കൊല്‍ക്കത്ത- ചൈന ട്രെയിന്‍ വരുമോ?; പദ്ധതി മുന്നോട്ടുവെച്ച് ചൈന 

ഇന്ത്യയുമായി ബന്ധിപ്പിച്ചുകൊണ്ടുളള ബുളളറ്റ് ട്രെയിന്‍ പദ്ധതിയെ കുറിച്ചുളള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് ചൈന.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്‍ക്കത്ത: ഇന്ത്യയുമായി ബന്ധിപ്പിച്ചുകൊണ്ടുളള ബുളളറ്റ് ട്രെയിന്‍ പദ്ധതിയെ കുറിച്ചുളള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് ചൈന.ദോക്‌ലാം വിഷയത്തില്‍ വഷളായ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ചൈനയുടെ നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍.

 ഇന്ത്യന്‍ അതിര്‍ത്തിയോട് അടുത്ത് കിടക്കുന്ന ചൈനയുടെ ദക്ഷിണ പടിഞ്ഞാറന്‍ മേഖലയിലെ കുമിങിനെ ബംഗാളിന്റെ തലസ്ഥാനമായ കൊല്‍ക്കത്തയുമായി ബന്ധിപ്പിച്ചു കൊണ്ട് ബുളളറ്റ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതിന്റെ സാധ്യതകളാണ് അയല്‍രാജ്യം മുന്നോട്ടുവെയ്ക്കുന്നത്. ഏഷ്യയെ ഒന്നടങ്കം ബന്ധിപ്പിക്കുന്ന വിപുലമായ പദ്ധതിയുടെ ഭാഗമായി കൊല്‍ക്കത്തയിലേക്ക് ഒരു റെയില്‍ ലിങ്ക് എന്ന ചൈനയുടെ ആശയമാണ് ചര്‍ച്ചയ്ക്ക് വഴിത്തെളിയിച്ചിരിക്കുന്നത്. ഇന്ത്യയും ചൈനയുമായുളള വ്യാപാരബന്ധം സംബന്ധിച്ച് കൊല്‍ക്കത്തയില്‍ നടന്ന കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയില്‍ ചൈനീസ് കോണ്‍സ്യൂല്‍ ജനറലാണ് ഈ പദ്ധതിയെ കുറിച്ച് പ്രതിപാദിച്ചത്. 

ക്യൂമിങുമായി ബന്ധിപ്പിച്ചുകൊണ്ടുളള ട്രെയിന്‍ സര്‍വീസ് യാഥാര്‍ത്ഥ്യമായാല്‍, ചുരുങ്ങിയ സമയം കൊണ്ട് കൊല്‍ക്കത്തയില്‍ എത്താന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ പദ്ധതിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ ചൈനീസ് പ്രതിനിധി തയ്യാറായില്ല. ബംഗ്ലാദേശ്- ചൈന- ഇന്ത്യ- മ്യാന്മാര്‍ എന്നി രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുളള നിര്‍ദിഷ്ട സാമ്പത്തിക ഇടനാഴിയുടെ ചുവടുപിടിച്ചാണോ പുതിയ പദ്ധതി എന്നതിനെ കുറിച്ച് വ്യക്തമല്ല. മ്യാന്മാറിന്റെ മന്ദലേയെ ബംഗ്ലാദേശിലെ ധാക്ക, ചിറ്റഗോങ് എന്നിവയുമായി ബന്ധിപ്പിച്ചു കൊണ്ടുളളതാണ് ചതുഷ്‌കോണ പദ്ധതി. 

അതിവേഗം വളരുന്ന ഇന്ത്യയുമായി സ്ഥിരതയാര്‍ന്ന ബന്ധം സ്ഥാപിക്കേണ്ടത് ചൈനയ്ക്ക് അനിവാര്യമാണെന്ന് ചൈനീസ് കോണ്‍സ്യൂല്‍ ജനറല്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com