അടിയന്തരാവസ്ഥ: ജസ്റ്റിസ് ഷാ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ പതിനഞ്ചാം അധ്യായത്തിന്റെ പൂര്‍ണരൂപം

ജനാധിപത്യ രാജ്യങ്ങള്‍ക്കുള്ള ഏറ്റവും വലിയ മുന്നറിയിപ്പാണ് ഒരു കോപ്പി പോലും ഇല്ലാതെ നശിപ്പിക്കാന്‍ ശ്രമിച്ചിട്ടും കണ്ടെടുക്കാന്‍ കഴിഞ്ഞ ജസ്റ്റിസ് ഷാ കമ്മിഷന്‍ റിപ്പോര്‍ട്ട്
ഇരിക്കുന്ന ഇന്ദിരയും നില്‍ക്കുന്ന മന്ത്രിമാരും. അടിന്തരാവസ്ഥ കാലത്തെ ഒരു മന്ത്രിസഭാ യോഗം.
ഇരിക്കുന്ന ഇന്ദിരയും നില്‍ക്കുന്ന മന്ത്രിമാരും. അടിന്തരാവസ്ഥ കാലത്തെ ഒരു മന്ത്രിസഭാ യോഗം.

ജനാധിപത്യ രാജ്യങ്ങള്‍ക്കുള്ള  എറ്റവും  ആധികാരികമായ മുന്നറിയിപ്പ് രേഖയായി മാറുമായിരുന്നതാണ് ജസ്റ്റിസ് ജെ. സി. ഷാ കമ്മിഷന്റെ റിപ്പോര്‍ട്ട്.  അടിയന്തരവാസ്ഥയ്ക്കു ശേഷം അധികാരത്തില്‍ എത്തിയ മൊറാര്‍ജി ദേശായി സര്‍ക്കാരാണ് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ആയിരുന്ന ജെ. സി. ഷാ അധ്യക്ഷനായി കമ്മിഷനെ നിയമിച്ചത്. അടിയന്തരാവസ്ഥ  പ്രഖ്യാപിച്ച 1975 ജൂണ്‍ 25 മുതല്‍ പിന്‍വലിക്കപ്പെട്ട 1977 മാര്‍ച്ച് 21 വരെയുള്ള കാലത്തെ സംഭവങ്ങളാണ് കമ്മിഷന്‍ അന്വേഷിച്ചത്. സാധാരണ കമ്മിഷന്‍ സിറ്റിങ്ങുകളില്‍ നിന്നു വ്യത്യസ്തമായി കോടതി മുറിയില്‍ എന്നതുപോലെ അഭിഭാഷകരുടെ സാന്നിധ്യത്തില്‍ വിചാരണ നടത്തി മൊഴിയെടുത്തു. ആറു മണിക്കൂര്‍ വരെ മൊഴിയെടുക്കാനും   പിന്നീട് എട്ടുമണിക്കൂര്‍ വരെ റിപ്പോര്‍ട്ട് തയ്യാറാക്കാനും ദിവസവും വിനിയോഗിച്ചാണ് കമ്മിഷന്‍ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയത്. 
മൂന്നു ഘട്ടങ്ങളിലായാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 105 പേജുള്ള ഒന്നാം ഘട്ട റിപ്പോര്‍ട്ട് അടിയന്തരവാസ്ഥ പ്രഖ്യാപിച്ചുള്ള ഉത്തരവ് ഇറക്കിയ രീതിയും മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നതു തടയാന്‍ കൈക്കൊണ്ട മാര്‍ഗങ്ങളും  വിവരിക്കുന്നു. 151 പേജുള്ള രണ്ടാം ഇടക്കാല റിപ്പോര്‍ട്ട് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തുള്ള നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും പ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്നു. ഇന്ദിരാഗാന്ധിക്കു പുറമെ സഞ്ജയ് ഗാന്ധിയും രാജീവ് ഗാന്ധിയും ഇപ്പോഴത്തെ രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജിയുമെല്ലാം   പ്രതിസ്ഥാനത്തു വരുന്നതാണ് രണ്ടാം റിപ്പോര്‍ട്ട്. പിന്നീടു തെരഞ്ഞെടുപ്പു കമ്മിഷണറായ നവീന്‍ ചൗളയും ഈ റിപ്പോര്‍ട്ടില്‍ പ്രതിസ്ഥാനത്തു വരുന്നുണ്ട്. 
287 പേജുള്ള അന്തിമ റിപ്പോര്‍ട്ട് ജനാധിപത്യ ധ്വംസനങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നതാണ്. ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു തൊട്ടുപിന്നാലെ ജനതാപാര്‍ട്ടി സര്‍ക്കാര്‍ നിലം പൊത്തി. വീണ്ടും അധികാരത്തില്‍ എത്തിയ ഇന്ദിരാ ഗാന്ധി ചടുല നീക്കത്തിലൂടെ രാജ്യത്തെ എല്ലാ വായനശാലകളില്‍ നിന്നും സര്‍ക്കാര്‍ ഓഫിസുകളില്‍ നിന്നും റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് തിരികെ വിളിപ്പിച്ചു നശിപ്പിച്ചതായാണ് ആരോപണം. എതായാലും ഈ റിപ്പോര്‍ട്ട് പാര്‍ലമെന്റ് ലൈബ്രറിയില്‍ പോലും പിന്നീട് ലഭ്യമായില്ല.  ഓസ്‌ട്രേലിയന്‍ സര്‍വകലാശാലാ ലൈബ്രറിയില്‍ ഒരു പകര്‍പ്പ് ഉണ്ടായിരുന്നത് പിടിച്ചെടുക്കാന്‍ ഇന്ദിരാഗാന്ധിക്കോ പിന്നീടു വന്ന സര്‍ക്കാരുകള്‍ക്കോ  കഴിഞ്ഞില്ല. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇറാ ശേഷിയാന്‍ എന്ന മുന്‍ എംപി ഈ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി എഴുതിയ പുസ്തകം പുറത്തുവന്നതോടെയാണ്  വീണ്ടും ഷാ കമ്മിഷന്‍ വാര്‍ത്തകളില്‍ നിറയുന്നത്. ഷാ കമ്മിഷന്‍ റിപ്പോര്‍ട്ട് ലോസ്റ്റ് ആന്‍ഡ് റീ ഗെയിന്‍ഡ് എന്ന ആ പുസ്തകം ഏറെ ചലനമുണ്ടാക്കി. തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ സര്‍വകലാശാലയില്‍ നിന്ന്  കൊല്‍ക്കൊത്ത സര്‍വകലാശാലയിലെ ചില ഗവേഷകരാണ് പകര്‍പ്പ് സംഘടിപ്പിച്ചത്. ഇതാണ് രാജ്യത്തെ വളരെ കുറച്ച് ആളുകളുടെ കയ്യില്‍ എങ്കിലും ഇപ്പോള്‍ എത്തിയിരിക്കുന്നത്. 
ജസ്റ്റിസ് ഷാ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ  പതിനഞ്ചാ അധ്യായം   അടിയന്തരാവസ്ഥയുടെ തന്നെ ചുരുക്കെഴുത്താണ്. രണ്ടാം ഇടക്കാല റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ആണ് ഈ റിപ്പോര്‍ട്ടില്‍ ഉള്ളത്. 

പതിനഞ്ചാം അധ്യായത്തിന്റെ പൂര്‍ണ രൂപം 

അധ്യായം 15
കമ്മിഷന്റെ നിരീക്ഷണങ്ങള്‍

ജസ്റ്റിസ് ജെ.സി ഷാ
ജസ്റ്റിസ് ജെ.സി ഷാ

15.1 പരിഗണനയിലുള്ള സമയ പരിധിയില്‍, പ്രത്യേകിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ഉള്ള നര്‍ദേശം നല്‍കാന്‍ ഇടയായ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട്, ദില്ലിയില്‍ നടന്ന അധികാര ദുര്‍വിനിയോഗത്തെ ക്കുറിച്ച് സമഗ്രമായ കാഴ്ചപ്പാട് ഇപ്പോള്‍ കമ്മിഷന് ഉണ്ട്. സ്വാര്‍ത്ഥ  നേട്ടത്തിനായി ഉന്നത സ്ഥാനങ്ങളിലേക്കുള്ള നിയമനങ്ങള്‍ നടത്തിയതു സംബന്ധിച്ചും വ്യക്തിപരവും പാര്‍ട്ടിപരവുമായ ലക്ഷ്യങ്ങള്‍ നേടുന്നതിനും എതിര്‍പ്പുകളെ അടിച്ചമര്‍ത്തുന്നതിനുമായി ഇല്ലാത്ത കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്യിച്ച ക്രൗര്യത്തെക്കുറിച്ചും വിവരങ്ങള്‍ ലഭിച്ചു. തടവ്, ജാമ്യം, വിടുതല്‍ മുതലായവയ്ക്കുള്ള നിയമങ്ങളെ ലംഘിക്കുന്നതാണ് ബഹുമതിയെന്ന നില വന്നു. 'കൃത്യസ്ഥാന'ങ്ങളില്‍   പിടിപാടുള്ളവരുടെ  നേട്ടത്തിനായി     നിലവിലുള്ള ഭരണ ക്രമവും  ഉടമ്പടികളും മാറ്റിമറിച്ചതിനെക്കുറിച്ചും ന്യായമായ പരോള്‍ അപേക്ഷകളോടു വരെ കാണിച്ച അലംഭാവത്തെക്കുറിച്ചും വ്യക്തമായി. പത്രങ്ങളുടെ വായടപ്പിക്കുകയും അതിന്റെ ഫലമായി ആധികാരിക വിവരങ്ങളുടെ തമസ്‌കരണം നടക്കുകയും ചെയ്തതോടെ സ്വേച്ഛാധിപത്യത്തോടെയുള്ള അറസ്റ്റും തടവിലാക്കലും അതിവേഗം പുരോഗമിച്ചു. എതിര്‍പ്പുകളെ ശ്വാസം മുട്ടിച്ചു കൊന്നതോടെ ജനാധിപത്യ മൂല്യങ്ങള്‍ ഒലിച്ചു പോയി. ഉന്നതതല  നടപടികളും സ്വേച്ഛാധിപത്യ വാഴ്ചയും ശിക്ഷാഭീതിയില്ലാതെ നടമാടി. രാജ്യം ആദ്യമൊരു ഞെട്ടലില്‍ ആയിരുന്നു, പിന്നെയൊരു ബോധക്കേടിലും. സര്‍ക്കാരിന്റെയും സര്‍ക്കാര്‍ സംവിധാനങ്ങളുടേയും പ്രവൃത്തികളുടെ ദിശയും പ്രത്യാഘാതങ്ങളും എന്തെന്ന് അറിയാന്‍ കഴിയാത്തത്ര മരവിപ്പ്. ഒറ്റ രാത്രികൊണ്ട് എല്ലാ മേഖലകളിലും ഉഗ്രശാസനന്മാരായ സ്വേച്ഛാധിപതികള്‍ ജന്മമെടുത്തു. ഇവര്‍ അധികാരികള്‍ ആണെന്ന അവകാശവാദം ഉന്നയിച്ചത് ഭരണത്തിലുള്ളവരുമായുള്ള അടുപ്പം കൊണ്ടായിരുന്നു. ഉദ്യോഗസ്ഥരിലെ   പൊതുധാരയുടെ മനോഭാവത്തില്‍  നേരായ കാര്യങ്ങള്‍ ചെയ്യുന്നതിനോടുള്ള മരവിപ്പ് വ്യക്തമായിരുന്നു.  പൊതുജനങ്ങളുടെ ഉള്ളിലുണ്ടായിരുന്ന ധാര്‍മിക പരിഗണനകള്‍ മങ്ങി, പലപ്പോഴും ഉദ്യോസ്ഥര്‍ക്കു മനസ്‌സിലാക്കാന്‍ കഴിയുന്നതിലും ആഴത്തിലായിരുന്നു ആ പൊതുബോധത്തിന്റെ നാശം.  പല ഉദ്യോഗസ്ഥരും തെളിവെടുപ്പിനിടെ സമ്മതിച്ചതുപോലെ  സ്വയം പിടിച്ചു  നിലനില്‍ക്കാന്‍ വേണ്ടി മാത്രമാണ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചത്.  എന്നാല്‍  രാജ്യത്തിന്റെ ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണം എങ്കില്‍ പൊതുജന സേവകരും   വ്യക്തികളും ഒരു നിശ്ചിത അനുപാതത്തിലുള്ള ജാഗ്രതയും ത്യാഗവും പ്രകടിപ്പിച്ചേ മതിയാകൂ. എന്താണ് ശരിയെന്നുള്ള ബോധവും ശരിക്കുവേണ്ടി പ്രവര്‍ത്തിക്കാനുള്ള ആഗ്രഹവും ഇല്ലെങ്കില്‍ എന്താണ് തെറ്റ് എന്ന ബോധം ഒരിക്കലും ഉണ്ടാകില്ല. ശരിയേയും തെറ്റിനെയും,  ധാര്‍മികതയേയും അധാര്‍മികതയേയും വേര്‍ തിരിക്കുന്ന ആ വിഭജന രേഖ അടിയന്തിരവാസ്ഥ കാലത്തു പല ഉദ്യോഗസ്ഥര്‍ക്കും  ഉണ്ടായിരുന്നില്ല.  
 

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുള്ള രാഷ്ട്രപതിയുടെ ഉത്തരവ്‌
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുള്ള രാഷ്ട്രപതിയുടെ ഉത്തരവ്‌

       
15.2 വ്യാപകമായി നടന്ന അധികാര ദുര്‍വിനിയോഗത്തെക്കുറിച്ച് കമ്മിഷന്റെ പരിഗണനാ വിഷയങ്ങളുടെ പരിമിതിയില്‍ നിന്നു കൊണ്ടു തന്നെ  അന്വേഷണത്തിനു ശ്രമിച്ചിട്ടുണ്ട്. ചെയ്ത ദുഷ്‌കൃത്യങ്ങളുടെ വ്യാപ്തിയും അന്വേഷണത്തിന്റെ സാധ്യതകളും പരിഗണിച്ച് സമീപനങ്ങളില്‍ ചില തെരഞ്ഞെടുപ്പുകള്‍ കമ്മിഷന്‍ നടത്തിയിട്ടുണ്ട്. പ്രസ്തുത കാലഘട്ടത്തിലെ പൊതുവായ ചില  പ്രവര്‍ത്തന രീതികള്‍ എടുത്തുകാണിക്കുകയായിരുന്നു ലക്ഷ്യം. സമയപരിമിതിയും സംഭവങ്ങളുടെ ബാഹുല്യവും മൂലം  എല്ലാ കേസുകളുടേയോ ചില പ്രത്യേക സ്വഭാവത്തിലുള്ളവയുടേയോ ഒന്നും ആഴത്തിലുള്ള പഠനം നടത്തുക സാധ്യമായിരുന്നില്ല. ആദ്യത്തെ രണ്ടു റിപ്പോര്‍ട്ടുകളുടേയും ഭാഗമായ ഏതാനും കേസുകള്‍ കൈകാര്യം ചെയ്യുന്നതിനു മാത്രമായി 81 ദിവസം  അഞ്ചര മണിക്കൂര്‍ വീതം തുറന്ന കോടതി പ്രവര്‍ത്തിച്ചിട്ടും ഏഴു മാസം വേണ്ടി വന്നു. കേസുകള്‍ തരംതിരിക്കാനും തെരഞ്ഞെടുക്കാനും വേണ്ടി വന്ന സമയത്തിനു പുറമെ ആണിത്. ഇതുവരെ കേട്ട കേസുകളുടെ അടിസ്ഥാനത്തിലാണ് കമ്മിഷന്‍  വിശാലമായ നിഗമനങ്ങളില്‍ എത്തിയതും നിരീക്ഷണങ്ങള്‍ രൂപപ്പെടുത്തിയതും. കമ്മിഷന്റെ അന്വേഷണം തുടരുന്നതിനിടെ സമാനമായ കേസുകളോ രീതികള്‍ വ്യത്യസ്തമായവയോ വന്നാലും അവയെല്ലാം ഇതുവരെ തുടര്‍ന്ന മാര്‍ഗത്തില്‍ തന്നെയായിരിക്കും പരിശോധിക്കുന്നത്. ഇതുവരെ കേട്ട കേസുകളുടെ അടിസ്ഥാനത്തിലുള്ള നിരീക്ഷണങ്ങള്‍ പൊതുവെ നിലനില്‍ക്കുന്നതാണ് എന്നാണ് കമ്മിഷന്‍ വിശ്വസിക്കുന്നത്. ഏതെങ്കിലും കേസുകളുടെ സാഹചര്യങ്ങള്‍ മൂലം ആവശ്യമായി വന്നാല്‍ നിരീക്ഷണങ്ങളില്‍ മാറ്റം വരുത്താനും കമ്മിഷന് അധികാരം ഉണ്ടായിരിക്കുന്നതാണ്. 

15.3 അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യങ്ങളും അതു പ്രാവര്‍ത്തികമാക്കിയ ലാഘവത്തോടെയുള്ള രീതിയും രാജ്യത്തെ ജനങ്ങള്‍ക്കു മുന്നറിയിപ്പാകണം. മന്ത്രിസഭയുമായും സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരുമായും കൂടിയാലോചിച്ചില്ല എന്നു മാത്രമല്ല അവരെ മനപ്പൂര്‍വം മാറ്റിനിര്‍ത്തുകയുമാണ് ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ രാഷ്ട്രപതിയോടു ശുപാര്‍ശ ചെയ്യുമ്പോള്‍ ശ്രീമതി ഇന്ദിരാഗാന്ധി ചെയ്തത്.  

ജസ്റ്റിസ് ഷാ കമ്മിഷനു മുന്നില്‍ ഹാജരായ ശേഷം പുറത്തുവരുന്ന സഞ്ജയ് ഗാന്ധി
ജസ്റ്റിസ് ഷാ കമ്മിഷനു മുന്നില്‍ ഹാജരായ ശേഷം പുറത്തുവരുന്ന സഞ്ജയ് ഗാന്ധി

15.4 ഒട്ടേറെ സമയം ഉണ്ടായിരുന്നെങ്കിലും ശ്രീമതി ഇന്ദിരാ ഗാന്ധി മന്ത്രിസഭയുമായി ആശയ വിനിമയം നടത്തിയില്ല. മന്ത്രിസഭയുമായി ചര്‍ച്ച ചെയ്യുമായിരുന്നുവെന്നും ഈ രാത്രിയില്‍ അതു സാധ്യമല്ലെന്നും രാഷ്ട്രപതിക്കു കത്ത് എഴുതുമ്പോള്‍ നടത്തിയ അപേക്ഷ വിശ്വസനീയമല്ല. ജൂണ്‍ 26 നു രാവിലെ 90 മിനിറ്റ് മുന്‍പ് നോട്ടീസ്  കൊടുത്തു മന്ത്രിസഭ വിളിച്ചതുപോലെ ജൂണ്‍ 25ന് വൈകിട്ട് അഞ്ചു മണിക്ക് രാഷ് ട്രപതിയെ ആദ്യം കണ്ട സമയം മുതല്‍ രാതി 11-11.30 വരെയുള്ള എതു സമയത്തും മന്ത്രിസഭ വിളിക്കാന്‍ കഴിയുമായിരുന്നു. എറ്റവും കുറഞ്ഞത് ജൂണ്‍ 22ന് തന്നെ അടിയന്തരാവസ്ഥ  പ്രഖ്യാപിക്കാന്‍ ശ്രീമതി ഇന്ദിരാ ഗാന്ധി തയ്യാറെടുത്തു എന്നതിനു വ്യക്തമായ തെളിവുകള്‍ കമ്മിഷനു ലഭിച്ചിട്ടുണ്ട്. തന്റെ രാഷ്ട്യീയ വിശ്വസ്ഥരുമായി ഇന്ദിര ഇക്കാര്യങ്ങള്‍ ജൂണ്‍ 25ന് രാവിലെ തന്നെ സംസാരിച്ചിട്ടുമുണ്ട്. 

15.5  ഒന്നാം ഇടക്കാല റിപ്പോര്‍ട്ടിലെ അഞ്ചാം അധ്യായത്തില്‍ നെരത്തെ ചൂണ്ടിക്കാണിച്ചതുപോലെ,  അടിയന്തിരാവസ്ഥ അനിവാര്യമാക്കുന്ന ഒരു സാഹചര്യവും രാജ്യത്ത് ഉണ്ടായിരുന്നില്ല. 1975 ജൂണ്‍ 25ന് രാത്രി യിലെ പ്രഖ്യാപനത്തിന് മുന്‍പ്   തന്നെ  അടിയന്തരാവസ്ഥ നടപ്പാക്കാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനു മുന്‍പു തന്നെ സര്‍ക്കാര്‍ നടപടികള്‍ തുടങ്ങിയിരുന്നു.  മിസ പ്രകാരമുള്ള തടവിലാക്കല്‍, പത്രങ്ങള്‍ക്കുള്ള വൈദ്യുതി ബന്ധ് വിച്ഛേദിക്കല്‍   എന്നിവ വരാനിരിക്കുന്ന അടിയന്തരാവസ്ഥയുടെ സൂചനയായിരുന്നു. രാജ്യത്ത് ഒരിടത്തും ക്രമസമാധാന നില തകരാറില്‍ ആയതിന്റെ തെളിവ് ഉണ്ടായിരുന്നില്ല എന്നു മാത്രമല്ല അങ്ങനെ തകരുമെന്ന ഭീതിയും ഉണ്ടായിരുന്നില്ല. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ട നിലയില്‍ ആയിരുന്നു എന്നു മാത്രമല്ല ഒരു തരത്തിലും ശോഷിക്കുന്നുമുണ്ടായിരുന്നില്ല. ക്രമസമാധാന നില തകരാറിലാണെന്നോ സാമ്പത്തിക സ്ഥിതി മോശമാണെന്നോ ഉള്ള മട്ടില്‍ എതെങ്കിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് ചെയ്യുകയും ഉണ്ടായില്ല.  അക്കാലത്തെ പൊതു ഉത്തരവുകള്‍, രഹസ്യസ്വഭാവമോ-അതീവ രഹസ്യസ്വഭാവമോ ഉള്ള രേഖകള്‍,  പത്ര വാര്‍ത്തകള്‍ എന്നിവയെല്ലാം അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് ഒരേ സ്വരത്തില്‍ വ്യക്തമാക്കുന്നു. രാജ്യത്തിന്റെ സുരക്ഷയ്ക്ക് ആഭ്യന്തരമോ ബാഹ്യമോ ആയ ഒരു ഭീഷണിയും ഉണ്ടായിരുന്നില്ല. ശ്രീമതി ഇന്ദിരാ ഗാന്ധിക്കോ മറ്റ് ആര്‍ക്കെങ്കിലുമോ അടിയന്തരാവസ്ഥ അനിവാര്യമായിരുന്നു എന്നു വ്യക്തമാക്കാനുള്ള തെളിവുകള്‍ ഒന്നും നല്‍കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഒരു കാര്യം വ്യക്തമാണ് ,  ക്രമക്കേടുകളുടെ പേരില്‍ അന്നത്തെ പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് അലഹാബാദ് ഹൈക്കോടതി അസാധുവാക്കിയതിനെ തുടര്‍ന്നു ഭരണകക്ഷിയിലും പ്രതിപക്ഷത്തും ഉണ്ടായ നീക്കങ്ങള്‍ നേരിടാന്‍ മാത്രമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ജനാധിപത്യ ഉടമ്പടികള്‍ പാലിച്ചിരുന്നെങ്കില്‍ രാഷ്ട്രീയ എതിര്‍പ്പുകള്‍ തണുപ്പിക്കാന്‍ കഴിയുമായിരുന്നില്ല എന്നു വിശ്വസിക്കാന്‍ ഒരു സൂചനയും ലഭ്യമല്ല. എന്നാല്‍ ശ്രീമതി ഇന്ദിരാഗാന്ധി അധികാരത്തില്‍ തുടരാനുള്ള അത്യാഗ്രഹം കൊണ്ട് ഒരു സാഹചര്യം ഒരുക്കിയെടുക്കുകയും അത് ആത്യന്തികമായി അവര്‍ക്ക് അധികാരത്തില്‍ തുടരാന്‍ വഴി ഒരുക്കുകയും ചെയ്തു. അത് പിന്നീട് ചിലരുടെ ആഗ്രഹങ്ങള്‍ക്കായി ബഹുഭൂരിപക്ഷത്തിന്റെയും താല്‍പര്യങ്ങള്‍ ബലികഴിച്ച ശക്തികളുടെ ജനനത്തിനു കാരണമായി. ആയിരങ്ങളാണ് തടവിലാക്കപ്പെട്ടത്. തുടര്‍ന്നുണ്ടായ നിയമവിരുദ്ധവും അനാവശ്യവുമായ നടപടികളിലൂടെ പുറത്തറിയാത്ത മനുഷ്യാവകാശ ധ്വംസനങ്ങളും പീഡകളും ആണ് അരങ്ങേറിയത്. 

നവീന്‍ ചൗള
നവീന്‍ ചൗള

15.6 സര്‍ക്കാരിലെ എതെങ്കിലും ഒരു വ്യക്തിയുടെയോ ഒപ്പമുള്ള ഒരു സംഘം ആളുകളുടേയോ വ്യക്തിപരമായ താല്യപര്യങ്ങള്‍ക്കായി ഭരണ സംവിധാനങ്ങള്‍ ഇനി ഉപയോഗിക്കപ്പെടില്ല എന്ന ഉറപ്പ് ഇപ്പോഴത്തെ തലമുറയ്ക്കും വരും തലമുറകള്‍ക്കും നല്‍കാന്‍ രാഷ് ട്രത്തിനു ബാധ്യതയുണ്ട്. 

15.7  പത്രസ്വാതന്ത്ര്യം ഇല്ലാതാവുകയും സെന്‍സര്‍ഷിപ്പ് നിയമങ്ങള്‍ കഠിന്യമേറിയത് ആവുകയും ചെയ്ത തിനൊപ്പം വാക്കാലുള്ള ഉത്തരവു കൊണ്ട് ഉദ്യോഗസ്ഥര്‍ ഭരണം നടത്തുകയും ചെയ്തതോടെ രാജ്യത്തെ വിനിമയ സംവിധാനങ്ങള്‍ മാലിന്യം നിറഞ്ഞതായി. കിംവദന്തികളായിരുന്നു അംഗീകരിക്കപ്പെട്ട വാര്‍ത്താ വിനിമയ മാര്‍ഗം. തുര്‍ക് മാന്‍  ഗേറ്റ് വെടിവയ്പിനു തൊട്ടുപിന്നാലെ അവിടെ സന്ദര്‍ശിച്ച  ഡല്‍ഹി സര്‍വകലാശാലാ ഗവേഷക വിദ്യാര്‍ഥിനിയായ കുമാരി അദിതി ഗുപ്തയുടെ മൊഴി അമ്പരപ്പോടെയാണ് കമ്മിഷന്‍ കേട്ടത്. അന്നത്തെ വെടിവയ്പില്‍ 400 പേര്‍ കൊല്ലപ്പെട്ടുവെന്നു വിശ്വസിക്കുന്നതായാണ് അവര്‍ മൊഴി നല്‍കിയത്. സര്‍ക്കാര്‍ അന്നും ഇന്നും പറയുന്നത് കൊല്ലപ്പെട്ടത് ആറു പേര്‍ മാത്രമാണെന്നാണ്. വിദ്യാഭ്യാസവും  ബുദ്ധിയും ഉള്ള ഗവേഷക വിദ്യാര്‍ഥിനിക്ക് അങ്ങനെ തോന്നിയെങ്കില്‍ ജ്ഞാനമുള്ളവരുടെ ഇടയില്‍ അത്തരമൊരു പ്രചാരണം ഉണ്ടായിട്ടുണ്ടാകും എന്ന കാര്യത്തില്‍ സംശയമില്ല. വിദ്യാഭ്യാസം കുറഞ്ഞവരുടെ ഇടയില്‍ ഇതിലും ശക്തമായ അഭ്യൂഹങ്ങളാകും പടര്‍ന്നിട്ടുണ്ടാവുക. വാര്‍ത്തകള്‍ സെന്‍സര്‍ ചെയ്തതും മാധ്യമങ്ങളെ ദുരുപയോഗം ചെയ്ത രീതിയും സര്‍ക്കാരിനും ജനങ്ങള്‍ക്കും പാഠമാകണം. നമ്മുടേതുപോലുള്ള ബൃഹത്തായ രാജ്യത്ത് വാര്‍ത്തകളെ തമസ്‌കരിച്ച തും അതു ചെയ്ത രീതിയും ജനങ്ങളുടെ ജീവിതത്തിലും ചിന്തകളിലും ഗുരുതരമായ  പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. സെന്‍സര്‍ഷിപ്പ് പ്രശ്‌നം പ്രസ് കൗണ്‍സിലിനു മുന്നില്‍ ഉന്നയിക്കാന്‍ ഇറങ്ങിയപ്പോള്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെ ഇടയില്‍ നിന്നു പോലും ഏറെ ആളുകള്‍ ഒപ്പം വരാന്‍ ഉണ്ടായിരുന്നില്ല എന്ന ശ്രീ കുല്‍ദീപ്  നയ്യാരുടെ വാക്കുകള്‍ ആശങ്കയോടെയാണ് കമ്മിഷന്‍ രേഖപ്പെടുത്തിയത്. 

കുല്‍ദീപ് നയ്യാര്‍
കുല്‍ദീപ് നയ്യാര്‍

15.8 ജനാധ്യപത്യത്തിന്റെ അടിസ്ഥാന ശിലകളും നിയമസംവിധാനവും സംരക്ഷിക്കാനുള്ള പ്രത്യേക ഉത്തരവാദിത്തം പത്രങ്ങള്‍ക്കുണ്ട്. ഈ ഉത്തരവാദിത്തം കരുതല്‍ ഇല്ലാതെ വിട്ടുകൊടുക്കരുത്. ബലപ്രയോഗത്തിലൂടെ അതു കൈക്കലാക്കാനുള്ള ശ്രമങ്ങളെ ചെറുക്കുന്നത് പത്രസ്വാതന്ത്ര്യത്തിന്റെ മാത്രമല്ല പൗരസ്വാതന്ത്ര്യത്തിന്റെ കൂടി സംരക്ഷണത്തിന് അനിവാര്യമാണ്. പത്രസ്വാതന്ത്ര്യലംഘനം യഥാര്‍ഥത്തില്‍ രണ്ടാമത്തെ ദുരന്തമായിരുന്നു. കോടതി വിധി ലംഘിക്കാനുള്ള ഇന്ദിരാഗാന്ധിയുടെ നീക്കത്തെ എതിര്‍ത്ത എറെ ബഹുമാനിക്കപ്പെടുന്ന രാഷ്ട്ര നേതാക്കളെ വിചാരണ പോലുമില്ലാതെ തടവിലാക്കിയതായിരുന്നു ആദ്യത്തെ ദുരന്തം. 

15.9  കോടതികള്‍ പൂട്ടാനും പത്രസ്ഥാപനങ്ങളിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കാനും 1975 ജൂണ്‍ 25ന് തീരുമാനിച്ചു എന്ന ശ്രീ എസ്എസ് റായി(പശ്ചിമബംഗാള്‍ മുഖ്യന്മന്ത്രിയായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിദ്ധാര്‍ഥ ശങ്കര്‍ റായി)യുടെ മൊഴി കടുത്ത ഉത്കണഠയോടെയാണ് കമ്മിഷന്‍ രേഖപ്പെടുത്തുന്നത്. ഹൈക്കോടതി ജഡ്ജിമാര്‍ക്കു പിന്നീടുള്ള മാസങ്ങളില്‍ ഉണ്ടായ അനുഭവത്തിന്റെ ഒരു ചിത്രം  തന്നെയാണ് എസ് എസ് റായിക്ക് അന്ന് ഉണ്ടായത്. ആ രാത്രി മടങ്ങും മുന്‍പ് ഇന്ദിരാ ഗാന്ധിയോട് റായി അതൃപ്തി അറിയിക്കുകയും ചെയ്തു. 

15.10 പാര്‍ലമെന്റിലേയും കോടതികളിലേയും നടപടിക്രമങ്ങള്‍ പത്രങ്ങളിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും ജനങ്ങളിലേക്ക് എല്ലാ സമയത്തും എത്തുന്നു എന്ന്  ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം ജനാധിപത്യ ക്രമത്തിലെ ഭരണ സംവിധാനത്തിന് ഉണ്ട്. എന്നാല്‍ അടിയന്തരാവസ്ഥ കാലത്ത് ഈ ഉത്തരവാദിത്തത്തെ കഴുത്തു ഞെരിച്ചുകൊല്ലുകയായിരുന്നു, ജസ്റ്റിസ് അഗര്‍വാളിന്റെ ഫയലിലുള്ള  കുറിപ്പുകളും അല്ലെങ്കില്‍ കുല്‍ദീപ് നയ്യാര്‍ കേസില്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവും അതുമല്ലെങ്കില്‍ ജസ്റ്റിസ് രംഗരാജനും ജസ്റ്റിസ് അഗര്‍വാളിനും ഉണ്ടായ അനുഭവങ്ങളും ജൂഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വളരെ ഗുരുതരമായ സംശയങ്ങള്‍ ഉയര്‍ത്തുന്നു.  ഭരണാധികാരികളുടെ ഇഷ്ടങ്ങള്‍ക്കു നിരക്കാത്ത ഉത്തരവുകള്‍ പുറപ്പെടുവിച്ചു എന്ന  തിനുള്ള ശിക്ഷയായി സര്‍ക്കാരിന്റെ മര്‍മ്മപ്രധാനമായ ഈ അവയവത്തെ സമ്മര്‍ദ്ദത്തിലാക്കില്ലെന്ന  ഉറപ്പ് രാഷ്ട്രത്തിനു ലഭിക്കണം. 

ഇന്ദിരാ ഗാന്ധിയും കരുണാകരനും
ഇന്ദിരാ ഗാന്ധിയും കരുണാകരനും

15.11 അടിയന്തരാവസ്ഥ കാലത്ത് ഉന്നതമായ പദവികളിലേക്കു സര്‍ക്കാര്‍ നടത്തിയ നിയമനങ്ങള്‍ ഗുരുതരമായ ചില സന്ദേഹങ്ങള്‍ ഉയര്‍ത്തുന്നു. ഇതുവരെ കേട്ട കേസുകളുടെ അടിസ്ഥാനത്തില്‍ ഒരുകാര്യം വ്യക്തമാണ്, അധികാര കേന്ദ്രത്തിലിരിക്കുന്നവരുടെ താല്‍പര്യങ്ങള്‍ നടത്താന്‍ കെല്‍പുള്ളവരെ ഉന്നതമായ പദവികളില്‍ എല്ലാ ചട്ടങ്ങളും ലംഘിച്ച് നിയമിച്ചിട്ടുണ്ട്. തീര്‍ച്ചയായും  ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുമ്പോള്‍ , പ്രത്യേകിച്ചും തന്ത്രപ്രധാനമായ പദവികളിലേക്കു ള്ളവരെ നിയമിക്കുമ്പോള്‍, സര്‍ക്കാരിന് തീരുമാനം എടുക്കാനുള്ള അവകാശമുണ്ട് . പക്ഷേ, അത് അത്തരം തെരഞ്ഞെടുപ്പുകള്‍ക്കായി സര്‍ക്കാര്‍ തന്നെ കൊണ്ടുവന്ന നിയമങ്ങള്‍ കാറ്റില്‍ പറത്തിയാകരുത്. കമ്മിഷനു മുന്നില്‍ പരിഗണനയ്ക്കു വന്ന ചില കേസുകളില്‍ പബ്‌ളിക് എന്റര്‍പ്രൈസസ് സെലക്ഷന്‍ ബോര്‍ഡിന്റെ നിര്‍ദേശങ്ങള്‍  പരിഗണിച്ചില്ല എന്നു മാത്രമല്ല പിഎസ്ഇബി നിയമന യോഗ്യരല്ലെന്നു കണ്ടെത്തിയവരെ നിയമിക്കുകയും ചെയ്തു എന്നും കണ്ടെത്തിയിട്ടുണ്ട്. റിസര്‍വ് ബാങ്ക്,സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷനല്‍ ബാങ്ക് എന്നിവയെ നിയന്ത്രിക്കുന്നവരുടെ നിയമനം ചട്ടവിരുദ്ധമായാണ് നടന്നത്. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് ചെയര്‍മാന്റെ പെരുമാറ്റം അത്യന്തം ദൗര്‍ഭാഗ്യകരമായിരുന്നെന്ന് കമ്മിഷന്റെ  ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ നടപടികളുടെ ഈ ഗുണഭോക്താക്കളില്‍ പലരും ചട്ടങ്ങള്‍ ലംഘിക്കേണ്ടി വന്നാലും അധികാര കേന്ദ്രങ്ങള്‍ക്ക് ഒപ്പം  സഞ്ചരിക്കാന്‍ തയ്യാറായിരുന്നു. സര്‍ക്കാരിനെ നിലനിര്‍ത്തുന്ന ഉത്തോലക ദണ്ഡുകളായിരുന്നു ഈ പദവികളില്‍ പലതും. സര്‍ക്കാര്‍ നിയമനങ്ങള്‍ നടത്തുമ്പോള്‍ അതിനു വേണ്ടി രൂപീകരിക്കപ്പെട്ട നിയമങ്ങള്‍ കാറ്റില്‍ എറിയപ്പെടരുത്. സ്വന്തം പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാന്‍ ചട്ടങ്ങള്‍ കൊണ്ടുവന്ന സര്‍ക്കാരിന് അത്ര നിര്‍ബന്ധിതവും അനിവാര്യവുമായ സാഹചര്യങ്ങള്‍ ഉണ്ടായാല്‍ അല്ലാതെ അവ ലംഘിച്ചു കളയാം എന്ന തീരുമാനം എടുക്കാന്‍ കഴിയില്ല.  താക്കോല്‍ സ്ഥാനങ്ങളിലേക്കുള്ള നിയമനങ്ങളില്‍ ചട്ടവും മര്യാദകളും കീഴ്‌വഴക്കങ്ങളും പാലിച്ചു എന്ന് ഉറപ്പാക്കേണ്ടതുണ്ട്. മനസാക്ഷിയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്കായി ധനകാര്യ സ്ഥാപനങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നില്ല എന്ന് ഉറപ്പാക്കാനുള്ള  പ്രത്യേക ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. 

15.12 ആഭ്യന്തര സുരക്ഷാ നിയമം  വ്യക്തികളില്‍ പ്രയോഗിക്കുന്നതിനെക്കുറിച്ച്,  പ്രത്യേകിച്ച് പരക്കെ ബഹുമാനിക്കപ്പെടുന്ന നേതാക്കള്‍, നിരോധിക്കപ്പെട്ടതും അല്ലാത്തതുമായ സംഘടനകളുടേയും രാഷ്ട്രീയ കക്ഷികളുടേയും  അംഗങ്ങള്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍, തൊഴിലാളി സംഘടനാ നേതാക്കള്‍, അഭിഭാഷകര്‍, കൗമാരക്കാര്‍, ബഹുമാനിക്കപ്പെടുന്ന എഴുത്തുകാര്‍, പത്രപ്രവര്‍ത്തകര്‍, സാധാരണ കുറ്റവാളികള്‍, ചുരുക്കിപ്പറഞ്ഞാല്‍ സമൂഹത്തിലെ നാനാ തുറയിലും പെട്ട ആളുകളില്‍  അതു  പ്രയോഗിച്ചതു സംബന്ധിച്ച് കമ്മിഷന് വിശദമായി പരിശോധിക്കാന്‍ അവസരം ലഭിച്ചു.രേഖകള്‍ മാറ്റിമറിക്കുക, തടവിലാക്കുന്നതിനായി വ്യാജമായ കാരണങ്ങള്‍ സൃഷ്ടിക്കുക, തടവിലാക്കാനുള്ള ഉത്തരവുകളുടെ തീയതി തിരുത്തുക, പരോളോ മോചനമോ ആവശ്യപ്പെട്ട് തടവിലുള്ളവര്‍ നല്‍കുന്ന അപേക്ഷ അലസമായി കൈകാര്യം ചെയ്യുക എന്നിവ ചിന്തിക്കുന്ന ഓരോ മനുഷ്യനും ഉള്ള മുന്നറിയിപ്പാണ്. കടുത്ത കുറ്റകൃത്യത്തില്‍ എര്‍പ്പെടുന്ന ചെറിയ വിഭാഗം ആളുകളെ ഉദ്ദേശിച്ചുള്ള നിയമങ്ങള്‍  എല്ലാ വിഭാഗത്തിലും പെട്ട ജനതയുടെ പ്രതിഷേധം   അമര്‍ച്ച ചെയ്യുന്നതിനായി വ്യാഖ്യാനിച്ചെടുക്കുന്നത്  പരിശോധിക്കപ്പെടേണ്ട കാര്യം തന്നെയാണ്. 

 15.13 നിലവില്‍ ഇല്ലാത്തതോ മാറ്റിമറിച്ചതോ ആയ അടിസ്ഥാന രഹിതമായചട്ടങ്ങളുടെ മറവില്‍  പൗരന്മാരെ  തടവിലിടാനും ജാമ്യം നിഷേധിക്കാനും പൊലീസും ജുഡീഷ്യറിയും തമ്മില്‍ നടത്തുന രഹസ്യ ധാരണ അത്യന്തം വേദനാ ജനകമായ യാഥാര്‍ഥ്യമാണ്. ഉള്ളുനൊന്ത പൗരന്മാര്‍ നിയമപരമായ പ്രതിവിധി തേടിയാല്‍  അതുതന്നെ അവരെ തടവിലാക്കാനുള്ള കാരണമാക്കി മാറ്റുകയും ചെയ്തതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. 

15.14 വന്‍തോതില്‍ നടന്ന രേഖകളുടെ തിരിമറിയിലേക്കും ഇതുപയോഗിച്ച് നടന്ന നിയമവിരുദ്ധമായ അറസ്റ്റിലേക്കും  തടവിലാക്കലുകളിലേക്കും നിര്‍ബന്ധമായി  ശ്രദ്ധപതിപ്പിക്കേണ്ടതുണ്ട്. പൊലീസ് സ്റ്റേഷനുകളിലേയും പൊലീസ് ഓഫിസുകളിലേയും മജിസ്‌ട്രേറ്റ് കോടതികളിലേയും രേഖകളിലുള്ള ആനുഷംഗികമായ എഴുത്തുകള്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന വലിയ കെണികളെക്കുറിച്ചു മുന്നറിയിപ്പു നല്‍കുന്ന സ്ഥിരം ഏടുകളാണ്.

15.15നിയമവിരുദ്ധമായും തോന്നിയതുപോലെയും നിയമത്തെ ഉപയോഗിക്കുന്നതിനെതിരേയുള്ള പുറങ്കോട്ടയായി നില്‍ക്കുകയും സ്വതന്ത്രമായും സംയമനത്തോടെയും   പ്രവര്‍ത്തിക്കുകയും ചെയ്യേണ്ട ജുഡീഷ്യല്‍ സംവിധാനം ചിലപ്പോഴൊക്കെ വളരെ അപര്യാപ്തമാണെന്നും അധികാര കേന്ദ്രങ്ങളിലുള്ളവരുടെ അഭിലാഷങ്ങള്‍ക്കു കൂട്ടിക്കൊടുക്കാന്‍ സന്നദ്ധമായി നില്‍ക്കുകയാണൊന്നും  കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തെ ഭരണസംവിധാനത്തിലെ ഉന്നത പ്രതിഭകളുടെ വെണ്ണപ്പാട പോലും നേരിയ സമ്മര്‍ദ്ദത്തില്‍ തന്നെ തകര്‍ന്നു വീണു. 

15.16 ചോദ്യം ചെയ്യപ്പേടേണ്ട കാര്യങ്ങള്‍ക്കായി പൊലീസിനെ ഉപയോഗിച്ചതിനെ കുറിച്ചും പൊലീസ് അതിനു വശംവദരായതിനെ കുറിച്ചും കമ്മിഷന്‍ സര്‍ക്കാരിന്റെ ശ്രദ്ധ ക്ഷണിക്കുകയാണ്. ഒരു പൊതുസംവിധാനത്തോടും ഉത്തരം പറയാന്‍ ബാധ്യത ഇല്ല എന്ന മട്ടിലാണ് ചില പൊലീസ് ഉദ്യോസ്ഥര്‍ പെരുമാറിയത്. ചിലരെ അറസ്റ്റ് ചെയ്യാനും മറ്റു ചിലരെ വിട്ടയയ്ക്കാനും എടുത്ത തീരുമാനങ്ങള്‍ പൂര്‍ണമായും ഭരിക്കുന്ന രാഷ് ട്രീയ കക്ഷിക്കു ഗുണം ചെയ്യുന്നതായിരുന്നതായിരുന്നു. ഏതെങ്കിലും രാഷ് ട്രീയ കക്ഷികളുടെ  നേട്ടത്തിനായി പൊലീസിനെ ഉപയോഗിക്കുന്നത് നിയമസംവിധാനത്തെ അട്ടിമറിക്കുന്നതിനു തുല്യമാണ്. പൊലീസിനെ  രാഷ്ട്രീയത്തില്‍ നിന്നു പൂര്‍ണമായും വേര്‍പെടുത്തി  നിയമപരമായി ബാധ്യതപ്പെട്ട ജോലികള്‍ മാത്രം ചെയ്യാന്‍ അനുവദിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ഗൗരവമായി ചിന്തിക്കണം. രാഷ്ട്രീയം അവരുടെ ചുമതലയ്ക്കു പുറത്തുള്ള കാര്യമാണെന്ന് ഓരോ പൊലീസുകാരനെയും ബോധ്യപ്പെടുത്തുന്നതിനെക്കുറിച്ചും സര്‍ക്കാര്‍ അതീവ ഗൗരവമായി ആലോചിക്കണം. 

കൂട്ടവന്ധ്യംകരണം
കൂട്ടവന്ധ്യംകരണം

15.17 ഈ സാഹചര്യത്തില്‍ കമ്മിഷന് ലണ്ടന്‍ പൊലീസിന്റെ ചീഫ് കമ്മിഷണറായിരുന്ന ശ്രീ റോബര്‍ട്ട് മാര്‍ക്കിന്റെ പ്രസംഗത്തേക്കാള്‍ വലിയ ഒരു ഉദ്ധരണി എടുത്ത് എഴുതാന്‍ ഇല്ല. ശ്രീ റോബര്‍ട്ട് മാര്‍ക്ക് പറഞ്ഞു:   "നിയമത്തിനു കീഴിലുള്ള നമ്മുടെ അധികാരം കൃത്യമായി നിര്‍വചിക്കപ്പെട്ടിട്ടുള്ളതാണ്. അത് പ്രയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന എല്ലാ പ്രത്യാഘാതങ്ങളും നേരിടാന്‍ വ്യക്തിപരമായി നമ്മള്‍ ബാധ്യസ്ഥരാണ്. കുറ്റവും ശിക്ഷയും നിര്‍ണയിക്കുന്നതില്‍ നമുക്ക് ഒരു പങ്കുമില്ല. സിവിലും ക്രിമിനലുമായ കോടതികളോടും പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥരോടും പാര്‍ലമെന്റിനോടും പൊതുജനാഭിപ്രായത്തോടും നമുക്കുള്ള ഉത്തരവാദിത്തം ലോകത്ത് എല്ലായിടത്തും ഒരുപോലെ ബാധകമാണ്. നിയമപരവും ഭരണഘടനാപരവുമായ ചട്ടക്കൂടില്‍ ജനപ്രതിനിധികള്‍ രൂപീകരിച്ച നിയമം നടപ്പാക്കുക എന്ന ഉത്തരവാദിത്തമാണ് സമൂഹം നമ്മില്‍ നിന്നു പ്രതീക്ഷിക്കുന്നത്. നമ്മുടെ കയ്യിലുള്ള ഏറ്റവും പ്രധാനപ്പെട്ട ആയുധം തോക്കോ ജലപീരങ്കിയോ കണ്ണീര്‍വാതകമോ റബര്‍വെടിയുണ്ടയോ അല്ല. അത് നമ്മള്‍ ആര്‍ക്കു വേണ്ടി പ്രവര്‍ത്തുക്കുന്നുവോ ആ ജനങ്ങളുടെ വിശ്വാസവും പിന്തുണയുമാണ്. ഞാന്‍ ഇതുവരെ പറഞ്ഞ കാര്യങ്ങളില്‍ മാത്രമല്ല ആ വിശ്വാസവും പിന്തുണയും ഇരിക്കുന്നത്. നമ്മുടെ വ്യക്തിപരവും കൂട്ടായതുമായ സത്യസന്ധതയിലും പ്രത്യേകിച്ച്, നമ്മുടെ പ്രവര്‍ത്തനങ്ങളില്‍ രാഷ് ട്രീയ ഇടപെടല്‍ അനുവദിക്കാതെ മാറി നില്‍ക്കാനുള്ള ദീര്‍ഘകാല പാരമ്പര്യത്തിലും ആണ് ആ വിശ്വാസം കുടികൊള്ളുന്നത്. 1964ലെ  പൊലീസ് ആക്ട് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ആഭ്യന്തര സെക്രട്ടറിക്കു ലഭിച്ച അധികാരങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ പൊലീസ് ഒരു നിലയിലും സര്‍ക്കാരിന്റെ  പരിചാരകരല്ല. നമ്മള്‍ എതെങ്കിലും മന്ത്രിയുടേയോ പാര്‍ട്ടിയുടേയോ, ഭരിക്കുന്ന പാര്‍ട്ടിയുടേതു തന്നെയോ ആജ്ഞ അനുസരിച്ചല്ല പ്രവര്‍ത്തിക്കുക. ജനങ്ങള്‍ക്കു വേണ്ടിയാണ് നമ്മുടെ പ്രവര്‍ത്തനം. നമ്മുടെ പ്രവര്‍ത്തന മേഖലയെ ചുരുക്കാനോ വിപുലമാക്കാനോ പാര്‍ലമെന്റിന് ഒഴികെ മറ്റാര്‍ക്കും അധികാരമില്ല. മറ്റെല്ലാ കാര്യങ്ങളിലും ഉപരിയായി ഇതാണ് ജനങ്ങളുമായുള്ള നമ്മുടെ ബന്ധം നിര്‍ണയിക്കുന്നത്, പ്രത്യേകിച്ച് ക്രമസമാധാന നില പരിപാലിക്കുന്നതില്‍. ഇതു തന്നെയാണ് കുറഞ്ഞ ആളുകളേയും  കുറഞ്ഞ അധികാരത്തേയും ഉപയോഗിച്ച് ബലപ്രയോഗം ഇല്ലാതെ തന്നെ, ബലം പ്രയോഗിക്കുന്നെങ്കില്‍ തന്നെ അത് കോടതിയും പൊതുജനങ്ങളും അംഗീകരിച്ചിട്ടുള്ളത്ര മാത്രം ഉപയോഗിച്ച് പ്രവര്‍ത്തിക്കാന്‍ നമുക്ക് സാഹചര്യം ഒരുക്കുന്നത്. "

ഇത്രയും നേരം പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെ കൂടുതല്‍ മനസ്‌സിലാകുന്ന വിധത്തില്‍ ചുരുക്കി പറയാം. പൊലീസ് അധികാരികളില്‍ നിന്ന്, അത് ആഭ്യന്തര സെക്രട്ടറിയില്‍ നിന്നോ, പൊലീസ് സമിതിയില്‍ നിന്നോ എവിടെ നിന്ന് ആയാലും, ലഭിക്കുന്ന നിര്‍ദേശങ്ങള്‍  ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ശ്രദ്ധാപൂര്‍വം കേള്‍ക്കും. പക്ഷേ, ഇ്ഗ്‌ളണ്ടിലും വെയില്‍സിലും എന്ത് നടപടി എടുക്കണം എന്നു തീരുമാനിക്കേണ്ടതും അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടതും പൊലീസ് അധികാരി തന്നെയാണ്.  


15.18. പൊലീസിന് ബാധകമായ ഈ കാര്യങ്ങള്‍ സര്‍ക്കാരിലെ മറ്റ് എല്ലാ വിഭാഗങ്ങള്‍ക്കും ഒരുപോലെ ബാധകമാണ് എന്നാണ് കമ്മിഷന്റെ അഭിപ്രായം.  ഉദ്യോഗസ്ഥരെ  രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന രാഷ്ട്രീയക്കാരും അതിനു വഴങ്ങിക്കൊടുക്കുന്ന ഉദ്യോഗസ്ഥരും  അടിസ്ഥാനപരമായി ഒരേ രാജ്യദ്രോഹ പ്രവൃത്തി തന്നെയാണു ചെയ്യുന്നത്.  

15.19 ഉത്‌ബോധനമാണെന്നു തോന്നാന്‍ ഇടയുണ്ടെന്ന അപായ സാധ്യത നിലനില്‍ക്കുമ്പോള്‍ തന്നെ ഒരു കാര്യം ഊന്നിപ്പറയേണ്ടത് അനിവാര്യമാണ്-സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഓരോ തീരുമാനത്തിനു പിന്നിലും ഉപോല്‍ബലകമായി പ്രവര്‍ത്തിക്കേണ്ടത് ധാര്‍മികത തന്നെയാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അടിയന്തരാവസ്ഥ കാലത്തു പ്രത്യേക ജോലികള്‍ ചെയ്യാന്‍ വിധിക്കപ്പെട്ടവര്‍ക്കും വാള്‍ട്ട് ലിപ്മാന്റെ താഴെപ്പറയുന്ന ഉദ്ധരണ ഏറെ പ്രാധാപ്പെട്ടതാണ്. 
ഉയര്‍ന്ന പദവികളില്‍ ഉള്ളവര്‍ സര്‍ക്കാര്‍ സംവിധാനത്തിന്റെ വെറും സേവകര്‍ എന്ന നിലയില്‍ നിന്ന് വളരെ ഉയരത്തിലാണ്. അവര്‍ സൂക്ഷിപ്പുകാരാണ്-രാഷ്ട്രത്തിന്റെ ആദര്‍ശങ്ങളുടെ,  രാഷ്ട്രം താലോലിക്കുന്ന വിശ്വാസങ്ങളുടെ, അതിന്റെ ചിര പ്രതീക്ഷകളുടെ , വെറും വ്യക്തികളുടെ കൂട്ടായ്മ എന്ന നിലയില്‍ നിന്ന് രാജ്യത്തെ മൂല്യവത്തായി ഉയര്‍ത്തുന്ന ദൃഢവിശ്വാസത്തിന്റെ എല്ലാം.ആത്മസംത്യപ്തിക്കു വേണ്ടിയും ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതിനും ആര്‍ത്തി മൂത്തും  ഉള്ള വികാരങ്ങളെ പിന്തുടരുക വഴി അവരില്‍ അര്‍പ്പിച്ച വിശ്വാസങ്ങളുടെ ലംഘനമാണ് നടക്കുന്നത്. 


15.20 തെറ്റായ കാര്യങ്ങള്‍ ചെയ്യുന്ന ഉന്നത സ്ഥാനങ്ങളില്‍ ഉള്ളവരുടെ എണ്ണം കൂടി എന്നല്ല ഇതിന്റെ അര്‍ഥം. എന്നാല്‍ വഴിവിട്ട് പ്രവര്‍ത്തിക്കുകയും ചട്ടങ്ങള്‍ മറികടക്കുകയും ഉത്തരവുകള്‍ക്കു മേലെ പറക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് സ്വീകാര്യത കൂടി എന്നതാണ് തര്‍ക്കമില്ലാത്ത വസ്തുത. അച്ചടക്ക നടപടികള്‍ സ്വീകരിക്കാത്തതും വിമര്‍ശനം ഉയരാത്തതും  തെറ്റുകളെ  അലസമായി കൈകാര്യം ചെയ്യുന്ന രീതിയുമെല്ലാം മറ്റുള്ളവരെ കൂടി തെറ്റുകാരുടെ കൂട്ടത്തില്‍ എത്തിക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളു. നല്ലകാര്യം ചെയ്യുക എന്ന സാധ്യതയുടെ കല നിലനില്‍ക്കുന്നു എന്നു തന്നെയാണ് ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ആര്‍ എല്‍ മിശ്രയെപ്പോലുള്ളവര്‍ തെളിയിച്ചത്. സ്വന്തം സെക്രട്ടറി പോലും വഴിവിട്ടു പോയപ്പോള്‍ ദില്ലി ഭരണകൂടത്തിന്റെ തെറ്റുകളുടെ ഭാഗമായി നില്‍ക്കാന്‍ മിശ്ര തയ്യാറായില്ല. ഇത്തരം ഉദ്യോഗസ്ഥര്‍ അത്യപൂര്‍വമായി കാണുന്നവര്‍ ആകുന്നതിനു പകരം പൊതുവിഭാഗം മുഴുവന്‍ ഇത്തരക്കാരെ കൊണ്ടു നിറയണം.  ശരിയായ കാര്യങ്ങള്‍ ചെയ്താല്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച്  ഭാവനയില്‍ നെയ്ത് എടുത്ത ഭീതിയാണ് കൂടുതല്‍ ദുരന്തമുണ്ടാക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ശരിയായ കാര്യങ്ങള്‍ ചെയ്താല്‍ നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളേക്കാള്‍ രൂക്ഷമാണ് ഈ ദുരന്തം. അടിയന്തരാവസ്ഥ കാലത്ത് നീതിക്കുവേണ്ടി നിലയുറപ്പിച്ച നിരവധി പേര്‍ ഉണ്ടായിരുന്നു എന്നത് തിരിച്ചറിയേണ്ട വസ്തുതയാണ്, അവര്‍ പക്ഷേ, കൂടുതലും ഉയര്‍ന്ന പദവികളില്‍ ആയിരുന്നില്ല, താഴ്ന്ന സ്ഥാനങ്ങളില്‍ ആയിരുന്നു. 

തെരഞ്ഞെടുപ്പു കേസില്‍ ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരുടെ വിധി വന്ന വാര്‍ത്തയുമായി പുറത്തു വന്ന ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപ്പത്രം
തെരഞ്ഞെടുപ്പു കേസില്‍ ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരുടെ വിധി വന്ന വാര്‍ത്തയുമായി പുറത്തു വന്ന ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപ്പത്രം

15.21 കൃത്രിമമായി സ്യഷ്ടിച്ചെടുത്ത, നിയമത്തിന്റേത് എന്നു തോന്നിക്കുന്ന മുഖപടം മറയാക്കി  ദില്ലിയില്‍ വിവേചനരഹിതമായ വന്‍തോതിലുള്ള നശീകരണം നടത്തി എന്നതിനു പുറമെ ഇവയിലേറെയും സമൂഹത്തിന്റെ ഏറ്റവും താഴെക്കിടയിലുള്ള ആളുകള്‍ക്ക് എതിരേ ആയിരുന്നു എന്നതായിരുന്നു ദുഖകരം. അവരുടെ വീടുകള്‍ തച്ചു തകര്‍ക്കുക എന്നാല്‍ ആജീവനാന്ത സമ്പാദ്യം നശിപ്പിക്കുക എന്നാണ് അര്‍ഥം. തെറ്റിനു പ്രാശ്ചിത്തം ചെയ്യാനുള്ള നടപടി സര്‍ക്കാരിന് എടുക്കാന്‍ കഴിയും. പുനരധിവാസ കോളനികള്‍  മെച്ചപ്പെട്ടതും വൃത്തിയുള്ളതും സൗകര്യപ്രദമാണെന്നും സര്‍ക്കാര്‍ ഉറപ്പാക്കേണ്ടതുണ്ട്. ഈ കര്‍ത്തവ്യത്തിനു മുന്തിയ പരിഗണന നല്‍കുകയും  തീരുമാനംഎടുക്കാനും കാര്യങ്ങള്‍ നടത്താനും അധികാരമുള്ള ഒരു ഏജന്‍സിയെ ചുമതലപ്പെടുത്തുകയും ചെയ്തില്ലെങ്കില്‍ ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഉണ്ടായ ദുരിതങ്ങള്‍ക്ക് സമീപ ഭാവിയില്‍ ഒന്നും തൃപ്തികരമായ പരിഹാരം ഉണ്ടാകും എന്നു കരുതാന്‍ കഴിയില്ല. സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കി പദ്ധതി ഏറ്റെടുക്കുകയും പതിവു ചുവപ്പുനാടകളുടെ കുരുക്കുകള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം. 

15.21കമ്മിഷനെ സംഭ്രമിപ്പിക്കുന്നതാണ് ഈ കണ്ടെത്തല്‍-ചില തച്ചു തകര്‍ക്കലുകള്‍ എങ്കിലും നടന്നത് സര്‍ക്കാരില്‍  ഒരു സ്ഥാനവും ഇല്ലാത്ത ആരോടെങ്കിലും ഉത്തരം പറയാന്‍ ബാധ്യത ഇല്ലാത്ത ശ്രീ സഞ്ജയ് ഗാന്ധിയുടെ നിര്‍ദേശ പ്രകാരമോ അദ്ദേഹത്തെ തൃപ്തിപ്പെടുത്താനോ ആയിരുന്നു എന്നത്. സഞ്ജയ് ഗാന്ധി ഇടപെട്ട ഒട്ടേറെ ദുരന്ത കഥകള്‍ കമ്മിഷനു മുന്നില്‍ വെളിപ്പെട്ടു. തുര്‍ക്ക്മാന്‍ ഗേറ്റ് വെടിവയ്പിനു ശേഷം ദില്ലി മജിസ് ട്രേറ്റിനെയും മറ്റ് മജിസ്‌ട്രേറ്റുമാരേയും വെടിവയ്പിന്റെ മുന്‍കൂര്‍ ഉത്തരവ് നല്‍കാന്‍ ആവശ്യപ്പെട്ടു സമ്മര്‍ദ്ദത്തില്‍ ആക്കിയതാണ് അതില്‍ ഒന്ന്. ബഹുമാന്യരായ പൗരന്മാരുടെ അറസ്റ്റിനു  പോലും സഞ്ജയ് ഗാന്ധി നിര്‍ദേശം നല്‍കി.ബോയിങ് ഇടപാടിനെ കുറിച്ച് കമ്മിഷന്‍ അന്വേഷിച്ചു. ബോയിങ് ഇടപാടുമായി ഒരു ബന്ധവുമില്ലാത്ത ആളുകളുമായി തന്ത്രപ്രധാന വിവരങ്ങള്‍ പങ്കുവച്ചെന്ന് വ്യക്തമായി.  ഭരണഘടനയ്ക്കു പുറത്ത് വേറെ അധികാര കേന്ദ്രങ്ങള്‍ വളരുന്നില്ല എന്ന് ഉറപ്പാക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. അങ്ങനെ എന്തെങ്കിലും കണ്ടെത്തിയാല്‍ അതിനെ വളരാന്‍ അനുവദിക്കാതിരിക്കുകയും നിഷ്‌കരുണം മുറിച്ചുമാറ്റുകയും വേണം. ഈ രാജ്യം നന്നായി ഭരിക്കപ്പെടുമോ അതോ തകര്‍ക്കപ്പെടുമോ എന്നു നിര്‍ണയിക്കുന്നത് ഭരണത്തില്‍ ഉള്ളവരുടെ നിലപാടുകളാണെന്ന് നിരവധി അവസരങ്ങളിലൂടെ കമ്മിഷന് വ്യക്തമായി . ഉദ്യോഗസ്ഥര്‍ വെറും ഉപകരണങ്ങള്‍  മാത്രമാവുകയും സംശയകരമായ ലക്ഷ്യങ്ങള്‍ക്കു വശംവദരാവുകയും ചെയ്താല്‍ ഇവിടെ മനസാക്ഷി ഇല്ലാത്ത ഭരണക്കാര്‍ക്ക് ഒരു കുറവും ഉണ്ടാകില്ല. പൊതുസേവകരുടെ പ്രവര്‍ത്തനങ്ങളെ സസൂക്ഷ്മം വീക്ഷിക്കുന്ന ജാഗരൂകരും ജിജ്ഞാസുക്കളും പ്രബുദ്ധരുമായ ജനങ്ങളുടെ അഭിപ്രായത്തിനു പകരം വയ്ക്കാന്‍ മറ്റൊന്നില്ല എന്നതാണ് വാസ്തവം. 

 15.23 നമ്മുടെ ജയിലുകളിലെ അവസ്ഥയെക്കുറിച്ചു തെളിവെടുപ്പിനിടെ സാക്ഷികള്‍ പറഞ്ഞ കാര്യങ്ങള്‍ അത്യന്തം വേദനാ ജനകമാണ്. രാജ്യത്തെ വിവിധ ജയിലുകളിലേക്ക് കമ്മിഷന്റെ ഉദ്യോഗസ്ഥരെ അയയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മറുപടികള്‍ കൂടി ലഭിച്ച ശേഷം പ്രത്യേക അധ്യായം തന്നെ ഇതിനായി മാറ്റി വയ്ക്കും. പക്ഷേ, അതിനു മുന്‍പു തന്നെ ജയിലുകളിലെ അവസ്ഥ പരിശോധിക്കാന്‍ കമ്മിഷന്‍ സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെടുകയാണ്. രാഷ് ട്രീയ തടവുകാരെ സംബന്ധിച്ചിടത്തോളം കരുതല്‍ തടവ് ശിക്ഷാത്തടവല്ല എന്നു വ്യക്തമാക്കാന്‍ കമ്മിഷന്‍ ആഗ്രഹിക്കുന്നു. കരുതല്‍ തടവ് എന്നാല്‍ ഒരു വ്യക്തി രാഷ്ട്രത്തിന്റെ സുരക്ഷയെ ബാധിക്കുന്ന വിധത്തിലും നിയമ സംവിധാനം അട്ടിമറിക്കുന്ന വിധത്തിലും പെരുമാറാതെ ഇരിക്കാനുള്ള മുന്‍കരുതല്‍ മാത്രമാണ്. അവരുടെ മേല്‍ വൈകല്യങ്ങള്‍ സൃഷ്ടിക്കുന്നത് അധികാര ദുര്‍വിനിയോഗം തന്നെയാണ്. ഈ ഘട്ടത്തിലാണ് വിദ്യാര്‍ഥികളായ കരുതല്‍ തടവുകാര്‍ക്ക് വാര്‍ഷിക പരീക്ഷ എഴുതാന്‍ കഴിയാതെ പോയ കാര്യം എടുത്തെഴുതാന്‍ കമ്മിഷന്‍ ഉദ്ദേശിക്കുന്നത്. ഇതു നിയമവിരുദ്ധമായിരുന്നു എന്നു മാത്രമല്ല, കരുതല്‍ തടവിന്റെ എല്ലാ ലക്ഷ്യങ്ങളും മറന്നുകൊണ്ട് ഉള്ളതുമായിരുന്നു. തടവുകാരോട് മാന്യമായും അര്‍ഹിക്കുന്ന ബഹുമാനത്തോടെയും പെരുമാറുന്നു എന്ന് ഉറപ്പാക്കണം. അവരുടെ മേല്‍ ചുമത്തുന്ന നിയന്ത്രണങ്ങള്‍ മിതമായതും രാഷ്ട്രസുരക്ഷയേയും നിയമപരിപാലനത്തെയും മാത്രം മുന്‍നിര്‍ത്തി ഉള്ളവയും ആകണം. വിദ്യാര്‍ഥികളായ തടവുകാര്‍ക്ക് പരീക്ഷ എഴുതാന്‍ അവസരം നല്‍കണം. വനിതകളായ തടവുകാര്‍ക്കു സൗകര്യപ്രദമായ താമസ സൗകര്യം     ഒരുക്കാനും ആവശ്യമായ സംവിധാനങ്ങള്‍ എത്തിക്കാനും ഏര്‍പ്പാടുകള്‍ ചെയ്യണം. 

15.24 സര്‍ക്കാരിന്റെ ചില വകുപ്പുകളും സ്ഥാപനങ്ങളും നിര്‍ബന്ധമായും രഹസ്യ സ്വഭാവത്തോടെ പ്രവര്‍ത്തിക്കേണ്ടതാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ആദായ നികുതി വകുപ്പ്, ഇന്റലിജന്‍സ് ബ്യുറോ,  സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങി എതാനും സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കമ്മിഷന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. അവരുടെ പ്രവര്‍ത്തനത്തിന്റെ പ്രത്യേകത കൊണ്ടു തന്നെ ഒരു കാര്യം ഉറപ്പാക്കേണ്ടതുണ്ട്-അവര്‍ ചെയ്യുന്ന  കാര്യങ്ങള്‍ ബന്ധപ്പെട്ട വ്യക്തികളുടെ  ജീവിതത്തിനും സ്വാതന്ത്ര്യത്തിനും കീര്‍ത്തിക്കും ദോഷകരമായി ഭവിക്കരുത്. ഈ സ്ഥാപനങ്ങളുടെ വിശ്വാസ്യതയും പ്രവര്‍ത്തനത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങളും ആത്യന്തികമായി നിര്‍ണയിക്കുന്നത് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഭീതിയില്ലാതെയും സ്വതന്ത്രമായും മറ്റ് ഇടപെടല്‍ ഇല്ലാതെയും പ്രവര്‍ത്തിക്കാന്‍ കഴിയുന്നുണ്ടോ എന്നു നോക്കിയാണ്. ഈ ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തില്‍ നിന്നും പ്രലോഭനങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തുന്നതിനായി നിയമനത്തിന് നിശ്ചിത കാലാവധി നിര്‍ണയിക്കണം. വിരമിച്ച ഉദ്യോഗസ്ഥരെ  സ്ഥാപനങ്ങളുടെ തലവന്മാരായി നിയമിക്കുന്നതു വിനാശകരമായ തീരുമാനമാണ്. അധികാര ദുര്‍വിനിയോഗത്തിന്റെ ഉറവിടമായി പലപ്പോഴും ഇതു മാറുകയും ചെയ്യും.


15.25 ഇന്റലിജന്‍സ് ബ്യൂറോയുടെ ചില പ്രവര്‍ത്തനങ്ങളെ കടുത്ത ആശങ്കയോടെയാണ് കമ്മിഷന്‍ വീക്ഷിക്കുന്നത്. അമേരിക്കന്‍ സെനറ്റിന്റെ ഇന്റലിജന്‍സ് പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള സെലക്ട് കമ്മിറ്റിയുടെ 1975ലെ ഹിയറിങ് രേഖകള്‍ പരിശോധിക്കാന്‍ കമ്മിഷന് അവസരം ലഭിച്ചു. കമ്മിറ്റിയുടെ വൈസ് ചെയര്‍മാനായ സെനറ്റര്‍ ടവര്‍ ആമുഖ പ്രസംഗത്തില്‍ ഇങ്ങനെ പറയുന്നു. 

കൃത്യവും ആധുനികവുമായ ഇന്റലിജന്‍സ് ഏജന്‍സി പ്രവര്‍ത്തിക്കുന്നുണ്ട് എങ്കില്‍ ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ ജനങ്ങളുടെ സുരക്ഷിതമാകാനുള്ള അവകാശം കൊണ്ട് മാറ്റി പ്രതിഷ്ടിക്കാന്‍ കഴിയും എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. 

കമ്മിറ്റുയുടെ ചെയര്‍മാനായ ഫ്രാങ്ക് ചര്‍ച്ച് നിരീക്ഷിക്കുന്നത് ഇങ്ങനെയാണ്-

ഒരു കാര്യം പരസ്യമാക്കേണ്ടതുണ്ടോ എന്നു തീരുമാനിക്കേണ്ടത് ആ  വസ്തുത മാത്രം പരിഗണിച്ചല്ല, പൊതുവായ ഒട്ടേറെ കാര്യങ്ങള്‍ പരിശോധിച്ചാണ്.  ഒരു ജനാധിപത്യ സംവിധാനത്തില്‍ സ്വന്തം സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത് എന്നറിയാനുള്ള മുന്തിയ പരിഗണന അതിന്റെ ജനങ്ങള്‍ക്കു നല്‍കണം. നമ്മുടെ ജനാധിപത്യത്തിന്റെ സ്ഥാപകരില്‍ ഒരാളായ എഡ്വേഡ് ലിവിങ്‌സ്‌റ്റോണ്‍ പറഞ്ഞതു പോലെ ജനാധിപത്യം പുലരുന്നത് കാര്യജ്ഞാനമുള്ള പൗരന്മാരിലൂടൊയാണ്. 

അതിന്റെ ഉദ്യോഗസ്ഥരെ സസൂക്ഷ്മം വീക്ഷിക്കുന്നതു കൊണ്ട് ഒരു രാജ്യത്തിനും എന്തെങ്കിലും ദോഷം ഉണ്ടായിട്ടില്ല. മറിച്ച് വിവരങ്ങള്‍ പരസ്യമാക്കാതിരിക്കുന്നതിലൂടെ നിരവധി ഇടങ്ങളില്‍ നാശം ഉണ്ടാവുകയും അടിമത്തത്തിന്റെ അവസ്ഥയിലേക്കു വരെ തരംതാഴുകയും ചെയ്തിട്ടുണ്ട്. 

കാര്യങ്ങള്‍ വെളിപ്പെടുത്താനുള്ള പൊതു തത്വങ്ങള്‍ ഈ കമ്മിറ്റി കണ്ടെത്തുന്നകാര്യങ്ങളിലെ വസ്തുതകളില്‍ നിന്ന് വ്യക്തമാകും. കഴിഞ്ഞ 30 വര്‍ഷമായി ഈ രാജ്യത്ത് ഉണ്ടായിരുന്ന അതീവ രഹസ്യ സ്വഭാവമുള്ള ഇന്റലിജന്‍സ് സംവിധാനം ഒരു തരത്തിലുള്ള ചര്‍ച്ചയ്ക്കും പാത്രമായിട്ടില്ല. എന്‍. എസ്. എ. യുടെ കാര്യത്തിലാണെങ്കിലും സി.ഐ.എ.യുടെ കാര്യത്തിലാണെങ്കിലും  നിയമങ്ങള്‍ ഒട്ടും പര്യാപ്തമല്ല. ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവും എന്നു തോന്നിക്കുന്ന രീതിയിലാണ് ഏജന്‍സികള്‍ ചില ഘട്ടങ്ങളില്‍  പ്രവര്‍ത്തിച്ചത്. ഈ നിയമങ്ങളില്‍ മാറ്റം വരുത്തേണ്ടതുണ്ടോ എന്ന് അറിയിക്കാന്‍ പൊതുജനങ്ങള്‍ക്കും കോണ്‍ഗ്രസിനും അവസരം നല്‍കേണ്ട സമയം ആയിരിക്കുന്നു. കഴിഞ്ഞ 30 വര്‍ഷമായി അതു സംഭവിച്ചിട്ടില്ല. ഏതായാലും ഒരു തലമുറയില്‍ ഒരിക്കലെങ്കിലും അത്തരമൊരു ചര്‍ച്ച നടത്തുന്നത് ഒട്ടും അധികപറ്റാവില്ല. 

ഈ സമിതിയുടെ ജോലിക്കിടെ നാം പഠിക്കുന്ന എല്ലാ കാര്യങ്ങളും പുറത്തു പറയണം എന്നില്ല. എന്‍.എസ.്എ.യെക്കുറിച്ച് ഉള്‍പ്പെടെ അറിഞ്ഞ കാര്യങ്ങളെല്ലാം വെളിപ്പെടുത്താന്‍ കഴിയുകയുമില്ല. ഈ രാജ്യത്തിനു സുശക്തമായ ഇന്റലിജന്‍സ് സംവിധാനം ഉണ്ടാകണം. പക്ഷേ,   പ്രവര്‍ത്തിക്കുന്നത് നിയമപരമായി ആയിരിക്കണം. നിയമവിരുദ്ധമായ ചെയ്തികള്‍ രഹസ്യമായി സൂക്ഷിക്കുന്നത് നമ്മുടെ ഇന്റലിജന്‍സ് സംവിധാനത്തെ തന്നെ ദുര്‍ബലമാക്കും.  നിയമപരമായും ജനാധിപത്യപരമായുമാണ് ഈ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നത് എന്ന ഉറപ്പ് ലഭിച്ചില്ലെങ്കില്‍ ജനങ്ങളുടെ പിന്തുണ എല്ലാക്കാലത്തേക്കും ലഭിക്കില്ല. തോമസ് ജെഫേഴ്‌സണ്‍ പറഞ്ഞതുപോലെ ശാശ്വതമായ ജാഗ്രത എന്നത് സ്വാതന്ത്ര്യത്തിന്റെ സമ്മാനമാണ്. 

ആദായ നികുതി വകുപ്പ്, സിബിഐ, ഇന്റലിജന്‍സ് ബ്യൂറോ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവ നയിക്കുന്നതു രാജ്യത്തിന്റെയും അതിന്റപൗരന്മാരുടെയും താല്‍പര്യങ്ങളില്‍ ഉത്കണ്ഠയുള്ളവരും മൂല്യങ്ങള്‍ പാലിക്കുന്ന കാര്യത്തില്‍ പൊതു സമ്മതി നേടിയവരും ആകണം. അവര്‍ കാര്യശേഷിയും ആത്മാഭിമാനവുമുള്ള വരായിരിക്കണം. രാഷ്ട്ര ജീവിതത്തില്‍ നിര്‍ണായക സ്വാധീനമുള്ള ഇത്തരം സ്ഥാപനങ്ങളുടെ തലപ്പത്ത്  താഴ് ന്ന മൂല്യങ്ങളുള്ള ആളുകള്‍ വരുന്നത് വന്‍ ദുരന്തമായിരിക്കും. 

15.26 മറ്റൊരു രാജ്യത്തു വികസിപ്പിച്ച സംവിധാനം അതുപോലൊ ഇവിടെ നടപ്പാക്കണം എന്നല്ല കമ്മിഷന്‍ നിര്‍ദേശിക്കുന്നത്. ഓരോ രാജ്യത്തിനും അതിന്റെ തനതു രീതിക്ക് അനുയോജ്യമായ വിധത്തില്‍ വേണം ചട്ടങ്ങള്‍ രൂപീകരിക്കാന്‍. ഇവിടെ ഒരു കാര്യം മാത്രമാണ് കമ്മിഷന്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നത്. ഇന്റലിജന്‍സ് ഏജന്‍സികളുടെ ഫലപ്രദമായ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ അവയുടെ   നടപടികളും നേട്ടങ്ങളും വിലയിരുത്താന്‍  ഉത്തരവാദപ്പെട്ട സമിതി ഉണ്ടാകണം. സത്യസന്ധതയുടെ പേരിലും പൊതു സേവനത്തിന്റെ കാര്യത്തിലും മാതൃകാപരമായി പ്രവര്‍ത്തിച്ചവരാകണം ഈ സമിതിയില്‍ വരേണ്ടത്. 

 15.27 ഈ അധ്യായം അവസാനിപ്പിക്കുന്നതിനു മുന്‍പ് പരിഗണനയ്ക്കു വന്ന അനേകം കേസുകള്‍ കൈകാര്യം ചെയ്ത രീതി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ കമ്മിഷന്‍ ഉദ്ദേശിക്കുകയാണ്. കമ്മിഷന്‍ 1977 ജൂലൈയില്‍ പുറപ്പെടുവിച്ച മാര്‍ഗരേഖ ഇങ്ങനെയാണ്. 

ശിക്ഷ വിധിക്കുക എന്നതല്ല കമ്മിഷന്റെ ലക്ഷ്യം. ചില വ്യക്തികളുടേയും സംഘങ്ങളുടേയും  അപരാധം പരിശോധിക്കുക എന്നതാണ്. ഉദ്യോഗസ്ഥരെ സംബന്ധിച്ചാണെങ്കില്‍ അവരെ മൂന്നു വിശാലമായ സമിതികളായി തിരിക്കാം. 

എ) ലഭിച്ച ഉത്തരവ് അനുസരിച്ചു മാത്രം പ്രവര്‍ത്തിച്ചവര്‍

ബി) മറ്റുള്ളവരേക്കാള്‍ കുറച്ചുകൂടി അവധാനതയോടെ ഉത്തരവുകളെ കണ്ടവര്‍

സി) ഏതെങ്കിലും വ്യക്തിയുടേയോ സംഘടനയുടേയോ നേട്ടത്തിനായി ഉത്തരവുകളെ കടന്നു വ്യാഘ്യാനിക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്തവര്‍. 

മൂന്നാം വിഭാഗത്തില്‍ വരുന്ന ആളുകളെ മാത്രമാണ് കമ്മിഷന്‍ വിമര്‍ശന വിധേയമായി പരിഗണിക്കുന്നത്.

15.28 കമ്മിഷനു മുന്നില്‍ ഹാജരായി അധികാരമോ പദവിയോ ഉപയോഗിച്ച് വിവരം നല്‍കിയവര്‍  അംഗീകരിക്കപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല. ഈ സാഹചര്യത്തില്‍ കമ്മിഷന്‍ ഒരു കാര്യം ആവര്‍ത്തിച്ചു വ്യക്തമാക്കാന്‍ ആഗ്രഹിക്കുകയാണ് കുറ്റവാളികള്‍ക്കു ലഭിക്കുന്ന ശിക്ഷയുടെ വ്യാപ്തിയോ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണമോ അല്ല അന്വേഷണത്തിന്റെ വിജയമായി കണക്കാക്കുന്നത്. മറിച്ച്, ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന കരുതല്‍ നടപടികളാണ് നേട്ടം നിര്‍ണയിക്കുക.
 


15.29 ഈ അധ്യായത്തില്‍ കമ്മിഷന്‍ ഉന്നയിച്ച പല പ്രശ്‌നങ്ങളും മറ്റ് അധ്യായങ്ങളില്‍ പറഞ്ഞുപോയവയാണ്. ഈ അധ്യായം തയ്യാറാക്കുമ്പോള്‍ കമ്മിഷന്‍ പരിഗണിച്ചത് പ്രധാനപ്പെട്ട സംഭവങ്ങളെ ഒന്നിച്ച് അവതരിപ്പിക്കാനും അടിയന്തര ശ്രദ്ധയില്‍ വരേണ്ട കാര്യങ്ങള്‍ എടുത്ത് എഴുതാനുമാണ്. കമ്മിഷന്റെ നിര്‍ദേശങ്ങള്‍ പൊതു സംവാദം ഉയര്‍ത്തുകയും തിരുത്തലിനുള്ള ചാലകശക്തിയായി വര്‍ത്തിക്കുകയും ചെയ്താല്‍ അതാകും കമ്മിഷനു ലഭിക്കുന്ന എറ്റവും വലിയ പ്രതിഫലം. അത് എത്രവേഗത്തില്‍ ചെയ്യാന്‍ കഴിയുന്നു എന്നത് നമ്മുടെ ജനാധിപത്യത്തിന്റെ ഊര്‍ജസ്വലതയേയും മരവിപ്പില്‍ നിന്നു മടങ്ങിവരാനുള്ള കഴിവിനേയും ആശ്രയിച്ചിരിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com