പങ്കാളിയുമായി വഴക്കിടുമ്പോള്‍ ഇവ ഒരിക്കലും പറയാന്‍ പാടില്ല 

വഴക്കടിക്കുമ്പോള്‍ ഏറ്റവുമധികം സൂക്ഷിക്കേണ്ടത് ഈ ഏഴ് കാര്യങ്ങള്‍ വായില്‍ നിന്ന് ചാടാതിരിക്കാനാണ്.
പങ്കാളിയുമായി വഴക്കിടുമ്പോള്‍ ഇവ ഒരിക്കലും പറയാന്‍ പാടില്ല 

ചെറിയ തര്‍ക്കങ്ങള്‍ മുതല്‍ വലിയ വഴക്കുകള്‍ വരെ പങ്കാളികള്‍ക്കിടയില്‍ പതിവുള്ളവയാണ്. തമ്മില്‍ കൂടുതല്‍ മനസ്സിലാക്കാന്‍ കഴിയുന്നതും ഇങ്ങനെ ഓരോ വഴക്കുകളിലൂടെയാണ്. എന്നാല്‍ വഴക്കിനിടയില്‍ പങ്കാളിയെ വേദനിപ്പിക്കുന്ന വാക്കുകള്‍ ഓഴിവാക്കുന്നതാണ് ഏറ്റവും നല്ലത്. ഇല്ലെങ്കിലൊരുപക്ഷെ വഴക്ക് അവസാനിച്ചാലും നിങ്ങള്‍ പറഞ്ഞ ചില വാചകങ്ങള്‍ മാത്രം ഒരിക്കലും മായാതെ നില്‍ക്കും. വഴക്കടിക്കുമ്പോള്‍ ഏറ്റവുമധികം സൂക്ഷിക്കേണ്ടത് ഈ ഏഴ് കാര്യങ്ങള്‍ വായില്‍ നിന്ന് ചാടാതിരിക്കാനാണ്.

ദയനീയം

തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങല്‍ വലിയ വഴക്കിലേക്ക് എത്തുന്നതിനിടയില്‍ വായില്‍ വരുന്നതൊക്കെ പങ്കാളിയുടെ മുഖത്തുനോക്കി പറയുകയല്ല വേണ്ടത്. പകരം പറയുന്ന കാര്യങ്ങള്‍ ആലോചിച്ചുതന്നെ പറയണം. ഒരുപക്ഷെ നിങ്ങള്‍ പറയാന്‍ പോകുന്നകാര്യം നിങ്ങളാണ് കേള്‍ക്കേണ്ടിവന്നിരുന്നതെങ്കില്‍ അതെത്രമാത്രം വേദനയുണ്ടാക്കുന്നതാണെന്ന് ചിന്തിക്കുന്നത് നല്ലതായിരിക്കും. കോപം കൈവിട്ടുപോകുമെന്ന് സ്വയം ബോധ്യമായാല്‍ കുറച്ചുനേരം മൗനം പാലിക്കുന്നതായിരിക്കും ഉചിതം. അല്ലാത്തപക്ഷം ഒരുപക്ഷെ നിങ്ങള്‍ പറയണമെന്ന് ചിന്തിച്ചിട്ടുപോലുമില്ലാത്ത കാര്യങ്ങള്‍ നിങ്ങളില്‍ നിന്ന് വന്നുപോകും. അത്തരത്തില്‍ ഒരു വാക്കാണ് ദയനീയം. എത്ര വലിയ വഴക്കിനിടയിലും പരസ്പരമുള്ള ബഹുമാനം കൈവിടാതിരിക്കുക.

നമ്മള്‍ പിരിയണം

നിങ്ങളുടെ മനസ്സ് നിയന്ത്രണത്തിലല്ലാതിരിക്കുന്ന സമയത്ത് ജീവിതത്തിലെ പ്രധാന തീരുമാനങ്ങളിലേക്ക് എത്തിപ്പെടരുതെന്ന് പഠനങ്ങള്‍ പോലും തെളിയിച്ചിട്ടുള്ളതാണ്. വഴക്കിനിടയില്‍ നിങ്ങളുടെ ബന്ധം എവിടേക്കാണ് നീങ്ങികൊണ്ടിരിക്കുന്നത് എന്നത് പോലുള്ള സംശയങ്ങള്‍ ഉണ്ടാകുമെങ്കിലും ഒരിക്കലും പിന്മാറാനുള്ള തീരുമാനം എടുക്കേണ്ട സമയമല്ലത്. അങ്ങനെയുള്ള ചെറിയ പ്രശ്‌നങ്ങള്‍ക്കുപോലും പിരിയാനുള്ള തീരുമാനം നിങ്ങളില്‍ നിന്നുണ്ടാകുമ്പോള്‍ അത് നിങ്ങളുടെ പങ്കാളിക്ക് നിങ്ങളിന്മേലുള്ള വിശ്വാസം നഷ്ടപ്പെടുന്നതിന് വരെ കാരണമാകും. 

നീയാണ് എപ്പോഴും ഇത് ചെയ്യുന്നത്

വഴക്കുകള്‍ സ്വാഭാവികമായി സംഭവിക്കുന്നവയാണ്. ഓരോ വഴക്കിന് പിന്നിലെ കാരണങ്ങള്‍ വ്യത്യസ്തങ്ങളായിരിക്കും. വഴക്കുകള്‍ക്കിടയില്‍ മുമ്പുണ്ടായ അഭിപ്രായവ്യത്യാസങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുന്നത് അത്ര നല്ല നീക്കമല്ല. ഇത് വഴക്ക് ഒരിക്കലും അവസാനിക്കാത്തതരത്തില്‍ മുന്നോട്ടുപോകുന്നതിന് മാത്രമേ ഗുണം ചെയ്യു. നിങ്ങളുടെ ലക്ഷ്യം വഴക്ക് പരിഹരിക്കുക എന്നാണെങ്കില്‍ മുന്‍കാല സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ യാതൊരു കാര്യവുമില്ല.

നിനക്ക് ഒരിക്കലും മനസിലാകില്ല

നിങ്ങളുടെ പങ്കാളിയുടെ വായടപ്പിക്കുന്നതിനും അവര്‍ ഒരു ഗുണവും ഇല്ലാത്തവരാണെന്ന ചിന്ത അവരില്‍ ജനിപ്പിക്കാനും മാത്രം ഉപകരിക്കുന്ന ഒരു വാചകമാണിത്. നിങ്ങള്‍ക്ക് സ്വയം നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുന്ന സമയങ്ങളില്‍ വീണ്ടു വീണ്ടും ആലോചിച്ച് സംസാരിക്കണം എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. നിനക്ക് ഒരിക്കലും മനസിലാകില്ലെന്ന് ഓരോ വഴക്കിലും ആവര്‍ത്തിക്കുന്നത് നിങ്ങളോട് മനസിലുള്ളവ തുറന്നുപറയാനുള്ള അവരുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കും. ഇങ്ങനൊരു വഴക്ക് അവസാനിപ്പിക്കുന്നതിലൂടെ നിങ്ങള്‍ക്ക് മനസ്സിലുള്ള കാര്യങ്ങള്‍ പങ്കാളിക്ക് മനസ്സിലാക്കി കൊടുക്കാന്‍ കഴിവില്ലെന്ന് ചെളിയിക്കുന്നതിനോടൊപ്പം നിങ്ങള്‍ അതിനായി ഒരു ശ്രമം പോലും നടത്തില്ലെന്നും വ്യക്തമാക്കുന്നതാണ്. 

എന്തിനാണ് ഇത് ഇത്ര വലിയ പ്രശ്‌നമാക്കുന്നത്?

നിങ്ങളുടെ പങ്കാളിയുടെ മനസ്സിലെ ഏറ്റവും വലിയ വിഷയമായിരിക്കും അവര്‍ ഒരുപക്ഷെ നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. എന്നാല്‍ അതിനെ ഈ ഒറ്റ ചോദ്യം കൊണ്ട് നിസാരവല്‍കരിക്കുകയാണ് നിങ്ങള്‍ ചെയ്യുന്നത്. എപ്പോഴും ആളുകള്‍ ആഗ്രഹിക്കുന്നത് അവര്‍ പറയുന്നത് കേട്ടിരിക്കാന്‍ താല്‍പര്യമുള്ള ഒരു പങ്കാളിയെയാണ്. നിങ്ങളുടെ പങ്കാളിയുടെ ഭാഗത്തുനിന്ന് ചിന്തിച്ചുകൊണ്ട് പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം കണ്ടെത്തലാണ് ഏറ്റവും ഉചിതമായ മാര്‍ഗം. 

നിന്നോട് സംസാരിക്കുന്നതില്‍ പോലും ഒരു അര്‍ത്ഥവും ഇല്ല

ഇങ്ങനെയൊരു വാചകമോ ഇതിന് സമാനമായ വാക്കുകളോ നിങ്ങളില്‍ നിന്ന് ഉണ്ടായാല്‍ മനസ്സിലാക്കണം നിങ്ങള്‍ക്കിടയില്‍ നടന്നുകൊണ്ടിരുന്ന സംഭാഷണം അവസാനിപ്പിക്കാനുള്ള നീക്കം നിങ്ങളില്‍ നിന്നാണ് തുടങ്ങിയത്. ചില ആളുകള്‍ അവര്‍ പറയുന്ന കാര്യങ്ങളില്‍ നിന്ന് വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാകില്ലെന്നത് സത്യം തന്നെയാണ്. പക്ഷെ അത്തരം സമയങ്ങളില്‍ സ്വയം സംയമനം പാലിക്കുക മാത്രമാണ് ചെയ്യാന്‍ കഴിയുന്ന കാര്യം.

എന്തുകണ്ട് നിനക്ക് പൂര്‍വകാമുകന്റെ/കാമുകിയുടെ ഒപ്പം പൊയ്കൂടാ?

പങ്കാളികള്‍ക്കിടയില്‍ വരാവുന്നതില്‍ ഏറ്റവും ഏറ്റവും മോശമായ പ്രയോഗമാണ് ഇത്. പൂര്‍വ്വ ബന്ധത്തെകുറിച്ച് സംസാരിക്കുന്നത് പങ്കാളികള്‍ക്കിടയിലെ വഴക്കിനിടയില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ല. പ്രത്യേകിച്ച് അത്തരമൊരു കാര്യം യാതൊരു പ്രാധാന്യവും ഇല്ലാത്ത സന്ദര്‍ഭങ്ങളില്‍ അങ്ങനൊരു വിഷയം എടുത്തിടുന്നത്ര പാളിച്ച മറ്റൊന്നുമില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com