സ്വത്തു തട്ടി മകന്‍ പെരുവഴിയില്‍ തള്ളി, റെയ്മണ്ട് സ്ഥാപകന്‍ സിംഘാനിയ വാടക വീട്ടില്‍

തന്റെ സ്വത്തില്‍ ഒരുഭാഗം തിരിച്ചുനല്‍കണമെന്നാവശ്യപ്പെട്ട് ഈ പഴയ പ്രതാപി കോടതിയെ സമീപിച്ചിരിക്കുകയാണ്. 
വിജയ്പത് സിംഘാനിയ
വിജയ്പത് സിംഘാനിയ

രാജ്യത്തെ സമ്പന്ന വ്യവസായികളില്‍ ഒരാളായിരുന്ന ഡോ. വിജയ്പത് സിംഘാനിയയുടെ ജീവിതം ഇന്ന് വാടകവീട്ടില്‍. ഇന്ത്യന്‍ വസ്ത്രവിപണിയിലെ പ്രമുഖ ബ്രാന്‍ഡായ റയ്മണ്ടിന്റെ ഉടമയായിരുന്നു സിംഘാനിയ. റയ്മണ്ട് ലിമിറ്റഡ് എന്ന വന്‍ വസ്ത്രബ്രാന്‍ഡ് പടുത്തുയര്‍ത്തിയ ഇദ്ദേഹം ഇന്നു താമസിക്കുന്നത് ദക്ഷിണമുംബൈയിലെ ഗ്രാന്‍ഡ് പാരഡിയിലുള്ള വാടകവീട്ടിലാണ്. 

തന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്കു കാരണം മകന്‍ ഗൗതമാണെന്ന് സിംഘാനിയ പറയുന്നു. വ്യവസായസാമ്രാജ്യം മകനു കൈമാറിയതോടെയാണു ഇദ്ദേഹത്തിന്റെ വീഴ്ച ആരംഭിച്ചത്. തന്റെ സ്വത്തില്‍ ഒരുഭാഗം തിരിച്ചുനല്‍കണമെന്നാവശ്യപ്പെട്ട് ഈ പഴയ പ്രതാപി കോടതിയെ സമീപിച്ചിരിക്കുകയാണ്. 

സമ്പന്നരുടെ വാസകേന്ദ്രമായ മലബാര്‍ ഹില്‍സിലെ 36 നിലയുള്ള ജെകെ ഹൗസിലുള്ള ഫഌറ്റിന് അവകാശം ഉന്നയിച്ച് ബോംബെ ഹൈക്കോടതിയില്‍ കേസ് കൊടുത്തതോടെയാണ് ഇപ്പോഴത്തെ അവസ്ഥ പൊതുശ്രദ്ധയില്‍ വരുന്നത്. വിജയ്പത് സിംഘാനിയ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഇന്നലെ കോടതിയെ അറിയിച്ചു. 

1960ല്‍ 14 നില കെട്ടിടമായാണ് ജെകെ ഹൗസ് അദ്ദേഹം നിര്‍മ്മച്ചത്. പിന്നീട് കെട്ടിടത്തിലെ നാലു നിലകള്‍ റയ്മണ്ടിന്റെ ഉപകമ്പനിയായ പഷ്മിന ഹോള്‍ഡിങ്‌സിന് കൈമാറി. തുടര്‍ന്ന് 2007ല്‍ കെട്ടിടം പുതുക്കി പണിതു. വിജയ്പത് സിംഘാനിയയുടെ സഹോദരന്‍ അജയ്പത് സിംഘാനിയയുടെ വിധവ വീണാദേവി, മക്കളായ ആനന്ദ്, അക്ഷയ്പത് എന്നിവര്‍ക്ക് 5185 ചതുരശ്ര അടി സ്ഥലം നല്‍കുമെന്നായിരുന്നു ഗൗതവുമായുള്ള കരാര്‍.

ഇതു പാലിക്കാത്തതിന്റെപേരില്‍ വീണാദേവിയും മക്കളും കോടതിയെ സമീപിച്ചതിനു പിന്നാലെയാണ് ഇപ്പോള്‍ സിംഘാനിയയും കോടതിയെ സമീപിച്ചിരിക്കുന്നത്. കമ്ബനിയിലെ ആയിരംകോടി രൂപ വിലമതിക്കുന്ന ഓഹരികള്‍ സിംഘാനിയ മകനു വേണ്ടി ഉപേക്ഷിച്ചെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ദിന്യാര്‍ മാദന്‍ കോടതിയെ അറിയിച്ചു. അദ്ദേഹത്തിന്റെ കാര്‍പോലും മകന്‍ കൈക്കലാക്കി.

സിംഘാനിയയുടെ പരാതി ഫയലില്‍ സ്വീകരിച്ച കോടതി റയ്മണ്ട്‌സിന് നോട്ടീസയച്ചിട്ടുണ്ട്. ജെകെ ഹൗസിലെ 27, 28 നില കെട്ടിടങ്ങള്‍ സിംഘാനിയയ്ക്ക് വിട്ടുനല്‍കണമെന്നും ചെലവിനായി പ്രതിമാസം ഏഴ് ലക്ഷം രൂപ നല്‍കണമെന്നുമുള്ള ആവശ്യങ്ങള്‍ ഇദ്ദേഹം കോടതിയെ അറിയിച്ചിട്ടുണ്ട്. റെയ്മണ്ട് കമ്ബനിയോട് ഈ മാസം 18നു മുന്‍പ് മറുപടി നല്‍കാന്‍ കോടതി നിര്‍ദേശിച്ചൂ.
 

വിജയ്പത് സിംഘാനായയും മകന്‍ ഗൗതം സിംഘാനിയയും
വിജയ്പത് സിംഘാനായയും മകന്‍ ഗൗതം സിംഘാനിയയും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com