ഡീസല്‍ കാര്‍ വാങ്ങുന്നത് ബുദ്ധിപരമായ തീരുമാനമാണോ?; ഡീസല്‍ കാറിന് ആവശ്യക്കാര്‍ കുത്തനെ കുറഞ്ഞു, കാരണങ്ങള്‍ ഇങ്ങനെ 

ഒരു ഘട്ടത്തില്‍ 29 രൂപയുടെ വരെ വ്യത്യാസം ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് വിലകള്‍ തമ്മിലുളള അന്തരം കേവലം അഞ്ചു രൂപ മുതല്‍ എട്ടുരൂപ വരെ മാത്രമാണ്
ഡീസല്‍ കാര്‍ വാങ്ങുന്നത് ബുദ്ധിപരമായ തീരുമാനമാണോ?; ഡീസല്‍ കാറിന് ആവശ്യക്കാര്‍ കുത്തനെ കുറഞ്ഞു, കാരണങ്ങള്‍ ഇങ്ങനെ 

മുംബൈ: പെട്രോളും ഡീസലും തമ്മിലുളള വിലവ്യത്യാസം അനുദിനം കുറഞ്ഞു കൊണ്ടിരിക്കുകയാണ്. ഒരു ഘട്ടത്തില്‍ 29 രൂപയുടെ വരെ വ്യത്യാസം ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് വിലകള്‍ തമ്മിലുളള അന്തരം അഞ്ചു രൂപ മുതല്‍ എട്ടുരൂപ വരെ മാത്രമാണ്. പശ്ചിമ ബംഗാള്‍ പോലുളള സംസ്ഥാനങ്ങളില്‍ ഇത് ഒരു രൂപ മാത്രമാണ് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

പെട്രോള്‍, ഡീസല്‍ വിലകള്‍ തമ്മിലുളള അന്തരം കുറഞ്ഞത് അടക്കമുളള ഘടകങ്ങള്‍ ഡീസല്‍ വാഹനങ്ങളുടെ ആവശ്യകതയിലും കുറവ് വരുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കാര്‍വിപണിയില്‍ ഡീസല്‍ വാഹനങ്ങളുടെ വിഹിതം 22 ശതമാനമായി താഴ്ന്നു. 2012-13 സാമ്പത്തിക വര്‍ഷത്തില്‍ 50 ശതമാനം ഉണ്ടായിരുന്ന വിഹിതമാണ് ഈ നിലയില്‍ കുറഞ്ഞത്. ഡീസല്‍വാഹനങ്ങള്‍ക്ക് വിപണിയില്‍ ഉണ്ടായിരുന്ന ആകര്‍ഷണീയതയില്‍ മങ്ങലേറ്റതിന്റെ തെളിവാണ് ഇതെന്നാണ് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

നിലവില്‍ പെട്രോള്‍ ഡീസല്‍ കാറുകള്‍ തമ്മില്‍ ചുരുങ്ങിയത് ഒരു ലക്ഷം രൂപയുടെ വില വ്യത്യാസമുണ്ട്. ഡീസല്‍ വില കുറവാണ്, ഇന്ധനക്ഷമത എന്നിവ കണക്കാക്കിയാണ് ഡീസല്‍ കാറുകള്‍ക്ക് കൂടുതല്‍ വില ഈടാക്കുന്നത്. എന്നാല്‍ ഇന്ധനക്ഷമത മാത്രം കണക്കാക്കി ഇനിമുതല്‍ ഡീസല്‍ കാറുകള്‍ വാങ്ങേണ്ടതുണ്ടോ എന്ന ചോദ്യമാണ് ഉയരുന്നത്. 

ഉദാഹരണമെന്ന നിലയില്‍ മാരുതി സുസുക്കിയുടെ പ്രമുഖ മോഡലായ സ്വിഫ്റ്റിന്റെ പെട്രോള്‍ വെരിയേന്റിന് 7.76 ലക്ഷം രൂപയാണ് വില. ഡീസല്‍ മോഡലിന് 8.76 ലക്ഷം രൂപ നല്‍കണം. വില വ്യത്യാസം ഏകദേശം ഒരു ലക്ഷം രൂപ വരും. ഡീഡലിന് കൂടുതല്‍ ഇന്ധനക്ഷമതയുളളതു കൊണ്ട് മാസം 1500 രൂപ വരെ ലാഭിക്കാന്‍ കഴിയുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ പെട്രോള്‍, ഡീസല്‍ വെരിയേന്റുകള്‍ തമ്മിലുളള വിലവ്യത്യാസവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ ലാഭം വലിയ കാര്യമല്ല. ഏകദേശം ആറുവര്‍ഷം കഴിഞ്ഞാല്‍ മാത്രമേ ഇതിന്റെ പ്രയോജനം ലഭിക്കുകയുളളുവെന്ന് സാരം. നിലവില്‍ ഒരു കാര്‍ വാങ്ങി അഞ്ചു വര്‍ഷം വരെ മാത്രം ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. അങ്ങനെ നോക്കിയാല്‍ ദീര്‍ഘകാല നേട്ടം ഒട്ടും ആകര്‍ഷണീയമല്ല. 

ഇതിന് പുറമേ പരിസരമലിനീകരണം കുറയ്ക്കാന്‍ ഭാരത് സ്റ്റേജ് സിക്‌സിലേക്ക് വാഹനങ്ങള്‍ മാറുന്ന കാലവും വിദൂരമല്ല. അങ്ങനെ വരുമ്പോള്‍ ഡീസല്‍ കാറുകള്‍ക്ക് വീണ്ടും വില വര്‍ധിക്കും. 75,000 രൂപയുടെ വരെ വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. ഇതും ഡീസല്‍ കാറുകള്‍ക്ക് ഉണ്ടായിരുന്ന ആകര്‍ഷണീയതയ്ക്ക് മങ്ങലേല്‍പ്പിക്കുന്ന ഘടകമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com