ക്രൂഡ് വില 82 ഡോളറിലേക്ക്, നാലുവര്‍ഷത്തെ ഉയര്‍ന്ന നിലയില്‍; ഇറാന്‍ ഉപരോധം എണ്ണയെ പൊളളിക്കുമെന്ന് വിദഗ്ധര്‍ 

ഒരു ഇടവേളയ്ക്ക് ശേഷം ബാരലിന് 80 ഡോളര്‍ കടന്ന് 81.69 എന്ന നിരക്കിലേക്കാണ് ബ്രെന്‍ഡ് ക്രൂഡിന്റെ വില ഉയര്‍ന്നത്
ക്രൂഡ് വില 82 ഡോളറിലേക്ക്, നാലുവര്‍ഷത്തെ ഉയര്‍ന്ന നിലയില്‍; ഇറാന്‍ ഉപരോധം എണ്ണയെ പൊളളിക്കുമെന്ന് വിദഗ്ധര്‍ 

സിംഗപ്പൂര്‍: എണ്ണ ഇറക്കുമതിയ്ക്ക് ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില രാജ്യാന്തര വിപണിയില്‍ നാലുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. ഇറാന്‍ എണ്ണ വ്യാപാരത്തിന്  ഉപരോധം ഏര്‍പ്പെടുത്താനുളള അമേരിക്കയുടെ നീക്കവും, ഉല്‍പ്പാദനം വര്‍ധിപ്പിക്കാനുളള എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപ്പെക്കിന്റെ വിമുഖതയുമാണ് ഇതിന് മുഖ്യകാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഒപ്പെക്ക് ഇതര രാജ്യമായ റഷ്യയും എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്.

ഒരു ഇടവേളയ്ക്ക് ശേഷം ബാരലിന് 80 ഡോളര്‍ കടന്ന് 81.69 എന്ന നിരക്കിലേക്കാണ് ബ്രെന്‍ഡ് ക്രൂഡിന്റെ വില ഉയര്‍ന്നത്. ഇനിയും വില ഉയരുമെന്നാണ് വിദഗ്ധരുടെ പ്രവചനം. എണ്ണ ഉല്‍പ്പാദന രംഗത്തെ പ്രമുഖ രാജ്യമായ ഇറാന് ഈ രംഗത്തും ഉപരോധം ഏര്‍പ്പെടുത്തി സമ്മര്‍ദത്തിലാക്കാനുളള ശ്രമത്തിലാണ് അമേരിക്ക. നവംബര്‍ നാലുമുതല്‍ ഇത് പ്രാബല്യത്തില്‍ വരുത്താനാണ് നീക്കം. ഇതിന് പുറമേ ഇറാനെ വരുതിയില്‍ നിര്‍ത്താന്‍ ഏഷ്യന്‍ രാജ്യത്തില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളോടും കമ്പനികളോടും അമേരിക്കന്‍ നയം പിന്തുടരാനും ആവശ്യപ്പെട്ടിട്ടുണ്ട്. 

രാജ്യാന്തര വിപണിയില്‍ നിന്ന് ഇറാന്‍ എണ്ണ പിന്‍വാങ്ങുന്നതോടെ വീണ്ടും വില ഉയരുമെന്നാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്. ഇതിന് പുറമേ എണ്ണ വില ഉയരുന്നതില്‍ നിന്നും കൂടുതല്‍ നേട്ടം കൊയ്യാന്‍ എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനോട് ഒപ്പെക്ക് വൈമനസ്യം കാണിക്കുകയാണ്. 2017ലാണ് ഒപ്പെക്കും റഷ്യ അടക്കമുളള ഇതര രാജ്യങ്ങളും എണ്ണ ഉല്‍പ്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചത്. ഇത് തുടരാനുളള നീക്കത്തിലാണ് ഒപ്പെക്ക്.

അതേസമയം ഇറാന്‍ എണ്ണയ്ക്ക്  ഉപരോധം ഏര്‍പ്പെടുത്താന്‍ അമേരിക്ക നീക്കം ആരംഭിച്ച സാഹചര്യത്തില്‍ ഇതിനെ മറികടക്കാനുളള വഴികള്‍ റഷ്യ അടക്കമുളള രാജ്യങ്ങള്‍ ആലോചിക്കുന്നുണ്ട്. പ്രത്യേക പേയ്‌മെന്റ് സംവിധാനത്തിന് രൂപം നല്‍കി ഉപരോധത്തെ മറികടക്കാന്‍ കഴിയുമോയെന്നാണ് പരിശോധിക്കുന്നത്. ഇതിലുടെ ഇറാന്‍ എണ്ണ വ്യാപാരം തുടരാനുളള സാധ്യതയാണ് റഷ്യയ്ക്ക് പുറമേ ബ്രിട്ടണ്‍, ചൈന, ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങള്‍ ആലോചിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com