സ്ത്രീകളുടെ ആവശ്യമെന്തന്നറിയാതെ സ്ഥാപനങ്ങള്‍ സ്വയം സ്ത്രീസൗഹാര്‍ദ ഇടമായി മാറുമ്പോള്‍: ഹസ്‌ന ഷാഹിദ എഴുതുന്നു

സ്ത്രീകള്‍ക്ക് ആനുകൂല്യം നല്‍കുക എന്ന മറയിലൂടെയുള്ള സെല്‍ഫ് പ്രമോഷന്റെ എല്ലാ വശങ്ങളും ഹസ്‌ന തുറന്നെഴുതുന്നുണ്ട്. 
ഹസ്‌ന ഷാഹിദ
ഹസ്‌ന ഷാഹിദ

ര്‍ത്തവത്തിന്റെ ആദ്യദിനം വനിതാ ജീവനക്കാര്‍ക്ക് അവധി നല്‍കുക എന്ന തീരുമാനത്തിനെക്കുറിച്ചുള്ള ഒരു പൊളിച്ചെഴുത്താണ് സാമൂഹികപ്രവര്‍ത്തകയായ ഹസ്‌ന ഷാഹിദ നടത്തിയിട്ടുള്ളത്. സ്ത്രീകള്‍ക്ക് ആനുകൂല്യം നല്‍കുക എന്ന മറയിലൂടെയുള്ള സെല്‍ഫ് പ്രമോഷന്റെ എല്ലാ വശങ്ങളും ഹസ്‌ന തുറന്നെഴുതുന്നുണ്ട്. 

ഇത് ഒരു തരത്തില്‍ ആശ്വാസം നല്‍കുന്ന വാര്‍ത്തയാണെങ്കിലും സ്ത്രീകളുടെ ആവശ്യത്തെപ്പറ്റി ധാരണയില്ലാതെ, മറ്റ് ആവശ്യങ്ങളൊന്നും മെച്ചപ്പെടുത്താതെ, സ്ത്രീ സൗഹാര്‍ദ്ദമെന്ന് എളുപ്പത്തില്‍ പേര് കിട്ടാനുള്ള കുറുക്കു വഴിയായാണ് ഈ തീരുമാനത്തെ വായിക്കാന്‍ കഴിയൂവെന്നും ഹസ്‌ന പറയുന്നു. 

ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായ പ്രകടനങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വന്നു കഴിഞ്ഞെങ്കിലും ആശയത്തോട് ചേര്‍ന്ന് നില്‍ക്കുന്നവരാണ് ഭൂരിപക്ഷവും. ആര്‍ത്തവത്തിന് അവധി നല്‍കുക എന്ന മഹത്തായ വിഷയത്തിലെ കച്ചവടതാല്‍പര്യം മനസിലാക്കാതെ പോകുന്നതിനാലാകാമത്. 

സ്ത്രീകളോട് ഒരു അഭിപ്രായ സര്‍വേ പോലും നടത്താതെ അവര്‍ക്കു വേണ്ടിയെടുക്കുന്ന തീരുമാനങ്ങളെക്കുറിച്ചാണ് ഹസ്‌ന എഴുതുന്നത്. ആര്‍ത്തവത്തിന്റെ ആദ്യദിനം എത്രപേര്‍ക്ക് വേദനയുള്ളതാകും, ഒറ്റ ദിവസംകൊണ്ട് തീരാവുന്നേ പ്രശ്‌നമേയുള്ളു ഇതിനെല്ലാമെന്നൊക്കെയുള്ള തികച്ചും നോര്‍മലായ ചോദ്യങ്ങളേ ഇവിടെ ചോദിക്കുന്നുള്ളു. 

ഹസ്‌ന ഷാഹിദ എഴുതുന്നു

ട്രാന്‍സ്ജെന്‍ഡേഴ്സിനെ കൊണ്ട് പരിപാടികള്‍ ഉത്ഘാടനം ചെയ്യിക്കുന്നൊരു പതിവ് കേരളത്തില്‍ കുറച്ചായി നടക്കുന്നതാണ്. അവര്‍ക്ക് വേദി കിട്ടുന്നത് , ആളുകളവരെ കേള്‍ക്കുന്നത്, ചില ബോധ്യങ്ങളിലേക്കെങ്കിലും ആണിയടിച്ച് തുളയ്ക്കുന്നത് ഒക്കെ സന്തോഷമുള്ള കാര്യമാണ്.പക്ഷേ ഈ പരിപാടി സംഘടിപ്പിക്കുന്നവരെ സംബന്ധിച്ച് കൃത്യമായ ലാഭമുണ്ട്. എളുപ്പത്തില്‍ വ്യത്യസ്തത , വിപ്ളവകരമായ എന്തോ ചെയ്തെന്ന പരസ്യം. അതിനപ്പുറത്തേക്ക് കമ്മ്യൂണിറ്റിയോട് ആത്മാര്‍ത്ഥമായ സമീപനമോ, ഉള്‍കൊള്ളാനുള്ള ബോധ്യമോ സംഘാടകര്‍ക്ക് പോലുമുണ്ടായി കൊള്ളണമെന്നില്ല. ഞങ്ങളുടെ ഇന്ന പരിപാടി ഇന്ന കമ്മ്യൂണിറ്റി അംഗത്തെ കൊണ്ട് ഉത്ഘാടനം ചെയ്യിപ്പിച്ചതാണെന്ന (അതു പോലും ചെയ്തു എന്ന ഔദാര്യം ) പ്രസ്താവന കൊണ്ട് മറ്റെല്ലാത്തിനെയും മൂടിവയ്ക്കാം എന്നതാണ് കാര്യം.

രണ്ട് സ്ഥാപനങ്ങള്‍ ആര്‍ത്തവത്തിന് അവധി കൊടുക്കുന്നു എന്ന് കേട്ടപ്പോളും ആശ്വാസം തന്നെയാണ് തോന്നിയത്. ഇതിന്‍റെ ആഘോഷവും വാഴ്ത്തും കണ്ടപ്പോഴാണ് മുകളില്‍ പറഞ്ഞ പോലെ എന്തെളുപ്പമുള്ള പരസ്യമാണിതെന്ന് മനസിലായത്. എത്ര പെട്ടെന്നാണ് സ്ത്രീ സൗഹാര്‍ദ്ദ ഇടമായി ആ സ്ഥാപനങ്ങള്‍ മാറുന്നത്.

സ്ത്രീയുടെ ജൈവികമായ ബുദ്ധിമുട്ടുകളെ പരിഗണിച്ച് എടുക്കുന്ന തീരുമാനങ്ങള്‍ അഭിനന്ദനാര്‍ഹം തന്നെ.പക്ഷേ അതെടുക്കുന്നതിനു മുമ്പ് ആ സ്ഥാപനങ്ങളിലെ സ്ത്രീകള്‍ക്കിടയില്‍ തന്നെ ഒരു അഭിപ്രായ സര്‍വേ നടത്തിയിരുന്നെങ്കില്‍ പോലും ഈ ആദ്യ ദിനമെന്ന തിരഞ്ഞെടുപ്പുണ്ടാകില്ലെന്ന് ഉറപ്പാണ്.
എത്ര പെണ്ണുങ്ങള്‍ക്ക് ആദ്യ ദിനം മറ്റു ദിവസങ്ങളെ അപേക്ഷിച്ച് ഒഴുക്കും വേദനയും കൂടുതലുള്ളതാകും? എത്ര പേര്‍ക്ക് ആദ്യ ദിനത്തിലെ അവധി ആര്‍ത്തവാസ്വസ്ഥകള്‍ക്ക് പരിഹാരമാകും? ആര്‍ക്കൊക്കെ ഈ ആദ്യ ദിവസം മുന്‍കൂട്ടി അറിയാം?

ആര്‍ത്തവാഘോഷങ്ങള്‍, ചോരയെഴുക്കാന്‍ സന്തോഷം ഹാഷ് ടാഗുകള്‍ ഒക്കെ കാണുമ്പൊ പതുക്കെ എന്‍റെ ആ 'ആയ' ദിവസങ്ങളിലേക്ക് നോക്കും. ഇക്കണ്ട പെണ്ണുങ്ങളൊഴുക്കണ ഒഴുക്കലും കാത്തിരിപ്പും ഉന്‍മാദവും പൂത്ത് മറിയലും ഒന്നും അതിനില്ലല്ലോ എന്നോര്‍ത്ത് കാല്‍പനികമല്ലാത്ത എന്‍റെ ഗര്‍ഭപാത്രത്തിന്‍റെ മൂരാച്ചിത്തരത്തെ പുച്ഛിക്കും. വളര്‍ന്ന് തുടങ്ങിയ കാലം മുതലേ മുഴയും കുരുവും പറ്റിപ്പിടിച്ചു തുടങ്ങിയ അണ്ഠാശയവും അതിനൊത്ത് ആടിക്കളിക്കുന്ന യാതൊരു സ്ഥിരതയും ഇല്ലാത്ത ഹോര്‍മോണുകളും ഉണ്ടായാല്‍ ഇത്രയൊക്കെയേ പറ്റൂ എന്നാകും അതിന്‍റെ മറുപടി.

ഓരോ ചന്ദ്രമാസം പിറക്കുമ്പളും, ഇരുപത്തെട്ടിന്‍റെ അന്നത്തേക്ക് ചക്രം തിരിഞ്ഞെത്തി പ്രതീക്ഷിച്ചത് പോലെ വരികയും ഏഴു ദിവസം ഇത്ര ചോരയൊഴുക്കി, അതിന് ആനുപാതികമായി വേദനകളും ബുദ്ധിമുട്ടുകളും മാനസിക അസ്വാസ്ഥ്യങ്ങളും തന്ന് അച്ചടക്കത്തോടെ വറ്റുന്ന ഒരു സംഗതിയായി ഇത് വരെ ഞാനതിനെ അനുഭവിച്ചിട്ടില്ല. ആദ്യമായി വന്ന തവണ, ഏഴാം ദിവസവും നിലക്കാത്തത് കൊണ്ട് തലേന്നത്തേക്കാളും വലിയ തുണിക്കഷ്ണം മടക്കി തിരുകി വച്ചിട്ടാണ് 'വെടിപ്പായി കുളിച്ച്' വരുന്നതും നോക്കി തേങ്ങാപ്പൂളും കല്‍ക്കണ്ടോം സ്വര്‍ണ്ണ മോതിരവും പിടിച്ചിരിക്കുന്ന ബന്ധുക്കളെ പറ്റിച്ചത്.

അന്ന് തൊട്ടിന്നു വരെ യാതൊരു അച്ചടക്കമോ താളമോ ഒരു ആര്‍ത്തവ ചക്രത്തിനും ഉണ്ടായിട്ടില്ല. ഇഷ്ടമുള്ളപ്പോ വരും. ചിലപ്പോള്‍ ഒരാഴ്ച മുന്നേ മൂത്രക്കടച്ചില്‍ വന്ന് തരുന്ന അടയാളം മാത്രമാണ് സൂചന. ഇടക്ക് മിണ്ടുക പോലുമില്ല. പതിനഞ്ച് ദിവസം കഴിഞ്ഞാല്‍ നില്‍ക്കുന്ന കുത്തിയൊഴുക്കാണ് ഒരിക്കലെങ്കില്‍ നേര്‍ത്ത് നേര്‍ത്തൊരു ഒച്ചിഴഞ്ഞ പാടായിരിക്കും മറ്റൊരിക്കല്‍. ഒരു മാസം തല കറക്കമാണെങ്കില്‍ മനം പിരട്ടലും വയറിളക്കവുു കൊണ്ട് രണ്ട് മാസം കഴിഞ്ഞ് വരും. എന്തൊക്കെയായാലും വയറു വേദനക്കും കാല്‍ കടച്ചിലിനും യാതൊരു ഒഴിവും ഉണ്ടാകില്ല. രണ്ടും നാലും ദിവസങ്ങളിലാണ് ഇത് കൂടുക. ഇനി മുതല്‍ മരുന്ന് കഴിച്ച് എല്ലാം ശരിയാക്കും എന്നുറപ്പിച്ച് ഒരു ഗൈനക്കോളജിസറ്റിനെ കാണും. അവര്‍ തരുന്ന ഗര്‍ഭനിരോധന മരുന്നിന്‍റെ ആലസ്യത്തില്‍ തള്ളി നീക്കുന്ന ഒരു മാസം മാത്രം കൃത്യമായി പ്രതീക്ഷിക്കുന്ന ദിവസങ്ങളില്‍ ചോര പോകും. പി.സി.ഒ ഉള്ളവര്‍ ആയുര്‍വേദം മാത്രം പരീക്ഷിക്കുക എന്നത് അനുഭവത്തിന്‍റെ വെളിച്ചത്തില്‍ മനസിലാക്കിയ സത്യമാണ്.

ഇത്രയും പറഞ്ഞത് ഓരോ സ്ത്രീയുടെയും ആര്‍ത്തവം വ്യത്യസ്തമാണെന്നാണ്. അത് രോഗാവസ്ഥകളോ, ആരോഗ്യ സ്ഥിതിയോ, മറ്റ് സാഹചര്യങ്ങള്‍ കൊണ്ടോ ഒക്കെ ആകാം. അത് പോലെ വൈവിധ്യമുള്ളതാണ് അതിന്‍റെ അസ്വസ്ഥകളും. ആദ്യ ദിവസം അവധി എന്ന ആ എളുപ്പം തീര്‍ക്കലുണ്ടല്ലോ അതിങ്ങനെ 'സ്ത്രീ തൊഴിലാളികള്‍ക്കായി വിപ്ളവകരമായ തീരുമാനവുമായി സ്ഥാപനങ്ങള്‍' എന്ന കൊട്ടിഘോഷിക്കലിനപ്പുറം ഉപകാരമൊന്നും ഉണ്ടാക്കില്ല. ആത്മാര്‍ത്ഥമായും സ്ത്രീകളുടെ ആര്‍ത്തവ സംബന്ധിയായ ബുദ്ധിമുട്ടുകളെ അഡ്രസ്സ് ചെയ്യാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ ആ ദിവസമെങ്കിലും തീരുമാനിക്കാന്‍ അവരെ അനുവദിക്കുക. വൃത്തിയുള്ള ടോയ്ലറ്റുകളും വിശ്രമ മുറികളും സജ്ജമാക്കുക. ഇടവേളകള്‍ നല്‍കുക.

തട്ടിയിട്ട് നടക്കാന്‍ പറ്റാത്ത അത്രയും പോളി സിസറ്റിക് ഓവറിക്കാരുള്ളതു കൊണ്ട്, രണ്ടും മൂന്നും മാസം കൂടുമ്പോ 'മാസത്തില്‍ ഒന്ന് ' കൊടുത്തത് കൊണ്ട് വേസ്റ്റായി പോയ അവധികള്‍ ഒരുമിച്ച് എടുക്കാന്‍ അനുവദിക്കുക.

അതായത് ഞങ്ങളുടെ ചോരയില്‍ തൊട്ടും പരസ്യമെഴുതാന്‍ മുതിരുമ്പോള്‍ കിട്ടിയതും കെട്ടിപ്പിടിച്ച് വായും പൊളിച്ച് തൊഴാനൊന്നും കിട്ടില്ല. വല്യോരു മലയുടെ അറ്റത്ത് നിന്നൊരു കഷണം പെറുക്കി പര്‍വ്വതം പോക്കറ്റിലാക്കിയെന്ന് കരുതി നിക്കല്ലേ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com