എവറസ്റ്റ് കീഴടക്കിയെന്ന് പൊലീസ് ദമ്പതികള്‍; പൊലീസ് ജോലിയില്‍ നിന്നും പുറത്താക്കി

വ്യാജ ചിത്രം പ്രചരിപ്പിച്ച് മഹാരാഷ്ട്ര പൊലീസിന് ചീത്തപ്പേരുണ്ടാക്കി എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇവരെ ജോലിയില്‍ നിന്നും പുറത്താക്കിയത്
എവറസ്റ്റ് കീഴടക്കിയെന്ന് പൊലീസ് ദമ്പതികള്‍; പൊലീസ് ജോലിയില്‍ നിന്നും പുറത്താക്കി

എവറസ്റ്റ് കീഴടക്കിയെന്ന് പറഞ്ഞ് വ്യാജ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥരായ ദമ്പതികളെ സര്‍വീസില്‍ നിന്നും പുറത്താക്കി. പൂനെ പൊലീസില്‍ കോണ്‍സ്റ്റബിള്‍മാരായ ദിനേഷ് റാത്തോഡ്, തര്‍ക്കേശ്വരി റാത്തോഡ് എന്നിവര്‍ക്കാണ് എവറസ്റ്റ് കീഴടക്കിയെന്ന രീതിയില്‍ പ്രചരിപ്പിച്ച ഫോട്ടോഷോപ്പ് ചിത്രം പണിയായത്. 

വ്യാജ ചിത്രം പ്രചരിപ്പിച്ച് മഹാരാഷ്ട്ര പൊലീസിന് ചീത്തപ്പേരുണ്ടാക്കി എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇവരെ ജോലിയില്‍ നിന്നും പുറത്താക്കിയത്. കഴിഞ്ഞ വര്‍ഷം മെയില്‍ എവറസ്റ്റ് കീഴടക്കിയെന്നായിരുന്നു ഇവരുടെ അവകാശവാദം. ഇവര്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട ചിത്രങ്ങള്‍ വ്യാജമാണെന്ന് കണ്ടെത്തിയതോടെ നവംബറില്‍ ഇവരെ ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

മൗണ്ട് എവറസ്റ്റ് കീഴടക്കുന്ന ആദ്യ ദമ്പതികളാണ് തങ്ങളെന്ന വാദമാണ് ഇവര്‍ ഉന്നയിച്ചത്. എന്നാല്‍ പ്രാദേശിക പര്‍വതാരോഹകര്‍ ഇങ്ങനെയൊരു ദമ്പതികള്‍ ഇവിടെ എത്തിയിട്ടില്ലെന്നും, ഇവര്‍ പുറത്ത് വിട്ടത് മോര്‍ഫ് ചെയ്ത ചിത്രങ്ങളാണെന്നും പറഞ്ഞതോടെയാണ് ഇവരുടെ കള്ളി പുറത്താകുന്നത്. 

നേപ്പാള്‍ സര്‍ക്കാര്‍ ഈ ദമ്പതികള്‍ക്ക്‌ നേപ്പാളില്‍ കടക്കുന്നതിന് പത്ത് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയെന്നും സൂചനയുണ്ട്. അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പൂനെ പൊലീസ് നേപ്പാള്‍ ഭരണകൂടത്തെ സമീപിക്കുകയായിരുന്നു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com