40 വര്‍ഷമായി, ഇവിടെയൊരു പെണ്‍കുട്ടിയുടെ വിവാഹം നടന്നിട്ട് !

പെണ്‍കുഞ്ഞുങ്ങളെ ഒന്നൊന്നായി കൊന്നൊടുക്കിയ ഗ്രാമത്തില്‍ 40 വര്‍ഷത്തിന് ശേഷം ആദ്യമായി ഒരു പെണ്‍കുട്ടിയുടെ വിവാഹം. 
40 വര്‍ഷമായി, ഇവിടെയൊരു പെണ്‍കുട്ടിയുടെ വിവാഹം നടന്നിട്ട് !


നാല്‍പ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു പെണ്‍കുട്ടിയുടെ വിവാഹത്തിനൊരുങ്ങി മധ്യപ്രദേശിലെ ഗ്രാമം. ഭ്രൂണഹത്യയ്ക്ക് കുപ്രസിദ്ധമായ മധ്യപ്രദേശിലെ ബിന്ദ് ജില്ലയിലെ ഗുമാര  ഗ്രാമത്തിലാണ്‌  ഇവിടെ ജനിച്ചുവളര്‍ന്ന ഒരു പെണ്‍കുട്ടിയുടെ വിവാഹം നാല്‍പ്പത് വര്‍ഷത്തിനിടയില്‍ നടക്കുന്നത്.

പെണ്‍കുട്ടിയാണെന്ന് തിരിച്ചറിയുന്ന സമയം അമ്മയുടെ ഗര്‍ഭാശയത്തിനുള്ളില്‍ വെച്ച് തന്നെ കുഞ്ഞിനെ ഇല്ലാതാക്കുകയോ, പെണ്‍കുട്ടി ജനിച്ചയുടനെ കൊലപ്പെടുത്തുകയോ ആയിരുന്നു ഈ ഗ്രാമത്തിലെ രീതി. ഒരു പെണ്‍കുഞ്ഞിന്റെയെങ്കിലും ജീവനെടുത്തവരായിരുന്നു ഈ ഗ്രാമത്തിലെ ഓരോ കുടുംബവും. ജനിച്ചത് പെണ്‍കുട്ടിയാണെന്ന് തിരിച്ചറിഞ്ഞാല്‍ ചുണ്ണാമ്പും പാലും പുകയിലയുമെല്ലാം ഉപയോഗിച്ചായിരുന്നു കുഞ്ഞിനെ ഗ്രാമവാസികള്‍ കൊലപ്പെടുത്തിയിരുന്നത്. 

പെണ്‍ഭ്രൂണഹത്യ തടയുന്നതിനായി 1994ല്‍ പാര്‍ലമെന്റ് നിയമം പാസാക്കുന്നതു വരെ ജനിക്കുന്ന പെണ്‍കുട്ടികളെയെല്ലാം ഗ്രാമീണര്‍ കൊന്നൊടുക്കിക്കൊണ്ടിരുന്നു. നിയമം പ്രാബല്യത്തിലാകുന്ന 1995ല്‍ 10:0 ആയിരുന്നു ഇവിടുത്തെ ചൈല്‍ഡ് സെക്‌സ് അനുപാതം. 2001ല്‍ ഇത് 10:2 ശതമാനമായി. 2011 ആയപ്പോഴേക്കും 10:7 എന്ന ശതമാനത്തിലേക്ക് കുതിച്ചു. 

ഈ വര്‍ഷം രണ്ട് പെണ്‍കുട്ടികളുടെ വിവാഹമാണ് ഗ്രാമത്തില്‍ നിശ്ചയിച്ചിട്ടുള്ളത്. ആര്‍തി ഗുര്‍ജാറെന്ന പതിനെട്ടുകാരിയാണ് ഇതിലൊന്ന്. മാര്‍ച്ചിലായിരുന്നു ആര്‍തിയുടെ വിവാഹം നിശ്ചയിച്ചിരുന്നതെങ്കിലും അവളുടെ പ്ലസ് ടു പരീക്ഷയെ തുടര്‍ന്ന് വിവാഹം ഡിസംബറിലേക്ക് മാറ്റിവയ്ക്കുകയായിരുന്നു.

ഇന്നീ ഗ്രാമത്തില്‍ പെണ്‍കുട്ടികളെ വളരാന്‍ അനുവദിക്കുന്നതിനൊപ്പം അവര്‍ക്കു വേണ്ട വിദ്യാഭ്യാസം നല്‍കാനും മാതാപിതാക്കള്‍ തയ്യാറാകുന്നു. പഠിച്ച് ഡോക്റ്ററാകണമെന്നാണ് ഗ്രാമത്തിലെ മറ്റൊരു പെണ്‍കുട്ടിയായ രജ്‌ന ഗുര്‍ജാര്‍ പറയുന്നത്. 

പെണ്‍കുഞ്ഞിനെ ഒരു ബാധ്യതയായി മാത്രമല്ല, അശുഭസൂചനയായുമാണ് ഇവിടുത്തുകാര്‍ കണ്ടിരുന്നത്. 20 വര്‍ഷം മുന്‍പ് തനിക്ക് ജനിച്ച പെണ്‍കുഞ്ഞിന് ഭക്ഷണം നല്‍കാന്‍ പോലും ഗ്രാമവാസികള്‍ സമ്മതിച്ചില്ലെന്നും, പട്ടിണി കിടന്ന് തന്റെ പെണ്‍കുഞ്ഞ് മരിക്കുകയായിരുന്നെന്നും ഗ്രാമത്തിലെ മറ്റൊരു സ്ത്രീ പറയുന്നു. ഗര്‍ഭിണിയായ യുവതിയെ, പെണ്‍കുട്ടിക്ക് ജന്മം നല്‍കിയ സ്ത്രീകളുമായി സംസാരിക്കാന്‍ പോലും അനുവദിക്കാത്ത നിയമങ്ങളായിരുന്നു ഗ്രാമത്തില്‍ നടപ്പാക്കിയിരുന്നത്. 

അന്ന് പെണ്‍കുഞ്ഞുങ്ങളെ കൊന്നൊടുക്കാന്‍ മുന്നില്‍ നിന്നവര്‍ ഇന്ന് പെണ്‍കുട്ടിയുടെ വിവാഹം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ്. ഇവരുടെ ക്രൂരതയ്ക്കിരയായ പെണ്‍കുരുന്നുകളുടെ ജീവനാര് മറുപടി പറയും എന്ന ചോദ്യം മാത്രാമാണ് ഇപ്പോള്‍ ബാക്കിയാകുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com