കാവടിക്കെട്ട്, പമ്പാവാസന്‍, ഉരുട്ടല്‍: കേരളം തടവറയായ കാലം

കേരളത്തിന്റെ തെക്കുവടക്ക് മര്‍ദനക്യാമ്പുകള്‍. മേല്‍നോട്ടംവഹിച്ച് ജയറാം പടിക്കലും മധുസൂദനനും ലക്ഷ്മണയും. എല്ലാം മുകളില്‍ നിന്നുകണ്ട് ആഭ്യന്തരമന്ത്രിയും
ഇന്ദിരാ ഗാന്ധിയും കരുണാകരനും
ഇന്ദിരാ ഗാന്ധിയും കരുണാകരനും

പൗരസ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും ഭരണകൂടം ചങ്ങലക്കിട്ട എഴുപതുകളിലെ ആ ഇരുപത്തിയൊന്നു മാസം കേരളം എങ്ങനെയായിരുന്നു എന്നത് ഇന്നും അധികം പുറത്തുവരാത്തതും ചര്‍ച്ചചെയ്യപ്പെടാത്തതുമായ കഥയാണ്. സി. അച്യുതമേനോന്‍ മുഖ്യമന്ത്രിയും കെ. കരുണാകരന്‍ ആഭ്യന്തരമന്ത്രിയുമായിരുന്ന കേരളത്തിലെ 'ജനാധിപത്യ' ഗവണ്‍മെന്റ് നിലവിലുണ്ടായിരുന്ന കടുത്ത സാഹചര്യങ്ങള്‍ക്ക് നേരെ ചോദ്യമുയര്‍ത്തിയ രാഷ്ട്രീയാഭിപ്രായങ്ങളെ കിരാതമായാണ് അന്ന് നേരിട്ടത്.

അക്കാര്യത്തില്‍ കേന്ദ്രത്തിലെ ഇന്ദിരാഭരണത്തിനും പിന്നിലായിരുന്നില്ല കേരളത്തിലെ സര്‍ക്കാര്‍. നക്‌സലൈറ്റ് രാഷ്ട്രീയ പ്രവത്തകര്‍, ജനസംഘം പ്രവര്‍ത്തകര്‍, സി.പി.എമ്മിന്റെ പ്രവര്‍ത്തകര്‍, സോഷ്യലിസ്റ്റുകള്‍ തുടങ്ങി വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലും സംഘടനകളിലും പെട്ട ആയിരക്കണക്കിനാള്‍ക്കാര്‍ തടവറകളില്‍ അടയ്ക്കപ്പെട്ടു. 'മിസ'യും ഡി.ഐ. ആറും പ്രകാരമായിരുന്നു അറസ്റ്റുകള്‍. പി. രാജന്‍ ഉള്‍പ്പെടെ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടവര്‍ നിരവധിപേര്‍. പ്രതിഷേധവുമായി തെരുവിലിറങ്ങിയവര്‍ ഭീകരമായി ആക്രമിക്കപ്പെട്ട നാളുകളായിരുന്നു അന്ന്.

ജയറാം പടിക്കല്‍
ജയറാം പടിക്കല്‍

തെരുവുകളിലെയും പൊതുസ്ഥലങ്ങളിലേയും അച്ചടക്കത്തിന്റെ മോഹക്കാഴ്ചയില്‍ മതിമറന്ന കേരളത്തിലെ ഇടത്തരം സമൂഹത്തിനു മുന്നില്‍ ഈ ഭരണകൂടകുറ്റകൃത്യങ്ങള്‍ അധികാരികള്‍ക്ക് കൃത്യമായി മൂടിവയ്ക്കാന്‍ കഴിഞ്ഞെങ്കിലും അടിയന്തരാവസ്ഥയുടെ കനലുകള്‍ കെട്ടടങ്ങിയപ്പോള്‍ കഥകള്‍ ഒന്നൊന്നായി പുറത്തേക്ക് വരാന്‍ തുടങ്ങി.

1975 ജൂണ്‍ ഇരുപതിന്റെ അര്‍ദ്ധരാത്രി ശ്രീമതി ഗാന്ധിയുടെ ആഗ്രഹപ്രകാരം രാഷ്ട്രപതി പ്രഖ്യാപിച്ച അടിയന്തരാവസ്ഥ വാര്‍ത്ത പുറത്തുവന്നപ്പോള്‍ തന്നെ കേരളത്തില്‍ ഭരണരാഷ്ട്രീയ നേതൃത്വം തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ നേരിടാനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചുകഴിഞ്ഞിരുന്നു. ജൂലൈ ഒന്നിന് കേരളത്തില്‍ രൂപം കൊണ്ട അടിയന്തരാവസ്ഥ സമിതി എറണാകുളം ടി.ബിയില്‍ ഇ.എം.എസിന്റെ നേതൃത്വത്തില്‍ യോഗം കൂടിയതിനുശേഷമാണ് അറസ്റ്റിന്റെയും കരുതല്‍ തടങ്കലിന്റെയും ആക്കം കൂടിയത്. കേരളത്തില്‍ രാഷ്ടീയനേതാക്കള്‍ ഒളിവിടങ്ങളിലേക്ക് മാറി.

മാര്‍ക്‌സിസ്റ്റ് നേതാക്കളായ ഇ.എം.എസ്‌സും പുത്തലത്ത് നാരായാണനും ആര്‍.എസ്.എസ്. നേതാവ് ഭാസ്‌കരറാവുവും ഒളിവില്‍ പോയി. അതേസമയം തന്നെ നിരോധനം ലംഘിച്ചുകൊണ്ടുള്ള പ്രകടനങ്ങളും നാട്ടിലെമ്പാടും ആരംഭിച്ചു. തിരുവനന്തപുരത്ത് പ്രകടനം നടത്തിയ അന്നത്തെ എസ്.എഫ്.ഐ. നേതാക്കളായിരുന്ന കോടിയേരി ബാലകൃഷ്ണനും എം. വിജയകുമാറും എം.എ. ബേബിയും തോമസ് ഏബ്രഹാമും മിസ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടു. എന്‍. ജി. ഒ യൂണിയന്‍ നേതാക്കളായ പി. ആര്‍ രാജനും പത്മനാഭനും അറസ്റ്റു ചെയ്യപ്പെട്ടു.

സെക്രട്ടേറിയേറ്റിനുള്ളില്‍ ആഭ്യന്തരമന്ത്രി കെ. കരുണാകരനെ കണ്ടിട്ട് പുറത്തിറങ്ങുമ്പോഴാണ് പി. ആര്‍ രാജനെ അറസ്റ്റു ചെയ്യുന്നത്.  അറസ്റ്റുകളുടെ തുടക്കമായിരുന്നു അത്. 
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച അന്നുതന്നെ അറസ്റ്റു ചെയ്യപ്പെടേണ്ടവരുടെ പട്ടിക ഉന്നത പൊലീസ് അധികാരികളുടെ മേശപ്പുറത്തുനിന്ന് ജില്ലാ ആസ്ഥാനങ്ങളിലേക്കും അവിടെനിന്ന് താഴേക്കും നീങ്ങിയിരുന്നു. കേരളത്തെ പിടിച്ചുകുലുക്കിയ നക്‌സലൈറ്റ് ആക്ഷനുകളുടെ ഞെട്ടല്‍ വിട്ടുമാറാതിരുന്ന പൊലീസിന് പ്രധാനമായും ആവശ്യം കേരളത്തിലെ നക്‌സല്‍ നേതാക്കളും പ്രവര്‍ത്തകരുമായിരുന്നു. പിന്നീട് വേണ്ടിയിരുന്നത് ഇന്ദിരാഗാന്ധിയെ ശക്തമായി എതിര്‍ത്തിരുന്ന ലോക് സംഘര്‍ഷ് സമിതിയുടെ പ്രവര്‍ത്തകരെയും ജനസംഘത്തിന്റെ പ്രവര്‍ത്തകരെയുമായിരുന്നു.

കേരളത്തില്‍ തെക്കു-വടക്ക് പ്രത്യേകം ക്യാമ്പുകള്‍ തുറന്നു. മേജര്‍ ക്യാമ്പുകളെന്നും മൈനര്‍ ക്യാമ്പുകളെന്നും രണ്ടായി തരംതിരിച്ച ക്രൈംബ്രാഞ്ച് ക്യാമ്പുകള്‍. തിരുവന്തപുരത്ത് ശാസ്തമംഗലത്തായിരുന്നു പ്രധാനക്യാമ്പ്. കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, പാലക്കാട് എന്നിവിടങ്ങളിലായിരുന്നു ക്യാമ്പുകള്‍. പില്‍ക്കാല കേരളത്തിന്റെ രാഷ്രീയ ചരിത്രത്തെ ചോരകൊണ്ടെഴുതിയ ഏടാണ് ഈ ക്യാമ്പുകള്‍ സമ്മാനിച്ചത്.

ചെറുത്തുനില്പും രക്തസാക്ഷിത്വവും
രാജന്‍, വര്‍ക്കല വിജയന്‍, അങ്ങാടിപ്പുറം ബാലകൃഷ്ണന്‍- കേരളത്തില്‍ നക്‌സല്‍ ബന്ധം ആരോപിച്ച് ക്യാമ്പുകളില്‍ കൊണ്ടുപോയി കൊലചെയ്യപ്പെട്ടവരാണ് രാജനും വര്‍ക്കല വിജയനുമെങ്കില്‍ ക്യാമ്പിലേക്ക് എത്തുന്നതിനുമുന്‍പ് സ്വയം ജീവനൊടുക്കിയതാണ് അങ്ങാടിപ്പുറം ബാലകൃഷ്ണന്‍.
1976 ഫെബ്രുവരിയില്‍ കോഴിക്കോട് ജില്ലയിലെ കായെണ്ണ എന്ന സ്ഥലത്ത് നടന്ന പൊലീസ് സ്‌റ്റേഷന്‍ ആക്രമണത്തില്‍ രണ്ട് റൈഫിളുകള്‍ കാണാതായി. ആ റൈഫിളുകള്‍ അന്വേഷിച്ചുള്ള പോലീസ് നടപടികളാണ് ഇന്നും ദുരൂഹമായി തുടരുന്ന, പി. രാജന്‍ എന്ന രാഷ്ട്രീയ തടവുകാരന്റെ തിരോധാനത്തിലേക്ക് നയിച്ച സംഭവങ്ങളുടെ തുടക്കം. കോഴിക്കോട് ജില്ലയിലെ കക്കയത്ത് കുറ്റിയാടി ജലവൈദ്യുത പദ്ധതിക്കായി നിര്‍മിച്ച ആള്‍താമസമില്ലാത്ത വീട് പൊലീസ് ക്യാമ്പാക്കിയായിരുന്നു നായാട്ട്.

കോഴിക്കോട് എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന പി. രാജന്‍ നക്‌സല്‍ അനുഭാവിയായിരുന്നു. ഡി.ഐ.ജി. മധുസൂദനന്‍, ജയറാം പടിക്കല്‍, കെ. ലക്ഷ്മണ, ഡി.വൈ.എസ്.പി. കെ.വി. സേതുമാധവന്‍, വടകര എ.എസ്.പി. കെ. സുകുമാരന്‍ നായര്‍, എ.എസ്.പി. അല്‍ഫോണ്‍സ് ലൂയിസ്, ഡി.വൈ.എസ്.പി. കുഞ്ഞിരാമന്‍ നമ്പ്യാര്‍ എന്നീ പൊലീസ് നിരയിലെ ഉന്നത ഉദ്യോഗസ്ഥര്‍ പല പ്രാവശ്യം ക്യാമ്പ് ചെയ്ത് തങ്ങളുടെ മര്‍ദകവീര്യം കാട്ടിയ ഈ ക്യാമ്പില്‍ നിന്നാണ് പി. രാജന്‍ ക്രൂരമായ മര്‍ദനം ഏറ്റുവാങ്ങുകയും പിന്നീട് കൊലചെയ്യപ്പെടുകയും ചെയ്തത് എന്ന് തെളിവുകളും സാഹചര്യത്തെളിവുകളും വിളിച്ചുപറഞ്ഞത്. 

അടിയന്തരാവസ്ഥയ്ക്കുശേഷം മരണം വരെ രാജന്റെ പിതാവ് പ്രൊഫസര്‍ ഈച്ചരവാര്യര്‍ മകന്റെ തിരോധാനത്തിനു പിന്നിലുള്ള സത്യം കണ്ടുപിടിക്കാനായി നടത്തിയ യാത്രകള്‍ കേരളത്തിന്റെ മന:സാക്ഷിയോടു ചോദിച്ച ചോദ്യങ്ങള്‍ അനവധിയാണ്. സംസ്ഥാന പൊലീസ് സേനയുടെ തലവന്മാരായ ജയറാം പടിക്കലും മുരളീകൃഷ്ണദാസും കക്കയം ക്യാമ്പില്‍ ക്യാമ്പു ചെയ്തു നടത്തിയ ചോദ്യം ചെയ്യലുകള്‍ നൂറുകണക്കിനാള്‍ക്കാരുടെ ജീവിതത്തെ തകര്‍ത്തെറിഞ്ഞു. കേരളത്തിലെ നക്‌സല്‍ പ്രസ്ഥാനത്തെ അടിയന്തരാവസ്ഥയുടെ നിഴലില്‍ തൂത്തെറിയുക എന്നു പ്രതിജ്ഞയെടുത്ത അന്നത്തെ ആഭ്യന്തരമന്ത്രി കെ. കരുണാകരന്റെ ആഗ്രഹമായിരുന്നു കൊടിയ പീഡനങ്ങളില്‍ അവസാനിച്ചത്.
കക്കയം ക്യാമ്പിന്റെ ഇരുണ്ട മുറികളില്‍ ചോദ്യം ചെയ്യലിന്റെ ക്രൂരതകള്‍ ഏറ്റുവാങ്ങേണ്ടിവന്നവര്‍ നിരവധിയാണ്. സോമശേഖരന്‍, കാനോട്ട് രാജന്‍, എബ്രഹാം ബെന്‍ഹര്‍, ജോസഫ് ചാലി അങ്ങനെ നൂറുകണക്കിനു പേര്‍.

കക്കയം ക്യാമ്പില്‍നിന്നും പുറത്തേക്ക് വന്ന വാര്‍ത്തകള്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കിടയില്‍ പൊതുവില്‍ ഭീതി പടര്‍ത്തിയിരുന്നു. അങ്ങാടിപ്പുറം ബാലകൃഷ്ണന്‍ സി.പി. ഐ എമ്മിന്റെ പ്രവര്‍ത്തകനായിരുന്നു. പ്രഭാകരന്‍ എന്ന നക്‌സല്‍ പ്രവര്‍ത്തകനെ പരിചയപ്പെടുന്നതോടെയാണ് നക്‌സല്‍ അനുഭാവിയായി മാറുന്നത്. പ്രഭാകരനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ കൂടെ ബാലകൃഷ്ണനെയും  കസ്റ്റഡിയില്‍ എടുത്തു. കക്കയം ക്യാമ്പിലേക്കാണ് തങ്ങളുടെ യാത്ര എന്നു മനസിലായപ്പോള്‍ മുതല്‍ ബാലകൃഷ്ണന്‍ മൗനിയായി. ശക്തമായ പ്രതികരണമായിരുന്നു അദ്ദേഹത്തിന്റെ മനസില്‍. പൊലീസ് ജീപ്പില്‍ സീറ്റിനടിയില്‍ സൂക്ഷിച്ചിരുന്ന പെട്രോള്‍ കന്നാസ് ബാലകൃഷ്ണന്‍ തുറന്നു. ഇതേസമയം തന്നെ ബീഡി കത്തിക്കാനായി തീപ്പെട്ടിയും വാങ്ങിയിരുന്നു. കന്നാസ് തുറന്ന് പെട്രോള്‍ മറിച്ചതും തീകൊടുത്തതും ഒരേ സമയം. ആ സമയം തന്നെ മുന്‍ സീറ്റിലിരുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ ബാലകൃഷ്ണന്‍ വരിഞ്ഞ് പിടിച്ചിരുന്നു. രണ്ടു പേരും അഗ്നിക്കിരയായി വെന്തമര്‍ന്നു. പൊലീസ് ക്രൂരതകള്‍ക്കേറ്റ ശക്തമായ തിരിച്ചടിയാണ് ബാലകൃഷ്ണന്‍ തന്റെ സ്വയം ഹത്യയിലൂടെ നിര്‍വ്വഹിച്ചത്. 

ഇടപ്പള്ളി ക്യാമ്പ് എന്ന കോണ്‍സട്രേഷന്‍ ക്യാമ്പ്
ക്രൈംബ്രാഞ്ച് ക്യാമ്പായി പ്രവര്‍ത്തിച്ച എറണാകുളത്തെ ഇടപ്പള്ളി കൊട്ടാരം എറണാകുളത്തെയും തൃശ്ശൂരിലെയും രാഷ്ട്രീയ തടവുകാരുടെ തടവറയായിരുന്നു. കുമ്പളം നക്‌സല്‍ ആക്ഷന്റെ പേരില്‍ പിടിക്കപ്പെട്ട രാഷ്ട്രീയ തടവുകാരെ മൃഗീയമായി ചോദ്യം ചെയ്തത് ഈ ക്യാമ്പിന്റെ ഇരുണ്ടമുറികളില്‍ കിടത്തിയായിരുന്നു. എന്‍.എം. അരവിന്ദന്‍, കുഞ്ഞപ്പന്‍, കുഞ്ഞന്‍ ബാവ, ഗോപാലകൃഷ്ണന്‍, അബ്ദുള്ള, വിനായകന്‍, എം.എസ്. ജയകുമാര്‍, സുബ്രമണ്യന്‍ തുടങ്ങി നിരവധിപേര്‍. വലിയൊരു മേശയുടെ നാലുകാലില്‍ ചങ്ങലയില്‍ തളച്ചായിരുന്നു ഇവരെ കിടത്തിയത്. നിരന്തരമായ ഉരുട്ടലില്‍ പഴുത്തുതുടങ്ങുന്ന തുടമാംസത്തില്‍ മുനകൂര്‍പ്പിച്ച പെന്‍സില്‍ കൊണ്ട് ജയറാം പടിക്കല്‍ നടത്തിയ പരീക്ഷണങ്ങള്‍ ഏറ്റവും കൂടുതല്‍ നടന്നത് ഈ ക്യാമ്പിലായിരുന്നു. കടുത്ത പീഡനം സഹിക്കാനാവാതെ മാനസികമായി തകര്‍ന്ന ഇവരില്‍ ഒരാള്‍ക്ക് തിരികെ സാധാരണജീവിതത്തിലേക്ക് എത്താന്‍ എത്രയോ വര്‍ഷങ്ങള്‍ വേണ്ടിവന്നു.

ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. ഡി. ജോര്‍ജും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജയിംസ് ജോര്‍ജുമാണ് ഇടപ്പള്ളിയില്‍ എത്തിയ രാഷ്ട്രീയ തടവുകാരെ ക്രൂരമായി നേരിടാന്‍ നേതൃത്വം നല്‍കിയത്. ഇടപ്പള്ളി ക്യാമ്പില്‍ കടുത്ത ഭേദ്യം ചെയ്യലിനിരയായ ആശാന്‍ ചോതി, കുമ്പളം കേസിലെ പ്രതികളെ സഹായിക്കാന്‍ കൂട്ടുനിന്നു എന്ന കുറ്റത്താലാണ് പിടിക്കപ്പെട്ടത്. മാര്‍കിസ്റ്റു പാര്‍ട്ടിയുടെ കര്‍ഷകത്തൊഴിലാളി യൂണിയന്റെ സജീവപ്രവര്‍ത്തകനായിരുന്ന അദ്ദേഹം ക്രൂരമര്‍ദനത്തിനിരയായി.അടിയന്തരാവസ്ഥ പിന്‍വലിച്ചതിനുശേഷം അധികനാള്‍ ജീവിച്ചിരുന്നില്ല. ചോതിയെ അന്വേഷിച്ചിറങ്ങിയ അദ്ദേഹത്തിന്റെ ഭാര്യ കുറുമ്പയെയും ഇടപ്പള്ളി ക്യാമ്പില്‍ പൊലീസ് ക്രൂരമായിട്ടാണ് കൈകാര്യം ചെയ്തത്. കടുത്ത മാനസിക പീഡനവും വേദനയും അക്കാലത്ത് അവരെ ഇടയ്‌ക്കൊക്കെ മനസ്‌സിന്റെ താളം തെറ്റലിലേക്ക് നയിച്ചു. 

തൃശ്ശൂരിലെ പൊലീസ് ക്‌ളബ്ബിനോട് ചേര്‍ന്ന ഊട്ടുപുരയായിരുന്നു ക്യാമ്പ്. ടി.കെ. നടേശന്‍ സി.പി.ഐ.എം.എല്‍ സംസ്ഥാന സമിതിയംഗമായിരുന്നു. അങ്ങാടിപ്പുറം പ്രഭാകരന്‍ എന്ന നക്‌സല്‍ നേതാവ് നടേശന്റെ പേരില്‍ അയച്ച കത്ത് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മുരളീകൃഷ്ണദാസ് എന്ന ഉന്നത ക്രൈംബ്രാഞ്ച് ഉദ്യോ ഗസ്ഥന്‍ നടത്തിയ ചോദ്യം ചെയ്യല്‍ ഭീകരമായിരുന്നു. നദികളില്‍നിന്നും ശേഖരിച്ച് വലിയ ഉരുളന്‍ കല്ലുകള്‍ തോര്‍ത്തില്‍ കെട്ടിയുള്ള അടി. നട്ടെല്ലനു താഴെയായിരുന്നു പ്രയോഗം. അടിതുടങ്ങി കുറച്ചുകഴിഞ്ഞപ്പോള്‍ ആ ഭാഗം പൊട്ടി. കുറച്ചു ദിവസംകൂടി കഴിഞ്ഞപ്പോള്‍ പൊട്ടിയഭാഗം പഴുത്തു. നടേശനെ മരണത്തിനടുത്തെത്തിച്ചതായിരുന്നു ആ മര്‍ദനം. കല്ലുകെട്ടിയുള്ള ആ പ്രയോഗത്തിന് പൊലീസുകാര്‍ നല്‍കിയ പേര്‍ പമ്പാവാസന്‍ എന്നായിരുന്നു. പമ്പാനദിയില്‍നിന്നും ശേഖരിച്ചുകൊണ്ടുവന്ന കല്ലുകളായിരുന്നു അത്. കൊടുങ്ങല്ലൂര്‍ സ്വദേശിയായിരുന്ന ഇ.ആര്‍. ചിദംബരനും തൃശ്ശൂര്‍ ക്യാമ്പിന്റെ ഭീകരത അനുഭവിച്ചറിഞ്ഞ ആളാണ്. തൃശ്ശൂര്‍ ക്യാമ്പില്‍നിന്നും ഇടയ്ക്ക് തടവുകാരെ ഇടപ്പള്ളി ക്യാമ്പിലേക്ക് കൊണ്ടുവന്നിരുന്നു.

ജയറാം പടിയ്ക്കലിനു നേരിട്ടു ചോദ്യം ചെയ്യാനുള്ള സൗകര്യത്തിനായി. കൂടെ പ്രവര്‍ത്തിച്ചവരെപ്പറ്റിയുള്ള വിവരങ്ങള്‍ അറിയാനുള്ള ചോദ്യം ചെയ്യല്‍. കഴിവതും പിടിച്ചുനില്‍ക്കുന്നവര്‍ ഭീകരമായ മര്‍ദനത്തിനൊടുവില്‍ സത്യം പറയാന്‍ നിര്‍ബന്ധിതരാകും. കൊടുങ്ങല്ലൂര്‍ അഴീക്കോട് സ്വദേശി മുഹമ്മദാലി നന്നായി കവിതകളെഴുതിയിരുന്നു. തൃശ്ശൂരിലെയും ഇടപ്പള്ളിയിലെയും ക്യാമ്പുകളില്‍ ഏറ്റവും കൂടുതല്‍ മര്‍ദനം ഏറ്റുവാങ്ങേണ്ടിവന്ന മുഹമ്മദാലി പൊലീസ് ചോദ്യം ചെയ്യലുകള്‍ക്ക് മറുപടി നല്‍കിയത് മുദ്രാവാക്യങ്ങളായിരുന്നു. പ്രകോപിതരായ പൊലീസ് വ്യൂഹം അദ്ദേഹത്തെ വളഞ്ഞിട്ടുതല്ലി. നിരവധി തവണ ബഞ്ചില്‍ കിടത്തി ഉലക്കകൊണ്ട് ഉരുട്ടി. മുഹമ്മദാലിയുടെ നിലവിളി ഇടപ്പള്ളിക്യാമ്പിനെ രാത്രികളില്‍ ഭീതിയിലാഴ്ത്തി. കടുത്ത പീഡനങ്ങളെയെല്ലാം അതിജീവിച്ചെങ്കിലും കടുത്ത മാനസിക പ്രശ്‌നങ്ങളിലേക്കാണ് ചെന്നുപെട്ടത്. അസാധാരണ ബുദ്ധിശക്തിയും തെളിമയുമുണ്ടായിരുന്ന അദ്ദേഹം അകാലത്തില്‍ മരണമടഞ്ഞു.

ശാസ്തമംഗലം ക്യാംപ്‌
ശാസ്തമംഗലം ക്യാംപ്‌

വിജയനെകൊന്ന ശാസ്തമംഗലം ക്യാമ്പ്
തിരുവനന്തപുരത്തെ ശാസ്തമംഗലത്തെ ക്യാമ്പ് പണിക്കേഴ്‌സ് ലൈനില്‍ രണ്ടുനില കെട്ടിടത്തിലായിരുന്നു. മുകളിലത്തെ നിലയിലാണ് നക്‌സലൈറ്റ് തടവുകാരെ പാര്‍പ്പിച്ചിരുന്നത്. അവിടേക്കാണ് 1975 മാര്‍ച്ച് അഞ്ചിന് വര്‍ക്കല വിജയനെ പൊലീസ് കൊണ്ടുവന്നത്. കിഴക്കേക്കോട്ടയില്‍നിന്നാണ് വിജയനെ പൊലീസ് നക്‌സല്‍ ബന്ധം ആരോപിച്ചു പിടിക്കുന്നത്. വിജയന്‍ ശാസ്തംമംഗലത്തെ ക്യാമ്പില്‍ ക്രൂരമായ മര്‍ദനത്തിനു വിധേയനായി കൊല്ലപ്പെടുകയായിരുന്നു. എസ്.എസ്.എല്‍.സി. പാസായ വിജയന്‍ വര്‍ക്കലയില്‍ ഒരു ബുക്ക് സ്റ്റാള്‍ നടത്തിയിരുന്നു. അവിടെവച്ചാണ് നക്‌സല്‍ പ്രവര്‍ത്തനത്തില്‍ ആകൃഷ്ടനാകുന്നത്. 1977-ല്‍ അടിയന്തരാവസ്ഥ പിന്‍വലിക്കപ്പെട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോഴും വിജയനപ്പറ്റി ഒരു വിവരവും വിജയന്റെ മാതാപിതാക്കള്‍ക്കുണ്ടായിരുന്നില്ല. വിജയന്റെ പിതാവ് പുരുഷോത്തമന്‍ പിള്ള അടിയന്തരാവസ്ഥ പിന്‍വലിക്കപ്പെട്ടശേഷം ശാസ്തമംഗലം ക്രൈംബ്രാഞ്ച് ഓഫീസിലെത്തി അന്വേഷിക്കുമ്പോഴാണ് വിജയനെ കസ്റ്റഡിയില്‍ എടുത്തിരുന്നു എന്നവര്‍ അറിയിക്കുന്നത്.

പിന്നീട് തങ്ങള്‍ക്കൊന്നും അറിയില്ല എന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്. വര്‍ക്കല കേന്ദ്രമാക്കി രൂപംകൊണ്ട ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പ്രക്ഷോഭം ആരംഭിച്ചു. ആ സമയം തന്നെ കേരളത്തിലെ അടിയന്തരാവസ്ഥയിലെ അതിക്രമങ്ങള്‍ അന്വേഷിക്കാന്‍ പ്രതിപക്ഷ സമ്മര്‍ദം മൂലം നിയോഗിച്ച വിശ്വനാഥ അയ്യര്‍ കമ്മീഷന്റെ ശ്രദ്ധയിലേക്ക് വിജയന്റെ കേസും എത്തി. വിശ്വനാഥ അയ്യര്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിലാണ് വിജയന്‍ കൊല്ലപ്പെട്ടിരുന്നു എന്ന നിഗമനത്തില്‍ എത്തിയത്. പക്ഷേ, എല്ലാ തെളിവുകളും നശിപ്പിച്ചുകൊണ്ടായിരുന്നു പൊലീസ് നീക്കങ്ങള്‍. ജയറാം പടിക്കലിന്റെ നിത്യസാന്നിദ്ധ്യമുണ്ടായിരുന്ന ശാസ്തമംഗലം ക്യാമ്പില്‍ ക്‌ളോസ്ഡ് സര്‍ക്യൂട്ട് ടി.വി. സ്ഥാപിച്ച് അതിലൂടെ മൃഗീയമായ മര്‍ദനമുറകള്‍ കണ്ടു രസിക്കാറുണ്ടായിരുന്നത്രേ.

വിജയനു പുറമേ നക്‌സല്‍ പ്രവര്‍ത്തകരായ സതീറാവു, താന്‍സിലാസ്, മോഹന്‍ കുമാര്‍, മാവോ സുകുമാരന്‍ ദിലീപ് തുടങ്ങിയവരും അക്കാലത്ത് ഉരുട്ടലിന്റെ രുചിയറിഞ്ഞു. ക്രൈംബ്രാഞ്ച് ഓഫീസിനോട് ചേര്‍ന്ന് ടെന്നീസ് കോര്‍ട്ടുണ്ട്. സി.ഐമാരായ ഷണ്‍മുഖദാസ്, വി. രവീന്ദ്രന്‍, വി.എ. വര്‍ഗീസ്, എം.എം. അലക്‌സാണ്ടര്‍, എസ്.ഐ. ഗോപകുമാര്‍ തുടങ്ങിയവര്‍ വൈകുന്നേരങ്ങളില്‍ ടെന്നീസ് കളിക്കും. കളിചൂടായി വന്നാല്‍ പിന്നെ നേരെ മുകളിലത്തെ നിലയില്‍ എത്തി തടവുകാരെ മര്‍ദിക്കാന്‍ തുടങ്ങും. അങ്ങേയറ്റം ക്രൂരമായിരുന്നു മര്‍ദനങ്ങള്‍. വിശ്വനാഥ അയ്യര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ വിജയന്‍ കേസില്‍ പന്ത്രണ്ടുപേരെ പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തു. ഷണ്‍മുഖദാസായിരുന്നു ഒന്നാം പ്രതി. കേസിന്റെ വിചാരണയില്‍ പ്രോസിക്യൂഷന്‍ ദുര്‍ബലമായി വാദിച്ച് പ്രതികളെ രക്ഷപെടുത്തി.

കൗസ്തുഭത്തിലെ കാവടികെട്ട്
ആലപ്പുഴ നഗരത്തില്‍ മുപ്പാലത്തിനടുത്ത് പൊലീസ് സ്‌റ്റേഷനോട് ചേര്‍ന്നു പ്രവര്‍ത്തിച്ച ഒറ്റനില വീട്ടിലാണ് ക്രൈംബ്രാഞ്ച് ക്യാമ്പ് പ്രവര്‍ത്തിച്ചിരുന്നത്. കൗസ്തുഭം എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ആ കെട്ടിടത്തില്‍ ഗോപിനാഥന്‍ നായര്‍ എന്ന ഉന്നത പൊലീസുദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരുന്നു പീഡനം. 1976 ആഗസ്റ്റ് ഒന്നിനാണ് ആര്‍.എസ്.എസ്‌സിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന ഗോപകുമാറിനെ കൗസ്തുഭത്തിലെത്തിച്ചത്. ആര്‍.എസ്.എസ്. നേതാവും ലോക് സംഘര്‍ഷ് സമിതിയുടെ സംഘാടകനുമായിരുന്ന ഭാസ്‌കര്‍ റാവുവിനെ കണ്ടെത്താനും അജ്ഞാത കേന്ദ്രത്തില്‍നിന്നും പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന കുരുക്ഷേത്രം എന്ന പ്രസിദ്ധീകരണത്തിന്റെ ഉത്ഭവം അന്വേഷിച്ചുമായിരുന്നു മര്‍ദനം.

കൈകള്‍ മുകളിലേക്ക് പിടിച്ചുകെട്ടി കൈകള്‍ക്കും കഴുത്തിനുമിടയില്‍ ഒരു ലാത്തി തിരുകും. കുറെ നേരം കഴിയുമ്പോള്‍ ആദ്യം ശരീരം മരവിക്കാന്‍ തടങ്ങും. പിന്നീട് ബാലന്‍സ്‌കിട്ടാതെ ആടും. അപ്പോള്‍ പൊലീസുകാര്‍ വശങ്ങളില്‍നിന്നും നേരെ നിര്‍ത്താന്‍ നോക്കും. ഒടുവില്‍ ബോധരഹിതനായി നിലത്തുവീഴുന്നതോടെ ചോദ്യം ചെയ്യലിന്റെ ഒന്നാംഘട്ടം അവസാനിക്കും. ഗോപകുമാറിനു മേല്‍ 'കാവടികെട്ട്' പലപ്രാവശ്യം അരങ്ങേറി. കടുത്ത മര്‍ദനത്താല്‍ അദ്ദേഹത്തിന്റെ വൃഷണ സഞ്ചിക്ക് ഗുരുതരമായ പരിക്ക് പറ്റി. നിരന്തരമായ ഉരുട്ടലില്‍ കാലിന്റെ മുട്ടുചിരട്ട തെന്നിമാറി. 

എറണാകുളം ജില്ലയില്‍ ആലുവയില്‍ ആരംഭിച്ച രണ്ടാമത്തെ ക്യാമ്പ് ജില്ലയിലെ മാഞ്ഞാലി എന്ന പ്രദേശത്തെ നക്‌സല്‍ രാഷ്ട്രീയ പ്രവര്‍ത്തകരെ താമസിക്കാന്‍ മാത്രം ഉദ്ദേശിച്ച് ആരംഭിച്ചതാണ്. ആലുവ ക്യാമ്പിന്റെ പ്രത്യേകത തടവുകാര്‍ക്കൊപ്പം അവരുടെ ബന്ധുക്കളെയും പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ക്യാമ്പില്‍ കൊണ്ടുവരും എന്നതാണ്. അറിയേണ്ടതെല്ലാം അറിയാന്‍ പ്രായമായ മാതാപിതാക്കള്‍ക്കുമുന്നില്‍ വച്ച് ചോദ്യം ചെയ്യല്‍. മാഞ്ഞാലി പ്രദേശത്തു നിന്ന് ഒരു കുടുംബത്തിലെ പതിനാലുപേര്‍ അടങ്ങുന്ന സംഘം ക്യാമ്പില്‍ തടവുകാരായി എത്തി. പിന്നാലെ അവരുടെ ബന്ധുക്കളായ സ്ര്തീകളെയും കുട്ടികളെയും ക്യാമ്പില്‍ എത്തിച്ചു ചോദ്യം ചെയ്യല്‍ ആരംഭിച്ചു. ഭീതിതമായ അവസ്ഥയായിരുന്നു അത്. പിടിക്കപ്പെട്ട സഹോദരന്മാരെ മാനസികമായി പീഡിപ്പിക്കാന്‍ അവരെ നിര്‍ബന്ധിച്ച് പരസ്പരം തല്ലിക്കുക എന്ന തന്ത്രവും ആലുവ ക്യാമ്പില്‍ പൊലീസ് പ്രയോഗിച്ചിരുന്നു.

കണ്ണൂര്‍ ക്യാമ്പാണ് ക്രൂരമായ ചോദ്യം ചെയ്യലിന്റെ മറ്റൊരു പ്രധാന കേന്ദ്രമായി കേരളത്തില്‍ മാറിയത്. ബാലകൃഷ്ണമാരാര്‍ എന്ന പൊലീസുദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരുന്നു പീഡനമുറകള്‍ അരങ്ങേറിയത്. കാല്‍വെള്ളയില്‍ നിരന്തരമായി ചൂരല്‍പ്രയോഗം നടത്തി കാല്‍ പഴുപ്പിച്ച ശേഷം ഉണങ്ങിയ വിറകുകൊള്ളികള്‍ക്കുമീതെ തടവുകാരെ നടത്തിക്കുക അദ്ദേഹത്തിന്റെ ഒരു വിനോദമായിരുന്നു. ക്രൈംബ്രാഞ്ച് ക്യാമ്പുകള്‍ കേരള പൊലീസിന്റെ മര്‍ദനമുറകള്‍ക്കൊരു പരിശീലന കേന്ദ്രമായിരുന്നു എന്നു പറയാം. സ്‌കോട്ട്‌ലാന്റ് യാര്‍ഡില്‍ പോയി ഉപരിപഠനം നടത്തിവന്ന ജയറാം പടിക്കലിന്റെ പരീക്ഷണങ്ങള്‍ അദ്ദേഹത്തിന്റെ സൈന്യം പ്രാവര്‍ത്തികമാക്കുകയായിരുന്നു.

'ഉരുട്ടല്‍' എന്ന മാരകമായ മര്‍ദനമുറയാണ് ക്യാമ്പുകളില്‍ വ്യാപകമായി പ്രയോഗിച്ചത്. ചോദ്യം ചെയ്യാന്‍ ക്യാമ്പില്‍ കൊണ്ടുവരുന്ന ആളെ ഒരു ബെഞ്ചില്‍ കിടത്തും. കൈകാലുകള്‍ ബെഞ്ചിനോട് ചേര്‍ത്ത് കെട്ടും. മലര്‍ന്നു കിടക്കുന്ന ആളുടെ തുടയിലൂടെ ഒരു ഉലക്ക രണ്ടുവശത്തുനിന്ന് പൊലീസുകാര്‍ ഉരുട്ടും. കഠിനമായ വേദനയായിരിക്കും വിധേയനാവുന്ന ആള്‍ക്ക്. ഉരുട്ട് രണ്ടാംഘട്ടം കഴിയുമ്പോഴേക്കും തുടയിലെ മാംസവും എല്ലും തമ്മില്‍ വേര്‍പെടും.

ഇവിടേക്കാണ് മുനകൂര്‍പ്പിച്ച പെന്‍സിലും ലാത്തിയും ഉപയോഗിക്കുന്നത്. ഡബിള്‍ ആക്ഷന്‍, ക്‌ളിപ്പിടല്‍, ഹീറ്റിംഗ്, വിമാനം പറപ്പിക്കല്‍, നാഭിക്ക് തൊഴി, പട്ടിപ്പൂട്ട് തുടങ്ങി കിരാതമായ മര്‍ദനമുറകളുടെ പരീക്ഷണവേദിയായി ഈ ക്യാമ്പുകള്‍ മാറി. ഇതിനെല്ലാം മേല്‍നോട്ടം വഹിച്ച് ക്യാമ്പുകളില്‍ നിന്നും ക്യാമ്പുകളിലേക്ക് ജയറാം പടിക്കലും ഐ.ജി. മധുസൂദനനും മുരളീകൃഷ്ണദാസും ലക്ഷ്മണയും പാഞ്ഞു നടന്നു. എല്ലാത്തിനും മുകളില്‍ എല്ലാം കണ്ടും അനുവാദം നല്‍കിയും കെ. കരുണാകരന്‍ എന്ന ആഭ്യന്തര മന്ത്രിയും.

കണ്ണീരായി മാറിയ കണ്ണന്‍
ക്രൈംബ്രാഞ്ച് ക്യാമ്പുകള്‍ക്കുപുറമേ കേരളത്തിലെ പൊലീസ് സ്‌റ്റേഷനുകള്‍ മര്‍ദനകേന്ദ്രങ്ങളായി മാറുകയും നിരവധിപേര്‍ കൊലചെയ്യപ്പെടുകയും ചെയ്ത സംഭവങ്ങള്‍ അക്കാലത്തുണ്ടായി. നാദാപുരം സ്വദേശി കണ്ണന്റെ മരണം അതിലൊന്നാണ്. 1977 ജനുവരി ഒന്നിന് നാദാപുരം പൊലീസ് രാഷ്ട്രീയബന്ധം ആരോപിച്ച് അറസ്റ്റുചെയ്ത കണ്ണന്‍ പൊലീസ്‌സ്‌റ്റേഷനില്‍വച്ചാണ് മരിച്ചത്. ശരീരം പൊലീസ് ഫറോഖ് പാലത്തിനു താഴെ നദിയില്‍ ഒഴുക്കി. തിരുവനന്തപുരം പേട്ട പൊലീസ് സ്‌റ്റേഷനില്‍ നിയമവിരുദ്ധമായി പാര്‍പ്പിക്കപ്പെട്ട പി. ശ്രീനിവാസനെ പൊലീസ് സ്‌റ്റേഷനില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ആലപ്പുഴ ജില്ലയിലെ മാന്നാറില്‍ വെറ്റിനറി ഡോക്ടര്‍ പരമേശ്വരന്‍പിള്ളയെ അകാരണമായി കസ്റ്റഡിയില്‍ എടുക്കുകയും മര്‍ദിച്ചു കൊലപ്പെടുത്തി സ്‌റ്റേഷനില്‍ത്തന്നെ കെട്ടിത്തൂക്കുകയും ചെയ്തത് വലിയ പ്രതിഷേധത്തിനു വഴിതെളിച്ചിരുന്നു. കൊല്ലത്ത് ഷറഫുദ്ദീന്‍, കോട്ടയത്ത് ജോയി ജോസഫ്, അരൂരില്‍ ഹോട്ടല്‍ നടത്തിയിരുന്ന കെ.വി. ജോസഫ് കണ്ണൂര്‍ ചക്കരക്കല്ലില്‍ ഗോവിന്ദന്‍, രാമനാട്ടുകരയില്‍ ഡോ. രാമകൃഷ്ണന്‍ തുടങ്ങി നിരവധിപേര്‍ ഈ ദുരന്തത്തിനു കീഴടങ്ങിയവരാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com