കുരങ്ങുകള്‍ക്കൊപ്പം വനത്തില്‍ വളര്‍ന്ന് പത്തുവയസുകാരി; നടത്തവും സംസാരവുമെല്ലാം കുരങ്ങുകളുടേത് പോലെ

കുട്ടിയെ കണ്ടെത്തുന്ന സമയത്ത് രണ്ട് കാലില്‍ മനഷ്യരെ പോലെ നടക്കാന്‍ പോലും ഇവള്‍ക്ക് അറിയില്ലായിരുന്നു
കുരങ്ങുകള്‍ക്കൊപ്പം വനത്തില്‍ വളര്‍ന്ന് പത്തുവയസുകാരി; നടത്തവും സംസാരവുമെല്ലാം കുരങ്ങുകളുടേത് പോലെ

ലഖ്‌നൗ: മനുഷ്യസമ്പര്‍കമില്ലാതെ മൃഗങ്ങള്‍ക്കൊപ്പം കാട്ടില്‍ വളര്‍ന്ന മൗഗ്ലി കുട്ടികളേയും മുതിര്‍ന്നവരേയും ഒരുപോലെ രസിപ്പിച്ച കഥാപാത്രമാണ്. എന്നാല്‍ മൗഗ്ലിയുടേതിന് സമാനമായി മൃഗങ്ങള്‍ക്കൊപ്പം വനത്തില്‍ ജീവിച്ച ഒരു പത്തുവയസുകാരിയുടെ വാര്‍ത്തയാണ് ഉത്തര്‍പ്രദേശിലെ ബഹ്‌റായിച്ച് ജില്ലയില്‍ നിന്നും വരുന്നത്.

കത്രനായ്ഘട്ട് വനമേഖലയില്‍ കുരങ്ങുകളുടെ സംരക്ഷണയിലായിരുന്നു പെണ്‍കുട്ടിയെ ഉത്തര്‍പ്രദേശ് പൊലീസ് രക്ഷപ്പെടുത്തുകയായിരുന്നു. കുരങ്ങുകളുടെ കൂട്ടത്തില്‍ വളര്‍ന്ന കുട്ടിയുടെ പെരുമാറ്റവും മൃഗങ്ങളുടേതിന് സമാനമാണ്. മനുഷ്യഭാഷയിലല്ല കുട്ടി സംസാരിക്കുന്നതും. മൃഗങ്ങളോടൊപ്പം വളര്‍ന്ന ഇവളെ മൗഗ്ലിയെന്നാണ് ഇപ്പോള്‍ എല്ലാവരും വിളിക്കുന്നത്. കുട്ടിയെ കണ്ടെത്തുന്ന സമയത്ത് രണ്ട് കാലില്‍ മനഷ്യരെ പോലെ നടക്കാന്‍ പോലും ഇവള്‍ക്ക് അറിയില്ലായിരുന്നു.

രണ്ട് മാസം മുന്‍പ് വനത്തിലെത്തിയ ഗ്രാമീണരാണ് മൃഗങ്ങള്‍ക്കൊപ്പം കഴിയുന്ന പെണ്‍കുട്ടിയെ ആദ്യം കണ്ടത്. വസ്ത്രങ്ങളൊന്നും ധരിക്കാതെ കുരങ്ങുകള്‍ക്കൊപ്പം കളിക്കുകയായിരുന്ന കുട്ടിയുടെ അടുത്തേക്ക്‌
ഗ്രാമിണരില്‍ ചിലര്‍ അടുക്കാന്‍ ശ്രമിച്ചെങ്കിലും കുരങ്ങുകള്‍ അവരെ ആക്രമിക്കാനെത്തുകയായിരുന്നു. 

പിന്നെയും ദിവസങ്ങളോളം കുട്ടിയ രക്ഷപ്പെടുത്താന്‍ ഗ്രാമീണര്‍ ശ്രമിച്ചെങ്കിലും കുട്ടിയെ രക്ഷിക്കുന്നതിനായെത്തുന്ന കുരങ്ങുകളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരുന്നു. ഗ്രാമീണര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സംഘം സ്ഥലത്തെത്തി കുട്ടിയെ രക്ഷപ്പെടുത്തി. 

കുരങ്ങുകള്‍ മുരളുന്നതു പോലെയാണ് ഉത്തര്‍പ്രദേശിലെ മൗഗ്ലിയും ശബ്ദമുണ്ടാക്കുന്നത്. പ്ലേറ്റില്‍ ഭക്ഷണം കഴിക്കാനും ഇവള്‍ തയ്യാറല്ല. തറയിലോ കിടക്കയിലോ ഭക്ഷണം വിതറിയിട്ടതിന് ശേഷമാണ് കുട്ടി ഭക്ഷണം കഴിക്കുന്നതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. നീട്ടി വളര്‍ന്നിരുന്നു കുട്ടിയുടെ മുഖവും നഖവുമെല്ലാം ആശുപത്രിയിലെ നഴ്‌സുമാര്‍ വെട്ടി വൃത്തിയാക്കി. കുട്ടിയുടെ പെരുമാറ്റം മനുഷ്യരുടേതുപോലെയായി വരുന്നുണ്ടെന്നാണ് ഇവളെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com