അടിയന്തരാവസ്ഥയുടെ നാള്‍വഴികളിലൂടെ; പൗരന്‍ അറിഞ്ഞു, ഒരു തീന്‍മേശയാണ് രാജ്യം

ജൂണ്‍ 25-ന് അടിയന്തരാവസ്ഥയ്ക്ക് 42 വര്‍ഷം. ഇന്ത്യന്‍ ജനാധിപത്യം നേരിട്ട ഏറ്റവും വലിയ വെല്ലുവിളി കടന്നുപോയ ദിവസങ്ങളിലൂടെ
അടിയന്തരാവസ്ഥയുടെ നാള്‍വഴികളിലൂടെ; പൗരന്‍ അറിഞ്ഞു, ഒരു തീന്‍മേശയാണ് രാജ്യം

ന്ദിരാഗാന്ധിക്ക് ഇരട്ട അടികിട്ടിയ ദിവസമായിരുന്നു അത്-1974 ജൂണ്‍ 12. പൊതുജനത്തിന്റെ ജനാധിപത്യ സങ്കല്‍പ്പത്തെ യുക്തിവാദികള്‍ ദൈവവിശ്വാസത്തെ  പൊളിച്ചടുക്കുന്നതുപോലെ ഇന്ദിര നിലംപരിശാക്കിയത്  ജൂണ്‍ 25ന് രാത്രി 11.25ന് ആണെങ്കിലും ജൂണ്‍ 12 ന് തുടങ്ങിയിരുന്നു ചട്ടങ്ങള്‍ വിട്ടുള്ള ആ ഭരണക്രമം. അന്ന് സംഭവിച്ച രണ്ടു കാര്യങ്ങള്‍ ഇവയായിരുന്നു. ഒന്ന്, ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വന്നു. കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കി ചതുര്‍കക്ഷി പ്രതിപക്ഷ സഖ്യം   അധികാരത്തിലെത്തി. ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിലുള്ള വിമത ശബ്ദം ശക്തിയാര്‍ജ്ജിച്ച് ഭരണപക്ഷത്തേക്കു യാത്ര തുടങ്ങിയ ദിവസം. സ്വതന്ത്ര ഇന്ത്യയില്‍ കോണ്‍ഗ്രസ് നേരിട്ട ആദ്യത്തെ കടുത്ത വെല്ലുവിളി. 

ആദിവസം തന്നെ ഉണ്ടായ രണ്ടാമത്തെ തിരിച്ചടി അലഹാബാദ് ഹൈക്കോടതിയുടെ ചരിത്രം കുറിച്ച വിധിയായിരുന്നു.  അത് ഇങ്ങനെ-ഉത്തര്‍പ്രദേശിലെ റായ്ബരേലി മണ്ഡലത്തില്‍  നിന്നുള്ള ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് അസാധുവാണ്. ഇനി ആറു വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കാനും പാടില്ല. 1971ല്‍ നടന്ന തെരഞ്ഞെടുപ്പിന് എതിരേ എതിര്‍ സ്ഥാനാര്‍ഥിയായി മല്‍സരിച്ച സോഷ്യലിസ്റ്റ് പാര്‍ട്ടിനേതാവ് ലോകബന്ധു രാജ്‌നാരായന്‍ നല്‍കിയ കേസില്‍ ആയിരുന്നു വിധി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്ത് ഇന്ദിരാഗാന്ധി നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണമാണ് തിരിച്ചടിച്ചത്. 

ലോകബന്ധു രാജ്‌നാരായന്‍
ലോകബന്ധു രാജ്‌നാരായന്‍

രാജ്യം ഭരിക്കാന്‍ പകരം സംവിധാനം ഉണ്ടാക്കാന്‍ 20 ദിവസത്തെ സാവകാശം നല്‍കിയാണ് അലഹാബാദ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്. അന്ന് തുടങ്ങുകയായിരുന്നു സ്വതന്ത്ര ഇന്ത്യ നേരിട്ട ആദ്യത്തെ ജനാധിപത്യ പരീക്ഷ. ഇരട്ടപ്രഹരത്തിനൊപ്പം ഇന്ദിരയേയും കോണ്‍ഗ്രസിനേയും അടിമുടി വിറപ്പിച്ചത് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ നടന്ന മുന്നേറ്റമായിരുന്നു. പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരുമെന്ന ഭീതി അധികാരനത്തിനൊപ്പം വളര്‍ന്ന ഇന്ദിരയേയും അതിലേറെ മകന്‍ സഞ്ജയ് ഗാന്ധിയേയും അസ്വസ്ഥരാക്കി. ആദ്യം ജെപി മുന്നേറ്റത്തെക്കുറിച്ച്. 

മൗനജാഥ ഉയര്‍ത്തിയ കോലാഹലം
ജയപ്രകാശ് നാരായന്‍ അതുവരെ ഒരു സാധാരണ വിമത നേതാവ് മാത്രമായിരുന്നു-1974ന് പറ്റ്‌നയില്‍ മൗനജാഥയ്ക്കു നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുന്നതുവരെ. തൊഴിലില്ലായ്മയ്ക്കും അവശ്യസാധന വിലവര്‍ധനയ്ക്കും എതിരേ ആയിരുന്നു ആ റാലി. 74 വയസ്‌സുള്ള ജെപിയുടെ നേതൃത്വത്തില്‍ നടന്ന റാലിയെ പൊലീസ് തച്ചുതകര്‍ത്തതോടെ ബദല്‍ ശബ്ദം എങ്ങും അലയടിച്ചു. ജൂണ്‍ അഞ്ചിന് പറ്റ്‌ന ഗാന്ധിമൈതാനത്തു നടന്ന വമ്പന്‍ റാലിയില്‍ ജെ പി അതു വരെയുള്ള നിശബ്ദ സമരത്തില്‍ നിന്നുള്ള മാറ്റം പ്രഖ്യാപിച്ചു- 'ഇതൊരു വിപ്‌ളവമാണ്. 27 വര്‍ഷത്തെ സ്വാതന്ത്ര്യത്തിനു ശേഷവും രാജ്യം പട്ടിണിയും വിലക്കയറ്റവും അഴിമതിയും കൊണ്ട് പൊറുതുമുട്ടുകയാണ്. ഈ സമരം ഇവിടെ അവസാനിക്കില്ല. ഇതു സമ്പൂര്‍ണ വിപ്‌ളവമാണ്.'

ജയപ്രകാശ് നാരായന്‍
ജയപ്രകാശ് നാരായന്‍

ജെപിയുടെ ആ പ്രസംഗത്തോടെ പ്രതിപക്ഷ മുന്നേറ്റത്തിന്റെ രൂപം മാറി. ഗുജറാത്തില്‍ ആദ്യമായി കോണ്‍ഗ്രസ് സര്‍ക്കാരിനെ തെരഞ്ഞൊടുപ്പില്‍ തോല്‍പിക്കുന്നതിലേക്കു വരെ അതിന്റെ അലയൊലി നീണ്ടു.  അങ്ങനെയാണ് അടിയന്തരാവസ്ഥ എന്ന സൂത്രപ്പണിയുടെ വഴിയിലേക്ക് ഇന്ദിരാഗാന്ധി നീങ്ങുന്നത്. 
തെരഞ്ഞെടുപ്പ് ഫലവും കോടതി വിധിയും വന്ന അന്നു തന്നെ ഇന്ദിര അടുപ്പമുള്ളവരുടെ യോഗം വിളിച്ചു. ഇന്ദിര മാറി നിന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ തന്നെ ഭരിക്കാം എന്ന നിര്‍ദേശം വന്നു. ഇന്ദിരയും അതിനോട് ഒരുഘട്ടത്തില്‍ യോജിച്ചു. പക്ഷേ, ശക്തമായ എതിര്‍പ്പുമായി രംഗത്ത് വന്നത് മകന്‍ സഞ്ജയ് ഗാന്ധിയായിരുന്നു. കോണ്‍ഗ്രസ് തന്നെ ഭരിക്കുമെന്നും ഇന്ദിര മാറുന്ന പ്രശ്‌നമില്ലെന്നും യോഗത്തിലേക്ക് കടന്നുവന്ന സഞ്ജയ് അസന്നിഗദ്ധമായി  പ്രഖ്യാപിച്ചുവെന്നാണ് രേഖകള്‍.
 
സര്‍ക്കാര്‍ തുടരാനുള്ള വഴി ആലോചിക്കാന്‍ എല്ലാ നേതാക്കളോടും സഞ്ജയ് നിര്‍ദേശം നല്‍കി. 20 ദിവസത്തെ സമയം കൊണ്ട് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാം. വിധി എതിരായാലും ഇന്ദിര ഒഴിയാന്‍ പാടില്ല; ഇതായിരുന്നു ആ നിര്‍ദേശം. കോടതി വിധി വന്നതോടെ ജെപിയുടെ നേതൃത്വത്തിലുള്ള മുന്നേറ്റത്തിന് ഇരട്ടിക്കരുത്തായി. ദില്ലിയില്‍ പടുകൂറ്റന്‍ റാലി  നടത്തി. ഇന്ദിരയെ അനുകൂലിച്ച് കോണ്‍ഗ്രസും റാലി നടത്തി. ഡല്‍ഹി ട്രാന്‍സ്‌പോര്‍ട് കോര്‍പ്പറേഷന്റെ 1,761 ബസുകള്‍ ഉപയോഗിച്ചാണ് ഇന്ദിരാ അനുകൂല റാലിക്ക് ദില്ലിയില്‍ ആളെ എത്തിച്ചത് എന്ന് അടിയന്തരാവസ്ഥയെ കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ഷാ കമ്മിഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂണ്‍ 24 നിര്‍ണായകമായിരുന്നു. 24ന് ഇന്ദിരാഗാന്ധി അലഹാബാദ് ഹൈക്കോടതി വിധിക്ക് എതിരേ കൊടുത്ത അപ്പീലില്‍ സുപ്രീം കോടതി വിധി പറയും. അന്നുതന്നൊയാണ് സര്‍ക്കാരിനെ അട്ടിമറിക്കുമെന്ന  പ്രഖ്യാപനവുമായി ജെപിയുടെ നേതൃത്വത്തില്‍ ദില്ലിയില്‍ വമ്പന്‍ റാലി തീരുമാനിച്ചിരുന്നതും. ഇതു രണ്ടും മുന്നില്‍ കണ്ട് ജൂണ്‍ 16ന് തന്നെ ഇന്ദിരാഗാന്ധി പദ്ധതി തയ്യാറാക്കി.  

പശ്ചിമബംഗാള്‍ മുഖ്യമന്തിയായിരുന്ന സിദ്ധാര്‍ത്ഥ ശങ്കര്‍ റേ 16-ന് ഇന്ദിരയെ സന്ദര്‍ശിച്ച് ആഭ്യന്തര അടിയന്തരാവസ്ഥ എന്ന നിര്‍ദേശം കൈമാറി. രാജ്യത്ത് 1971 മുതല്‍ വൈദേശിക അടിയന്തരാവസ്ഥ നിലവില്‍ ഉണ്ടായിരുന്നു. പാകിസ്ഥാന്‍ യുദ്ധത്തെ തുടര്‍ന്ന് പ്രഖ്യാപിച്ചതായിരുന്നു അത്. ബാഹ്യ അടിയന്തരാവസ്ഥ ഉള്ളപ്പോള്‍ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് തടസ്‌സമില്ല എന്നാണ് റേ നല്‍കിയ ഉപദേശം. അതുവരെ ഇന്ദിരാഗാന്ധിക്ക് അത്തരമൊരു സാധ്യതയെകുറിച്ച് അറിയില്ലായിരുന്നുവെന്ന് രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജി പിന്നീട് എഴുതി. ഇന്ദിരയുമായി തെറ്റിയ സിദ്ധാര്‍ത്ഥ് ശങ്കര്‍ റേ  ഇതു നിഷേധിച്ചു. പക്ഷേ അടിയന്തരാവസ്ഥാ നിര്‍ദേശവുമായി രാഷ്ട്രപതി ഫക്രുദീന്‍ അലി അഹമ്മദിനെ ഇന്ദിര കണ്ടപ്പോള്‍ കൂടെ ഉണ്ടായിരുന്ന എക നേതാവ് റേ ആയിരുന്നുവെന്ന് പിന്നീട് വ്യക്തമാക്കപ്പെട്ടു. 

ജൂണ്‍ 16ന് റേയുടെ ഉപദേശം കിട്ടിയ അന്നു തന്നെ സുപ്രീം കോടതിയില്‍ കേസുതോറ്റാല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ തത്വത്തില്‍ തീരുമാനമായി. ദില്ലിയില്‍ മൂന്നോ നാലോ നേതാക്കള്‍ക്കു മാത്രം അറിയാമായിരുന്ന കാര്യം ജൂണ്‍ 22ന് തന്നെ അടുത്തവൃന്ദങ്ങളിലേക്കു കൈമാറി. 22ന് ആര്‍ കെ ധവാന്‍ ഫോണില്‍ വിളിച്ച് ആന്ധ്രമുഖ്യമന്ത്രി വെങ്കല റാവുവിനോട് 24ന് ദില്ലിയില്‍ ഉണ്ടാകണമെന്ന് നിര്‍ദേശം നല്‍കി. പ്രതിപക്ഷ നേതാക്കളെ 23ന് തന്നെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു ലഫ്റ്റനന്റ് ഗവര്‍ണര്‍ കൃഷ്ണചന്ദിന് ലഭിച്ച നിര്‍ദേശം. പിന്നീട് അതു തിരുത്തി. 24വരെ കാത്തിരിക്കാന്‍ ഇന്ദിരാഗാന്ധി തീരുമാനിച്ചു. 

ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ സുപ്രീം കോടതി ജഡ്ജി ആയിരുന്ന കാലത്ത്‌
ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ സുപ്രീം കോടതി ജഡ്ജി ആയിരുന്ന കാലത്ത്‌

ജൂണ്‍ 24 തീരുമാനങ്ങളുടെ ദിവസം
ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ സുപ്രീം കോടതിയില്‍ അവധിക്കാല ബഞ്ചിലിരുന്ന് ഇന്ദിരാഗാന്ധിയുടെ അപ്പീലില്‍ വിധി പറയുകയാണ്. ആ വിധി ഇങ്ങനെയായിരുന്നു-ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കിയ അലഹാബാദ് ഹൈക്കോടതി വിധി സാധുവാണ്. പക്ഷേ ഇന്ദിരാഗാന്ധി  പ്രധാനമന്ത്രി പദവി ഒഴിയേണ്ടതില്ല. പാര്‍ലമെന്റില്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ പാടില്ല. പാര്‍ലമെന്റ് അംഗത്വം നഷ്ടമാവുകയും പ്രധാനമന്ത്രി പദം സംരക്ഷിക്കപ്പെടുകയും ചെയ്ത ആ വിധി  അനുകൂലമാണോ പ്രതികൂലമാണോ എന്ന് ഇരുവശത്തും ആശങ്കകള്‍ ഉണ്ടായ നിമിഷങ്ങള്‍. 

ആ വിധിയില്‍ അവ്യക്തതയുണ്ടെന്ന വിവാദം ജസ്റ്റിസ് കൃഷ്ണയ്യരെ എക്കാലവും പിന്തുടര്‍ന്നിരുന്നു. ഇന്ദിരയ്ക്ക് അനുകൂലമെന്ന് കോണ്‍ഗ്രസും ഉടന്‍ സ്ഥാനമൊഴിയണമെന്ന് ജയപ്രകാശ് നാരായണനും പ്രഖ്യാപിച്ചു. ജെ പിയുടെ വമ്പന്‍ റാലി ദില്ലിയില്‍ നടന്നു. പൊലീസും പട്ടാളവും പോലും ഇന്ദിരയെ അനുസരിക്കേണ്ടതില്ലെന്ന് റാലിയില്‍ ജെ പി പ്രഖ്യാപിച്ചു. 

സഞ്ജയ് ഗാന്ധി
സഞ്ജയ് ഗാന്ധി

ജൂണ്‍ 25 രാവിലെ കൂടിയാലോചനകളുടെ സമയം ആയിരുന്നു. നേരത്തെ തയ്യാറാക്കിയ പദ്ധതി നടപ്പാക്കാന്‍ തന്നെ ഇന്ദിരയും സഞ്ജയും നിര്‍ദേശം നല്‍കി. വൈകിട്ട് അഞ്ചരയ്ക്ക് ഇന്ദിരാഗാന്ധിയും സിദ്ധാര്‍ത്ഥ ശങ്കര്‍ റേയും രാഷ്ട്രപതിയെ സന്ദര്‍ശിച്ച് അടിയന്തരാവസ്ഥയുടെ സൂചന നല്‍കി മടങ്ങി. 
പിന്നെ അറസ്റ്റുകള്‍. തലങ്ങും വിലങ്ങും ദില്ലിയിലൂടെ പൊലീസ് ജീപ്പുകള്‍ പാഞ്ഞു. ആദ്യം ജയപ്രകാശ് നാരായണന്‍, പിന്നെ വാജ്‌പേയി, അദ്വാനി. തുടര്‍ന്ന് പ്രതിപക്ഷ മുന്നണിയിലെ ഓരോരുത്തരേയായി കസ്റ്റഡിയില്‍ എടുത്തു. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചു എന്നും രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിച്ചു എന്നുമായിരുന്നു എല്ലാവരുടേയും പേരിലുള്ള കുറ്റപത്രം. 

രാത്രി 11.25 ന് ആണ് ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ ശുപാര്‍ശ ചെയ്ത് രാഷ്ട്രപതിക്ക് കത്തു നല്‍കുന്നത്. മന്ത്രിസഭ ചേരാന്‍ സമയമില്ലെന്നും ഉടന്‍ ഉത്തരവ് വേണമെന്നും ഇന്ദിര ആവശ്യപ്പെട്ടു. മന്ത്രിസഭ ചേരേണ്ടതില്ലെന്ന് സിദ്ധാര്‍ത്ഥ ശങ്കര്‍ റേ രാഷ്ട്രപതിക്ക് ഉപദേശം നല്‍കി. അങ്ങനെ 11.35ന് രാഷ്ട്രപതി അടിയന്തരാവസ്ഥ പ്രഖയാപിച്ച് ഒറ്റവരി ഉത്തരവ് ഇറക്കി. 

സിദ്ധാര്‍ത്ഥ ശങ്കര്‍ റേയും ഇന്ദിരാ ഗാന്ധിയും
സിദ്ധാര്‍ത്ഥ ശങ്കര്‍ റേയും ഇന്ദിരാ ഗാന്ധിയും

ഈ വിവരം പുറത്തറിയാതിരിക്കാനും നേതാക്കളുടെ അറസ്റ്റ് വിവരം ചോരാതിരിക്കാനും സര്‍ക്കാര്‍ മുന്‍കരുതല്‍ സ്വകരിച്ചിരുന്നു. ദില്ലിയിലെ മുഴുവന്‍ പത്രസ്ഥാപനങ്ങളിലേക്കുമുള്ള വൈദ്യുതി രാത്രി വിച്ഛേദിച്ചത് പത്രങ്ങളുടെ അച്ചടി തടയാനായിരുന്നു. എന്നിട്ടും അച്ചടിച്ച പത്രങ്ങള്‍ പുലര്‍ച്ചെ പൊലീസ് എത്തി കണ്ടുകെട്ടുകയും ചെയ്തു. 

പുലര്‍കാല മന്ത്രിസഭാ യോഗം
രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് അറിയാതെയാണ് ആ മന്ത്രിസഭാ യോഗം ചേര്‍ന്നത്. 26ന് പുലര്‍ച്ചെ ആറരയ്ക്ക് ഇന്ദിരാഗാന്ധിയുടെ വസതിയായ നമ്പര്‍ വണ്‍ അക്ബര്‍ റോഡില്‍ വിളിച്ചു ചേര്‍ത്ത മന്ത്രിസഭാ യോഗം. ആ യോഗത്തില്‍ വച്ചാണ് ഭൂരിപക്ഷം മന്ത്രിമാരും തലേന്നു രാത്രി നിലവില്‍ വന്ന അടിയന്തരാവസ്ഥയെ കുറിച്ച് അറിഞ്ഞത്. ആ യോഗത്തില്‍ പങ്കെടുത്ത മന്ത്രിമാര്‍ ഇവരായിരുന്നു. വൈ ബി ചവാന്‍ (വിദേശം), ജഗ്ജീവന്‍ റാം (കൃഷി), സ്വരണ്‍ സിങ് (നിയമം), കെ. രഘുരാമയ്യ (പാര്‍ലമെന്ററി കാര്യം), കെ. ബ്രഹ്മചന്ദ റെഡ്ധി (ആഭ്യന്തരം), കരണ്‍ സിങ് (ആരോഗ്യം), ഐ കെ ഗുജ്‌റാള്‍ (വാര്‍ത്താ വിതരണം), എസ് നൂറുല്‍ ഹസന്‍, കെ സി പന്ത്, കെ വി രഘുനാഥ റെഡ്ധി, ചന്ദ്രജിത് യാദവ്, പ്രധാനമന്ത്രിയുടെ സെക്രട്ടറിയായ പി എന്‍ ധറും യോഗത്തില്‍ പങ്കെടുത്തു. യോഗം അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന് പൂര്‍ണ അനുമതി നല്‍കി. ഈ വിവരം ഇന്ദിരാഗാന്ധി അപ്പോള്‍ തന്നെ രാഷ്ട്രപതിയെ അറിയിച്ചു.

ഫക്രുദീന്‍ അലി അഹമ്മദ്‌
ഫക്രുദീന്‍ അലി അഹമ്മദ്‌

തുടര്‍ന്ന് രാവിലെ എട്ടരയ്ക്ക് തന്നെ രണ്ടാമത്തെ മന്ത്രിസഭാ യോഗം. പ്രസ് സെന്‍സര്‍ഷിപ്പിന് ഈ യോഗമാണ് അംഗീകാരം നല്‍കിയത്. രണ്ടാമത്തെ മന്ത്രിസഭാ യോഗത്തില്‍ ആദ്യം പങ്കെടുത്ത മന്ത്രിമാര്‍ക്കു പുറമെ കേശവ് ദേവ് മാളവ്യ, ശങ്കര്‍ദയാല്‍ ശര്‍മ, കമല്‍പതി ത്രിപാഠി എന്നീ മന്ത്രിമാരും പങ്കെടുത്തു. ഈ യോഗത്തോടെ രാജ്യത്ത് അടിയന്തരവാസ്ഥ സമ്പൂര്‍ണ യാഥാര്‍ഥ്യമായി. തലേന്ന് രാത്രിയില്‍ തുടങ്ങിയ ഒറ്റയാള്‍ ഭരണത്തിന് നിയമത്തിന്റെ സൂത്രവഴികളിലൂടെയാണ് അംഗീകാരം ലഭിച്ചത്. 

രാജ്യമെങ്ങും പ്രതിപക്ഷനേതാക്കളെ വേട്ടയാടി പിടിച്ചതോടെ പ്രതിഷേധത്തിനുള്ള സാധ്യതകുറഞ്ഞു. പലരും ഒളിവില്‍പോയി. ജനസ്വാധീനമുള്ളവരെ ഒളിവില്‍ നിന്ന് വേട്ടയാടി പിടിച്ചു. ഉത്തര്‍പ്രദേശിലും ബീഹാറിലും ബംഗാളിലും തമിഴ്‌നാട്ടിലുമെല്ലാം വ്യാപകമായി അറസ്റ്റ് നടന്നു. ബീഹാറിലും ബംഗാളിലും സംസ്ഥാന സര്‍ക്കാരുകള്‍ രാഷ്്രടീയ വിരോധം തീര്‍ക്കാനുള്ള ആയുധമായി ഇതിനെ എടുത്തു. ജയിലിനുള്ളില്‍ മര്‍ദ്ദനം എറ്റവും കൂടുതല്‍ നടന്നത് ബംഗാളിലും ബീഹാറിലും ആയിരുന്നു. സിപിഐഎം നേതാക്കള്‍ ബംഗാളിലും സോഷ്യലിസ്റ്റ് നേതാക്കള്‍ ബീഹാറിലും വേട്ടയാടപ്പെട്ടു. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും രാഷ്ട്രീയ വിരോധം മൂലമുള്ള അറസ്റ്റ് തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടന്നു.  എതിര്‍ത്ത ശബ്ദത്തെ മുഴുവന്‍ തടവിലാക്കുന്നതില്‍ മാത്രം ഒതുങ്ങിയില്ല സര്‍ക്കാര്‍ നടപടികള്‍. 

ഭരണഘടനയെ മാറ്റിമറിച്ച ഭരണം
ഭരണം തടസ്‌സമില്ലാതെ തുടരാന്‍ അടിയന്തരാവസ്ഥ കാലത്ത് അഞ്ചു  പ്രധാന ഭേദഗതികള്‍ ഇന്ദിരാ സര്‍ക്കാര്‍ കൊണ്ടുവന്നു. രാഷ്ട്രപതി, പ്രധാനമന്ത്രി, ഉപരാഷ്ട്രപതി എന്നിവരുടെ തെരഞ്ഞെടുപ്പ് കോടതിയില്‍ ചോദ്യം ചെയ്യുന്നതു തടഞ്ഞുകൊണ്ടുള്ള 39-ാം ഭേദഗതിയായിരുന്നു ഇവയില്‍  പ്രധാനം. കോടതിവഴി പ്രധാനമന്ത്രി പദം ചോദ്യം ചെയ്യപ്പെടുന്നത് തടയാനായിരുന്നു ഇത്. ഓഗസ്റ്റ് ഏഴിന് ഈ ഭേദഗതി അവതരിപ്പിക്കുമ്പോള്‍ ലോക്‌സഭയില്‍ എതിര്‍ക്കാന്‍ ഒരേ ഒരാളെ ഉണ്ടായിരുന്നുള്ളു-മോഹന്‍ ധാരിയ ആയിരുന്നു അത്. രാജ്യസഭയില്‍ എകകണ്ഠമായി ഇത് പാസായി. 

ഓഗസ്റ്റ് ഒന്‍പതിനു തന്നെ 17 സംസ്ഥാന നിയമസഭകള്‍ യോഗം ചേര്‍ന്ന് ബില്ലിന് അംഗീകാരം നല്‍കി. അങ്ങനെ ആദ്യത്തെ കിരാത കരിനിയമം എന്നു പേരുകേട്ട ആ ഭേദഗതി നിയമമായി. അടിയന്തരാവസ്ഥ പ്രഖ്യാപനത്തെ കോടതിയില്‍ ചോദ്യം ചെയ്യുന്നതു തടഞ്ഞുകൊണ്ടുള്ള 38-ാം ഭേദഗതി, 64 നിയമങ്ങള്‍ ഒന്‍പതാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തുന്ന 40-ാം ഭേദഗതി, പിഎസ്‌സി ചെയര്‍മാന്റെ കാലാവധി നീട്ടിക്കൊണ്ടുള്ള 41-ാം ഭേദഗതി, ലോക്‌സഭയുടെ കാലാവധി ആറു വര്‍ഷമായി ഉയര്‍ത്തിയ 42-ാം ഭേദഗതി എന്നിവയും ഇതേ രീതിയില്‍ പാസായതോടെ സര്‍ക്കാര്‍  ചോദ്യം ചെയ്യപ്പെടാന്‍ ആകാത്ത സംവിധാനമായി. അവിടെ തുടങ്ങുകയായിരുന്നു സ്വേച്ഛാ ഭരണം.
 
ഇന്ദിരയാണ് ഇന്ത്യ
ദേവകാന്ത് ബറൂവയാണ് ആ പ്രഖ്യാപനം നടത്തിയത്-ഇന്ദിരയാണ് ഇന്ത്യ എന്ന വലിയ മാനങ്ങളുള്ള പ്രസ്താവന. പക്ഷേ, യഥാര്‍ഥത്തില്‍ ഇന്ദിരയായിരുന്നില്ല അന്ന് ഇന്ത്യ. അത് സഞ്ജയ് ഗാന്ധിയായിരുന്നു. സര്‍ക്കാരിന്റെ ഓരോ തീരുമാനങ്ങളും പ്രധാനമന്ത്രിയുടെ വസതിയില്‍ ഇരുന്ന് സഞ്ജയ് എടുക്കുകയായിരുന്നു. ജനസംഖ്യാ വര്‍ധന തടയാനുള്ള കുടുംബാസൂത്രണ പദ്ധതി നിര്‍ബന്ധിതമാക്കാന്‍ തീരുമാനിച്ചതും നഗരങ്ങളിലെ ചേരികള്‍ ഇടിച്ചു നിരത്താന്‍ തീരുമാനിച്ചതും സഞ്ജയ് ആയിരുന്നു. രാജ്യത്തെ നൂറുകണക്കിനു ചേരികള്‍ ഇങ്ങനെ തച്ചുതകര്‍ക്കപ്പെട്ടു. ഒരു കോടി ആളുകള്‍ക്ക് വന്ധ്യം കരണ ശസ്ത്രക്രിയ നടത്തി. 
തടസ്‌സം നിന്നവരെ വെടിവച്ചു വീഴ്ത്തി. തുര്‍ക്മാന്‍ഗേറ്റിലെ കൂട്ടക്കൊല ഉണ്ടാകുന്നത് അങ്ങനെയാണ്. ഭഗത് സിങ് മാര്‍ക്കറ്റ്, സുല്‍ത്താന്‍പുര്‍ മസ്ര, ആര്യസമാജ് മന്ദിരം, കരോള്‍ ബാഗ്, ആന്ധേരി മാര്‍ഗ് എന്നിവിടങ്ങളിലെല്ലാം ലാത്തിച്ചാര്‍ജ്ജും വെടിവയ്പും നടന്നു. എത്രപേര്‍ കൊല്ലപ്പെട്ടുവെന്നോ എത്രപേരെ കാണാതായി എന്നോ ഇന്നും കണക്കുകള്‍ ഇല്ല. 

ദേവകാന്ത് ബറൂവ
ദേവകാന്ത് ബറൂവ

സിപിഐ ഒഴികെയുള്ള പ്രതിപക്ഷ കക്ഷി നേതാക്കളെയെല്ലാം അറസ്റ്റ് ചെയ്യാനായിരുന്നു ഉത്തരവ്. സംഘടനാ കോണ്‍ഗ്രസ്, സോഷ്യലിസ്റ്റ് പാര്‍ട്ടി, സിപിഐഎം. സിപിഐഎംഎല്‍ കമ്യൂണിസ്റ്റ് സെന്റര്‍ തുടങ്ങിയ പാര്‍ട്ടികളിലെ ഭൂരിപക്ഷം നേതാക്കളും അറസ്റ്റിലായി. ആര്‍എസ്എസ്, സിപിഐഎം എല്‍ എന്നിവ അന്ന് നിരോധിത പാര്‍ട്ടികള്‍ ആയിരുന്നു. കേരളത്തിലും ബംഗാളിലും നേതാക്കളെ മാത്രമല്ല അനുഭാവികളെയും അറസ്റ്റ് ചെയ്തിരുന്നു. ആന്ധ്രയിലാണ് കമ്മ്യൂണിസ്റ്റ് നേതാക്കള്‍ പിന്നീട് കൂടുതല്‍ അറസ്റ്റിലായത്. 

അറസ്റ്റ് മാത്രമല്ല നടന്നത്. മന്ത്രിസഭകള്‍ വരെ ശക്തി ഉപയോഗിച്ച് അട്ടിമറിക്കപ്പെട്ടു. തമിഴ്‌നാട്ടിലേയും ഗുജറാത്തിലേയും പ്രതിപക്ഷ മന്ത്രിസഭകള്‍ താഴെ വീണു. സഞ്ജയ് ഗാന്ധിയോട് വിയോജിപ്പ് അറിയിച്ച ഐ കെ ഗുജ്‌റാളിനെ ഇതിനിടെ കേന്ദ്രമന്ത്രിഭയില്‍ നിന്നു മാറ്റി. പകരം വിദ്യാചരണ്‍ ശുക്‌ളയാണ് ആ സ്ഥാനത്ത് എത്തിയത്. 

ഡിസംബര്‍ എട്ടിനാണ് പത്രമാരണ ഓര്‍ഡിനന്‍സ് പാസാകുന്നത്. അടിയന്തരാവസ്ഥ കാലത്ത് രാജ്യത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടി വന്നത് 208 പത്രങ്ങള്‍ക്കാണ്. 1434 മാസികകളും എന്നേക്കുമായി പൂട്ടപ്പെട്ടു. 

ചേരി നിര്‍മാര്‍ജന പദ്ധതികളിലൂടെ ഒഴിപ്പിക്കപ്പെട്ടത് പത്തു കോടി ആളുകള്‍ വരുമെന്നാണ് കണക്ക്. പലരും എന്നേക്കുമായി തെരുവിലായി. പുനരധിവാസപദ്ധതിയില്‍ സ്ഥലം ലഭിച്ചത് അത്യപൂര്‍വം ആളുകള്‍ക്കു മാത്രമായിരുന്നു. നഗരങ്ങളെ ആശ്രയിച്ചു ജീവിച്ചിരുന്നവര്‍ ദൂരെയുള്ള കേന്ദ്രങ്ങളിലേക്കു പോകാന്‍ മടിച്ചു. ഇതു ദിവസവും സംഘര്‍ഷത്തിനും കലാപത്തിനും വഴി വച്ചു. പല മരണങ്ങളും സര്‍ക്കാര്‍ രേഖകളില്‍ പോലും കയറാതെ അവസാനിച്ചു. സ്‌റ്റേഷനുകളില്‍ പരാതിയുമായി എത്തിയവരെ ആട്ടിയോടിച്ചു. കോടതികള്‍ പലതും അടഞ്ഞുകിടക്കുകയായിരുന്നു. അങ്ങനെ നിയമപരമായ ഒരു സാധ്യതയും ഇല്ലാതെ കേസുകള്‍ കെട്ടൊടുങ്ങി. ജയിലില്‍ ആയതിനാല്‍  പ്രതിപക്ഷം ദുര്‍ബലമാണ് എന്ന മിഥ്യാധാരണയാണ് അടിയന്തരാവസ്ഥ പിന്‍വലിക്കുന്നതിലേക്ക് എത്തിയത്. 

അപ്രതീക്ഷിതമായി പിന്മാറ്റം
പിന്‍വലിച്ചത് തീര്‍ത്തും അപ്രതീക്ഷിതമായി ആയിരുന്നു. 1977 മാര്‍ച്ച് 21 ന് അടിയന്തരാവസ്ഥ പിന്‍വലിച്ച് രാഷ്ട്രപതിയുടെ ചുമതലയുള്ള ഉപരാഷ്ട്രപതി ബി ഡി ജട്ടി ഉത്തരവിട്ടു. രാഷ്ട്രപതി ഫക്രുദീന്‍ അലി അഹമ്മദ് ഒരു മാസം മുന്‍പ് മരിച്ചതോടെയാണ് ബി ഡി ജട്ടിയില്‍ ആ ചുമതല എത്തിയത്. പക്ഷേ ജയിലില്‍ നിന്നിറങ്ങിയ പ്രതിപക്ഷ നേതാക്കള്‍ക്ക് ഇന്ദിര കരുതിയതിലും കൂടുതല്‍ ജനപിന്തുണ ഉണ്ടായിരുന്നു. 

ഇന്ദിരാ ഗാന്ധിയും ബി.ഡി ജട്ടിയും
ഇന്ദിരാ ഗാന്ധിയും ബി.ഡി ജട്ടിയും

കോണ്‍ഗ്രസ് ആദ്യമായി പ്രതിപക്ഷത്ത് എത്തിയ ആ തെരഞ്ഞെടുപ്പില്‍ ജനതാ പാര്‍ട്ടി 345 സീറ്റ് നേടി അധികാരത്തിലെത്തി. മൊറാര്‍ജി ദേശായി ആയിരുന്നു പ്രധാനമന്ത്രി. കോണ്‍ഗ്രസിന് 187 സീറ്റ് മാത്രം. കോണ്‍ഗ്രസ് പ്രതിപക്ഷത്ത് ആയതിലും വലിയ വാര്‍ത്ത അതായിരുന്നു. ഇന്ദിരാ ഗാന്ധി റായ്ബരേലിയില്‍ തോറ്റു. സംഘടനാ കോണ്‍ഗ്രസ്, ജനസംഘം, ഭാരതീയ ലോക്ദള്‍, സോഷ്യലിസ്റ്റ് പാര്‍ട്ടി എന്നിവയുടെ സംയുക്ത മുന്നണിയാണ് അധികാരത്തില്‍ എത്തിയത്. തമ്മിലടി കലശലായി മൊറാര്‍ജി ദേശായി 1979ല്‍ വീണു. പിന്നെ ചരണ്‍ സിങ് പ്രധാനമന്ത്രിയായി. 

രണ്ടു ജനതാ ഭരണത്തോടെ തന്നെ ഇന്ദിരയ്ക്ക് അനുകൂലമായ സാഹചര്യം രാജ്യത്ത് വീണ്ടും ഉയര്‍ന്നു വന്നു. അങ്ങനെ 1980ലെ തെരഞ്ഞെടുപ്പില്‍ 384 സീറ്റും നേടി ഇന്ദിര തിരികെ വന്നു. ജനതാപാര്‍ട്ടിക്ക് ലഭിച്ചത് 47 സീറ്റ് മാത്രവും. അടിയന്തരാവസ്ഥയുടെ കിടുകിടുപ്പ് മാറും മുന്‍പ് തന്നെ ബാലറ്റിലൂടെ അധികാരത്തലേക്കുള്ള ഇന്ദിരയുടെ മടക്കമായിരുന്നു അത്. ഫാസിസത്തിന്റെയും എകാധിപത്യത്തിന്റെയും ജനുസ്‌സില്‍ പെടുത്തി എതിര്‍ക്കുമ്പോഴും നിഗൂഢമായി ഇന്ത്യന്‍ ജനാധിപത്യം ഇന്നും നടത്തുന്ന ആ സിംഹാസനദാനത്തിന്റെ തുടക്കവും അവിടെയായിരുന്നു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com