വയസ്സ് 6, വാര്‍ഷിക വരുമാനം 70 കോടിയിലധികം : ഫോബ്‌സ് പട്ടികയിലെത്തിയ റയാന്റെ കുട്ടിക്കളികള്‍ 

പ്രതിവര്‍ഷം യൂട്യൂബില്‍ നിന്ന് 11 മില്ല്യണ്‍ ഡോളര്‍ അതായത് 70 കോടിയിലധികം രൂപയാണ് ഈ അമേരിക്കന്‍ ബാലന്‍ പോക്കറ്റിലാക്കുന്നത്. 
വയസ്സ് 6, വാര്‍ഷിക വരുമാനം 70 കോടിയിലധികം : ഫോബ്‌സ് പട്ടികയിലെത്തിയ റയാന്റെ കുട്ടിക്കളികള്‍ 

കളിപ്പാട്ടങ്ങള്‍ എല്ലാ കുട്ടികള്‍ക്കും ഇഷ്ടമാണെങ്കിലും അവ ഉപയോഗിച്ച് കോടികള്‍ സ്വന്തമാക്കുന്നവരല്ല ഇവരൊക്കെ. എന്നാല്‍ റയാന്‍ എന്ന ആറ് വയസ്സുകാരന്‍ കളിപ്പാട്ടങ്ങള്‍ വാങ്ങാന്‍ പണം ചിലവാക്കുകയല്ല കളിപ്പാട്ടങ്ങള്‍ കൊണ്ട് സമ്പാദിക്കുകയാണ്. പ്രതിവര്‍ഷം യൂട്യൂബില്‍ നിന്ന് 11 മില്ല്യണ്‍ ഡോളര്‍ അതായത് 70 കോടിയിലധികം രൂപയാണ് ഈ അമേരിക്കന്‍ ബാലന്‍ പോക്കറ്റിലാക്കുന്നത്. 

2017ലെ യൂട്യൂബില്‍ ഏറ്റവുമധികം വരുമാനം നേടുന്നവരുടെ ഫോബ്‌സ് പട്ടികയില്‍ ഇടം നേടിയിരിക്കുകയാണ് ഈ കുട്ടികുറുമ്പന്‍. കളിപ്പാട്ടങ്ങളും മിഠായികളും വിലയിരുത്തിയാണ് റയാന്‍ യൂട്യൂബില്‍ താരമാകുന്നത്. ഫോബ്‌സ് പട്ടികയില്‍ എട്ടാം സ്ഥാനമാണ് റയാന്‍ സ്വന്തമാക്കിയിരിക്കുന്നത്. 

നാല് വയസിലാണ് റയാന്‍ യൂട്യൂബിലെ റയാന്‍സ് ടോയിസ് റിവ്യൂ എന്ന പരിപാടി തുടങ്ങുന്നത്. തുടക്കം മാതാപിതാക്കളുടെ സഹായത്തോടെ തന്നെ. കുട്ടികള്‍ക്കായുള്ള ഏറ്റവും പുതിയ കളിപ്പാട്ടങ്ങളാണ് ചാനലില്‍ കുട്ടി റയാന്‍ വിലയിരുത്തുന്നത്. 

'റയാന് കളിപ്പാട്ടങ്ങള്‍ വളരെ ഇഷ്ടമാണ്. കുട്ടികള്‍ക്കായുള്ള കളിപ്പാട്ടങ്ങളെ ഒരു കുട്ടിതന്നെ വിലയിരുത്തിയാല്‍ എങ്ങനെയിരിക്കും! കാര്‍,ട്രെയില്‍ തോമസ് ആന്‍ഡ് ഫ്രണ്ട്‌സ്, ലിഗോ, സൂപ്പര്‍ഹീറോസ്, ഡിസ്‌നി ടോയിസ്, ഒപ്പണ്‍ സര്‍പ്രൈസ് എഗ്‌സ്, പിക്‌സാര്‍ ഡിസ്‌നി കാര്‍, ഡിസിനി പ്ലെയിന്‍, മോണ്‍സ്റ്റര്‍ ട്രക്‌സ്, മിനിയണ്‍സ് തുടങ്ങിയവയെല്ലാം റയാന് വളരെ ഇഷ്ടമുള്ളവയാണ്'  റയാന്റെ യൂട്യൂബ് ചാനല്‍ നല്‍കുന്ന വിശദീകരണമാണ് ഇത്. 

10 മില്ല്യണിലധികം പ്രേക്ഷകരാണ് റയാന്റെ ചാനല്‍ വരിക്കാരായിരിക്കുന്നത്. ചെറുപ്പത്തില്‍ മുതല്‍ കളിപ്പാട്ടങ്ങളോട് വളരെ താല്‍പര്യമുണ്ടായിരുന്ന റയാന്‍ യൂട്യൂബില്‍ സമാനമായ വീഡിയോകള്‍ കണ്ടിരുന്നു. അപ്പോഴെല്ലാം ഇത്തരം പരിപാടികള്‍ അവതരിപ്പിച്ചിരുന്നത് മുതിര്‍ന്ന ആളുകളായിരുന്നു. അങ്ങനെയാണ് കുട്ടികള്‍ക്കായുള്ള കളിപ്പാട്ടങ്ങളെകുറിച്ച് ഒരു കുട്ടിതന്നെ പറയുന്നതല്ല കൂടുതല്‍ രസകരമെന്ന് ചിന്തിക്കുന്നത് - യൂട്യൂബ് ചാനല്‍ എന്ന ആശയത്തിന് പിന്നിലെ കഥ റയാന്റെ മാതാപിതാക്കള്‍ പങ്കുവയ്ക്കുന്നു. യൂട്യൂബില്‍ ഇടുന്ന റയാന്‍ അവതരിപ്പിച്ച വീഡിയോയുടെ നിര്‍മാണവും എഡിറ്റിങ്ങുമെല്ലാം ചെയ്യുന്നത് മാതാപിതാക്കളാണ്.

2015 മുതലാണ് റയാന്‍സ് ടോയിസ് റിവ്യൂ ആരംഭിക്കുന്നത്. ആദ്യ വീഡിയോയ്ക്ക് തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചത്. 80കോടിയിലധികം ആളുകളാണ് റയാന്റെ ആദ്യ വീഡിയോ കണ്ടത്. ഇപ്പോള്‍ പ്രമുഖ കമ്പനികളെല്ലാം അവരുടെ പുതിയ കളിപ്പാട്ടങ്ങള്‍ ചാനലിലൂടെ വിലയിരുത്താനായി റയാനെ സമീപിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com