12 സിംഹങ്ങളുടെ കാവലില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കി

മനുഷ്യസാന്നിധ്യം അനുഭവപ്പെട്ടതോടെ വനത്തിനുള്ളില്‍ നിന്നും സിംഹങ്ങള്‍ ആംബുലന്‍സിന് അടുത്തേക്കെത്തി നിലയുറപ്പിച്ചു
12 സിംഹങ്ങളുടെ കാവലില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കി

അഹമദാബാദ്‌: മങ്കുബെന്‍ മക് വാന എന്ന യുവതിക്ക് ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ സാധിക്കാത്ത ദിവസമായിരുന്നിരിക്കും ജൂണ്‍ 29. 12 സിംഹങ്ങള്‍ക്ക് നടുവില്‍ വെച്ചായിരുന്നു അവര്‍ കുഞ്ഞിന് ജന്മം നല്‍കിയത്. 

യുവതിയുമായുള്ള ആംബുലന്‍സ് ആശുപത്രിയിലേക്ക് പോകുന്നതിന് ഇടയിലായിരുന്നു സംഭവം. ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് യുവതി പ്രസവിക്കുമെന്ന് മനസിലായതോടെ ആംബുലന്‍സ് വഴിമധ്യേ നിര്‍ത്തുകയായിരുന്നു. ആംബുലന്‍സില്‍ ഉണ്ടായിരുന്ന പാരാമെഡിക് സ്റ്റാഫ് ആശുപത്രിയിലെ ഡോക്ടറെ ഫോണിലൂടെ ബന്ധപ്പെട്ട് വേണ്ട നിര്‍ദേശങ്ങള്‍ തേടി. 

ഗിര്‍ വനത്തിന് സമീപമായിരുന്നു ആംബുലന്‍സ് നിര്‍ത്തിയിരുന്നത്. മനുഷ്യസാന്നിധ്യം അനുഭവപ്പെട്ടതോടെ വനത്തിനുള്ളില്‍ നിന്നും സിംഹങ്ങള്‍ ആംബുലന്‍സിന് അടുത്തേക്കെത്തി നിലയുറപ്പിച്ചു. ആംബുലന്‍സിന് മുന്നില്‍ നിലയുറപ്പിച്ച സിംഹങ്ങളെ പേടിപ്പിച്ചോടിക്കാന്‍ ഡ്രൈവറും ശ്രമം നടത്തി. 

ഇതിനിടയില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കി. വാഹനത്തിന് മുന്നില്‍ നിന്നും സിംഹങ്ങള്‍ നീങ്ങിയ സമയം നോക്കി ഡ്രൈവര്‍ യുവതിയുമായി ആശുപത്രിയിലേക്ക് പാഞ്ഞു. സിംഹങ്ങളുടെ കാവലില്‍ ജനിച്ച കുഞ്ഞും, അമ്മയും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com