ചാട്ടവാറുകള്‍ നാടുവാണ നാളുകള്‍

'ഗരീബി ഹഠാവോ' മുദ്രാവാക്യത്തിലൂടെ എത്തിയ ദരിദ്രകോടികളുടെ വിമോചകസ്ഥാനത്തു നിന്ന് വാമൂടി പണിയെടുപ്പിച്ച ഏകാധിപതിയിലേക്കുള്ള ദൂരം
ചാട്ടവാറുകള്‍ നാടുവാണ നാളുകള്‍

നാലു പതിറ്റാണ്ടുകള്‍ക്കപ്പുറത്തെ ജൂണ്‍ 26. ആ ദിവസം അയവിറക്കുമ്പോള്‍ പഴമക്കാരുടെ മനസ്‌സില്‍ ഇന്ദിരാഗാന്ധിയുടെ വാചകങ്ങളുണ്ടാവും, ആകാശവാണിയിലൂടെ ഒഴുകിയെത്തിയവ. ''രാഷ്ട്രപതി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നു. ഇതില്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ല' എന്നായിരുന്നു തുടക്കം. ഒരുപാട് അകലങ്ങള്‍ ചരിത്രത്തില്‍ അടയാളപ്പെടുത്തിയ ഒരു തീരുമാനത്തിന്റെ പ്രക്ഷേപണമായിരുന്നു അത്. 'ഗരീബി ഹഠാവോ' മുദ്രാവാക്യമുയര്‍ത്തിയ ദരിദ്ര ജനകോടികളുടെ വിമോചക എന്ന സ്ഥാനത്തുനിന്നും അവരുടെ വായകള്‍ മൂടിക്കെട്ടി പണിയെടുപ്പിച്ച ഏകാധിപതി എന്ന പദവിയിലേക്കുള്ള ദൂരം, ബംഗ്‌ളാദേശ് യുദ്ധം ജയിച്ചപ്പോള്‍ ഹിന്ദുദേവത ദുര്‍ഗയുടെ പുത്തന്‍ അവതാരം എന്ന വാജ്‌പെയിയുടെ പ്രശംസാവചനങ്ങളില്‍നിന്നും ഇന്ത്യയുടെ വിപത്തുകള്‍ക്കു മുഴുവനും ഉത്തരവാദിയെന്ന ജയപ്രകാശ് നാരായണന്റെ ആക്ഷേപശരങ്ങളിലേക്കുള്ള ദൂരം... അങ്ങനെ പലതും. 

352-ാം വകുപ്പ് ഭരണഘടനയില്‍ എഴുതിച്ചേര്‍ക്കുന്ന വേളയില്‍ അത്തരമൊരു നടപടിയുടെ വരുംവരായ്കകളെക്കുറിച്ച്, അതില്‍ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച് ബോധവാന്മാരായ നേതാക്കന്മാരും ഉണ്ടായിരുന്നുവെന്നതിന് കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്‌ളിയിലെ വാദപ്രതിവാദങ്ങളുടെ രേഖകള്‍തന്നെയാണ് ദൃക്‌സാക്ഷികള്‍. 1971-ലെ ബംഗ്‌ളാദേശ് യുദ്ധകാലത്ത് പ്രഖ്യാപിക്കപ്പെട്ടിരുന്ന അടിയന്തരാവസ്ഥ നിലനില്‍ക്കെത്തന്നെ അങ്ങനെ ഒരു ആഭ്യന്തര അടിയന്തരാവസ്ഥ കൂടി 'രാജ്യരക്ഷയ്ക്കാ'യി അടിച്ചേല്‍പ്പിക്കപ്പെട്ടു. ഈ വകുപ്പ് ആദ്യം പ്രയോഗിക്കപ്പെട്ടത് 1962-ലെ ചൈനീസ് യുദ്ധകാലത്തായിരുന്നു. യാതൊരുവിധ എതിര്‍പ്പും നേരിടാതെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ നെഹ്‌റു സര്‍ക്കാരിന് സാധിച്ചിരുന്നു. യുദ്ധമൊടുങ്ങിയപ്പോള്‍ രൂക്ഷമായ പ്രതിസന്ധിയുടെ കാലവും അവസാനിച്ചുവെങ്കിലും ഡി.ഐ.ആര്‍. എന്ന കരിനിയമങ്ങളുപയോഗിച്ച് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരേയും സി.പി.എം. പ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്തിരുന്നുവെന്ന് പ്രമുഖ സോഷ്യലിസ്റ്റ് നേതാവായിരുന്ന മധു ലിമായെ രേഖപ്പെടുത്തിയിട്ടുണ്ട്. 

1975-ലെ പ്രഖ്യാപനം മുന്‍പത്തേതില്‍ നിന്ന് വ്യത്യസ്തമായിരുന്നു. 1962-ലും 1971-ലും ഉണ്ടായത് വൈദേശികാക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു. അന്ന് അവയ്ക്കു ലഭിച്ച പൊതുസമ്മതി 75-ല്‍ ഉണ്ടായില്ല. രണ്ടു ചേരികളില്‍ നിലയുറപ്പിച്ചുകഴിഞ്ഞിരുന്ന പാര്‍ട്ടികളുടെ രാഷ്ട്രീയ ബലാബലത്തിന്റെ പ്രയോഗവേദിയില്‍നിന്നാണ് ഇത്തവണ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്റെ ആശയം തലപൊക്കിയത്. 'ബാങ്ക്' ദേശസാല്‍ക്കരണം, മുന്‍ നാട്ടുരാജാക്കന്മാര്‍ക്ക് ലഭ്യമായിരുന്ന പ്രിവിപെഴ്‌സും മറ്റാനുകൂല്യങ്ങളും റദ്ദാക്കല്‍, നഗരഭൂമിക്ക് പരിധി നിര്‍ണയം തുടങ്ങി പുരോഗമനപരമായ നടപടികളിലൂടെ ജനഹൃദയങ്ങളില്‍ സ്ഥാനം നേടിയ ഇന്ദിരാഗാന്ധിയുടെ കോണ്‍ഗ്രസിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷമുള്ള ലോക്‌സഭയായിരുന്നു 1971 മാര്‍ച്ച് 12-ന് നിലവില്‍ വന്ന അഞ്ചാം ലോക്‌സഭ. മഹാസഖ്യമെന്ന പേരില്‍ മുന്നണിയായി മത്സരിച്ച സിന്‍ഡിക്കേറ്റ് കോണ്‍ഗ്രസ്, ഭാരതീയ ജനസംഘം, സ്വതന്ത്രാപാര്‍ട്ടി, സോഷ്യലിസ്റ്റ് പാര്‍ട്ടി എന്നിവ മിക്കവാറും തൂത്തെറിയപ്പെട്ടിരുന്നു. 

ഇന്ദിരയുടെ നേതൃത്വത്തില്‍ കെട്ടിപ്പടുക്കപ്പെടാന്‍ പോകുന്ന സോഷ്യലിസ്റ്റ് ഇന്ത്യയെക്കുറിച്ച് വന്‍ പ്രതീക്ഷകളാണ് രാജ്യത്തെമ്പാടും നിലനിന്നിരുന്നത്. 1971 ആഗസ്റ്റ് 4-ാം തീയതി ലോക്‌സഭയില്‍ 24-ാം ഭരണഘടനാ ഭേദഗതിയും ഡിസംബര്‍ 1-ന് 25-ാം ഭേദഗതിയും പാസ്‌സായപ്പോള്‍ പ്രതീക്ഷകള്‍ക്ക് വീണ്ടും ചിറകുകളുണ്ടായി. കാരണം മൗലികാവകാശങ്ങളടക്കം ഭരണഘടനയിലെ ഏതു വകുപ്പും ഭേദഗതി ചെയ്യാന്‍ പാര്‍ലമെന്റിന് അധികാരം നല്‍കുന്നതായിരുന്നു ഈ ഭേദഗതികള്‍. 'ബാങ്ക്' ദേശസാല്‍ക്കരണം തുടങ്ങി നേരത്തെ സൂചിപ്പിച്ച പുരോഗമന നടപടികള്‍ ഓരോന്നും കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടത് സ്വകാര്യ സ്വത്തവകാശം പൗരന്റെ മൗലികാവകാശമാണെന്നും അതിനെതിരെ നീങ്ങാന്‍ എക്‌സിക്യൂട്ടീവിനോ ലെജിസേ്‌ളച്ചറിനോ അവകാശമില്ലെന്ന വാദഗതിയുടെ അടിസ്ഥാനത്തിലായിരുന്നു. ദേശസാല്‍ക്കരണവും സ്വകാര്യസ്വത്ത് നിയന്ത്രണവും പോലുള്ള നടപടികള്‍ ഇന്നത്തെപ്പോലെ മഹാപാപങ്ങളായല്ല ജനക്ഷേമ നടപടികളായാണ് അക്കാലത്ത് പരിഗണിക്കപ്പെട്ടിരുന്നത്. കെയ്‌നീഷ്യനിസം, വര്‍ഗപരമായ ഒത്തുതീര്‍പ്പുകള്‍, വരുമാനത്തിന്റേയും സമ്പത്തിന്റേയും പുനര്‍വിതരണം, മൂലധനത്തിനുമേല്‍ നിയന്ത്രണങ്ങള്‍ എന്നീ സോഷ്യല്‍ ഡമോക്രാറ്റിക് സങ്കല്പങ്ങള്‍ വികസിത മുതലാളിത്ത രാജ്യങ്ങളില്‍ പ്രാവര്‍ത്തികമാക്കപ്പെട്ടുകൊണ്ടിരുന്ന കാലയളവായിരുന്നു അത്. 

1950-നും 1973-നുമിടയ്ക്കുള്ള കാലയളവിനെ ലോക മുതലാളിത്തത്തിന്റെ സുവര്‍ണദശയായി പല സാമ്പത്തിക ശാസ്ത്രജ്ഞരും കണക്കാക്കുന്നതും അതുകൊണ്ടുതന്നെ. ഭരണഘടനയുടെ 24, 25 ഭേദഗതികള്‍ ജനക്ഷേമം ഉറപ്പുവരുത്താനുള്ള നടപടികളായി കണക്കാക്കപ്പെട്ടതെന്തുകൊണ്ടെന്ന് ഈ പശ്ചാത്തലത്തില്‍ വ്യക്തമാകും. ജനറല്‍ ഇന്‍ഷ്വറന്‍സ് സക്കാര്‍ ഏറ്റെടുത്തതും 214 കല്‍ക്കരിഖനികള്‍ ദേശസാല്‍ക്കരിച്ചതും 71-ലെ തെരഞ്ഞെടുപ്പിനു ശേഷമായിരുന്നു. സ്വാഭാവികമായും ഈ നടപടികള്‍ക്കെല്ലാം ഒരേ പ്രത്യയശാസ്ത്രദിശയാണുള്ളതെന്നാണ് നിരീക്ഷിക്കപ്പെട്ടത്. എന്നാല്‍ 24, 25 ഭരണഘടനാ ഭേദഗതികളില്‍ സുപ്രീംകോടതി നടത്തിയ ഇടപെടല്‍ ചരിത്രപ്രധാനമായിത്തീര്‍ന്ന അനുഭവമാണ് പില്‍ക്കാലത്തുണ്ടായത്. 1973 ഫെബ്രുവരിയില്‍ സുപ്രീംകോടതി ഭരണഘടനയുടെ ഏതു വകുപ്പും ഭേദഗതി ചെയ്യാനുള്ള പാര്‍ലമെന്റിന്റെ അവകാശം അംഗീകരിച്ചു. അതേസമയം ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തിന് മാറ്റം വരുത്തുന്ന ഭേദഗതികള്‍ ചെയ്യാന്‍ പാര്‍ലമെന്റിന് അവകാശമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. 

അപ്രിയതയുടെ തുടക്കം 
1971-ല്‍ തന്നെ അപ്രിയസംഭവങ്ങള്‍ തുടങ്ങിയിരുന്നു. നാഗര്‍വാലാ സംഭവമാണ് ഉദാഹരണം. ഭരണകക്ഷിയുടെ ഫണ്ട് സമാഹരണത്തെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും സംശയങ്ങള്‍ ജനിച്ചു തുടങ്ങിയിരുന്നു. അതോടൊപ്പം മറ്റു പ്രശ്‌നങ്ങളുടെ വേലിയേറ്റവും തുടങ്ങി. 71 അവസാനമാകുമ്പോഴേയ്ക്കും ബംഗ്‌ളാദേശ് അഭയാര്‍ത്ഥി പ്രവാഹം ആരംഭിച്ചു. തുടര്‍ന്ന് യുദ്ധവും. 1972-ല്‍ വിവിധ സംസ്ഥാന നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പു നടന്നപ്പോള്‍ യുദ്ധവിജയത്തിന്റെ ലഹരി തരംഗമായെന്ന് വ്യക്തമായി. 1971-ലെ ലോക്‌സഭാ ഫലങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടു. ഇന്ദിരാഗാന്ധി വീണ്ടും വിജയശ്രീലാളിത!

വിജയത്തെത്തുടര്‍ന്നു നടന്ന ഒരു കാര്യം രാജസ്ഥാന്‍, ആന്ധ്രാപ്രദേശ്, മദ്ധ്യപ്രദേശ്, ആസ്‌സാം എന്നിവിടങ്ങളിലെ കരുത്തരായ മുഖ്യമന്ത്രിമാരുടെ സ്ഥാനഭ്രംശമായിരുന്നു. മോഹന്‍ലാല്‍ സുഖാദിയ, ബ്രഹ്മാനന്ദറെഡ്ഡി, എസ്.സി. ശുക്‌ള, എം.എം. ചൗധരി എന്നിവരായിരുന്നു യഥാക്രമം ഈ മുഖ്യമന്ത്രിമാര്‍. പ്രാദേശിക നേതാക്കളെ ഇല്ലാതാക്കി അധികാരമെല്ലാം തന്നില്‍ കേന്ദ്രീകരിക്കുകയും കോണ്‍ഗ്രസ്‌സിലെ ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന് അന്ത്യം കുറിക്കുകയും ചെയ്യുന്ന പ്രക്രിയയ്ക്ക് ഇന്ദിരാഗാന്ധി അങ്ങനെ തുടക്കം കുറിച്ചു. 1973-ല്‍ ഭരണഘടനാ ഭേദഗതിയുടെ കാര്യത്തില്‍ പാര്‍ലമെന്റിനുള്ള അധികാരത്തെ സംബന്ധിച്ച നേരത്തെ പരാമര്‍ശിച്ച വിധിപ്രഖ്യാപനം ഐക്യകണ്‌ഠേനയായിരുന്നില്ല. 

ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് സിക്രിയടക്കം ഏഴുപേര്‍ ഒരുവശത്തും ആറുപേര്‍ മറുവശത്തുമായിരുന്നു. സര്‍ക്കാരിന് അനുകൂലമായ വിധി വാസ്തവത്തില്‍ ഈ ആറുപേരുടേതായിരുന്നു. ജസ്റ്റിസ് സിക്രി വിരമിക്കുന്നതിന്റെ തലേന്നാളായിരുന്നു വിധിപ്രഖ്യാപനം. വിരമിച്ചപ്പോള്‍ സീനിയര്‍മാരായ മൂന്നു പേരെ മറികടന്നുകൊണ്ട് അനുകൂല വിധി നല്‍കിയ ജസ്റ്റിസ് എം.എന്‍. റേയെയാണ് ചീഫ് ജസ്റ്റിസായി നിയമിച്ചത്. നെഹ്‌റുവിയന്‍ പാരമ്പര്യത്തില്‍നിന്നുള്ള വ്യതിയാനത്തിന്റെ കൃത്യമായ സൂചനകള്‍ അങ്ങനെ വന്നുകൊണ്ടിരിക്കുകയായിരുന്നു. കേന്ദ്രമന്ത്രിയായിരുന്ന എല്‍.എന്‍. മിശ്രയ്‌ക്കെതിരായി സാമ്പത്തിക നടപടിയിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാന്‍ ശബ്ദമുയര്‍ന്നപ്പോള്‍ അധികാരഗര്‍വിന്റെ ഭാഷയിലുള്ള പ്രതികരണമാണുണ്ടായത്. 

ഇതേ കാലത്തുതന്നെയായിരുന്നു സഞ്ജയ് ഗാന്ധിയുടെ വരവ്. 1969-ല്‍ വിലകുറഞ്ഞ കാര്‍ നിര്‍മിക്കാനുള്ള ലൈസന്‍സിനുവേണ്ടി സര്‍ക്കാരിനുവേണ്ടി സമര്‍പ്പിക്കപ്പെട്ട ഒരു ഡസന്‍ അപേക്ഷകളില്‍ ഒന്ന് സഞ്ജയ് ഗാന്ധിയുടേതായിരുന്നു. 1972-ല്‍ ലൈസന്‍സ് കിട്ടിയ ഒരേയൊരപേക്ഷകന്‍ സഞ്ജയ്യായിരുന്നു. പ്രതിവര്‍ഷം അന്‍പതിനായിരം കാറുകള്‍ നിര്‍മിക്കാനുള്ള മാരുതി ഫാക്ടറി സ്ഥാപിക്കാനുള്ള അനുവാദം ബന്ധപ്പെട്ട വകുപ്പുകളും കമ്മറ്റികളുമാണ്, അല്ലാതെ താനല്ല ലൈസന്‍സ് നല്‍കുന്നതെന്ന വാദത്തിലൂടെ സ്വജനപക്ഷപാതത്തെച്ചൊല്ലി തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ ഇന്ദിര പുച്ഛിച്ചുതള്ളി. കേന്ദ്രമന്ത്രി എല്‍.എന്‍. മിശ്രയുടെ സഹായത്തോടെ സഞ്ജയ് പണം വാരിക്കൂട്ടുന്നുവെന്നും വന്‍കിട വ്യവസായികളെക്കൊണ്ട് മാരുതിയില്‍ നിക്ഷേപം നടത്തിക്കുന്നു തുടങ്ങിയ ആരോപണങ്ങള്‍ ഇന്ദിരയെ സംബന്ധിച്ചിടത്തോളം പിന്‍ വര്‍ഷങ്ങളില്‍ വരാനിരിക്കുന്ന വലിയ പ്രതിബന്ധങ്ങളുടെ ചെറിയ തുടക്കമാണെന്ന് അവരെ ഉപദേശിച്ചവര്‍ ഏറെയുണ്ടായിരുന്നില്ല. 

ബംഗ്‌ളാദേശ് യുദ്ധത്തിനുശേഷം സാമ്പത്തികസ്ഥിതി കൂടുതല്‍ വഷളായിത്തുടങ്ങിയിരുന്നു. അമേരിക്കന്‍ സഹായം ലഭ്യമാകാതിരുന്നത് ഇതിന് ഒരു കാരണം മാത്രമായിരുന്നുതാനും. മഴയുടെ ദൗര്‍ലഭ്യം കാരണം 1972-73-ല്‍ ഭക്ഷ്യോല്പാദനം എട്ടു ശതമാനം കുറഞ്ഞതായി സര്‍ക്കാര്‍ കണക്കുകള്‍ പറഞ്ഞു. ദാരിദ്ര്യനിര്‍മാര്‍ജനമല്ല, ദരിദ്രരുടെ നിര്‍മാര്‍ജനമാണ് നടക്കുന്നതെന്ന് വിമര്‍ശകരും പ്രതിപക്ഷവും ആക്ഷേപിച്ചു. ഇടയ്ക്ക് ഒരു ഓര്‍മത്തെറ്റു തിരുത്തുന്നതു പോലെ സോഷ്യലിസ്റ്റ് മാതൃകയില്‍ ഗോതമ്പിന്റെ മൊത്തവ്യാപാരം സര്‍ക്കാര്‍ ഏറ്റെടുത്തു. സങ്കീര്‍ണ പ്രശ്‌നങ്ങളാല്‍ ഈ ദൗത്യം മുന്നോട്ടുപോകാതെ പാതിവഴിയില്‍ ഉപേക്ഷിക്കുകയും ചെയ്തു. മെയ് 8 മുതല്‍ 28 വരെ നീണ്ടുനിന്ന റെയില്‍വെ സമരത്തില്‍ ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ നേതൃത്വത്തില്‍ പതിനാല് ലക്ഷം തൊഴിലാളികളാണ് രാജ്യവ്യാപകമായി പങ്കെടുത്തത്. ഇന്ത്യയില്‍ അന്നത്തെ മൊത്തം സംഘടിത തൊഴിലാളികളുടെ ഏഴു ശതമാനവും മൊത്തം പൊതുമേഖലാ തൊഴിലാളികളുടെ പത്തുശതമാനവുമായിരുന്നു ഈ സംഖ്യ. അധികാരമന്ദിരത്തിന്റെ അകത്തളങ്ങളില്‍ ഭയം വിതറുന്നുണ്ടായിരുന്നു. 

രാഷ്ട്രീയ സന്ന്യാസമുപേക്ഷിച്ച് രാഷ്ട്രീയരംഗത്തേക്കു തിരിച്ചെത്തി അതിലെ കേന്ദ്രബിന്ദുവായി മാറിക്കഴിഞ്ഞ ജയപ്രകാശ് നാരായണ്‍ നേതൃത്വം കൊടുത്തുകൊണ്ടിരുന്ന ഗുജറാത്തിലേയും ബീഹാറിലേയും അഴിമതിവിരുദ്ധ പ്രസ്ഥാനങ്ങളായിരുന്നു അവ. ഗുജറാത്തില്‍ അഹമ്മദ്ബാദിലെ എല്‍.ഡി. എന്‍ജിനീയറിങ്ങ് കോളേജ് വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റല്‍ മെസ്‌സിലെ വര്‍ദ്ധിപ്പിച്ച ഭക്ഷണച്ചാര്‍ജിനെതിരെ തുടങ്ങിയ സമരമാണ് ക്രമത്തില്‍ വിലക്കയറ്റത്തിനെതിരായ വിദ്യാര്‍ത്ഥിസമരമായി സംസ്ഥാനത്താകെ പടര്‍ന്നത്. 85 പേര്‍ ആയിടയ്ക്ക് ഗുജറാത്തില്‍ പൊലീസ് വെടിവെയ്പില്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്. ആളിപ്പടര്‍ന്ന പ്രക്ഷോഭസമരത്തെ തുടര്‍ന്ന് 74 ഫെബ്രുവരിയില്‍ സര്‍ക്കാര്‍ രാജിവെയ്ക്കുകയും സംസ്ഥാന- രാഷ്ട്രപതി ഭരണത്തിന്‍ കീഴില്‍ വരികയും ചെയ്തു. നിയമസഭ പിരിച്ചുവിടണമെന്നതായിരുന്നു സമരക്കാരുടെ അടുത്ത ആവശ്യം. ഇതേ ആവശ്യത്തിനായി മൊറാര്‍ജി ദേശായി നാലുദിവസത്തെ നിരാഹാരസമരം നടത്തുകയും ചെയ്തു. മാര്‍ച്ച് 15-ന് നിയമസഭ പിരിച്ചുവിടപ്പെട്ടു. ഗുജറാത്തിലെ വിദ്യാര്‍ത്ഥികളുടെ സമരവിജയം ജയപ്രകാശ് നാരായണനെ പ്രചോദിപ്പിക്കുകയും അത്തരം സമരങ്ങള്‍ക്ക് ബിഹാറില്‍ അദ്ദേഹം നേതൃത്വം കൊടുക്കുകയും ചെയ്തു. സമ്പൂര്‍ണ വിപ്‌ളവം എന്ന ആശയവുമായാണ് പിന്നീട് ജെ.പി. തന്റെ രാഷ്ട്രീയ പ്രവര്‍ത്തനം തുടര്‍ന്നത്. 

അഴിമതി ആരോപണ വിധേയമായ ബീഹാര്‍ മന്ത്രിസഭ രാജിവെയ്ക്കണമെന്ന ആവശ്യവും അതിനായി നിയമസഭാ സാമാജികരെ ഘെരാവോ ചെയ്യാനുള്ള ആഹ്വാനവുമെല്ലാം ജെ.പി. പ്രസ്ഥാനത്തിന് വിമര്‍ശകരേയും നേടിക്കൊടുത്തു. പക്ഷേ, അദ്ദേഹത്തിന്റെ ജനപ്രിയത വര്‍ദ്ധിക്കുകയും ഗുജറാത്ത്, ബീഹാര്‍ സംസ്ഥാനങ്ങള്‍ക്ക് പുറത്തും ആയിരങ്ങള്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ സന്നിഹിതരാവുകയും ചെയ്തു എന്നത് ചരിത്രവസ്തുത. ആര്‍.എസ്.എസ്‌സും ജനസംഘവും ഒരുവശത്ത്, സോഷ്യലിസ്റ്റുകളും സി.പി.എമ്മും ചില നക്‌സല്‍ ഗ്രൂപ്പുകളടക്കമുള്ള ഇടതുപക്ഷം മറുവശത്തുമായി സംഘടിതമായിരുന്ന ജെ.പി. പ്രസ്ഥാനം പ്രത്യയശാസ്ത്രപരമായി പറഞ്ഞാല്‍ ഒരു മിശ്രണം തന്നെയായിരുന്നു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ തെരഞ്ഞെടുപ്പുകള്‍ വഴിയല്ലാതെ മാറ്റാന്‍ ശ്രമിക്കുന്നുവെന്ന കാരണത്താല്‍ അദ്ദേഹവും പ്രസ്ഥാനവും ഫാസിസ്റ്റ് എന്ന് വിളിക്കപ്പെട്ടു. സി.പി.ഐയും ചില നക്‌സലൈറ്റു ഗ്രൂപ്പുകളും അദ്ദേഹത്തെ അമേരിക്കന്‍ സാമ്രാജ്യത്വ താല്പര്യങ്ങളുടെ പ്രതിനിധിയായി കണ്ടു. 

ട്രാഫിക് നിയമലംഘനക്കേസ്
സ്ഥാനമൊഴിയണം എന്ന അലഹാബാദ് ഹൈക്കോടതിവിധി 'ട്രാഫിക് നിയമലംഘനം' പോലെ നിസ്‌സാരമായൊരു കേസാണ് എന്ന് ലണ്ടന്‍ ടൈംസിന്റെ ഒരു ലേഖകന്‍ വിശേഷിപ്പിച്ച കാര്യം ഇന്ദിരാഗാന്ധി തന്നെ മറ്റുള്ളവരോട് പറഞ്ഞിരുന്നുവത്രെ. സുപ്രീംകോടതിയിലേക്ക് അപ്പീല്‍പോവുകയും ആ വിധി വരുവോളം പ്രധാനമന്ത്രിസ്ഥാനത്തുനിന്നും പാര്‍ലമെന്റില്‍നിന്നും മാറിനില്‍ക്കുക എന്നുമുള്ള നേരായ വഴി ഇന്ദിരയുടെ മുന്‍പിലുണ്ടായിരുന്നു. എന്നാല്‍, അതല്ല സ്വീകരിക്കപ്പെട്ടത് എന്നത് ചരിത്രം, അപ്പീല്‍ പോയി. സുപ്രീംകോടതിയില്‍ ജഡ്ജ് കൃഷ്ണയ്യരായിരുന്നു. 

കീഴ്‌ക്കോടതി വിധിക്ക് നിരുപാധിക സ്‌റ്റേ നല്‍കാന്‍ അദ്ദേഹം തയാറായില്ല. വോട്ടവകാശമില്ലാത്ത മെമ്പറായി പാര്‍ലമെന്റില്‍ പങ്കെടുക്കാമെന്നതായിരുന്നു അപ്പീലില്‍ തീരുമാനമാകും വരെ അവര്‍ക്ക് ചെയ്യാമായിരുന്നത്. പ്രധാനമന്ത്രി സ്ഥാനത്ത് തുടരുന്നതിനും തടസ്‌സമുണ്ടായിരുന്നില്ല. എന്നാല്‍, ഈ ഉപാധികളൊന്നും സ്വീകരിക്കാന്‍ തയാറല്ലാതിരുന്ന ഇന്ദിരാഗാന്ധി പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന സിദ്ധാര്‍ത്ഥ ശങ്കര്‍ റേയുടെ ഉപദേശം സ്വീകരിച്ചു എന്നും അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് തയാറായി എന്നുമാണ് ചരിത്രകാരന്മാര്‍ പറയുന്നത്. 

അലഹാബാദ് ഹൈക്കോടതി വിധി ഉണ്ടായിരുന്നില്ലെങ്കില്‍ അടിയന്തരാവസ്ഥ ഉണ്ടാകുമായിരുന്നില്ലേ എന്ന ചോദ്യമുണ്ട്. ആഭ്യന്തര രംഗത്ത് അന്ന് നിലനിന്നിരുന്ന സ്‌ഫോടനാത്മകമായ അന്തരീക്ഷത്തെ നേരിടുക എന്നത് കോടതിവിധി ഉണ്ടായാലും ഇല്ലെങ്കിലും ഇന്ദിരാഗാന്ധിക്ക് ചെയ്യേണ്ടിയിരുന്ന കാര്യമായിരുന്നു. അത് അടിയന്തരാവസ്ഥപോലെ സമഗ്രമായ ആധിപത്യ സംവിധാനങ്ങളില്ലാതെ സാധിക്കുമായിരുന്നില്ലേ എന്ന ചോദ്യം ഉന്നയിക്കപ്പെട്ടേക്കും. ഏതായാലും ഇന്ദിരാഗാന്ധി എന്ന വ്യക്തിയുടെ സവിശേഷതകള്‍ ചരിത്രത്തിലെ ആ കാലഘട്ടത്തെ നിര്‍ണയിക്കുന്നതില്‍ ഒരു പങ്ക് വഹിച്ചിട്ടുണ്ട്. തന്റെ പിതാവില്‍നിന്നും വ്യത്യസ്തമായി ജനാധിപത്യ മൂല്യങ്ങളുടെ പ്രതിബദ്ധത സൂക്ഷിക്കാന്‍ അവര്‍ക്കായില്ല എന്ന വിധിയെഴുത്ത് തീര്‍ച്ചയായും ചരിത്രത്തിലുണ്ടാകും. 1950 ജൂണ്‍ 2-ന് പണ്ഡിറ്റ് നെഹ്‌റു തിരുവനന്തപുരത്ത് നടത്തിയ പ്രസംഗത്തിലെ ഒരു ഭാഗം അദ്ദേഹത്തിന്റെ ജീവിതകഥയില്‍ സര്‍വേപ്പള്ളി ഗോപാലന്‍ ഉദ്ധരിക്കുന്നുണ്ട്. ''ഈ രാജ്യത്തെ പ്രതിപക്ഷത്തെ ഞാന്‍ ഭയപ്പെടുന്നില്ല. ഏതെങ്കിലും സിദ്ധാന്തത്തിന്റെയോ പ്രയോഗത്തിന്റെയോ സൃഷ്ടിപരമായ പദ്ധതിയുടെ അടിസ്ഥാനത്തില്‍ പ്രതിപക്ഷഗ്രൂപ്പുകള്‍ വളര്‍ന്നുവരുന്നതിലും എനിക്ക് അനിഷ്ടമില്ല. ലക്ഷക്കണക്കിന് ജനങ്ങള്‍ ഒരു നേതാവിന്റെ ഏറാന്‍മൂളികളാകുന്ന ഒരു രാജ്യമായി ഇന്ത്യ മാറുന്നത് എനിക്കിഷ്ടമല്ല. എനിക്ക് ശക്തിയായൊരു പ്രതിപക്ഷത്തിന്റെ ആവശ്യമുണ്ട്.' നെഹ്‌റു ഉയര്‍ത്തിപ്പിടിച്ച ജനാധിപത്യമൂല്യങ്ങളും ഇന്ദിരാഗാന്ധിയുടെ പ്രവണതാശൈലിയും വേര്‍പിരിഞ്ഞു കിടന്നുവെന്നതിന്റെ സാക്ഷിപത്രമാണ് അടിയന്തരാവസ്ഥ എന്ന ഇന്ത്യന്‍ ചരിത്രാദ്ധ്യായം. 

അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിനുശേഷം കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ആവശ്യമാണെന്ന നിബന്ധനപോലും വിസ്മൃതമായിരുന്നു. പിറ്റേന്നു കാലത്ത് മന്ത്രിസഭ ചേര്‍ന്നപ്പോഴാകട്ടെ ഏറാന്‍മൂളികളുടെ മൗനംകൊണ്ട് യോഗവേദി വാചാലവുമായിരുന്നു. ഒരാള്‍മാത്രം, ഒരു പഴയ കോണ്‍ഗ്രസ്‌സുകാരന്‍ സര്‍ദാര്‍ സ്വരണ്‍ സിംഗ് പറഞ്ഞുവത്രെ- ''ഇത്തരത്തിലുള്ള പൊലീസ് രാജ് നടക്കില്ല.' രാജ്യരക്ഷാ മന്ത്രിസ്ഥാനത്തുനിന്നും അദ്ദേഹം നീക്കം ചെയ്യപ്പെടാനും ആ സ്ഥാനത്ത് ബന്‍സിലാല്‍ എന്ന ഹരിയാനക്കാരന്‍ ആരോഹിതനാകാനും മണിക്കൂറുകളേ വേണ്ടി വന്നുള്ളൂ. 

ഡൂണ്‍ സ്‌കൂളിലെ സഹപാഠികളായിരുന്ന സഞ്ജയ് ഗാന്ധിയും ബന്‍സിലാലും വി.സി. ശുക്‌ളയും ചേര്‍ന്ന് ഒരു വലിയ രാജ്യത്തിന്റേയും ജനതയുടേയും തലവിധി നിര്‍ണയിച്ച ദിനങ്ങള്‍ അങ്ങനെ പിറക്കുകയായിരുന്നു. സെന്‍സര്‍ഷിപ്പിനെതിരായ പ്രതിഷേധമറിയിക്കാന്‍ ചില പത്രങ്ങള്‍ മുഖപ്രസംഗസ്ഥലം ശൂന്യമാക്കി വിട്ടപ്പോള്‍ വാര്‍ത്താവിതരണമന്ത്രി വി.സി. ശുക്‌ളയുടെ കിങ്കരന്മാര്‍ അരുതെന്നു വിലക്കി. തങ്ങളുടെ പ്രതിഷേധം വ്യംഗ്യമായറിയിക്കാന്‍ ജനാധിപത്യത്തേയും സ്വാതന്ത്ര്യത്തേയും കുറിച്ച് ഗാന്ധിയും നെഹ്‌റുവും പറഞ്ഞത് ഉദ്ധരിച്ചുതുടങ്ങിയപ്പോള്‍ വിലക്ക് സ്വരത്തിന്റെ തീക്ഷ്ണത കൂടി. മെയിന്‍സ്ട്രീം വാരികയുടെ പത്രാധിപര്‍ നിഖില്‍ ചക്രവര്‍ത്തി ടാഗോറിന്റെ കവിതാശകലം ഉദ്ധരിച്ചുകൊണ്ട് പ്രതിഷേധമറിയിച്ചു, ഒരിക്കല്‍. ''ഭയത്തില്‍നിന്നുള്ള സ്വാതന്ത്ര്യമാണ് ഞാന്‍ നിനക്കുവേണ്ടി അവകാശപ്പെടുന്ന സ്വാതന്ത്ര്യം, മാതൃഭൂവേ...'

രാഷ്ട്രീയപ്പാര്‍ട്ടികളുടെ കൂട്ടത്തില്‍ അടിയന്തരാവസ്ഥയെ ആദ്യം പിന്തുണച്ചത് സി.പി.ഐയായിരുന്നു. ഡി.എം.കെ. ഭരണം നിലനിന്ന തമിഴ്‌നാട്ടില്‍ അന്നു പ്രതിപക്ഷത്തായിരുന്ന എ.ഐ. എ.ഡി.എം.കെ.യായിരുന്നു രണ്ടാമത്തേത്. ഏതാനും മാസങ്ങള്‍ക്കു മുന്‍പ് ഇന്ദിരാഗാന്ധിയുമായി ഉടമ്പടി ഒപ്പുവെച്ച ഷെയ്ക്ക് അബ്ദുള്ളയും പിന്തുണക്കാരുടെ കൂട്ടത്തിലായിരുന്നു. മഹാരാഷ്ട്രയിലെ ശിവസേന, കേരളത്തില്‍ കേരളാ കോണ്‍ഗ്രസ് എന്നിങ്ങനെ ചില പ്രാദേശിക പാര്‍ട്ടികളും ക്രമത്തില്‍ അടിയന്തരാവസ്ഥ പിന്തുണക്കാരോ അക്കാലത്തെ ഭരണത്തില്‍ പങ്കാളികളോ ആയി. 75 ജൂലൈ 9-ാം തീയതി പ്രധാനമന്ത്രിയെ കണ്ട 47 എഡിറ്റര്‍മാര്‍ അടിയന്തരാവസ്ഥയെ എതിര്‍ക്കുന്ന തങ്ങളുടെ പത്രപ്രവര്‍ത്തക സുഹൃത്തുക്കളുടെ നടപടിയില്‍ തങ്ങള്‍ക്കുള്ള വിമര്‍ശനമറിയിക്കുകയും തങ്ങള്‍ ഭരണത്തോടൊപ്പമാണെന്ന് വ്യക്തമാക്കുകയും ചെയ്തു. 

ജനാധിപത്യത്തിനെതിരായ ഭീഷണി പൂര്‍ണമായും അടിച്ചമര്‍ത്തപ്പെടുന്നതുവരെ സെന്‍സര്‍ഷിപ്പ് തുടരേണ്ട കാര്യം അവര്‍ അംഗീകരിക്കുകയും ചെയ്തു. 
മഹാത്മാഗാന്ധിയുടെ ഉറ്റ അനുയായിയായി പരിഗണിക്കപ്പെട്ടുപോന്ന സര്‍വോദയ നേതാവ് വിനോബാ ഭാവെ അടിയന്തരാവസ്ഥയെ 'അച്ചടക്കത്തിന്റെ കാലം' എന്നു വിശേഷിപ്പിച്ച വാര്‍ത്തയോളം ഇന്ദിരാഗാന്ധിക്ക് കുളിരേകിയ വാര്‍ത്തകള്‍ അക്കാലത്ത് വിരളമായിരുന്നിരിക്കണം. ജയപ്രകാശ് നാരായണന്റെ ജാഥകളില്‍ പങ്കെടുത്തിരുന്ന ചില ആളുകള്‍ അടിയന്തരാവസ്ഥ പ്രഖ്യാപനത്തോടെ നിലപാട് മാറ്റുകയും ഇന്ദിരാ-സഞ്ജയ് സംഘത്തിന്റെ ആരാധകരായി മാറുകയും ചെയ്തു. വിഖ്യാത ചിത്രകാരന്‍ എം.എഫ്. ഹുസൈയിന്‍ ഈ ഗണത്തില്‍പെടുന്നുവെന്നത് വസ്തുതയാണ്. 1975 മാര്‍ച്ച് 6-ന് ജെ.പിയുടെ നേതൃത്വത്തില്‍ നടന്ന പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുത്ത അദ്ദേഹം തന്നെയാണ് അടിയന്തരാവസ്ഥാ പ്രഖ്യാപനം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ദിരയെ ദുര്‍ഗയായി ചിത്രീകരിച്ചത്. 

അടിയന്തരാവസ്ഥയില്‍ നടന്ന അറസ്റ്റുകള്‍ എത്രയെന്നതിന് ഒരു കണക്ക് ആംനസ്റ്റി ഇന്റര്‍നാഷണലിന്റേതാണ്. 1975-76-ല്‍ ഒരു ലക്ഷത്തി നാല്പതിനായിരം ഇന്ത്യക്കാര്‍ വിചാരണ കൂടാതെ തടവിലായിരുന്നുവെന്നാണ് ആ കണക്ക്. ഈ സംഖ്യ, 1942-ലെ ക്വിറ്റിന്ത്യാ സമരകാലത്തേതിന്റെ ഇരട്ടിയിലധികമാണ്. എന്നാല്‍, ജനതാ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നശേഷം നടത്തിയ കണക്കെടുപ്പനുസരിച്ച് തടവിലാക്കപ്പെട്ടവര്‍ ഒരു ലക്ഷമായിരുന്നു. 

യഥാര്‍ത്ഥത്തില്‍ അറസ്റ്റു ചെയ്യപ്പെട്ടവരില്‍ ചിലര്‍ വിട്ടയക്കപ്പെടുകകൂടി ചെയ്തിരുന്നു എന്നതുകൊണ്ടാകാം കണക്കുകളിലെ ഈ പൊരുത്തക്കേട്. ബറോഡ ഡൈനാമിറ്റ് കേസ് പ്രതി ജോര്‍ജ് ഫെര്‍ണാണ്ടസ്‌സിന്റെ സഹോദരന്‍ ലോറന്‍സ് ഫെര്‍ണാണ്ടസും ഒളിവിലെ സഹായിയായിരുന്ന സ്‌നേഹലത എന്ന നടി മുതല്‍ അറിയപ്പെടാത്ത ആയിരങ്ങള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ക്രൂരമര്‍ദനത്തിനിരയായി. കേരളം പോലെ ചില സംസ്ഥാനങ്ങളില്‍ തടങ്കല്‍പ്പാളയങ്ങള്‍ തന്നെയുണ്ടായി. അടിയന്തരാവസ്ഥയുടെ മറവില്‍ ഏറ്റുമുട്ടല്‍ കൊലപാതകമെന്ന പേരില്‍ പച്ചയായി കൊല്ലപ്പെട്ട നക്‌സലൈറ്റുകള്‍ ഏറെയായിരുന്നു. ഭൂമയ്യ, കിസ്തഗൗഡ എന്നീ നക്‌സലൈറ്റുകള്‍ തൂക്കിലേറ്റപ്പെട്ടതും അടിയന്തരാവസ്ഥയുടെ മറവിലായിരുന്നു. 

ഭൂരിപക്ഷം പ്രതിപക്ഷ അംഗങ്ങളേയും തടവിലാക്കിയശേഷം വിളിച്ചുചേര്‍ക്കപ്പെട്ട പാര്‍ലമെന്റില്‍, സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങള്‍ മാത്രം കൈകാര്യം ചെയ്താല്‍ മതിയെന്ന പ്രമേയമാണ് മൃഗീയ ഭൂരിപക്ഷത്തോടെ ആദ്യമേ പാസ്‌സാക്കിയത്. അതില്‍ പിന്നീട് അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന്റെ അംഗീകാരം. ജഗ്ജീവന്‍ റാമിന്റെ പ്രമേയത്തെ ശക്തിയായി പിന്തുണച്ച് സംസാരിച്ചത് പരേതനായ സി.പി.ഐ. നേതാവ് ഇന്ദ്രജിത്ത് ഗുപ്ത, എതിര്‍ത്തതാകട്ടെ സി.പി.എം. നേതാവ് എ.കെ.ജിയും. കൂടാതെ മുഴുവന്‍ പ്രതിപക്ഷത്തെയും പ്രതിനിധീകരിച്ച് ആര്‍.എസ്.പിയിലെ ത്രിദീപ് ചൗധരി. ഈ ഔപചാരികതകള്‍ക്കുശേഷം അവതരിപ്പിക്കപ്പെട്ടത് നിലവിലുണ്ടായിരുന്ന കടുത്ത നിയമങ്ങള്‍ക്ക് ചില ഭേദഗതികളായിരുന്നു- അവയ്ക്ക് മൂര്‍ച്ചകൂട്ടുക എന്ന ഉദ്ദേശ്യത്തോടെ. എല്ലാത്തരം പ്രതിപക്ഷ രാഷ്ട്രീയത്തേയും ഇല്ലായ്മ ചെയ്തതും ആശയപ്രചരണ സ്വാതന്ത്ര്യമടക്കമുള്ള മൗലികാവകാശങ്ങള്‍ റദ്ദാക്കിയതുമെല്ലാം ന്യായീകരിക്കപ്പെട്ടത് ഇരുപതിന സാമ്പത്തിക പരിപാടിയുടെ വെളിച്ചത്തിലായിരുന്നു. എന്നാല്‍, ദുര്‍ബല ജനവിഭാഗങ്ങളുടെ ക്ഷേമം  ലക്ഷ്യമിട്ട പരിപാടിക്ക് ആ വിഭാഗങ്ങളെ ആകര്‍ഷിക്കാനായിട്ടില്ല എന്നാണ് പില്‍ക്കാലത്ത് അടിയന്തരാവസ്ഥയില്‍ നടന്ന തെരഞ്ഞെടുപ്പു ഫലം തെളിയിച്ചത്. 

തെരഞ്ഞെടുപ്പില്‍ പ്രകടമായ ഈ അടിയന്തരാവസ്ഥാ വികാരം വിന്ധ്യനു വടക്ക് കോണ്‍ഗ്രസ്‌സിനെ കടപുഴക്കിയപ്പോള്‍ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ ഇന്ദിരയോടൊപ്പം തന്നെ നിന്നു. ഇത്തരമൊരു വൈജാത്യത്തിന് കാരണമായത് സഞ്ജയ്-ബന്‍സിലാല്‍-വി.സി. ശുക്‌ള അച്ചുതണ്ട് ആവിഷ്‌കരിച്ച് ഇന്ദിരയുടെ അനുഗ്രഹത്തോടെ നടപ്പിലാക്കിയ പരിപാടികള്‍ മിക്കവയും വിന്ധ്യന് വടക്കായിരുന്നുവെന്നതുതന്നെയാകണം. 

സഞ്ജയ് ഗാന്ധിയുടെ രംഗപ്രവേശകാലത്തുതന്നെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലിയും രാഷ്ട്രീയ സാംസ്‌കാരവും ഇന്ദിരാഗാന്ധിക്ക് ഒരു ബാദ്ധ്യതയായി പരിണമിക്കുമെന്ന് തുടക്കത്തില്‍തന്നെ അവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതിന്റെ പേരില്‍ രണ്ടു സീനിയര്‍ ബ്യൂറോക്രാറ്റുകള്‍ ഇന്ദിരയുടെ അപ്രീതിക്ക് പാത്രമായിട്ടുണ്ടായിരുന്നു- പി.എന്‍. ഹക്‌സറും, ടി.എന്‍. കൗളും. എന്നാലും സഞ്ജയ് ഉയര്‍ന്നു- പാര്‍ട്ടി ഭാരവാഹിത്വമോ ഔദ്യോഗിക സ്ഥാനങ്ങളോ ഇല്ലാതെ തന്നെ. അടിയന്തരാവസ്ഥക്കാലത്ത് കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ അയാള്‍ക്കെങ്ങനെ സാധിച്ചുവെന്നതിന് ഇന്ദിരയ്ക്കുള്ള വാത്സല്യം എന്ന ഉത്തരമാകും ലഭിക്കുക. എല്ലാ 'ഇസങ്ങളെ'യും നിരാകരിച്ച സഞ്ജയ് ഒരു കമ്മ്യൂണിസ്റ്റ് വിരോധിയും സ്വകാര്യ സംരംഭക പക്ഷപാതിയുമായിരുന്നുവെന്ന കാര്യത്തിന് വിശദീകരണങ്ങളുടെ ആവശ്യമില്ല. തന്റേതായ ഒരു അഞ്ചിനപ്പരിപാടി അടിയന്തരാവസ്ഥക്കാലത്ത് അവതരിപ്പിക്കുകയും ചെയ്തു. 

സാക്ഷരതാപ്രവര്‍ത്തനം, കുടുംബാസൂത്രണം, സ്ര്തീധന വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, മരം വെച്ചുപിടിപ്പിക്കല്‍, പരിസ്ഥിതി സംരക്ഷണം എന്നിവയായിരുന്നു ഈ ഇനങ്ങള്‍. ഇവയില്‍ കുടുംബാസൂത്രണം പ്രാവര്‍ത്തികമാക്കാന്‍ സ്വീകരിച്ച രീതികളാണ് അടിയന്തരാവസ്ഥയ്ക്ക് ഇത്രയേറെ ശത്രുക്കളെ സൃഷ്ടിച്ചത് എന്നതിന് ലക്ഷക്കണക്കിനായ അനുഭവസ്ഥര്‍ തന്നെയാകും സാക്ഷികള്‍. സഞ്ജയ് ഗാന്ധിയുടെ പ്രസംഗങ്ങള്‍ റേഡിയോവില്‍ ഇടയ്ക്കിടെ പ്രക്ഷേപണം ചെയ്യപ്പെടുന്നതും പടം പത്രങ്ങളില്‍ ഇടയ്ക്കിടെ പ്രത്യക്ഷമാക്കുന്നതുമെല്ലാം വി.സി. ശുക്‌ളയുടെ ജോലിയായിരുന്നു. ഇത്തരത്തില്‍ രാജപുരുഷനായിക്കഴിഞ്ഞ സഞ്ജയ് കുടുംബാസൂത്രണ പദ്ധതി വിജയിപ്പിക്കാന്‍ തുനിഞ്ഞിറങ്ങി. 

വികസനത്തിനായി ഭൂമി പിടിക്കുന്നവരുടെ വംശത്തിലെ മുന്‍ഗാമിയായിരുന്നു സഞ്ജയ്. സ്വതന്ത്രസംരംഭങ്ങള്‍ക്കുവേണ്ടി നഗര-ഗ്രാമ വ്യത്യാസമില്ലാതെ ഭൂമി ലഭ്യമാകുക എന്ന ലക്ഷ്യത്തോടെ ഇടിച്ചുനിരപ്പിന്റെ യന്ത്രം പ്രവര്‍ത്തിപ്പിച്ചുകൊണ്ടേയിരുന്ന മുതലാളിത്ത കര്‍മയോഗി. ദാരിദ്ര്യത്തെ നിര്‍മാര്‍ജനം ചെയ്യാന്‍ വാഗ്ദാനം ചെയ്ത് ഒടുവില്‍ ദരിദ്രരെ നിര്‍മാര്‍ജനം ചെയ്യാന്‍ വന്ധീകരണത്തിന്റെ മാര്‍ഗം കൂടി അദ്ദേഹത്തിന് സ്വീകാര്യമായി മാറി. എല്ലാം ഭംഗിയായി നടക്കുന്നുവെന്ന് സ്തുതിപാഠകരായ അനുചരവൃന്ദം അമ്മയേയും മകനേയും ഉണര്‍ത്തിച്ചുകൊണ്ടേയിരുന്നു. അടിയന്തരാവസ്ഥയില്‍ അയവുവരുത്തി 1977 മാര്‍ച്ചില്‍ നടന്ന തെരഞ്ഞെടുപ്പില്‍ തടയിടപ്പെട്ടിരുന്ന ജനരോഷം അണപൊട്ടിയൊഴുകി. അപ്പവും സ്വാതന്ത്ര്യവും തമ്മിലുള്ള തെരഞ്ഞെടുപ്പായിരുന്നില്ല അത്. അപ്പത്തിനുവേണ്ടി ശബ്ദിക്കാനുള്ള സ്വാതന്ത്ര്യമാണ് തടവിലാക്കപ്പെട്ടിരുന്നത്. ചെറിയ മനുഷ്യര്‍ ഒന്നടങ്കം ഈ വസ്തുത ബാലറ്റു പെട്ടികളില്‍ നിശ്ശബ്ദം രേഖപ്പെടുത്തിയപ്പോള്‍ അദ്ഭുതത്തോടെ ലോകം നോക്കിനിന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com