പെട്രോൾ 69 രൂപയ്ക്കും ഡീസൽ 68 രൂപയ്ക്കും ഇവിടെ കിട്ടും

പെട്രോളിന് ഏറ്റവും കൂടുതല്‍ വിലയുള്ളത് മഹാരാഷ്ട്രയിലും കുറഞ്ഞ വില ആന്‍ഡമാന്‍ നിക്കോബാര്‍ ദീപുകളിലുമാണ്
പെട്രോൾ 69 രൂപയ്ക്കും ഡീസൽ 68 രൂപയ്ക്കും ഇവിടെ കിട്ടും

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില കുത്തനെ ഉയരാൻ തുടങ്ങിയട്ട് ദിവസങ്ങളായി. പെട്രോളിന്റെയും ഡീസലിന്റെയും വില എക്കാലത്തെയും ഉയരത്തിലാണിപ്പോൾ. അതേസമയം ഇന്ത്യയിലെ പല ന​ഗരങ്ങളിലും വ്യത്യസ്ത വിലകളിലാണ് ഇന്ധന വിൽപ്പന നടക്കുന്നത്.  

പെട്രോളിന് ഏറ്റവും കൂടുതല്‍ വിലയുള്ളത് മഹാരാഷ്ട്രയിലും കുറഞ്ഞ വില ആന്‍ഡമാന്‍ നിക്കോബാര്‍ ദീപുകളിലുമാണ്. ഹൈദരാബാദിലാണ് ഡീസലിന് ഉയര്‍ന്ന വില. ഡീസലും കുറഞ്ഞ വിലയ്ക്ക് കിട്ടുന്നത് ആന്‍ഡമാന്‍ നിക്കോബാറിൽ തന്നെ. പോര്‍ട്ട് ബ്ലെയറിൽ ഒരു ലിറ്റര്‍ പെട്രോളിന് 69.97 രൂപ മാത്രം നല്‍കിയാല്‍ മതി. മഹാരാഷ്ട്രയിലെ പര്‍ബാനിയിലാണെങ്കില്‍ 90.45 രൂപ നല്‍കണം. 20 രൂപയാണ് അന്തരം. 

മഹാരാഷ്ട്രയില്‍ രണ്ട് സ്ലാബില്‍ വാറ്റ് ഈടാക്കുന്നതാണ് ഇപ്രകാരം വിലയില്‍ കാര്യമായ മാറ്റമുണ്ടാകാന്‍ കാരണം. മുംബൈ, താനെ, നവി മുംബൈ എന്നിവിടങ്ങളില്‍ 39.12 ശതമാനമാണ് വാറ്റ്. തലസ്ഥാന ന​ഗരങ്ങളെടുത്താലും മുംബൈയിലാണ് പെട്രോളിന് കൂടിയ നിരക്കുള്ളത്. 88.67 രൂപ. പട്‌നയില്‍ 87.46 ഉം ഭോപ്പാലില്‍ 87.03 രൂപയുമാണ് പെട്രോളിന് വില. പോർട്ട് ബ്ലെയർ കഴിഞ്ഞാൽ ഏറ്റവും കുറഞ്ഞ വിലയ്ക്ക് പെട്രോൾ കിട്ടുന്നത് ​ഗോവയിലെ പനാജിയിലാണ്. ഇവിടെ 74.97 രൂപയാണ് വില. മൂന്നാം സ്ഥാനത്ത് അ​ഗർത്തലയാണ്. 79.71 രൂപയ്ക്കാണ് ഇവിടെ പെട്രോൾ ലഭിക്കുന്നത്. പ്രധാന നഗരങ്ങളില്‍ ഡല്‍ഹിയിലാണ് പെട്രോളിനും ഡീസലിനും താരതമ്യേന കുറഞ്ഞവില. പെട്രോളിന് 81.28രൂപയും ഡീസലിന് 73.30ഉം.
 
തെലങ്കാനയിലാണ് ഡീസലിന് ഏറ്റവും കൂടുതല്‍ വാറ്റ് ഈടാക്കുന്നത്. 26.01ശതമാനം. അതുകൊണ്ടുതന്നെ ഹൈദരാബാദിലാണ് ഡീസലിന് ഏറ്റവും കൂടിയ വില. ലിറ്ററിന് 79.73 രൂപ. ഛത്തീസ്ഗഡ്, ഗുജറാത്ത്, തെലങ്കാന, കേരളം എന്നിവിടങ്ങളിലാണ് ഡീസലിന് താരതമ്യേന കൂടുതല്‍ വില. അമരാവതിയില്‍ 78.81 രൂപയും തിരുവനന്തപുരത്ത് 78.47ഉം റായ്പൂരില്‍ 79.12ഉം അഹമ്മദാബാദില്‍ 78.66 രൂപയുമാണ് ഡീസലിന്റെ വില.

പോർട്ട് ബ്ലെയറിൽ 68.58 രൂപയ്ക്ക് ഡീസൽ കിട്ടും. ഡീസലിനും ഏറ്റവും കുറച്ച് വില ഇവിടെ തന്നെ. പിന്നാലെ ഇറ്റാന​ഗറുണ്ട്. ഇവിടെ 70.44 രൂപയാണ് ഡീസലിന്. 70.53 രൂപയ്ക്ക് എെസ്വാളിലും ഡീസൽ കിട്ടും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com