ആദിവാസികളുടെ പേരില്‍ ബാങ്ക് ബാലന്‍സ് കൂട്ടുന്ന സകലരും അറിയണം, അലോക് സാഗറിനെ

ബിരുദങ്ങളും, സമ്പാദ്യവും എല്ലാം കാറ്റില്‍ പറത്തി സാധാരണയില്‍ സാധാരണ മനുഷ്യനായി പാവപ്പെട്ട ഗ്രാമവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയാണ് അലോക് സാഗര്‍
ആദിവാസികളുടെ പേരില്‍ ബാങ്ക് ബാലന്‍സ് കൂട്ടുന്ന സകലരും അറിയണം, അലോക് സാഗറിനെ

ആദിവാസി നേതാവ്‌ കാര്‍ വാങ്ങിയതാണ് ഇപ്പോള്‍ കേരളത്തിലെ പ്രധാന ചര്‍ച്ചാ വിഷയം. ഒരു കാലത്ത് ആദിവാസികളുടെ മണ്ണിനും ജീവനും വേണ്ടി പോരാടിയ സമര നായിക, ആര്‍ക്ക് വേണ്ടിയാണോ പോരാടിയത് അവരെ ചതിച്ച് നേടിയതാണോ ആ കാര്‍ ഉള്‍പ്പെടെയുള്ള സമ്പാദ്യങ്ങള്‍ എന്ന ചോദ്യം സമൂഹത്തിന്റെ ഭാഗത്ത് നിന്നും ഉയരുന്നത് സ്വാഭാവികമാണ്. 

പാര്‍ശ്വവത്കരിക്കപ്പെട്ട, പാവപ്പെട്ട ജനങ്ങളുടെ മണ്ണും ജീവനും സംരക്ഷിക്കാമെന്ന് പറഞ്ഞ്, സ്വന്തം കാലടിയിലെ മണ്ണ് സുരക്ഷിതമാക്കുന്ന സാമൂഹ്യ പ്രവര്‍ത്തകരും ജനസേവകരും ഇന്ന് കൂടുതലായും കളം നിറയുന്ന കാലത്ത് ജാനുവിന്റെ കാര്‍ വിവാദം അത്ര നിസാരമല്ല. 

പോരാടാനിറങ്ങിയ ആദിവാസികള്‍ക്ക്, മുന്നില്‍ നിന്നും വഴി കാണിച്ച ജാനുവിന്റെ പുതിയ മാറ്റങ്ങള്‍ കേരളം ചര്‍ച്ച ചെയ്യുന്നതിന് ഇടയിലാണ് മധ്യപ്രദേശില്‍ നിന്നും അലോക് സാഗര്‍ എന്ന വ്യക്തിയുടെ വാര്‍ത്ത വരുന്നത്. 

ശിഷ്യ ഗണത്തില്‍ ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ ഉള്‍പ്പെടെയുള്ളവര്‍. ഡല്‍ഹി ഐഐടിയില്‍ നിന്നും ഇലക്ട്രിക് എഞ്ചിനിയറിംഗ്. അവിടെ നിന്ന് തന്നെ ബിരുദാനന്ദര ബിരുദവും നേടി.  അമേരിക്കയിലെ ഹോസ്റ്റന്‍ സര്‍വകലാശാലയില്‍ നിന്നും പിഎച്ചഡി. പഠനം കഴിഞ്ഞ് തിരിച്ചെട്ടി ഐഐടി ഡല്‍ഹിയില്‍ പ്രൊഫസറായി. 

പക്ഷെ ഇന്ന് അലോക് സാഗര്‍ ജീവിക്കുന്നത്‌ വികസനം എന്ന വാക്കു പോലും കടന്നുവരാത്ത രാജ്യത്തെ കുഗ്രാമങ്ങളില്‍ ഒന്നായ കൊച്ചമുവിലാണ്. ബിരുദങ്ങളും, സമ്പാദ്യവും എല്ലാം കാറ്റില്‍ പറത്തി സാധാരണയില്‍ സാധാരണ മനുഷ്യനായി പാവപ്പെട്ട ഗ്രാമവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയാണ് അലോക് സാഗര്‍. 

32 വര്‍ഷമായി അലോക് സാഗര്‍ ഇങ്ങനെ ജീവിക്കാന്‍ തുടങ്ങിയിട്ട്. പ്രകൃതി സംരക്ഷണമാണ് അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യം. മധ്യപ്രദേശിലെ ബേട്ടൂളില്‍ ഇതുവരെ 50000 വൃക്ഷങ്ങള്‍ അലോക് സാഗര്‍ നട്ടുപിടിപ്പിച്ചു കഴിഞ്ഞു. 1982ലായിരുന്നു അദ്ദേഹം ജോലിയും, സുഖ സൗകര്യങ്ങളും നിറഞ്ഞ ജീവിതം ഉപേക്ഷിച്ച് ഗ്രാമങ്ങളിലേക്ക് ഇറങ്ങി ചെന്നത്. രാജ്യത്തിന്റെ പുരോഗതിക്കായി എന്തെങ്കിലും ചെയ്യണമെന്നായിരുന്നു അലോക് സാഗറിന്റെ ചിന്ത. അതിനായി ഏറ്റവും താഴെത്തട്ടിലുള്ള പ്രവര്‍ത്തനമാണ് വേണ്ടതെന്ന് തിരിച്ചറിഞ്ഞതോടെ മറ്റൊന്നും ആലോചിക്കാതെ അദ്ദേഹം ഗ്രാമങ്ങളിലേക്കും, ചെറിയ പട്ടണങ്ങളിലേക്കും എത്തി.

മധ്യപ്രദേശിലെ ഘോരാഡോഗ്രി നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമയത്തായിരുന്നു തങ്ങളുടെ കൂടെ എന്തിനും ഏതിനും കൂടുന്ന അലോക് സാഗര്‍ എന്ന വ്യക്തി ആരെന്നുള്ള ചോദ്യം ഗ്രാമവാസികള്‍ക്കിടയില്‍ ശക്തമായത്. ദുരൂഹതകള്‍ മായാതെ നിന്നതോടെ അലോക് സാഗറിനോട് ആ നാടുവിട്ടു പോകാന്‍ വരെ നിര്‍ദ്ദേശിക്കേണ്ടി വന്നിരുന്നു ജില്ലാ ഭരണകൂടത്തിന്. അതോടെയാണ് അലോക് സാഗറിനെ താന്‍ ആരാണെന്ന് എല്ലാവര്‍ക്ക് മുന്നിലും തുറന്നു പറയേണ്ടി വന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com