അടിയന്തരാവസ്ഥയിലെ സ്ത്രീകള്‍; സമരങ്ങള്‍

പുരുഷ അധ്യായമായി കേരളത്തില്‍ എഴുതപ്പെട്ട അടിയന്തരാവസ്ഥാ വിരുദ്ധ സമരത്തില്‍ സ്ര്തീകളുടെ ചെറുത്തുനില്പ് നിര്‍ണായകമായിരുന്നു
അടിയന്തരാവസ്ഥയിലെ സ്ത്രീകള്‍; സമരങ്ങള്‍

ടിയന്തരാവസ്ഥയുടെ ചരിത്രം എന്നും പുരുഷപ്രതിരോധത്തിന്റേയും സഹനങ്ങളുടേയും ചരിത്രമായി ചുരുക്കപെ്പട്ടിട്ടുണ്ട്. സ്ര്തീകളുടെ ചെറുത്തുനില്‍പ്പും അവരേറ്റ മര്‍ദനങ്ങളും പരാമര്‍ശ വിഷയം പോലുമാവാതെ പലപേ്പാഴും ഒതുങ്ങുകയാണ് പതിവ്. എങ്ങനെയാണ് കേരളത്തിലെ സ്ര്തീകള്‍ അടിയന്തരാവസ്ഥയെ നേരിട്ടത്? അതിജീവിച്ചത്?
ചരിത്രത്തിന്റെ പക്ഷപാതിത്വം എന്നും തുറന്ന രൂപത്തില്‍ പ്രകടമാണ്. കേരളത്തിലെ അടിയന്തരാവസ്ഥക്കാലവും അതില്‍നിന്ന് വ്യത്യസ്തമല്‌ള. ആണുങ്ങളുടെ പ്രതിരോധവും അവരേറ്റ മര്‍ദനവും ആഘോഷിക്കപെ്പട്ടപേ്പാള്‍ സ്ര്തീകളുടെ സമരമോ അതിജീവനമോ വിഷയമാകാതെ പോയി. ചിലപേ്പാഴൊക്കെ പുരുഷ കഥകളില്‍ കേവല പരാമര്‍ശം മാത്രമായി ചില സ്ര്തീകള്‍ കടന്നുവന്നു എന്നുമാത്രം. ഫലത്തില്‍ അടിയന്തരാവസ്ഥ ഒരു പുരുഷഅധ്യായമായി ചുരുങ്ങി. അതായിരുന്നില്‌ള വാസ്തവം.
ആ നാളുകളില്‍ പുരുഷനൊപ്പമോ അലെ്‌ളങ്കില്‍ അതിനെക്കാളുമോ സ്ര്തീകള്‍ നിര്‍ണായകമായി വരുന്നുണ്ട്. സമരത്തിലും സഹനത്തിലും അത്യുജ്വലമായ മാതൃകകള്‍ സ്ര്തീകള്‍ തീര്‍ത്തു. ഭരണകൂട ഭീകരതയുടെ ദിനങ്ങളില്‍ നിയമസഭയിലും തെരുവിലും  കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലും ജയിലിലും  വീട്ടകങ്ങളിലും സ്ര്തീകള്‍ തോല്‍ക്കാന്‍ വിസമ്മതിച്ച് പൊരുതിനിന്നു.

നശിപ്പിക്കപെ്പട്ട രേഖകള്‍
അടിയന്തരാവസ്ഥയില്‍ എത്ര സ്ര്തീകള്‍ തടവിലും നിയമവിരുദ്ധ കസ്റ്റഡിയിലും പീഡിപ്പിക്കപെ്പട്ടുവെന്നതിന് കൃത്യമായ കണക്കില്‌ള. മനുഷ്യവകാശ ലംഘനങ്ങള്‍ പുറംലോകം അറിയാതിരിക്കാന്‍ അക്കാലത്തെ ജയില്‍/പൊലീസ് രേഖകളില്‍ നല്‌ള പങ്കും ഭരണകൂടം നശിപ്പിച്ചുകളഞ്ഞു. അടിയന്തരാവസ്ഥയ്ക്കുശേഷം കോടതി ഇടപെടല്‍ ഉണ്ടാവുകയും അതിക്രമങ്ങളെപ്പറ്റി അന്വേഷിക്കാന്‍ ജസ്റ്റിസ് ഷാ കമ്മീഷന്‍ നിയോഗിക്കപെ്പടുകയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു രേഖകള്‍ നശിപ്പിക്കല്‍. അതിനാല്‍ തന്നെ അടിയന്തരാവസ്ഥയുടെ ഇരുപത്തിയൊന്ന് മാസങ്ങളില്‍ എത്രപേര്‍ പീഡിപ്പിക്കപെ്പട്ടു എന്നതിന് കൃത്യമായ കണക്ക് ആരുടേയും പക്കലില്‌ള. സ്ര്തീകള്‍ ഉള്‍പ്പടെ അറസ്റ്റിലായവരുടെ എണ്ണത്തെപ്പറ്റിയോ അവര്‍ ആരൊക്കെയെന്നോ നിയമസഭയില്‍ ഒരു ഘട്ടത്തിലും വ്യക്തമാക്കപെ്പട്ടില്‌ള. അംഗങ്ങളുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്കെല്‌ളാം നിഷേധ ഉത്തരമാണ് ആഭ്യന്തരമന്ത്രി കെ. കരുണാകരന്‍ നല്‍കിയത്. 
1976 മാര്‍ച്ച് 9-ന് നിയമസഭയില്‍ പെണ്ണമ്മ ജേക്കബ് രാഷ്ട്രീയത്തടവുകാരായ സ്ര്തീകള്‍ കേരളത്തില്‍ എത്രയുണ്ടെന്നും അവര്‍ ആരൊക്കെയാണെന്നും അവരുടെ പേരുകള്‍ എന്താണെന്നും ചോദിച്ചതിന്  പൊതുതാല്പര്യത്തെ മുന്‍നിര്‍ത്തി ഈ വിവരങ്ങള്‍ വെളിപെ്പടുത്താന്‍ നിര്‍വാഹമിലെ്‌ളന്നായിരുന്നു കരുണാകരന്റെ മറുപടി. 
അനൗദ്യോഗിക കണക്ക് പ്രകാരം 500-നുമേല്‍ സ്ര്തീകള്‍ തടങ്കലിലും നിയമവിരുദ്ധ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലും പീഡനത്തിന് ഇരകളായിട്ടുണ്ട്. കേരളത്തില്‍ 1270 മിസാ (ആഭ്യന്തര സുരക്ഷിതത്വനിയമം) തടവുകാരുണ്ടായിരുന്നെന്നാണ് ഔദ്യോഗിക കണക്ക്. അതില്‍ മൂന്നുപേരാണ് സ്ര്തീകള്‍- മന്ദാകിനി നാരായണന്‍, സി.ആര്‍. സുലോചന, എം. ദേവകിയമ്മ. ഇന്ത്യയിലാകെ 77 സ്ര്തീകള്‍ മിസാ പ്രകാരം തടവിലടക്കപെ്പട്ടുവെന്നാണ് രേഖകള്‍ പറയുന്നത്. അറസ്റ്റുകള്‍ മുഴുവന്‍ നടന്നത് ഡി.ഐ.ആര്‍. (രാജ്യരക്ഷാ നിയമം) പ്രകാരമായിരുന്നു. ആറുമാസം വരെയാണ് ഈ നിയമം പ്രകാരം തടവിലടയ്ക്കാവുന്ന കാലാവധി. മിസ, ഡി.ആര്‍.ഐ അറസ്റ്റുകള്‍ക്ക് പുറത്ത്, കേരളത്തിലെമ്പാടും ആയിരത്തോളം സ്ര്തീകള്‍ക്ക് പൊലീസ് അതിക്രമങ്ങളില്‍ പരുക്കേറ്റു. കുറെ സ്ര്തീകള്‍ക്ക് യൂത്ത് കോണ്‍ഗ്രസുകാരുടെ അക്രമങ്ങളിലും പരുക്കേറ്റതായാണ് വിവരം. 

പെണ്ണമ്മ ജേക്കബ്, എം. കമലം, സുശീലാ ഗോപാലന്‍
പെണ്ണമ്മ ജേക്കബ്, എം. കമലം, സുശീലാ ഗോപാലന്‍

മുഖ്യധാരയിലെ സമരങ്ങള്‍
അടിയന്തരാവസ്ഥയിലെ കരിനിയമങ്ങള്‍ക്കും പൗരാവകാശ നിഷേധങ്ങള്‍ക്കുമെതിരെ കേരളത്തില്‍ മുഖ്യമായും സമരം നടത്തിയത് നക്‌സലൈറ്റുകളും ആര്‍.എസ്.എസ്/ജനസംഘം പ്രവര്‍ത്തകരുമാണ്. ഈ രണ്ടുവിഭാഗങ്ങളേയും മുഖ്യധാര പാര്‍ട്ടികള്‍ എന്നു വിളിക്കുന്നത് ശരിയായിരിക്കില്‌ള. മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ സി.പി.എമ്മിന്റെ പ്രതിഷേധങ്ങള്‍ അന്നത്തെ സംഘടനാസംവിധാനവും അംഗബലവും മറ്റും വച്ച് നോക്കുമ്പോള്‍ തീര്‍ത്തും ദുര്‍ബലമായിരുന്നു. 
1975 ജൂലൈ 10-ന് കേരളത്തില്‍ പ്രതിപക്ഷമുന്നണിയും ജനസംഘവും ചേര്‍ന്ന് സംസ്ഥാന-ജില്‌ളാതലങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചു. നിരോധനാജ്ഞ ലംഘിച്ചായിരുന്നു പ്രകടനം. തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ നടന്ന പ്രകടനത്തിന്റെ മുന്‍നിരയില്‍ നിലകൊണ്ടവരില്‍ ഒരാള്‍ സി.പി.എം. നേതാവായ സുശീല ഗോപാലനായിരുന്നു. ഈ പ്രതിഷേധത്തിന്റെ പേരില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി എ.കെ.ജി, ഇം.എം. ശങ്കരന്‍ നമ്പൂതിരിപ്പാട്, കെ.എം. ജോര്‍ജ്, ആര്‍. ബാലകൃഷ്ണപ്പിള്ള, കെ. ശങ്കരനാരായണന്‍, ഒ. രാജഗോപാല്‍ തുടങ്ങിയവര്‍ അറസ്റ്റിലായി. തിരുവനന്തപുരത്ത് മറ്റ് ഇരുപത്തിയൊന്‍പത് പേര്‍ക്കൊപ്പം അറസ്റ്റിലായ സുശീല ഗോപാലനെ പൂജപ്പുരയിലെ വനിതാ വാര്‍ഡിലാണ് അടച്ചത്. എറണാകുളത്ത് നിരോധനം ലംഘിച്ച എ.കെ.ജി. അടക്കമുള്ളവരെ പൂജപ്പുരയില്‍ കൊണ്ടുവന്നു. അക്കാലത്ത് രോഗം മൂലം അവശനായിരുന്നു എ.കെ.ജി.  ഡോക്ടര്‍ കൂടിയായ സുശീല ഗോപാലന്റെ സഹായം രോഗിയും ജീവിതപങ്കാളിയുമായ തനിക്ക് വിട്ടുകിട്ടണമെന്ന് എ.കെ.ജി ജയിലില്‍ ശബ്ദമുയര്‍ത്തി. ഒടുവില്‍ ജയിലധികൃതര്‍ക്ക് വഴങ്ങേണ്ടിവന്നു. ഒരാഴ്ചയാണ് സുശീല ഗോപാലന്‍ തടങ്കലില്‍ കഴിഞ്ഞത്. മറ്റ് പ്രതിപക്ഷ നേതാക്കള്‍ക്കൊപ്പം സുശീലയും മോചിപ്പിക്കപെ്പട്ടു. മോചനത്തിനുശേഷവും അടിയന്തരാവസ്ഥയില്‍ സുശീല ഗോപാലന്‍ അടങ്ങിയിരുന്നില്‌ള. കണ്ണൂര്‍ ജില്‌ളയില്‍ പെരളശേ്ശരിയടക്കം വിവിധ സ്ഥലങ്ങളില്‍ പ്രസംഗിച്ചു; യോഗങ്ങില്‍ പങ്കെടുത്തു.
എം. കമലമാണ് അടിയന്തരാവസ്ഥയ്‌ക്കെതിരെ പ്രതിഷേധിച്ച മറ്റൊരു പ്രമുഖ വനിതാ നേതാവ്. 1946- ല്‍ കോഴിക്കോട് മുനിസിപ്പാലിറ്റിയില്‍ കോണ്‍ഗ്രസ് ബാനറില്‍ കൗണ്‍സിലറായി പ്രവര്‍ത്തിച്ചാണ് എം. കമലം രാഷ്ട്രീയത്തില്‍ സജീവമാകുന്നത്.  പിന്നീട് കെ.പി.സി.സി. വൈസ് പ്രസിഡന്റായി. 1960 മുതല്‍ എ.ഐ.സി.സി. അംഗം. ഇന്ദിരാഗാന്ധിയുമായി വളരെ അടുത്ത് വ്യക്തിബന്ധം പുലര്‍ത്തിയിരുന്ന കമലം 1969-ല്‍ പാര്‍ട്ടി പിളര്‍ന്നപേ്പാള്‍ സംഘടനാ കോണ്‍ഗ്രസില്‍ നിലയുറപ്പിച്ചു. ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ആദ്യനാളില്‍ തന്നെ അതിനെതിരെ പ്രതിഷേധവുമായി കമലം രംഗത്ത് എത്തി. ഡി.ഐ.ആര്‍. അനുസരിച്ച് അറസ്റ്റിലായ കമലം മൂന്നുമാസമാണ് ജയിലില്‍ കഴിഞ്ഞത്. പിന്നീട് 1977-ല്‍ ജനതാപാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി കോഴിക്കോട് മത്സരിച്ചെങ്കിലും പരാജയപെ്പട്ടു. അന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കായി പ്രചരണത്തിനെത്തിയ ഇന്ദിരാഗാന്ധി പറഞ്ഞത് ഇങ്ങനെ: കമലം എനിക്ക് സുഹൃത്ത് മാത്രമല്ല, സഹോദരി കൂടിയാണ്. പക്ഷേ, ആപത്ഘട്ടത്തില്‍ കമലം എന്നെ കൈവിട്ടു. ഇന്ദിരാഗാന്ധിയുടെ കാലത്ത് തന്നെ ''കമലം കോണ്‍ഗ്രസിലേക്ക് മടങ്ങി. 1980-ലും 1982-ലും കല്‍പ്പറ്റയില്‍ നിന്ന് ജയിച്ച് നിയമസഭയില്‍ എത്തി. പിന്നീട് വനിതാ കമ്മീഷന്‍ അധ്യക്ഷയുമായി.

സഭയിലെ പെണ്‍ പ്രതിഷേധങ്ങള്‍ 
അടിയന്തരാവസ്ഥയില്‍ നിയമസഭയ്ക്കുള്ളില്‍പോലും സി.പി.എം ഉള്‍പെ്പട്ട പ്രതിപക്ഷത്തെ നയിച്ചിരുന്നത് ഭയമാണെന്ന് നിയമസഭാ സമ്മേളനത്തിന്റെ നടപടിക്രമങ്ങളുടെ അച്ചടിച്ച 2540-ലധികം പേജുകള്‍ വിശദ പരിശോധനയ്ക്ക് വിധേയമാക്കുമ്പോള്‍ വ്യക്തമാകും. പൊലീസ് തങ്ങളെ എപേ്പാള്‍ വേണമെങ്കിലും തേടിവരുമെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞായിരുന്നു ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാട് ഉള്‍പ്പടെയുള്ള പ്രതിപക്ഷ നേതാക്കളുടെ സംസാരം. എന്നാല്‍ സഭയ്ക്കുള്ളില്‍ അടിയന്തരാവസ്ഥയ്‌ക്കെതിരെ ഏറ്റവും ശക്തമായ രീതിയില്‍ ശബ്ദമുയര്‍ത്തിയത് ഒരു സ്ത്രീയാണ്- പെണ്ണമ്മ ജേക്കബ്. ഒരുവേള, പുരുഷ എം.എല്‍.എമാരേക്കാള്‍ ഉച്ചത്തില്‍ മുഴങ്ങുന്നതായിരുന്നു അവരുടെ ശബ്ദം.: ''ശ്രീമതി ഇന്ദിരാഗാന്ധി പിതാവിന്റെ കാലടികളെ പിന്തുടര്‍ന്നിലെ്‌ളന്നു മാത്രമല്‌ള, ലോകത്ത് ഒരാളുടേയും കാലടികളെ പിന്തുടര്‍ന്നില്‌ള. അവരുടെതന്നെ കാലടികളെ പിന്തുടരാന്‍ കഴിവില്‌ളാതെ ഇന്ന് ഒറ്റക്കാലില്‍ നില്‍ക്കുന്ന വഞ്ചകിയായ ഒരു സ്ര്തീയാണെന്ന് പറയാന്‍ ഞാന്‍ ഈ അവസരം വിനിയോഗിക്കുകയാണ്. ...ഇന്ത്യയിലല്‌ള ലോകത്തെമ്പാടുമുള്ള സ്ര്തീവര്‍ഗത്തിന് കളങ്കം ചാര്‍ത്തിക്കൊണ്ട് കോടതിയെപേ്പാലും ബഹിഷ്‌കരിച്ചത് അങ്ങേയറ്റം നിര്‍ഭാഗ്യകരമായിപേ്പായി.' 
1975 ഓഗസ്റ്റ് 9-ന് നിയമസഭയില്‍ വക്കം പുരുഷോത്തമന്‍ അവതരിപ്പിച്ച ഭരണഘടനാ ഭേദഗതിയെ എതിര്‍ത്തായിരുന്നു പെണ്ണമ്മ ജേക്കബ് ഇങ്ങനെ പറഞ്ഞത്. 
സഭയിലെ ഏറ്റവും തീവ്രനിലപാടുകാരി എന്ന് വിശേഷിപ്പിക്കപെ്പട്ട കെ.ആര്‍. ഗൗരിയേയും പിന്നിലാക്കുന്നുണ്ട് അടിയന്തരാവസ്ഥയില്‍ പെണ്ണമ്മ ജേക്കബ്. സഭയില്‍ ഇന്ദിരാഗാന്ധിയെ വ്യക്തിപരമായിപ്പോലും പരാമര്‍ശിക്കാന്‍ പ്രതിപക്ഷം ഭയപെ്പടുമ്പോഴായിരുന്നു വഞ്ചകിയെന്ന വിശേഷണം. കോണ്‍ഗ്രസ് അംഗമായിരുന്നു  ആദ്യകാലത്ത് പെണ്ണമ്മ ജേക്കബ്. 1964 -ല്‍ കോണ്‍ഗ്രസ് വിട്ടു. കേരള കോണ്‍ഗ്രസ് രൂപീകരിക്കപെ്പട്ടപേ്പാള്‍ അതില്‍ അംഗമായി. 1970-ല്‍ സ്വതന്ത്ര അംഗമായാണ് മൂവാറ്റുപുഴയില്‍നിന്ന് പെണ്ണമ്മ ജേക്കബ് നിയമസഭയില്‍ എത്തിയത്. 
അടിയന്തരാവസ്ഥക്കാലത്ത് രണ്ട് പ്രതിഷേധങ്ങള്‍ക്കേ നിയമസഭ സാക്ഷ്യം വഹിച്ചുള്ളൂ. രണ്ടു തവണയും പ്രതിപക്ഷം സഭ വിട്ടിറങ്ങി. 1976 ഫെബ്രുവരി 13-ന് സഭകൂടിയ ഉടന്‍ നിയസഭാംഗങ്ങളെ തടവിലടച്ചതില്‍ പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷം ഇറങ്ങിപേ്പായത്. അതിന്റെ മുന്‍നിരയില്‍ കെ.ആര്‍. ഗൗരിയമ്മയും പെണ്ണമ്മ ജേക്കബും നിലകൊണ്ടു. 
രണ്ടാമത്തെ പ്രതിഷേധം 1976 ഒക്‌ടോബര്‍ 15-നായിരുന്നു. കരുതല്‍ തടങ്കലില്‍ കഴിയുന്ന ചില നേതാക്കന്‍മാര്‍ 'നിരാഹാര സത്യഗ്രഹം അനുഷ്ഠിച്ചതിനെ തുടര്‍ന്ന് ഉളവായ ഗുരുതരാവസ്ഥ ചര്‍ച്ചചെയ്യുന്നതിന് ഇന്നത്തെ സഭാനടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപെ്പട്ട്' റൂള്‍ അന്‍പത് അനുസരിച്ച് നോട്ടീസ് നല്‍കിയവരില്‍ ഒരാള്‍ ഗൗരിയമ്മയായിരുന്നു. അനുമതി നിഷേധിച്ച് സ്പീക്കറുടെ റൂളിങ്ങ് ഉണ്ടായ ഉടനെ കെ.ആര്‍. ഗൗരി തങ്ങള്‍ സഭയില്‍നിന്ന് ഇറങ്ങിപേ്പാകുകയാണെന്ന് അറിയിച്ചു.  ഗൗരിയും പ്രതിപക്ഷ പാര്‍ട്ടി മെമ്പര്‍മാരും നിശ്ശബ്ദം സഭയില്‍ നിന്നിറങ്ങിപേ്പായി. ഈ പ്രതിഷേധത്തിലും പെണ്ണമ്മ ജേക്കബ് ഉണ്ടായിരുന്നു.

കെ.ആര്‍ ഗൗരിയമ്മ, മന്ദാകിനി, അജിത
കെ.ആര്‍ ഗൗരിയമ്മ, മന്ദാകിനി, അജിത

തെരുവിലെ സമരധീരത
ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രയോക്താക്കള്‍ എന്ന നിലയില്‍ എതിര്‍പ്പ് പുലര്‍ത്താമെങ്കിലും, അടിയന്തരാവസ്ഥാ നാളില്‍ ഏറ്റവും ഉജ്വലമായി സമരരംഗത്തിറങ്ങിയ സംഘടനകളില്‍ ഒന്ന് ജനസംഘമായിരുന്നു. ജനസംഘത്തെക്കൂടി ഉള്‍പെ്പടുത്തി ജയപ്രകാശ് നാരായണന്റെ അധ്യക്ഷതയില്‍ രൂപീകരിച്ച ലോക സംഘര്‍ഷ് സമിതി അടിയന്തരാവസ്ഥയ്‌ക്കെതിരെ സത്യഗ്രഹം നടത്താന്‍ കേന്ദ്രതലത്തില്‍ തീരുമാനിച്ചു. എല്‌ളാ താലൂക്കുകളിലും പതിനൊന്ന് പേര്‍ വീതമുള്ള സംഘങ്ങള്‍ 1975 നവംബര്‍ 14 മുതല്‍ പല ദിവസങ്ങളിലായി സത്യഗ്രഹം നടത്താനായിരുന്നു തീരുമാനം. സത്യഗ്രഹികള്‍ ഏകാധിപത്യത്തിനും മനുഷ്യാവകാശ ലംഘനത്തിനുമെതിരെ ലഘുലേഖകള്‍ പ്രചരിപ്പിക്കുകയൂം മുദ്രാവാക്യം മുഴക്കുകയും ചെയ്യും. അറസ്റ്റിലായാല്‍ ജാമ്യത്തിലിറങ്ങുകയോ മാപ്പ് എഴുതി നല്‍കുകയോ ചെയ്യില്‌ള. നെഹ്‌റുവിന്റെ ജന്മദിനം മുതല്‍  രണ്ടുമാസം (1977 ജനുവരി 26 വരെ) സമരം നീണ്ടു.
8000 പേര്‍ സത്യഗ്രഹത്തില്‍ പങ്കെടുത്തുവെന്നാണ് ജനസംഘത്തിന്റെ അവകാശവാദം. അതില്‍ 4650 പേര്‍ അറസ്റ്റിലായി. ഡിസംബര്‍ ഒന്നിന് സ്ത്രീകള്‍ മാത്രമുള്ള സംഘമാണ് കോഴിക്കോട്, പാലക്കാട്, എറണാകുളം, ആലപ്പുഴ എന്നിവിടങ്ങളില്‍ സത്യഗ്രഹം നടത്തിയത്.  എറണാകുളത്ത് ടി.പി. വിനോദിനി അമ്മയുടെ നേതൃത്വത്തിലാണ് സത്യഗ്രഹികള്‍ രംഗത്ത് എത്തിയത്. അറസ്റ്റിന് വിധേയമാകാന്‍ കൂട്ടാക്കാത്ത ഇവര്‍ക്ക് നേരെ പൊലീസ് മര്‍ദനം അഴിച്ചുവിട്ടു. വിനോദിനിക്കും ലാത്തിയടിയേറ്റു. സത്യഗ്രഹികളെ രാജ്യരക്ഷാ നിയമപ്രകാരം ജയിലിലടച്ചു. കേരളത്തില്‍ ഡിസംബര്‍ ഒന്നിന് മാത്രം ജനസംഘത്തിന്റെ കണക്ക് പ്രകാരം 44 സ്ത്രീകളാണ് അറസ്റ്റിലായത്. എറണാകുളത്ത് മര്‍ദനമേറ്റ ടി.പി. വിനോദിനിയമ്മ അടിയന്തരാവസ്ഥയുടെ അവസാന നാളുകള്‍ വരെ പോരാട്ടം തുടര്‍ന്നു. 
നേരത്തെ, 1975 സെപ്റ്റംബറില്‍ ലോക സംഘര്‍ഷ സമിതി സംസ്ഥാന സമിതി രൂപീകരിക്കാന്‍ പഴനിയില്‍ ചേര്‍ന്ന യോഗത്തിലും വിനോദിനിയമ്മ പൊലീസിന് പിടികൊടുക്കാതെ എത്തിയിരുന്നു. സര്‍വോദയ പ്രവര്‍ത്തകനായ എം.പി. മന്മഥന്‍, സംഘടനാ കോണ്‍ഗ്രസ് നേതാവ് കെ. ഗോപാലന്‍, സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സി.ജി. ജനാര്‍ദനന്‍, പരിവര്‍ത്തനവാദികള്‍ എന്നിവരായിരുന്നു യോഗത്തിന് എത്തിയ മറ്റുള്ളവര്‍. 
ജനസംഘത്തെയാണ് വിനോദിനിയമ്മ പ്രതിനിധീകരിച്ചതും. 1977 മാര്‍ച്ച് 16-ന്, തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പുന്നയൂര്‍കുളത്തെ ഒരു വീട്ടില്‍ ചെന്നപേ്പാള്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ വിനോദിനിയമ്മയേയും ഒപ്പമുണ്ടായിരുന്ന രാധാ ബാലകൃഷ്ണനേയും വളഞ്ഞിട്ട് മര്‍ദിച്ചു. പൊലീസാകട്ടെ യൂത്ത് കോണ്‍ഗ്രസിനൊപ്പമാണ് നിലകൊണ്ടത്. 
അടിയന്തരാവസ്ഥയില്‍തന്നെ എറണാകുളത്ത് എലൂര്‍ക്കവലയിലും സ്ര്തീകള്‍ പ്രകടനം നടത്തി. ഇവരെ പൊലീസ് നടുറോഡില്‍ വളഞ്ഞിട്ട് മര്‍ദിച്ചു. പൊലീസിന്റെ ലാത്തിയടിയില്‍ പി.കെ. പാറുക്കുട്ടിയമ്മയുടെ കൈ ഒടിഞ്ഞു. 
അടിയന്തരാവസ്ഥയിലെ വനിതാ പോരാളികളില്‍ എടുത്തുപറയേണ്ട ഒരാള്‍ എടപ്പാള്‍ സ്വദേശി  എം. ദേവകിയമ്മയാണ്. കേരളത്തില്‍ ആദ്യമായി പ്രധാന അധ്യാപികയ്ക്കുള്ള രാഷ്ട്രപതിയുടെ അവാര്‍ഡ് ലഭിച്ച ദേവകിയമ്മ ഔദ്യോഗിക ജീവിതത്തില്‍നിന്ന് വിരമിച്ചശേഷമാണ് ഭാരതീയ ജനസംഘത്തില്‍ ചേര്‍ന്നത്. വൈകാതെ സംഘത്തിന്റെ സംസ്ഥാന അധ്യക്ഷയായി. സത്യഗ്രഹത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ദേവകിയമ്മയെ അറസ്റ്റ് ചെയ്ത് വിയ്യൂര്‍ ജയിലിലടച്ചു. ഭര്‍ത്താവ് മരിച്ച് 41-ാം ദിവസമായിരുന്നു അറസ്റ്റ്. 
1975-1977 കാലത്ത്, സ്ര്തീകളുടെ ഉജ്വല സമരം നടന്നത് കൊല്‌ളത്ത് കശുവണ്ടിത്തൊഴിലാളികളായ സ്ര്തീകളുടെ നേതൃത്വത്തിലായിരുന്നു. അക്കാലത്തെ രാജി എന്ന 16 വയസുള്ള സ്ര്തീത്തൊഴിലാളിയുമായി നടത്തിയ സംഭാഷണം സ്വീഡിഷ് ഗവേഷകയായ അന്ന ലിന്റ്ബര്‍ഗ് രേഖപെ്പടുത്തിയിട്ടുണ്ട്: ''പാര്‍ട്ടിയിലെ പുരുഷ സഖാക്കളില്‍ ചിലര്‍ ഞങ്ങളോട് കശുവണ്ടിത്തൊഴിലാളികളുടെ ഒരു പ്രകടനം സംഘടിപ്പിക്കാന്‍ ആവശ്യപെ്പട്ടു. 
കലക്‌ട്രേറ്റില്‍ ചെന്ന് തടവിലാക്കപെ്പട്ട നേതാക്കളുടെ മോചനം ആവശ്യപെ്പടാന്‍ അവര്‍ നിര്‍ദേശിച്ചു. മറ്റെല്‌ളാ കശുവണ്ടി ഫാക്ടറികളില്‍നിന്നും പെണ്ണുങ്ങള്‍ വന്നു. ഇരുപത് സ്ര്തീകളുടെ ബാച്ചുകളായിട്ടാണ് ഞങ്ങള്‍ പോയത്. അങ്ങനെ ഞങ്ങള്‍ കലക്‌ട്രേറ്റിന്റെ ഹാളില്‍ സംഘമായി കടന്നു. അറസ്റ്റ് ചെയ്യപെ്പട്ടു. അപേ്പാള്‍ നേതാക്കള്‍ പുതിയ പുതിയ ബാച്ചുകളെ അയച്ചുകൊണ്ടിരുന്നു. ഒടുവില്‍ കൊല്‌ളം ജയില്‍ നിറഞ്ഞുകവിഞ്ഞു. ഞങ്ങള്‍ക്ക് നേതാക്കളെ പിന്‍താങ്ങാന്‍ സമ്മതമായിരുന്നു. ബോംബെയില്‍ കൊണ്ടുപോയി വേശ്യകളാക്കുമെന്ന് പൊലീസുകാര്‍ ഭീഷണിപെ്പടുത്തിയെങ്കിലും ഞങ്ങള്‍ പേടിച്ചില്‌ള' ('കുലസ്ത്രീയും ചന്തപെ്പണ്ണുങ്ങളും ഉണ്ടായതെങ്ങനെ'- ജെ. ദേവിക, സി.ഡിറ്റ്, പേജ് 232). എണ്ണത്തെപ്പറ്റിയുള്ള രാജിയുടെ വിവരണത്തില്‍ ചില പെരുപ്പിച്ച് കാട്ടലുകള്‍ നിഷ്‌കളങ്കമായിത്തന്നെ സംഭവിച്ചിട്ടുണ്ടാകുമെങ്കിലും അടിയന്തരാവസ്ഥയില്‍ സ്ര്തീകള്‍ സംഘടിതമായി തൊഴിലിടം വിട്ടിറങ്ങി അവരുടെ നേതാക്കളുടെ മോചനം ആവശ്യപെ്പട്ടുവെന്നതിന് വലിയ ചരിത്ര പ്രാധാന്യമാണുള്ളത്. 

ജയിലിലെ പ്രതിരോധം
മന്ദാകിനി നാരായണനാണ് അടിയന്തരാവസ്ഥയ്‌ക്കെതിരെയും അതിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുമെതിരെ ജയിലില്‍ ഒറ്റയ്ക്ക് സമരമുഖം തീര്‍ത്ത സ്ര്തീ. നക്‌സലൈറ്റ് രാഷ്ട്രീയ നിലപാടുകളാണ് മന്ദാകിനിയെ ജയിലിലടയ്ക്കാന്‍ ഭരണകൂടത്തിന് കാരണമായത്. തലശേ്ശി-പുല്‍പ്പള്ളി ഗൂഢാലോചനക്കേസിലും നേരത്തെ മന്ദാകിനിയെ ഭരണകൂടം ഉള്‍പെ്പടുത്തിയിരുന്നു.
അടിയന്തരാവസ്ഥയില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടയ്ക്കപെ്പട്ട മന്ദാകിനി ഓരോ നിമിഷവും പോരാടിയാണ് നിലകൊണ്ടത്. സഹതടവുകാരോട് രാഷ്ട്രീയം പറഞ്ഞു മന്ദാകിനി അവരെ കൂടുതല്‍ ഊര്‍ജസ്വലരാക്കി. ജയിലവകാശങ്ങള്‍ നേടിയെടുക്കാന്‍ ഓരോ ഘട്ടത്തിലും ശബ്ദമുയര്‍ത്തി. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മകള്‍ അജിതയെ കാണാനുള്ള മന്ദാകിനിയുടെ അപേക്ഷ നിരസിക്കപെ്പട്ടു. വലിയ പ്രതിഷേധമുയര്‍ത്തിയ മന്ദാകിനി നിരാഹാര സമരം പ്രഖ്യാപിച്ചു. രണ്ടുമൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ മന്ദാകിനിയുടെ സ്ഥിതി വഷളായി. ജയിലുദ്യോഗസ്ഥര്‍ മന്ദാകിനിയുടെ വായില്‍ കരണ്ടി കയറ്റി ഭക്ഷണം കഴിപ്പിക്കാന്‍ ബലാല്‍ക്കാരമായി ശ്രമിച്ചു. പുരുഷ ജയില്‍ ഉദ്യോഗസ്ഥരുടെ ശ്രമത്തെ മന്ദാകിനി ചെറുത്തതോടെ ഉന്തും തള്ളുമായി. ജയിലില്‍ ഒപ്പമുണ്ടായിരുന്ന നക്‌സലൈറ്റ് തടവുകാരി സി.ആര്‍. സുലോചനയും ഇടപെട്ടു. ജയിലര്‍മാര്‍ സുലോചനയെ മര്‍ദിച്ചു. മന്ദാകിനിയെ ഒറ്റൊയ്‌ക്കൊരു സെല്ലില്‍ അടച്ചു. അജിതയെ കാണാനുള്ള മന്ദാകിനിയുടെ സമരം വിജയിച്ചു അനുവാദം കിട്ടി. ഏകാന്ത തടവില്‍നിന്ന് മോചിപ്പിക്കാനാവശ്യപെ്പട്ട് മന്ദാകിനി വീണ്ടും സമരം തുടങ്ങി. അതിനും ജയിലധികൃതര്‍ക്ക് വഴങ്ങേണ്ടിവന്നു. ഇതിനുശേഷമാണ് അജിതയെ കാണാന്‍ മന്ദാകിനി പോകുന്നത്.

കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലെ ഇരകള്‍
അടിയന്തരാവസ്ഥയില്‍ പൊലീസിന്റെ മര്‍ദനങ്ങള്‍ മുഖ്യമായി അരങ്ങേറിയത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുറന്ന ഒന്‍പതോളം നിയമവിരുദ്ധ ക്യാമ്പുകളിലാണ്. ഫലത്തില്‍ കേരളത്തിലെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളായിരുന്നു ഇവയെല്‌ളാം. ശാസ്തമംഗലം, നാഗമ്പടം, ആലപ്പുഴ (കൗസ്തുഭം വീട്), ഇടപ്പള്ളി, തൃശ്ശൂര്‍ (പൊലീസ് ക്‌ളബ്),  കോഴിക്കോട് (കക്കയം/പിന്നീട് മാലൂര്‍കുന്ന്, പുതിയറ, ചക്കോരത്തുകുളം), കണ്ണൂര്‍ (തളാപ്പ്) എന്നിവിടങ്ങളിലാണ് പൊലീസ് ക്യാമ്പുകള്‍ തുറന്നത്. സ്ര്തീകള്‍ ഉള്‍പ്പടെ നൂറുകണക്കിന് പേരെ ക്യാമ്പുകളില്‍ കൊണ്ടു വന്ന് പൊലീസ് ദിവസങ്ങളോളം പീഡിപ്പിച്ചു. പലരേയും മര്‍ദിച്ചവശരാക്കി വിട്ടയച്ചു. ഇത്തരം ക്യാമ്പുകളില്‍ മര്‍ദനമേറ്റ സ്ത്രീകളില്‍ നല്‌ള പങ്കും നക്‌സലൈറ്റ് ബന്ധമുള്ളവരോ, നക്‌സലൈറ്റ് പ്രവര്‍ത്തകരുടെ ബന്ധുക്കളോ (ഭാര്യ/സഹോദരി/അമ്മ) ആയിരുന്നു. അനധികൃത ക്യാമ്പില്‍ ഏറ്റവും അധികം പീഡനമേറ്റ സ്ര്തീകളില്‍ ഒരാള്‍ വയനാട് സ്വദേശിയായ നാടകപ്രവര്‍ത്തക സി.ആര്‍. സുലോചനയാണ്. പാര്‍ട്ടി പ്രസിദ്ധീകരണമായ 'ഇങ്ക്വിലാബ്' അച്ചടിക്കാന്‍ ആവശ്യമായ സൈകേ്‌ളാസ്‌റ്റൈല്‍ മെഷീന് പണം കണ്ടെത്താന്‍ മാനന്തവാടിയില്‍ നക്‌സലൈറ്റുകള്‍ മണി ആക്ഷന്‍ നടത്തിയിരുന്നു. സി.പി.ഐ (എം.എല്‍) വയനാട് ജില്‌ളാ സെക്രട്ടറി കെ.കെ. മധൂസൂദന(മധുമാഷ്)ന്റെ നേതൃത്വത്തിലാണ് പദ്ധതികള്‍ ഒരുക്കിയത്. മധുമാഷിനെ തേടിയ പൊലീസ് അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥിയും നാടകപ്രവര്‍ത്തകയുമായ സി.ആര്‍. സുലോചനയെ 1978 ഓഗസ്റ്റ് 28-ന് പിടികൂടി. സൂലോചന അന്ന് പത്താം ക്‌ളാസ് പൂര്‍ത്തിയാക്കിയതേ ഉണ്ടായിരുന്നുള്ളൂ. സിവിക് ചന്ദ്രന്‍ രചിച്ച 'അക്ഷൗഹിണി' എന്ന നാടകത്തില്‍ മധുമാഷിന്റെ പ്രേരണയില്‍ സുലോചന അഭിനയിച്ചിരുന്നു. ഒരു സാംസ്‌കാരിക പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ കല്‌ളൂര്‍ എന്ന സ്ഥലത്തുവച്ച് ബത്തേരി സ്‌റ്റേഷനിലെ പൊലീസുകാരും ക്രൈംബ്രാഞ്ചും ചേര്‍ന്നാണ് പിടികൂടിയത്. ആദ്യം അവര്‍ സുലോചനയെ സുല്‍ത്താന്‍ ബത്തേരി പൊലീസ് ലോക്കപ്പില്‍ കൊണ്ടുതള്ളി. തുടര്‍ന്ന് റസ്റ്റ്ഹൗസില്‍ കൊണ്ടുപോയി മര്‍ദിച്ചു. രാത്രി ലോക്കപ്പിലിട്ടു. അടുത്ത ദിവസം കോഴിക്കോട് വനിതാസ്‌റ്റേഷനില്‍ കൊണ്ടുപോയി. രാത്രി ക്രൈംബ്രാഞ്ചുകാര്‍ വീണ്ടും ജീപ്പില്‍ കയറ്റി പുതിയറയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ കൊണ്ടുപോയി മര്‍ദനം അഴിച്ചുവിട്ടു. സാരി അഴിക്കാന്‍ ആജ്ഞ. തല ഭിത്തിയില്‍ തുടര്‍ച്ചയായി ഇടിപ്പിച്ചു. നിലത്തിരുത്തി കാല്‍മുട്ടില്‍ പൊലീസുകാര്‍ കയറിനിന്നു. ഒളിവില്‍ കഴിയുന്ന മധുമാഷും ദാമോദരന്‍മാസ്റ്ററും കെ. വേണുവും എവിടെയെന്ന് ചോദിച്ചായിരുന്നു മര്‍ദനം. പിന്നീടുള്ള ദിവസങ്ങളിലും മര്‍ദനം അരങ്ങേറി. ചൂരല്‍കൊണ്ട് അടിയേറ്റ് കാലിലെ മാംസം പറിഞ്ഞുപോയി. ചക്കോരത്തുക്കുളത്തും മാലൂര്‍കുന്നു ക്യാമ്പുകളില്‍ മാറിമാറി കൊണ്ടുപോയി. സ്ര്തീത്വത്തെ അപമാനിക്കുന്നതിന്റെ അങ്ങേയറ്റത്തെ നടപടികള്‍ കക്കയം ക്യാമ്പില്‍ വച്ചുണ്ടായി. 
മര്‍ദിച്ച പൊലീസുദ്യോഗസ്ഥരില്‍ ഒരാള്‍ എസ്.പി. ലക്ഷ്മണയായിരുന്നു. ''എനിക്ക് പേര് തിരിച്ചറിയാന്‍ സാധ്യമായ ഒരു ഓഫീസറാണ് ലക്ഷ്മണ. വെറും കൗമാരപ്രായക്കാരിയായ എന്നെ നിലത്തുകിടത്തിയിട്ട് കാലിന്റെ മുട്ടിനു മുകളില്‍ കയറി നിന്ന് ബൂട്ടുകൊണ്ട് ചവിട്ടുകയായിരുന്നു അയാളുടെ പ്രധാന വിനോദം. അയാളുടെ ഭാരം മുഴുവന്‍ എന്റെ കാലിന് മീതെ പ്രയോഗിച്ച് ചവിട്ടിച്ചവിട്ടി രസിക്കുന്നതിനിടയില്‍ മറ്റൊരു പൊലീസുകാരനെക്കൊണ്ട് കാല്‍വെള്ളയില്‍ ലാത്തികൊണ്ട് അടിപ്പിക്കും. മുഖത്തടിപ്പിക്കും. ശരീരമാസകലം വേദനിപ്പിക്കും. ബോധം കെടുന്നതുവരെ ഇതു തുടരും.' ഒരു മാസത്തോളം നിയമവിരുദ്ധ ക്യാമ്പുകളില്‍ സുലോചന മര്‍ദനമേറ്റു. 
സുലോചനയ്ക്ക് പ്രായപൂര്‍ത്തിയായിലെ്‌ളന്നതിന്റെ ഏക തെളിവ് അവരുടെ എസ്.എസ്.എല്‍.സി. ബുക്കായിരുന്നു. പൊലീസ് അത് കീറിയെറിഞ്ഞു. അടിയന്തരാവസ്ഥയില്‍ താന്‍ നേരിട്ട പീഡനങ്ങളുടെ കഥ കോടതിയിലും മറ്റും എത്തി ശരിയാം വണ്ണം അവതരിപ്പിക്കാന്‍ സുലോചന വിമുഖയായിരുന്നു. അതിന്റെ ആനുകൂല്യത്തിലാണ് ലക്ഷ്മണയെപ്പോലുള്ളവര്‍ വലിയ ശിക്ഷകളില്‍ നിന്ന് ഒഴിവായത്. 
ഇടപ്പള്ളിയിലെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ തകര്‍ന്നപോയ ഒരു സ്ര്തീയുണ്ട്. ദളിതയും ദരിദ്രയുമായ കുറുമ്പ. 1975 സെപ്റ്റംബര്‍ 18-ന് കുമ്പളത്ത് നക്‌സലൈറ്റുകള്‍ അബുഹാജിയെന്ന നാട്ടുപ്രമാണിയെ ഉന്മൂലനം നടത്തിയിരുന്നു. അതിനുവേണ്ട കൂടിയാലോചനകള്‍ നക്‌സലൈറ്റുകള്‍ നടത്തിയത് എറണാകുളം ജില്‌ളയിലെ പള്ളിക്കരയില്‍ ചോതി എന്ന പ്രവര്‍ത്തകന്റെ വീട്ടിലാണ്. കുമ്പളത്തെ നക്‌സലൈറ്റ് ഉന്മൂലനം കഴിഞ്ഞ ഉടനെ പൊലീസ്  ഇടപ്പള്ളിയില്‍ ക്യാമ്പ് തുറന്നു. നിരവധി പേര്‍ അറസ്റ്റിലായി. പലര്‍ക്കും മര്‍ദനമേറ്റു. പലരും 58 ദിവസം ക്യാമ്പില്‍  കൊടിയ മര്‍ദനത്തിനും ഉരുട്ടലിനും വിധേയരായി.  ഒക്‌ടോബര്‍ ആറിന് രഹസ്യയോഗം ചേരുമ്പോള്‍ പൊലീസ് ചോതിയുടെ വീടു വളഞ്ഞു. സി.പി.ഐ (എം.എല്‍) പ്രവര്‍ത്തകരായ എം.എസ്. ജയകുമാറും കുഞ്ഞപ്പനും പിടിയിലായി. ചോതി പിടികൊടുക്കാതെ ഒഴിഞ്ഞുമാറി.  പൊലീസ് കുറുമ്പയെ പിടികൂടി ഇടപ്പള്ളി ക്യാമ്പില്‍ കൊണ്ടുപോയി. പൊലീസ് അവിടെവച്ച് കുറുമ്പയെ മര്‍ദിച്ചവശയാക്കി. ചുരലുകൊണ്ടുള്ള പ്രഹരമായിരുന്നു മുഖ്യം. അടുത്ത ദിവസമാണ് ക്യാമ്പില്‍ നിന്ന് വിട്ടത്. ഈ സമയം മക്കള്‍ മാത്രമായിരുന്നു വീട്ടില്‍. ചോതിയെപ്പറ്റി വിവരം കിട്ടാത്തതിനാല്‍ വീണ്ടും പൊലീസ് കുറമ്പയെ തേടിയെത്തി. അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞ ഏഴുവയസുകാരന്‍ മകനെ പൊലീസുകാര്‍ വിരട്ടിയോടിച്ചു. എതിര്‍ത്തുനിന്നതിന്റെ പേരില്‍ കുറുമ്പയുടെ നഖത്തിനും വിരല്‍മാംസത്തിനുമിടയില്‍ പൊലീസ് പച്ച ഈര്‍ക്കലി കുത്തിക്കയറ്റി. കസ്റ്റഡിയിലെടുത്ത കുറുമ്പയെ ജയറാം പടിക്കലിന്റെ നിദേശപ്രകാരം നൂറ്റൊന്നുതവണ പൊലീസ് ചൂരല്‍കൊണ്ട് അടിച്ചു. ഒരാഴ്ചകഴിഞ്ഞായിരുന്നു മോചനം. വീട്ടുമുറ്റത്ത് അവര്‍ മുടിയഴിച്ചിട്ടു തുള്ളി. ഭര്‍ത്താവിനെ എല്‌ളാവരും ചേര്‍ന്ന് കൊന്നുതിന്നോ എന്നു ചോദിച്ച് അവര്‍ അലമുറയിട്ടു. ഈ സമയത്തും ചോതി ഒളിവില്‍തന്നെ തുടര്‍ന്നു. ഇടപ്പള്ളി ക്യാമ്പില്‍ എന്നും ചെന്ന് ഒപ്പിടണമെന്ന വ്യവസ്ഥ കുറുമ്പയ്ക്ക് സഹിക്കാവുന്നതിലുമപ്പുറമായിരുന്നു. ഒളിവില്‍വച്ച് കുറുമ്പയുടെ അവസ്ഥയറിഞ്ഞ ചോതി പിടികൊടുക്കാന്‍ തീരുമാനിച്ചു. താന്‍ പിടികൊടുത്താല്‍ ഭാര്യയ്ക്ക് മര്‍ദനത്തില്‍നിന്ന് മോചനം കിട്ടുമെന്നറിഞ്ഞായിരുന്നു കീഴടങ്ങല്‍. ഇടപ്പള്ളി ക്യാമ്പില്‍ നേരിട്ട് ഹാജരായ ചോതിയെ പൊലീസ് മര്‍ദിച്ചവശനാക്കി. ദിവസങ്ങളോളം പൊലീസ് മര്‍ദിച്ചു. ആരോഗ്യം തകര്‍ന്ന നിലയിലാണ് ചോതി ക്യാമ്പില്‍നിന്ന് പുറത്തുവരുന്നത്. ഒരുവര്‍ഷമേ ചോതി ജീവിച്ചുള്ളൂ. 1979 ഒക്‌ടോബര്‍ 19-ന് ചോതി വിടവാങ്ങി. കുറുമ്പ മക്കളെ കഷ്ടപെ്പട്ട് വളര്‍ത്തി. ഒടുവില്‍ അസ്ഥിയില്‍  അര്‍ബുദം ബാധിച്ച് വളരെ വേദനിച്ചായിരുന്നു മരണം. 
 ഇടപ്പള്ളിക്ക്യാമ്പില്‍ തലയുയര്‍ത്തിപ്പിടിച്ച് തിരിച്ചുനടന്ന ഒരാളുണ്ട്-എറണാകുളം കിഴക്കമ്പലം വിലങ്ങ് കോളനിയിലെ അന്ന.  കിഴക്കമ്പലത്തെ നക്‌സലൈറ്റ് പ്രവര്‍ത്തകന്‍ പി.പി. ജോസിന്റെ ജീവിത പങ്കാളിയായിരുന്നു അന്ന. കിഴക്കമ്പലത്ത് നക്‌സലൈറ്റുകള്‍ ഒരു വ്യവസായിയെ നോട്ടമിട്ടിരുന്നു. പക്ഷേ, വിവരം എങ്ങനെയോ ചോര്‍ന്നു. കിഴക്കമ്പലത്ത് പൊലീസ് ഭീകരത നടപ്പായി. പി.പി. ജോസ് ഉള്‍പ്പടെയുള്ള നക്‌സലൈറ്റ് പ്രവര്‍ത്തകരേയും അനുഭാവികളും ഇടപ്പള്ളി പൊലീസ് ക്യാമ്പിലെ ഭേദ്യം ചെയ്യലിന് വിധേയരായി. ജോസിന്റെ മുന്‍വരിയിലെ പല്‌ളുകള്‍ അടര്‍ന്നുവീണു. ഇടപ്പള്ളി ക്യാമ്പില്‍ ജോസിനെ കാണാന്‍ അന്ന എത്തിയത് കൈയില്‍ കാല്‍ക്കാശില്‌ളാതെയാണ്. തിരിച്ചുപോകാന്‍ പൈസയില്‌ള. എന്തുചെയ്യണമെന്ന് അറിയാതിരുന്ന അന്നയോട് കിഴക്കമ്പലത്തെ നക്‌സലൈറ്റുകള്‍ ശത്രുപക്ഷത്ത് കണക്കാക്കിയ ആള്‍ പണം തരാമെന്നും എന്നാല്‍ രഹസ്യഇംഗിതത്തിന് വഴങ്ങണമെന്നും സൂചന നല്‍കി. അത് നിഷേധിച്ച് അന്ന വീട്ടിലേക്ക്  12 കിലോമീറ്ററിലധികം ദൂരം ഒറ്റയ്ക്ക് തിരിച്ചുനടന്നു. 

വനിതാ രക്തസാക്ഷി
അടിയന്തരാവസ്ഥ നാളില്‍ നക്‌സലൈറ്റുകള്‍ നടത്തിയ ഏറ്റവും ശക്തമായ ഇടപെടല്‍ കായണ്ണ പൊലീസ് സ്‌റ്റേഷന്‍ ആക്രമണമായിരുന്നു. ഇതിനെ തുടര്‍ന്ന് ഭരണകൂട വേട്ടയാടലുകളിലാണ് റീജണല്‍ എന്‍ജിനീയറിംഗ് കോളേജിലെ പി. രാജന്‍ പൊലീസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റ് മരിക്കുന്നത്. എന്നാല്‍, ചാത്തമംഗലം ആര്‍.ഇ.സിയുമായി ബന്ധപെ്പട്ട് വേറെയും രക്തസാക്ഷികള്‍ ഉണ്ടായി. അത് കേരളം ഒരിക്കലും അര്‍ഹമായ വിധത്തില്‍ പരിഗണിച്ചതുപോലുമില്‌ള. 1976 മാര്‍ച്ച് 1- ന് രാജനും ചാലിക്കുമൊപ്പം, ആര്‍.ഇി.സിക്ക് അടുത്ത് താമസിക്കുന്ന  അലക്കുതൊഴിലിലേര്‍പെ്പട്ട സത്യനേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സത്യന്റെ അമ്മ ഇതുകണ്ട് ഒച്ചത്തില്‍ നിലവിളിച്ചു. നിലവിളികേട്ട് ആര്‍.ഇി.സിയിലെ തൂപ്പുജോലിക്കാരി ദേവകിയും ടാപ്പിംഗ് തൊഴിലാളിയായ രാജനും ഓടിവന്നു. അവര്‍ ജീപ്പിലിരിക്കുന്ന പി. രാജനെ കണ്ടു. ഈ ദൃക്‌സാക്ഷികള്‍ പി. രാജനെ പൊലീസ് കസ്റ്റഡിയിലാണെന്നതിന്റെ തെളിവു നല്‍കുമെന്ന് പൊലീസ് ഭയപെ്പട്ടു. 1976 മാര്‍ച്ച് നാലിന് രാത്രി പൊലീസ് വണ്ടി ദേവകിയുടെ വീട്ടില്‍ എത്തി. ജീപ്പില്‍ അറസ്റ്റിലായ ജോസഫ് ചാലിയും ചാത്തമംഗലത്തെ കാനങ്ങോട് രാജനുമുണ്ടായിരുന്നു. കൊട്ടങ്ങല്‍ അങ്ങാടിയുടെ വളവില്‍ കാനങ്ങോട് രാജനെ (ചാത്തമംഗലം) പൊലീസ് കാവലില്‍ നിര്‍ത്തിയിട്ടായിരുന്നു ഇത്. വീട്ടിലെ പ്രായമായ മാതാവ് ഉറങ്ങിയിട്ടിലെ്‌ളന്ന് പറഞ്ഞ് പൊലീസ് ആദ്യം മടങ്ങിപേ്പായി. പിന്നീട് വണ്ടി തിരിച്ചുവന്നു. 
അടുത്ത ദിവസം രാവിലെ ആര്‍.ഇ.സി. വളപ്പിലെ മാവിന്‍കൊമ്പില്‍ ദേവകിയുടേയും രാജന്റേയും മൃതദേഹങ്ങള്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കാണപെ്പട്ടു. ഇരുവരേയും പൊലീസ് കൊന്ന് കെട്ടിത്തൂക്കിയതായിരുന്നു എന്നാണ് ജനം വിശ്വസിച്ചത്. ആത്മഹത്യയാണെന്നാണ് പത്രങ്ങള്‍ റിപേ്പാര്‍ട്ട് ചെയ്തത്. എന്നാല്‍ ഇരുവരുടേയും മരണം ആത്മഹത്യയലെ്‌ളന്ന് പിന്നീട് ചില പൊലീസുകാരും സാക്ഷിയായ കാനങ്ങോട് രാജനും വെളിപെ്പടുത്തി. 
അടിയന്തരാവസ്ഥ കഴിഞ്ഞ ശേഷം കാനങ്ങോട് രാജന്‍ മെഡിക്കല്‍ കോളേജില്‍നിന്ന് 134/76 നമ്പര്‍ പ്രകാരം പോസ്റ്റ്‌മോര്‍ട്ടം റിപേ്പാര്‍ട്ടും പൊലീസ് എഴുതിയ റിപേ്പാര്‍ട്ടും വാങ്ങിയിരുന്നു. ''ദേവകിയുടെ തുടയില്‍ ശുക്‌ളം ഒലിച്ചിറങ്ങിയെന്നും മടക്ക് നിവരാത്ത ഒറ്റപ്പാവാട ധരിച്ചാണ് മരിച്ചതെന്നും സാരി മുറിയില്‍ തന്നെ ഉണ്ടായിരുന്നെന്നും അതിലുണ്ടായിരുന്നു. കഴുത്തുപൊട്ടാതെയും ശരീരത്തില്‍  ഒരു മാന്തലോ കീറലോ ഇല്‌ളാതെയുമാണ് ദേവകി മരിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപേ്പാര്‍ട്ട്. മൂത്രസഞ്ചിയില്‍ മൂത്രം ഉണ്ടായിരുന്നു'-കാനങ്ങോട് രാജന്‍  പിന്നീട് എഴുതി. ദേവകിയുടേയും രാജന്റേയും  മൃതദേഹങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പൊലീസ് അന്ന് ചാത്തമംഗലത്തെ ജനങ്ങളെ ഭയപെ്പടുത്തിയത്. 

സെന്‍സര്‍ഷിപ്പിന്റെ ഇരകള്‍
അടിയന്തരാവസ്ഥയില്‍ സെന്‍സര്‍ഷിപ്പി പൊലീസ് ഭീഷണിക്കും വിധേയമായവരില്‍ സ്ര്തീകളുമുണ്ടായിരുന്നു. അതിലൊരാള്‍ കവിയും എഴുത്തുകാരിയുമായ മാധവിക്കുട്ടിയായിരുന്നു. അക്കാലത്ത് ബോംബെയിലായിരുന്നു മാധവിക്കുട്ടി താമസിച്ചിരുന്നത്. അടിയന്തരാവസ്ഥയില്‍ എഴുതിയ 'ആല്‍ഫബെറ്റ്‌സ് ഓഫ് ലസ്റ്റ്' എന്ന ഇംഗ്‌ളീഷ് നോവല്‍ അച്ചടിക്കാന്‍ കൊടുത്തെങ്കിലും പുറത്തുവന്നില്‌ള. നോവലിന്റെ പതിനഞ്ച് പേജുകള്‍ യശ്പാല്‍ കപൂറിന്റെ നേതൃത്വത്തിലുള്ള സെന്‍സര്‍ഷിപ്പ് അധികൃതര്‍ നീക്കം ചെയ്തു. ഇതേത്തുടര്‍ന്ന് മാധവിക്കുട്ടിയുടെ ഫ്‌ളാറ്റ് പൊലീസ് റെയ്ഡ് ചെയ്തു. മാധവിക്കുട്ടിയെ അറസ്റ്റ് ചെയ്യുന്നതിലേക്കുവരെ കാര്യങ്ങള്‍ നീങ്ങി.  അച്ഛന്‍  വി.എം. നായരുടെ മാതൃഭൂമി-കോണ്‍ഗ്രസ് ബന്ധമാണ് മാധവിക്കുട്ടിക്ക് തുണയായത്. ബോംബെയിലെ ഫ്‌ളാറ്റില്‍ ബഹുതന്ത്രിക് എന്ന സംഘടന മാധവിക്കുട്ടിയുടെ നേതൃത്വത്തില്‍ രൂപീകരിച്ചിരുന്നു. മാസത്തിലെ ആദ്യ ശനിയാഴ്ച കലാകാരന്‍മാരും സാഹിത്യകാരന്‍മാരും ഒത്തുകൂടി ചര്‍ച്ചകള്‍ നടത്തുന്നതായിരുന്നു പതിവ്.  ഇതില്‍ അടിയന്തരാവസ്ഥയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ന്നത് ഭരണകൂടം അറിഞ്ഞിരുന്നു. സംഘടന പിരിച്ചുവിടുകയും മാപ്പപേക്ഷ എഴുതി നല്‍കുകയും വേണം, അലെ്‌ളങ്കില്‍ അറസ്റ്റുണ്ടാവുമെന്ന് ഉന്നതങ്ങളിലെ ഇടനിലക്കാര്‍ അറിയിച്ചു. അതിനും മാധവിക്കുട്ടി വഴങ്ങിയിരുന്നില്‌ള. അന്നത്തെ വനം മന്ത്രി കെ.ജി. അടിയോടിയുടെ ക്ഷണം സ്വീകരിച്ച് കേരളത്തിലേക്ക് മടങ്ങിയതാണ് മാധവിക്കുട്ടിക്ക് രക്ഷയായത്. 
തിരുവനന്തപുരത്തുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന ഹോംഗാര്‍ഡ് പ്രസിദ്ധീകരണത്തിന്റെ പത്രാധിപര്‍ ബാലന്‍ ഗോപിയും ഭാര്യയും പൊലീസ് പീഡനമേറ്റവരില്‍ ഉള്‍പെ്പടുന്നു. 1975 ജൂലൈ മൂന്നിനായിരുന്നു അറസ്റ്റ്. പ്രസിദ്ധീകരണത്തില്‍ അടിയന്തരാവസ്ഥയ്ക്ക് എതിരെ ലേഖനം വന്നതായിരുന്നു മര്‍ദന കാരണം. ബാലന്‍ ഗോപിയുടെ ഭാര്യയെ മൂന്നു ദിവസം നിയമവിരുദ്ധമായി തടങ്കലില്‍ അടച്ചശേഷം വിട്ടയച്ചു. 
ഭരണകൂടം ആ നാളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥകളേയും വെറുതെവിട്ടില്‌ള. തിരുവനന്തപുരം അക്കൗണ്ട് ജനറല്‍ ഓഫീസ് ജീവനക്കാരി ഇന്ദിരാദേവിയെ സസ്‌പെന്‍ഡ് ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. വൈക്കം സ്വദേശിയായ ഇന്ദിര, എഴുത്തുകാരനായ എം. സുകുമാരനും ത്രിവിക്രമന്‍ പിള്ളയുമൊക്കെ നേതൃത്വം കൊടുത്ത ട്രേഡ് യൂണിയനില്‍ അംഗമായിരുന്നു. അക്കാലത്ത് യൂണിയന്‍ നേതൃത്വത്തില്‍ ഇന്ദിരയല്‌ളാതെ മറ്റൊരു സ്ത്രീ ഇല്‌ളായിരുന്നു. അടിയന്തരാവസ്ഥയ്ക്ക് തൊട്ടുമുന്‍പ് ജീവനക്കാര്‍ പണിമുടക്കി. എം. സുകുമാരന്‍ ഉള്‍പ്പടെയുള്ള യൂണിയന്‍ പ്രവര്‍ത്തകരെ പിരിച്ചുവിട്ടു. ഇന്ദിരയ്ക്കു നേരേയും പിരിച്ചുവിടല്‍ നോട്ടീസ് വന്നു. ഇന്ദിരയുടെ പേര് തെറ്റായി രേഖപെ്പടുത്തിയിരുന്നതിനാല്‍ സസ്‌പെന്‍ഷന്‍ ഉത്തരവ് കൈപ്പറ്റാതെ, ലീവെടുത്ത് മാറിനിന്നു.  

മര്‍ദനങ്ങള്‍, പരാതികള്‍
1978 ഫെബ്രുവരി 24-ലെ നിയമസഭാരേഖ പ്രകാരം അടിയന്തരാവസ്ഥയിലെ അതിക്രമങ്ങളെപ്പറ്റി അന്വേഷിക്കാന്‍ നിയോഗിക്കപെ്പട്ട ജസ്റ്റിസ് ഷാ കമ്മീഷന് കേരളത്തില്‍ നിന്ന് നിരവധി പരാതികള്‍ ലഭിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്നു. അതില്‍ 528 പരാതികള്‍ അന്വേഷണം നടത്താനായി കേരള ചീഫ് സെക്രട്ടറിക്ക് ഷാ കമ്മീഷന്‍ അയച്ചുനല്‍കി. അതില്‍ 104 എണ്ണത്തില്‍ അന്വേഷണം നടത്തി കമ്മീഷന് റിപേ്പാര്‍ട്ടു നല്‍കുമെന്നും ശേഷിക്കുന്നവയില്‍ സംസ്ഥാന ഗവണ്‍മെന്റിന് യുക്തമെന്ന് തോന്നുന്ന നടപടി സ്വീകരിച്ചു ബന്ധപ്പെട്ട കക്ഷികളെ അറിയിക്കണമെന്നുമായിരുന്നു നിര്‍ദേശം. (കെ. ചന്ദ്രശേഖരന്റെ ചോദ്യത്തിന് മുഖ്യമന്ത്രി നല്‍കുന്ന മറുപടി) 528 പരാതികളില്‍ 41 എണ്ണം സ്ര്തീകളുടേതായിരുന്നു. 
അടിയന്തരാവസ്ഥയില്‍ സ്ര്തീകള്‍ നടത്തിയ ചെറുത്തുനില്‍പ്പുകളേയും നേരിട്ട മര്‍ദനങ്ങളേയും പറ്റി ശരിയായ ചരിത്രരേഖപെ്പടുത്തലുകള്‍ ഉണ്ടായിട്ടില്‌ള. ഗൗരവമായ ഒരു പഠനവും കേരളത്തില്‍ നടന്നിട്ടുമില്‌ള. നശിപ്പിക്കപെ്പട്ട രേഖകള്‍ അത്തരം പഠനങ്ങള്‍ക്ക് മുന്നിലെ വെല്‌ളുവിളിയാണ്.  2007-ല്‍ വി.എസ്. അച്യുതാനന്ദന്‍ അടിയന്തരാവസ്ഥയിലെ തടവുകാരുടെയടക്കമുള്ള വിവരങ്ങള്‍ രേഖപെ്പടുത്താന്‍ ഔദ്യോഗിക തലത്തില്‍ സംവിധാനമുണ്ടാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പക്ഷേ, അതൊരിഞ്ചും മുന്നോട്ട് നീങ്ങിയിരുന്നില്‌ള. ഔദ്യോഗിക സംവിധാനങ്ങള്‍ക്ക് പുറത്ത്, വ്യക്തികളുടേയും സമൂഹത്തിന്റേയും ഓര്‍മകളില്‍നിന്ന് വേണം അത്തരം ഒരന്വേഷണം തുടങ്ങേണ്ടിവരിക.  ചരിത്രം പക്ഷേ, അത്തരമൊരു പഠനം ആവശ്യപെ്പടുന്നുണ്ട്. കേരളത്തിലെ സ്ര്തീകളുടെ സമരങ്ങളുടേയും മുന്നേറ്റങ്ങളുടേയും ചരിത്രത്തില്‍ അടിയന്തരാവസ്ഥ നിര്‍ണായക പങ്കുവഹിക്കുന്നതുകൊണ്ട് തന്നെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com