ഇന്ധനവില ഇടിവ് താത്കാലികം?; രാജ്യാന്തര വിപണിയില്‍ വില ഉയരുന്നു, പ്രതിദിനം എണ്ണ ഉല്‍പ്പാദനത്തില്‍ 10 ലക്ഷം ബാരലിന്റെ വെട്ടിക്കുറവ് വരുത്താന്‍ ഒപ്പെക്ക് തീരുമാനം

ഒരു ഇടവേളയ്ക്ക് ശേഷം ആഭ്യന്തര വിപണിയില്‍ ഇന്ധന വില ഉയരാന്‍ സാധ്യത
ഇന്ധനവില ഇടിവ് താത്കാലികം?; രാജ്യാന്തര വിപണിയില്‍ വില ഉയരുന്നു, പ്രതിദിനം എണ്ണ ഉല്‍പ്പാദനത്തില്‍ 10 ലക്ഷം ബാരലിന്റെ വെട്ടിക്കുറവ് വരുത്താന്‍ ഒപ്പെക്ക് തീരുമാനം

ന്യൂഡല്‍ഹി: ഒരു ഇടവേളയ്ക്ക് ശേഷം ആഭ്യന്തര വിപണിയില്‍ ഇന്ധന വില ഉയരാന്‍ സാധ്യത. ഇതിന് ആക്കം കൂട്ടി രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില ഉയര്‍ന്നു. തിങ്കളാഴ്ച മാത്രം ഒരു ശതമാനം വര്‍ധനയാണ് എണ്ണ വിലയില്‍ ഉണ്ടായത്. രാജ്യാന്തര വിപണിയില്‍ എണ്ണയുടെ ആവശ്യകത കുറഞ്ഞ പശ്ചാത്തലത്തില്‍ എണ്ണ ഉല്‍പാദക രാജ്യങ്ങള്‍ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചതാണ് വിപണിയില്‍ പ്രതിഫലിച്ചത്. 

കഴിഞ്ഞ കുറെ ദിവസങ്ങളിലായി എണ്ണ വില കുറയുന്നതാണ് രാജ്യാന്തര വിപണിയില്‍ ദൃശ്യമായത്. ഇതിന്റെ ചുവടുപിടിച്ച് ഇന്ത്യന്‍ വിപണിയിലും ഇന്ധനവില കുറഞ്ഞു വരികയാണ്. പെട്രോളിന് 17 പൈസയും ഡീസലിന് 16 പൈസയുമാണ് ഇന്ന് കുറഞ്ഞത്. തുടര്‍ച്ചയായ ആറാം ദിവസമാണ് ഇന്ധനവിലയില്‍ നേരിയ കുറവുണ്ടാകുന്നത്. ആറുദിവസം കൊണ്ട് പെട്രോളിന് ഒരു രൂപയും ഡീസലിന് 92 പൈസയുമാണ് കുറഞ്ഞത്. 

ഇത് താത്കാലികമാണ് എന്ന സൂചന നല്‍കുന്നതാണ് രാജ്യാന്തര വിപണിയില്‍ നിന്നുളള റിപ്പോര്‍ട്ടുകള്‍. പ്രതിദിനം എണ്ണ ഉല്‍പ്പാദനത്തില്‍ ഒരു മില്യണ്‍ ബാരലിന്റെ വെട്ടിക്കുറവ് വരുത്താനാണ് ഒപ്പെക്കിന്റെ നീക്കം. ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദക രാജ്യമായ സൗദി അറേബ്യയാണ് വെട്ടിക്കുറയ്ക്കാന്‍ പോകുന്നതായി തുറന്നുപറഞ്ഞത്.ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില 71 ഡോളര്‍ കടന്നു. ഒരു മാസത്തോളം വില കുറഞ്ഞശേഷമാണ്  ഈ തിരിച്ചുകയറ്റം. ഇത് ഒരു ഇടവേളയ്ക്ക് ശേഷം ആഭ്യന്തരവിപണിയില്‍ ഇന്ധന വില വീണ്ടും ഗണ്യമായി ഉയരാന്‍ ഇടയാക്കുമെന്ന് വിപണി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ ഇന്നത്തെ വില 79.51 രൂപയാണ്. ഒരു ലിറ്റര്‍ ഡീസലിനാകട്ടെ 76.07 രൂപയാണ്.  തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ ഇന്നത്തെ വില 80.92 ആണ്. ഡീസല്‍ വിലയാകട്ടെ 77.54 രൂപയും. കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 79.86 രൂപ, 76.42 രൂപ എന്നിങ്ങനെയാണ്. 

രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 77.56 രൂപയാണ്. ഡീസല്‍ വില 72. 31 രൂപയും. വാണിജ്യ തലസ്ഥാനമായ മുംബൈയില്‍ പെട്രോള്‍, ഡീസല്‍ വില യഥാക്രമം 83.07 രൂപ, 75.76 രൂപ എന്നിങ്ങനെയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com