നിഷ ചിറക് വിടര്‍ത്തി പടര്‍ന്നത് സ്വപ്‌നങ്ങളിലേക്ക്

കുടുംബത്തോടൊപ്പം ദുബായിയില്‍ താമസമാക്കി അങ്ങനെ കരിയറില്‍ ഉന്നതിയില്‍ നില്‍ക്കവേയാണ് ആ വഴിത്തിരിവുണ്ടായത്.
നിഷ ജോസഫ്
നിഷ ജോസഫ്

സ്വപ്‌നങ്ങള്‍ക്ക് ചിറക് തുന്നി പറന്നുനടന്നൊരു പെണ്‍കുട്ടിയുണ്ടായിരുന്നു.. പറന്ന് പറന്ന് കണ്ട സ്വപ്‌നങ്ങളും അതിലപ്പുറവും യാഥാര്‍ഥ്യമാക്കിയ ഈ മലയാളി ഡോണ്‍ ഇപ്പോള്‍ തന്റെ ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തിയിരിക്കുന്നത് യുഎഇയിലാണ്. പതിനൊന്ന് വര്‍ഷമായി യുഎയില്‍ സ്വന്തമായൊരു മീഡിയ പ്രൊഡക്ഷന്‍ ഹൗസ് നടത്തുന്ന നിഷ ജോസഫ് എന്ന കോഴിക്കോട്ടുകാരി യുഎഇയിലെ തെരഞ്ഞെടുത്ത 100 സക്‌സക്‌സ്ഫുള്‍ മലയാളികളില്‍ ഇടം നേടിക്കഴിഞ്ഞു. ഇതില്‍ ആകെയുണ്ടായിരുന്ന നാല് സ്ത്രീകളില്‍ ഒരാളാകാന്‍ നിഷയ്ക്ക് കഴിഞ്ഞു. ഇന്ന് നാല് സ്ഥാപനങ്ങളാണ് നിഷ എന്ന സ്ത്രീ ഒറ്റയ്ക്കും കൂട്ടായും നടത്തി വരുന്നത്. ഇവരെയോര്‍ത്ത് എല്ലാ സ്ത്രീകള്‍ക്കും അഭിമാനിക്കാം. 

ആറു വര്‍ഷത്തോളം ജെറ്റ് എയര്‍വേയ്‌സില്‍ ജോലി ചെയ്ത നിഷ ലോര്‍ഡ് കണ്‍ട്രോള്‍ ഓഫിസറായി അബുദാബി എയര്‍പോര്‍ട്ടില്‍ മൂന്ന് വര്‍ഷത്തോളം ജോലി നോക്കി. ദുബായ് എയര്‍പോര്‍ട്ടിലെ ഫ്‌ലൈറ്റ് ഡിസ്പാച്ചറുടെ ജോലി നിഷയ്ക്ക് സ്വപ്‌നതുല്യമായ കരിയര്‍ തന്നെയായിരുന്നു. എന്നാല്‍ നിഷയെ പിടിച്ചുനിര്‍ത്താന്‍ ഫ്‌ലൈറ്റ് ഡിസ്പാച്ചറുടെ ജോലിക്കുമായില്ല. പുതിയ സ്വപ്നങ്ങളിലേക്കു പറന്നുകൊണ്ടാണ് നിഷ വ്യത്യസ്തയായത്. 

ഇന്ത്യയിലും വിദേശത്തുമായി ജോലി ചെയ്തിരുന്ന നിഷയ്ക്ക് അബുദാബിയിലും ദുബായിയിലുമായി എയര്‍ലൈന്‍ ഇന്റര്‍നാഷണല്‍ ലൈസന്‍സുകള്‍ ലഭിച്ചിട്ടുണ്ടായിരുന്നു. കുടുംബത്തോടൊപ്പം ദുബായിയില്‍ താമസമാക്കി അങ്ങനെ കരിയറില്‍ ഉന്നതിയില്‍ നില്‍ക്കവേയാണ് ആ വഴിത്തിരിവുണ്ടായത്. കൈരളി ടിവിയ്ക്ക് വേണ്ടി ഒരു പ്രോഗ്രാമില്‍ അവതാരികയാകാന്‍ നിഷയ്ക്ക് അവസരം ലഭിക്കുകയായിരുന്നു. ആങ്കറിങ്, മോഡലിങ് തുടങ്ങിയ മേഖലകളിലെല്ലാം ഒരു കാലത്ത് സജീവമായിരുന്ന നിഷയ്ക്ക് ഇത് വളരെ താല്‍പര്യമുള്ള മേഖലയായിരുന്നു. 

എയര്‍പോര്‍ട്ടില്‍ ജോലി ചെയ്യുന്ന സമയത്ത് ഓഫ് ഒഴിവു സമയങ്ങളിലായിരുന്നു ടിവി പ്രോഗ്രാം ചെയ്തിരുന്നത്. ഇടയ്ക്ക് വെച്ച് ടിവി പ്രോഗ്രാം എഡിറ്റ് ചെയ്യാന്‍ ദുബായില്‍ സ്റ്റുഡിയോ കിട്ടാതെ വരികയായിരുന്നു. ഇതിന്റെ പ്രൊഡക്ഷന്‍ നിഷയുടെ ഭര്‍ത്താവ് ജോസഫ് ഏറ്റെടുത്തിരുന്നു അപ്പോഴേക്കും. ഒടുവില്‍ നിഷ പണംമുടക്കി സ്റ്റുഡിയോ ഒരുക്കാന്‍ തയാറായി. വിസ് മീഡിയ എന്ന പ്രസ്ഥാനത്തിന്റെ തുടക്കമായിരുന്നു അത്. പടിപടിയായി ദുബായിലെ പ്രധാന പരിപാടികള്‍ വിസ് മീഡിയ ചെയ്ത് തുടങ്ങി. ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും നിഷ എയര്‍പോര്‍ട്ടിലെ ജോലി വിട്ട് ബിസിനസിലേക്ക് തിരിയുകയായിരുന്നു.

മലബാര്‍ ഗോള്‍ഡ്, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് തുടങ്ങിയ കമ്പനികളുടെ അഡ്വര്‍ടൈസിങ് വിസ് മീഡിയയാണ് പതിനൊന്നു വര്‍ഷമായി ചെയ്തുകൊണ്ടിരിക്കുന്നത്. കൂടാതെ മീഡിയ ലോഞ്ചുകള്‍ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് അങ്ങനെ നീളുന്നു വിസ് മീഡിയയുടെ പ്രവര്‍ത്തനങ്ങള്‍. സ്വന്തമായി പ്രൊഡക്ഷന്‍ ടീമുള്ള വിസ് മീഡിയയ്ക്ക് ഒരു മുഴുവന്‍ സിനിമ വരെ ചെയ്യാനുള്ള സാങ്കേതികത്വമുണ്ടെന്ന് നിഷ അവകാശപ്പെടുന്നു. ഇതുവരെ വിസ് മീഡിയയില്‍ പത്തോളം മലയാളം സിനിമകളും ഒരു അറബിക് ചിത്രവും ഡബ് ചെയ്തിട്ടുണ്ട്. കാണ്ഡഹാര്‍, ഗന്ധാമ, ജേക്കബിന്റെ സ്വര്‍ഗരാജ്യം, കിങ്‌ലയര്‍ തുടങ്ങിയ ചിത്രങ്ങളുടെയെല്ലാം ഭാഗമാകാന്‍ വിസ്മീഡിയയ്ക്ക് കഴിഞ്ഞു.

നിഷയുടെ മക്കള്‍- ഒലിവിയ, ഒലീറ്റ, ഒലിന്‍ഡ
നിഷയുടെ മക്കള്‍- ഒലിവിയ, ഒലീറ്റ, ഒലിന്‍ഡ

ഇതിനു പുറമെ യുഎയിലെ കരാമയില്‍ ഒരു സ്പാ കൂടി നിഷയുടെ സംരംഭകത്തില്‍ വളര്‍ന്നു വന്നിട്ടുണ്ട്. 3000 സ്‌ക്വയര്‍ ഫീറ്റ് ചുറ്റളവില്‍ ചെയ്തിരിക്കുന്ന ഈ സ്പാ മിഡില്‍ ക്ലാസ് വീട്ടമ്മമാര്‍ക്കു കൂടി താങ്ങാവുന്ന ഫീസേ് ഈടാക്കുന്നുള്ളു. ഫെല്ലാ ബ്യൂട്ടി കെയര്‍ ആന്‍ഡ് സ്പാ എന്ന പേരിലുള്ള ഇതില്‍ ഒരു ഡോക്ടറുടെയും ഒന്‍പതോളം ടെക്‌നീഷന്‍മാരുടെയും സേവനം ലഭ്യമാണ്. ഈ ബിസിനസുകാരിയുടെ പുതിയ വിശേഷമെന്താണെന്നു വെച്ചാല്‍ നിഷ തന്റെ സാമ്രാജ്യം കേരളത്തിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ്. സംവിധായകനും നടനുമായ ജോയ് മാത്യുവിന്റെ ഭാര്യ സരിതയുടെ പങ്കാളിത്തത്തില്‍ വിസ് മൂവീസ് എന്ന പേരില്‍ തുടങ്ങിയ ഈ സ്ഥാപനം ഒരു സിനിമ ചെയ്യാനുള്ള തയാറെടുപ്പിലാണ്. നിഷാസ് എന്ന പേരില്‍ തുടങ്ങിയ സ്ഥാപനത്തിലും സരിതയുടെ പങ്കാളിത്തമുണ്ട്. സ്ത്രീകള്‍ക്ക് വേണ്ട വ്യത്യസ്തമായ സാരികളും ആഭരണങ്ങളും നിഷാസില്‍ നിന്നും ഓണ്‍ലൈന്‍ പര്‍ചേയ്‌സ് നടത്താം. നിഷാസ് എന്ന പേരില്‍ ഒരു ഫേസ്ബുക്ക് പേജും ഇവര്‍ തുടങ്ങിയിട്ടുണ്ട്. തന്റെ ഇനിയുള്ള എല്ലാം സംരംഭങ്ങളിലും സരിതയും പങ്കാളിയാകുമെന്ന് ഒരു സ്ത്രീ സംരംഭകയെ കിട്ടിയ സന്തോഷത്തോടെ പങ്കുവയ്ക്കുകയാണ്.

നിഷയ്ക്ക് എന്നും ഇഷ്ടമുള്ള മേഖലയായിരുന്നു മീഡിയ. സിനിമയില്‍ അഭിനയിക്കാനും ഇഷ്ടമായിരുന്നു. തനിക്ക് പതിനാറ് വയസുള്ളപ്പോള്‍ മോഹന്‍ലാലിന്റെ ചെങ്കോല്‍ എന്ന ചിത്രത്തിലെ നായികയാകാന്‍ വേണ്ടി ഫോട്ടോഷൂട്ട് വരെ കഴിഞ്ഞതാണെന്ന് നിഷ ചെറുചിരിയോടെ ഓര്‍ക്കുന്നു. എന്നാലും സിനിമാമോഹം വിടാതിരുന്ന നിഷ ജോയ്മാത്യുവിന്റെ ഷട്ടറില്‍ ലാലിന്റെ ഭാര്യയായി വേഷമിട്ടു. പിന്നെയും രണ്ട് മൂന്ന് ചിത്രങ്ങള്‍ ഈ തിരക്കിനിടയിലും ചെയ്യാനായി.

ഇതിനെല്ലാം പുറമെ ഒരു അമ്മയുടെ റോളുകൂടിയുണ്ട് നിഷയ്ക്ക്. പുറത്തെ ബിസിനസുകാരിയെയല്ല നിഷയുടെ വീട്ടില്‍ച്ചെന്നാല്‍ കാണാന്‍ കഴിയുക. തന്റെ പെണ്‍മക്കളുടെ നല്ലൊരു സുഹൃത്തായിരിക്കാനാണ് നിഷയ്ക്ക് കൂടുതല്‍ താല്‍പര്യം. നിഷയുടെ മൂത്തമകള്‍ ഒലിവിയ ബിബിഎ ചെയ്യുകയാണ്. രണ്ടാമത്തെ മകള്‍ ഒലീന ഒരു കുഞ്ഞ് ആര്‍ട്ടിസ്റ്റ് കൂടിയാണ്. അമ്മയെപ്പോലെ വോയ്‌സ് ഓവര്‍ ചെയ്യും കൂടാതെ ഡാന്‍സിലും പാട്ടിലുമെല്ലാം കമ്പമുണ്ട്. പിന്നെ മൂന്നാം ക്ലാസുകാരി ഒലിന്റ മേരി. ഇവര്‍ക്കെല്ലാം പുറമെ റോസ് മേരി എന്നൊരു ദത്തുപുത്രി കൂടിയുണ്ട് നിഷയ്ക്ക്. അവള്‍ പന്ത്രണ്ടാം ക്ലാസില്‍ പഠിയ്ക്കുകയാണ്. ഇങ്ങനെ നാലു പെണ്‍കുട്ടികളാണ് നിഷയ്ക്കുള്ളത്.

അച്ഛന്‍ മാത്യുവും അമ്മ ലിസി മാത്യുവും
അച്ഛന്‍ മാത്യുവും അമ്മ ലിസി മാത്യുവും

ബിസിനസും കുടുംബവും കുഞ്ഞുങ്ങളുമൊക്കെയായി ഈ സ്ത്രീ ഇതെല്ലാം എങ്ങനെ മാനേജ് ചെയ്യുന്നു എന്ന് ചോദിച്ചാല്‍ അതിനും മറുപടിയുണ്ട്. നിഷയുടെ എല്ലാ വിജയത്തിന് പിന്നിലും അവരുടെ മാതാപിതാക്കളായാ മാത്യു പന്തലാനിക്കലും ലിസി മാത്യുവുമാണ്. കഴിഞ്ഞ പതിനേഴ് വര്‍ഷമായി ഇരുവരും നിഷയുടെ കൂടെയുണ്ട്. അമ്മയാണ് തന്റെ അയണ്‍ ലേഡിയെന്ന് നിഷ പറയുമ്പോള്‍ തന്നെ കൈപിടിച്ചുയര്‍ത്തിയ അച്ചനേയും ഈ മകള്‍ മറക്കുന്നില്ല. 

കോണ്‍വെന്റ് സ്‌കൂളില്‍ പഠിച്ച വളരെ പേടിക്കാരിയായ ഒരു പെണ്‍കുട്ടിയെ ഇന്നുള്ള നിഷയിലേക്ക് വളര്‍ത്തിയത് തന്റെ കുടുംബമാണ്. സാധാരണ മലയാളികള്‍ മക്കളെ വളര്‍ത്തുന്നത് ചോറിനൊപ്പം അല്‍പം പേടിയും കൂട്ടികൊഴച്ചാണ്. പെണ്‍കുട്ടിയാണ്, അങ്ങോട്ട് പോകരുത്, ഇങ്ങോട്ട് പോകരുത്, അവിടെ നില്‍ക്കരുത് ഏഴ് മണിക്ക് ശേഷം പുറത്തിറങ്ങരുത്, ഒറ്റയ്ക്ക് ഓട്ടോയില്‍ കയറരുത് ഇങ്ങനെയെല്ലാം പറഞ്ഞാണ്. ഈ പേടിയ്ക്ക് പകരം അല്‍പം ആത്മവിശ്വാസമാണ് കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുന്നതെങ്കില്‍ കുറച്ചുകൂടി വ്യത്യസ്തമായി ചിന്തിക്കുന്ന തലമുറ ഇവിടെയുണ്ടാകുമെന്നാണ് നിഷയുടെ അഭിപ്രായം. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് വളരേണ്ടവരാണ്. കോ എജ്യുക്കേഷനിലാണ് തനിക്ക് വിശ്വാസമുള്ളൂവെന്നും ഇവര്‍ പറയുന്നു.

ആത്മവിശ്വാസമാണ് എല്ലാമെന്ന് നിഷ വിശ്വസിക്കുന്നു. നമുക്കൊരു സാധനം വേണമെന്നു കരുതിയാല്‍ ആല്‍മാര്‍ത്ഥമായി ആഗ്രഹിച്ചാല്‍, അത് തീര്‍ച്ചയായും കൈവരുമെന്ന് നിഷ പറയുന്നു. സ്വപ്ന സാക്ഷാല്‍ക്കാരത്തിനായി നിരന്തരം പരിശ്രമിക്കുക, എന്തെങ്കിലും തുടങ്ങാന്‍ തോന്നുമ്പോള്‍ അത് പിന്നീടേക്ക് മാറ്റിവെക്കരുത്. പുരുഷനേക്കാളും ശക്തിയുള്ളവരാണ് സ്ത്രീകള്‍., ഈയൊരു ബോധം കുഞ്ഞിലേ വീട്ടില്‍ നിന്നും ഉണ്ടാക്കിക്കൊടുക്കേണ്ടതാണെന്ന് പറഞ്ഞ് നിര്‍ത്തുകയാണ് നിഷ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com