ഈ തീയില്‍ കവിത പിറക്കുന്നതെങ്ങനെ

ഈ ഇരുപതുകാരിക്ക് കവിത ഉപജീവന മാര്‍ഗം കൂടിയാണ്. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ നിന്നെഴുതുന്നതു കൊണ്ടാകണം സാഹിറയുടെ കവിതകള്‍ക്കിത്രയും തീവ്രത.
ഈ തീയില്‍ കവിത പിറക്കുന്നതെങ്ങനെ

പനിനീര്‍ദളങ്ങളുടെ ശവക്കല്ലറയിലാണ് ചെമ്പരത്തിപ്പൂവ് മൊട്ടിട്ടു വിരിഞ്ഞത്.. സാഹിറ കുറ്റിപ്പുറം എന്ന എഴുത്തുകാരി തന്റെ ഫേസ്ബുക്ക് പേജില്‍ എഴുതിയിട്ടു. തീക്ഷ്ണമായ ജീവിതാനുഭവങ്ങളില്‍ നിന്നും അവളുടെ കവിതകള്‍ പിറവികൊണ്ടു. അക്ഷരങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും അവള്‍ സ്ത്രീയെക്കുറിച്ചുള്ള സമൂഹത്തിന്റെ പൊതുധാരണകള്‍ക്കെതിരെ വളരെ ശക്തമായിത്തന്നെ പ്രതികരിച്ചു. ഈ ഇരുപതുകാരിക്ക് കവിത ഉപജീവന മാര്‍ഗം കൂടിയാണ്. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ നിന്നെഴുതുന്നതു കൊണ്ടാകണം സാഹിറയുടെ കവിതകള്‍ക്കിത്രയും തീവ്രത.

കവിത വായിച്ചും എഴുതിയിലും പല വേദികളിലായി പ്രഭാഷണങ്ങളും മറ്റും നടത്തിയും ഈ പെണ്‍കുട്ടി ജീവിക്കുന്നു, അഞ്ച് പേരടങ്ങിയ തന്റെ കുടുംബത്തിന് താങ്ങാകുന്നു. കൂലിപ്പണിക്ക് പോകുന്ന ഉപ്പയും ഒരു കൈ തളര്‍ന്ന ഉമ്മയും പ്ലസ്ടു കഴിഞ്ഞ് പഠനം നിര്‍ത്തിയ അനിയത്തിയും ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന അനിയനുമടങ്ങുന്ന കുടുംബത്തിലെ മൂത്തകുട്ടിയാണ് സാഹിറ. കാടിന്റെയോരത്തെ ഒറ്റപ്പെട്ട ഈ വീട്ടിലേക്ക് വഴിയില്ല. വെള്ളമില്ല.. ഈ സാഹചര്യങ്ങള്‍ക്കിടയിലാണ് സാഹിറയുടെ കവിത പിറക്കുന്നത്. 

പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് സാഹിറ ആദ്യമായി കവിതയെഴുതുന്നത്. അതുവരെ ചെറുകഥകളെഴുതിയിരുന്ന സാഹിറയ്ക്ക് നാട്ടിലെ ഒരു മാധ്യമപ്രവര്‍ത്തകന്‍ തന്റെ ഡയറി നല്‍കിക്കൊണ്ട് പറഞ്ഞു കവിതയെഴുതാന്‍ പറയുകയായിരുന്നു. അദ്ദേഹത്തിന്റെ തന്നെ നിര്‍ദേശത്തെത്തുടര്‍ന്നാണ് സാഹിറയുടെ കവിതകള്‍ എന്ന പുസ്‌കം പിറവികൊണ്ടത്. സമൂഹത്തിന് തന്റെ കവിതകളെക്കൊണ്ട് എന്തെങ്കിലും മാറ്റമുണ്ടാകണമെന്നു തന്നെയാണ് സാഹിറ ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് യോനിയില്‍ രക്തംപുരണ്ടവള്‍ അമ്പലനടചവിട്ടിയാല്‍ മോഹാലസ്യപ്പെടുന്ന ഭഗവാനുണ്ടെങ്കില്‍, ആര്‍ത്തവനാളില്‍ ഖുറാന്‍ തൊട്ടാല്‍ പൊള്ളുന്ന അള്ളാഹുവുണ്ടെങ്കില്‍ പിന്നെ നിങ്ങളെന്തിന്റെ പേരില്‍ വിശ്വസിക്കുന്നു എന്നെഴുതാന്‍ സാഹിറയ്ക്ക് കഴിഞ്ഞത്. ഇതുമൂലം പല മേഖലകളില്‍ നിന്നും ഇവളെ ഒറ്റപ്പെടുത്തി.

തൃശൂര്‍ ഒല്ലൂര്‍ കോളജില്‍ ബിഎ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനിയായിരുന്ന സാഹിറയ്ക്ക്  ഇടയ്ക്കിടയ്ക്ക് പ്രഭാഷണങ്ങള്‍ക്കും മറ്റും പോകുന്നതുകൊണ്ട് ക്ലാസില്‍ സ്ഥിരമായി എത്തിച്ചേരാന്‍ കഴിഞ്ഞിരുന്നില്ല. ഇത് ചില ആധ്യാപകര്‍ക്ക് അലോസരമുണ്ടാക്കിയപ്പോള്‍ രണ്ടുവര്‍ഷം മുന്‍പ് സാഹിറയുടെ പഠനവും നിന്നുപോയി. എന്ന് പഠനം നിന്നുപോയെങ്കിലും വീണ്ടും പഠിക്കാനുള്ള തീരുമാനത്തിലാണ്. ഇനി ബിഎ മലയാളത്തിനാണ് ചേരാന്‍ ഉദേശിക്കുന്നതെന്നും ഇവര്‍ പറഞ്ഞു. 

സാഹിറയുടെ ഇതുവരെയുള്ള എഴുത്തുകളെല്ലാം മണ്ണെണ്ണ വെളിച്ചത്തിന്റെ നിഴലുപറ്റിയായിരുന്നു. ഒരു മാസം മുന്‍പു മാത്രമാണ് അവളുടെ വീട്ടില്‍ വൈദ്യുതിയെത്തിയത്. ഇവള്‍ക്ക് കവിത പ്രശസ്തിയും അംഗീകാരവുമല്ല.. അന്നമാണ്. ഇങ്ങനെയൊരു കലാകാരി നമുക്കിടയില്‍ ജീവിച്ചിരുന്നിട്ടും സാഹിറ കുറ്റിപ്പുറത്തിനെ എന്തേ അറിയാതെ പോയതെന്ന് ചോദിച്ചാല്‍ സമയമായിട്ടില്ല എന്നായിരിക്കും പറയാനാവുക.. കവിയും ശാസ്ത്രജ്ഞനുമായ ഹുസൈന്‍ കെഎച്ചിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്നാണ് ഇപ്പോള്‍ സാഹിറയുടെ എഴുത്തിനു പിന്നിലെ ജീവിതം പുറത്തുവരുന്നത്. 

സാഹിറ ഇതുവരെ രണ്ടു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. പ്രിന്റ് ചെയ്യാനായി ഇരുപതിനായിരം രൂപ കടം വാങ്ങേണ്ടി വന്നെങ്കിലും അതില്‍ അഞ്ഞൂറു കോപ്പിയാണ് സാഹിറയ്ക്ക് കിട്ടിയത്. പരിപാടികള്‍ക്ക് പോകുമ്പോഴും മറ്റും അതില്‍ കുറച്ചെണ്ണം കയ്യിലെടുക്കും വില്‍ക്കും. എന്നാല്‍ മാതൃഭൂമിക്കും മാധ്യമത്തിനുമെല്ലാം എത്രയോ കവിതകള്‍ അയച്ചുകൊടുത്തിട്ടും അതിലൊന്നു പോലും പ്രസിദ്ധീകരിച്ചു കണ്ടില്ലെന്ന് സാഹിറയ്ക്ക് സങ്കടമുണ്ട്. എഴുത്തിന്റെ ലോകം ഇവള്‍ക്കായി പരന്നുകിടക്കുന്നുണ്ടെങ്കിലും എത്രയോ മതിലുകള്‍ ഭേദിച്ചുവേണമിവള്‍ക്ക് പുറത്തുവരാന്‍....

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com