മാരുതി ഒമ്‌നി, ജിപ്‌സി: ജനപ്രിയ മോഡലുകള്‍ അപ്രത്യക്ഷമാകുമോ?, വാഹനരംഗത്ത് വരാനിരിക്കുന്നത് വലിയ മാറ്റം 

ഭാരത് സ്റ്റേജ് സിക്‌സ് മാനദണ്ഡം നടപ്പാക്കാന്‍ പോകുന്ന പശ്ചാത്തലത്തില്‍ നിരത്തുകള്‍ കീഴടക്കിയിരുന്ന പഴയ ജനപ്രിയ മോഡല്‍ കാറുകള്‍ വിപണിയില്‍ നിന്നും അപ്രത്യക്ഷമാകാന്‍ പോകുന്നു
മാരുതി ഒമ്‌നി, ജിപ്‌സി: ജനപ്രിയ മോഡലുകള്‍ അപ്രത്യക്ഷമാകുമോ?, വാഹനരംഗത്ത് വരാനിരിക്കുന്നത് വലിയ മാറ്റം 

മുംബൈ: പരിസര മലിനീകരണം കുറയ്ക്കാന്‍ ഭാരത് സ്റ്റേജ് സിക്‌സ് മാനദണ്ഡം നടപ്പാക്കാന്‍ പോകുന്ന പശ്ചാത്തലത്തില്‍ നിരത്തുകള്‍ കീഴടക്കിയിരുന്ന പഴയ ജനപ്രിയ മോഡല്‍ കാറുകള്‍ വിപണിയില്‍ നിന്നും അപ്രത്യക്ഷമാകാന്‍ പോകുന്നു. പരിസര മലിനീകരണം കുറയ്ക്കാന്‍ വരുന്ന വര്‍ഷങ്ങളില്‍ പുറത്തുവരുന്ന വാഹനങ്ങളെല്ലാം പുതിയ മാനദണ്ഡം അനുസരിച്ച് നിര്‍മ്മിച്ചതാണ് എന്ന് ഉറപ്പാക്കാനുളള നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. ഈ പശ്ചാത്തലത്തിലാണ് ഒരു കാലത്ത് വിപണി കീഴടക്കിയിരുന്ന ജനപ്രിയ മോഡലുകള്‍ ഉള്‍പ്പെടെയുളളവയുടെ നിര്‍മ്മാണം നിര്‍ത്താന്‍ കമ്പനികള്‍ തയ്യാറെടുക്കുന്നത്.

1984ല്‍ വിപണിയില്‍ എത്തുകയും ചുരുങ്ങിയ കാലം കൊണ്ടുതന്നെ ജനപ്രിയ മോഡല്‍ ആയി മാറുകയും ചെയ്ത ഒമ്‌നി വാനിന്റെ ഉല്‍പ്പാദനം നിര്‍ത്താന്‍ മാരുതി സുസുക്കി തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പുറമേ മാരുതി സുസുക്കിയുടെ തന്നെ ആദ്യകാല എസ്‌യുവി മോഡലായ ജിപ്‌സിയുടെയും ഉല്‍പ്പാദനം നിര്‍ത്താന്‍ കമ്പനി തീരുമാനിച്ചിരിക്കുകയാണ്. സുരക്ഷാ ഏജന്‍സികളും, സൈന്യവുമാണ് മുഖ്യമായി ജിപ്‌സി തെരഞ്ഞെടുക്കുന്നത്. 

മാരുതിക്ക് പുറമേ ടാറ്റാ നാനോയും പൂര്‍ണമായി നിര്‍മ്മാണം നിര്‍ത്താനുളള ശ്രമത്തിലാണ്. നിലവില്‍ തന്നെ രാജ്യത്തെ ഏറ്റവും വില കുറഞ്ഞ കാര്‍ എന്ന ഖ്യാതിയോടെ ഇന്ത്യന്‍ നിരത്തുകളില്‍ ഇറങ്ങിയ നാനോ കാറിന്റെ ഉല്‍പ്പാദനം നാമമാത്രമാണ്. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ കഴിയാത്തതാണ് ഇതിന് കാരണം. ചെറുകാറുകളുടെ കൂട്ടത്തില്‍ ഇന്ത്യയുടെ ഏക ഇലക്ട്രിക് കാറായ മഹീന്ദ്രയുടെ ഇ- 20, ഹ്യൂണ്ടായി ഇയോണ്‍, ഹോണ്ട ബ്രിയോ, ഫിയറ്റ് പുന്തോ എന്നിവയുടെ നിര്‍മ്മാണം ഇതിനോടകം നിര്‍ത്തികഴിഞ്ഞു. ഒമ്‌നി , ഹ്യൂണ്ടായി ഇയോണ്‍ എന്നിവ ഒഴികെയുളള മോഡലുകളുടെ ഡിമാന്‍ഡും കുത്തനെ കുറഞ്ഞിട്ടുണ്ട്. ഈ പശ്ചാത്തലവും ഇവയുടെ നിര്‍മ്മാണം നിര്‍ത്താന്‍ മറ്റൊരു കാരണമാണ്.

നാനോയുടെയും ഇ-20യുടെയും ഉല്‍പ്പാദനം 2019 ഏപ്രിലോടെ നിര്‍ത്താനാണ് തീരുമാനം. ഒമ്‌നിക്കും ഫിയറ്റ് പുന്തോയ്ക്കും ഭാരത് സ്‌റ്റേജ് സിക്‌സ് മാനദണ്ഡം അനുസരിച്ചുളള എന്‍ജിന്‍ ഇല്ലാത്ത പശ്ചാത്തലത്തില്‍ ഇവയുടെ നിര്‍മ്മാണം 2020 ഏപ്രിലോടെ അവസാനിക്കും. ഇതിന് പുറമേ നിസാന്‍ ടെറാനോ, ഫിയറ്റ് ലിനിയ, വോക്‌സ് വാഗണ്‍ ആമിയോ എന്നിവയുടെ നിര്‍മ്മാണവും നിര്‍ത്താന്‍ കമ്പനികള്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

ഭാരത് സ്റ്റേജ് സിക്‌സ് മാനദണ്ഡം 2019 ഏപ്രിലിലാണ് പ്രാബല്യത്തില്‍ വരുന്നത്. മലിനീകരണം പരിധി വിട്ട പശ്ചാത്തലത്തിലാണ് പരിസ്ഥിതി സൗഹൃദമാക്കാന്‍ ലക്ഷ്യമിട്ട് നടപടി കൈക്കൊണ്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com