എന്നാല്‍ പുതിയ ഉത്തരവ് അനുസരിച്ച് ഉപഭോക്താക്കള്‍ അതത് ബാങ്ക് ശാഖകളില്‍ പോയി പുതിയത് മാറ്റി വാങ്ങേണ്ടി വരും.

നിലവിലെ ഡെബിറ്റ്,ക്രെഡിറ്റ് കാര്‍ഡുകള്‍ മാഗ്‌നെറ്റിക് സ്‌ട്രൈപ്പ് കാര്‍ഡുകളാണ്. ഇവയില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്താന്‍ എളുപ്പമാണ് എന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍. ഈ പശ്ചാത്തലത്തിലാണ് ചിപ്പിനെ അടിസ്ഥാനമാക്കിയുളള ഇഎംവി കാര്‍ഡുകള്‍ നിര്‍ബന്ധമാക്കുന്നത്. ചിപ്പിലാണ് വിവരങ്ങള്‍ സൂക്ഷിക്കുന്നത് എന്നതിനാല്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ ബുദ്ധിമുട്ടാണ് എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com