ഇന്ത്യയുടെ തളര്‍ച്ചയ്ക്ക് കാരണം നോട്ടുനിരോധനമല്ല, രഘുറാം രാജന്റെ തെറ്റായ നയങ്ങളെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ 

രഘുറാം രാജന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആയിരുന്ന സമയത്ത് സ്വീകരിച്ച നയങ്ങളാണ് ഇന്ത്യയുടെ സാമ്പത്തിക തളര്‍ച്ചയ്ക്ക് കാരണമെന്ന് നീതി ആയോഗ്
ഇന്ത്യയുടെ തളര്‍ച്ചയ്ക്ക് കാരണം നോട്ടുനിരോധനമല്ല, രഘുറാം രാജന്റെ തെറ്റായ നയങ്ങളെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ 

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക തളര്‍ച്ചയില്‍ മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെ പഴി പറഞ്ഞ് നീതി ആയോഗ്. രഘുറാം രാജന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആയിരുന്ന സമയത്ത് സ്വീകരിച്ച നയങ്ങളാണ് ഇന്ത്യയുടെ സാമ്പത്തിക തളര്‍ച്ചയ്ക്ക് കാരണമെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ കുറ്റപ്പെടുത്തി.

നിലവില്‍ രാജ്യം സാമ്പത്തികമായി നിരവധി പ്രശ്‌നങ്ങള്‍ നേരിടുകയാണ്. ഇതിന് കാരണം ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ അസാധുവാക്കിയ നടപടിയല്ലെന്ന് രാജീവ് കുമാര്‍ തറപ്പിച്ച് പറയുന്നു. പകരം രഘുറാം രാജന്റെ നയങ്ങളാണ്. ഇതിന്റെ ഫലമായി ബാങ്കുകളില്‍ നിന്ന് വ്യവസായ ശാലകള്‍ക്ക് വായ്പ ലഭിയ്ക്കാത്ത അവസ്ഥ സംജാതമായെന്നും അദ്ദേഹം ആരോപിച്ചു.

വളര്‍ച്ച ഇടിയുന്നത് രാജ്യത്ത് തുടരുകയാണ്. എന്തുകൊണ്ട് വളര്‍ച്ച താഴുന്നു?, ഉത്തരം ബാങ്കുകളുടെ നിഷ്‌ക്രിയാസ്തി പെരുകുന്നതാണ്. ഈ സര്‍ക്കാര്‍ അധികാരത്തിലേറുന്ന സമയത്ത് നിഷ്‌ക്രിയാസ്തി നാലുലക്ഷം കോടി രൂപയായിരുന്നു. ഇത് 2017 മധ്യത്തോടെ 10.5 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ഇതിന് കാരണം രഘുറാം രാജന്റെ നയങ്ങളാണെന്ന് രാജീവ്കുമാര്‍ കുറ്റപ്പെടുത്തി.

നിഷ്‌ക്രിയാസ്തിയും ദുര്‍ബല ആസ്തിയും തിരിച്ചറിയാന്‍ രഘുറാം രാജന്റെ നേതൃത്വത്തില്‍ പ്രത്യേക സംവിധാനത്തിന് രൂപം നല്‍കി. ഇതോടെ ബാങ്കുകള്‍ വ്യവസായശാലകള്‍ക്ക് വായ്പ അനുവദിക്കുന്നത് നിര്‍ത്തിയെന്നും രാജീവ് കുമാര്‍ പറഞ്ഞു.

പഞ്ചാബ് നാഷണല്‍ ബാങ്കിനുണ്ടായ സാമ്പത്തിക നഷ്ടമാണ് ബാങ്കിങ് മേഖലയിലുണ്ടായ പ്രതിസന്ധി തിരിച്ചറിയാന്‍ ഇടയാക്കിയത്. 2018- 19 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ 940 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. ബാങ്കിങ് മേഖല മെച്ചപ്പെടുന്നതിന് മുന്‍പ് കാര്യങ്ങള്‍ കൂടുതല്‍ വഷളാകാന്‍ സാധ്യതയുണ്ടെന്ന് ജൂണില്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കിയ സാമ്പത്തിക സ്ഥിരത റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു. 2018 മാര്‍ച്ചില്‍ വാണിജ്യ ബാങ്കുകളുടെ നിഷ്‌ക്രിയാസ്തി മൊത്തം വായ്പയുടെ 11.6 ശതമാനമായി ഉയര്‍ന്നു. ഈ കണക്കുകള്‍ ഏറ്റവുമധികം ബാധിച്ചത് ചെറുകിട സ്ഥാപനങ്ങളെയാണ്. ഇവര്‍ക്ക് ലഭിച്ചിരുന്ന വായ്പയില്‍ ഗണ്യമായ കുറവുണ്ടായി. വലിയ വ്യവസായശാലകളെയും നിഷ്‌ക്രിയാസ്തി ബാധിച്ചതായി രാജീവ് കുമാര്‍ പറയുന്നു. 

കേന്ദ്രസര്‍ക്കാര്‍ മൂലധന ചെലവ് ഉയര്‍ത്തിയാണ് ഇതിന് പരിഹാരം കാണാന്‍ ശ്രമിക്കുന്നത്. നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ നിക്ഷേപം 10 ശതമാനമായി ഇടിഞ്ഞു. മുന്‍ പാദത്തില്‍ 14.4 ശതമാനം ഉണ്ടായിരുന്ന സ്ഥാനത്താണിത്. കേന്ദ്രസര്‍ക്കാരിന്റെ മൂലധന ചെലവില്‍ 27 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയത് മാര്‍ച്ച് പാദത്തില്‍ നിക്ഷേപം ഉയരാന്‍ സഹായകമാകുകയായിരുന്നുവെന്ന് രാജീവ് കുമാര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com