വ്യാജന്‍മാരോട് പൊരുതാന്‍ 'വാര്‍ റൂമു'മായി ഫേസ്ബുക്ക് 

വ്യാജവാര്‍ത്തകള്‍ക്ക് പുറമേ, വിദ്വേഷ പ്രസംഗങ്ങളും അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകളും വാര്‍ റൂം അംഗങ്ങള്‍ കണ്ടെത്തി നീക്കം ചെയ്യും.
വ്യാജന്‍മാരോട് പൊരുതാന്‍ 'വാര്‍ റൂമു'മായി ഫേസ്ബുക്ക് 

വ്യാജവാര്‍ത്തകളെയും ദുരുപയോഗത്തെയും തടയുന്നതിനായി  'വാര്‍ റൂ' മുകള്‍ക്ക് ഫേസ്ബുക്ക് രൂപം നല്‍കുന്നു. കലിഫോര്‍ണിയയിലെ മെന്‍ലോ പാര്‍ക്കിലാണ് ആദ്യ വാര്‍ റൂം നിലവില്‍ വരിക. ബ്രസീലിലെ പൊതു തിരഞ്ഞെടുപ്പും യുഎസിലെ മധ്യപാദ തിരഞ്ഞെടുപ്പും മുന്നില്‍ക്കണ്ടാണ് വാര്‍ റൂം അടിയന്തരമായി സജ്ജമാക്കാന്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക് രംഗത്തെ അതികായനായ ഫേസ്ബുക്ക് തീരുമാനിച്ചത്. 

വ്യാജവാര്‍ത്തകള്‍ക്ക് പുറമേ, വിദ്വേഷ പ്രസംഗങ്ങളും അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകളും വാര്‍ റൂം അംഗങ്ങള്‍ കണ്ടെത്തി നീക്കം ചെയ്യും. രണ്ട് വര്‍ഷത്തെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണ് വാര്‍ റൂം സാങ്കേതിക വിദ്യയെന്നും  ഫേസ്ബുക്ക് സുരക്ഷിതമാക്കുന്നതിനായി  സാങ്കേതിക വിദ്യയും ആളുകളും ഒരുപോലെ അധ്വാനിക്കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി. 

ബ്രസീലിലെ തിരഞ്ഞെടുപ്പ് ഒക്ടോബര്‍ ഏഴില്‍ നിന്ന് എട്ടിലേക്ക് മാറ്റിയെന്ന വ്യാജവാര്‍ത്തയെ തിരിച്ചറിയാന്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കവേ തന്നെ 'വാര്‍ റൂം' സാങ്കേതിക വിദ്യയ്ക്ക് സാധിച്ചിരുന്നുവെന്ന് കമ്പനി അവകാശപ്പെട്ടു. ഈ  വ്യാജ വാര്‍ത്ത പ്രചരിച്ച് രണ്ട് മണിക്കൂറിനുള്ളില്‍ അത് നീക്കം ചെയ്യാന്‍ സാധിച്ചെന്നും ഫേസ്ബുക്ക് അവകാശപ്പെട്ടു. 
 
സുതാര്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഫേസ്ബുക്കില്‍ നല്‍കുന്ന രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് ആരാണ് പണം നല്‍കിയതെന്ന് ഉപയോക്താവിന് അറിയാന്‍ കഴിയും. യുഎസിലും ബ്രസീലിലുമാണ് ഈ സുതാര്യനയം കൊണ്ടുവന്നിരിക്കുന്നത്. ഇന്ത്യയില്‍ അടുത്ത മാര്‍ച്ചില്‍ ഈ ഫീച്ചര്‍ ലഭ്യമാകും.

ലോകത്തെവിടെ നിന്നും അപ്ലോഡ് ചെയ്യപ്പെടുന്ന വിവരങ്ങള്‍ പരിശോധിക്കുന്നതിനായി വിദഗ്ധരെ നിയമിക്കുന്നതിലൂടെ കൃത്യസമയത്ത് ശരിയായ വിവരങ്ങള്‍ പുറത്ത് വിടാന്‍ കഴിയുമെന്നാണ് വാര്‍ റൂമുകളിലൂടെ കമ്പനി പ്രതീക്ഷിക്കുന്നത്.
വാര്‍ റൂമുകളില്‍ ജോലി ചെയ്യുന്നവരെ സഹായിക്കുന്നതിനായി സേഫ്റ്റി ആന്റ് സെക്യുരിറ്റി വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന 20,000ത്തോളം ജീവനക്കാരുമുണ്ടാകും. തിരഞ്ഞെടുപ്പ് വാര്‍ത്തകളില്‍ കൃത്യമായ നിരീക്ഷണം ഉണ്ടായിരിക്കുമെന്നും വോട്ട് ചെയ്യുന്നതില്‍ നിന്നും ജനങ്ങളെ പിന്തിരിപ്പിക്കുന്നതും, വിദേശ ഇടപെടലുള്ളതും കമ്പനി പോളിസിക്കെതിരായ വിവരങ്ങളും അതത് സമയങ്ങളില്‍ നീക്കം ചെയ്യുമെന്നും ഫേസ്ബുക്ക് വ്യക്തമാക്കി. 

മറ്റ് സമൂഹ മാധ്യമങ്ങളിലുള്ള വാര്‍ത്തകളും തിരഞ്ഞെടുപ്പ് വിശേഷങ്ങളും ശ്രദ്ധിക്കുന്നതിനൊപ്പം വൈറലാവാന്‍ സാധ്യതയുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതും ഇനി മുതല്‍ വാര്‍ റൂം ജീവനക്കാരായിരിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com