ഇനി ടവറുകള്‍ വേണ്ട; എല്ലാ ഗ്രാമങ്ങളിലും അതിവേഗ ഇന്റര്‍നെറ്റ്; ജിയോയ്ക്ക് കൂട്ടായി ഐഎസ്ആര്‍ഒ

ഐ.എസ്.ആര്‍.ഒയുടെ സാറ്റലൈറ്റുകളും ഹ്യൂസിന്റെ സാങ്കേതിക വിദ്യകളും ഉപയോഗിച്ച് ഇന്റര്‍നെറ്റ് സേവനം വിപുലീകരിക്കാനാണ് ജിയോ ലക്ഷ്യമിടുന്നത്
ഇനി ടവറുകള്‍ വേണ്ട; എല്ലാ ഗ്രാമങ്ങളിലും അതിവേഗ ഇന്റര്‍നെറ്റ്; ജിയോയ്ക്ക് കൂട്ടായി ഐഎസ്ആര്‍ഒ

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഗ്രാമങ്ങളിലുള്‍പ്പെടെ അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കാന്‍ ഐഎസ്ആര്‍ഒ ഉപഗ്രഹങ്ങള്‍ ഉപയോഗിക്കാനൊരുങ്ങി മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ.  ഐ.എസ്.ആര്‍.ഒയ്ക്ക് പുറമേ അമേരിക്കന്‍ വാര്‍ത്താവിനിമയ കമ്പനിയായ ഹ്യൂസ് കമ്മ്യൂണിക്കേഷന്‍സുമായി ചേര്‍ന്നാവും പദ്ധതി നടപ്പാക്കുക. 

സാറ്റലൈറ്റ് വഴി ഇന്റര്‍നെറ്റ്, ടിവി പ്രക്ഷേപണം നടത്തുന്ന അമേരിക്കന്‍ കമ്പനിയാണ് ഹ്യൂസ് കമ്മ്യൂണിക്കേഷന്‍സ്. ഐ.എസ്.ആര്‍.ഒയുടെ സാറ്റലൈറ്റുകളും ഹ്യൂസിന്റെ സാങ്കേതിക വിദ്യകളും ഉപയോഗിച്ച് ഇന്റര്‍നെറ്റ് സേവനം വിപുലീകരിക്കാനാണ് ജിയോ ലക്ഷ്യമിടുന്നത്.  ടെലിഫോണ്‍ സേവനം ഇതുവരെ ലഭ്യമാക്കാന്‍ കഴിയാത്ത ഗ്രാമങ്ങളില്‍പ്പോലും ഇത്തരത്തില്‍ എത്താന്‍ കഴിയും. 

വ്യത്യസ്ത ഭൂപ്രകൃതിയുടെ ഫലമായി മൊബൈല്‍ ടവറുകള്‍ക്ക് എത്താന്‍ പറ്റിയിട്ടില്ലാത്ത മലയോര പ്രദേശങ്ങളിലും ദ്വീപുകളിലുമുള്‍പ്പെടെ 400 വിദൂര പ്രദേശങ്ങളില്‍ പദ്ധതി നടപ്പാക്കും. ഇത് കുറഞ്ഞ ചിലവില്‍ ജിയോയ്ക്ക് രാജ്യവ്യാപകമായുള്ള നെറ്റ്‌വര്‍ക്ക് കവറേജ് നേടിക്കൊടുക്കാനും വഴിയൊരുക്കും. 

പദ്ധതി നടപ്പാകുന്നതോടെ ഇത്തരത്തില്‍ 4ജി സേവനം ലഭ്യമാക്കുന്ന ആദ്യ നെറ്റ്‌വര്‍ക്ക് ജിയോ ആവും. മുംബൈയിലും നാഗ്പൂരിലും സാറ്റലൈറ്റ് സ്‌റ്റേഷനുകളും, ലേയിലും പോര്‍ട്ട്‌ബ്ലെയറിലും മിനിഹബ്ബുകളും സ്ഥാപിക്കും. ജമ്മുകശ്മീര്‍, ഉത്തരാഖണ്ഡ്, ആന്റമാന്‍നിക്കോബാര്‍, ലക്ഷദ്വീപ് എന്നീ സ്ഥലങ്ങളില്‍ കൂടുതല്‍ നെറ്റ്‌വര്‍ക്ക് കവറേജ് ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com