ചിത്രം എ.എഫ്.പി
ചിത്രം എ.എഫ്.പി

ഒറ്റ കുരങ്ങനെ പിടിച്ചാല്‍ 1200, എന്നിട്ടും ആളില്ലെന്നു കോര്‍പ്പറേഷന്‍

കുരങ്ങന്മാരുടെ ശല്യം നിയന്ത്രണാതീതമായെന്നും ഇവയെ പിടിക്കാന്‍ ഒരു സാധ്യതയും കാണുന്നില്ലെന്നും ദക്ഷിണ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ദില്ലി ഹൈക്കോടതിയെ അറിയിച്ചു

ദില്ലി: താമസസ്ഥലങ്ങളിലും സര്‍ക്കാര്‍ മന്ദിരങ്ങളിലും നിര്‍ബാധം വിഹരിക്കുന്ന കുരങ്ങന്മാരെ പിടിക്കാന്‍ ഒരു മാര്‍ഗ്ഗവും കാണുന്നില്ലെന്ന് ദക്ഷിണ ഡല്‍ഹി മുനിസിപ്പല്‍ കമ്മിറ്റി ഹൈക്കോടതിയെ അറിയിച്ചു. കുരങ്ങന്മാരെ പിടിക്കേണ്ടത് ഡല്‍ഹി സര്‍ക്കാരിന്റെ വന്യജീവി വിഭാഗമാണെന്നും കോര്‍പ്പറേഷന്‍ നിലപാടു സ്വീകരിച്ചു. തുടര്‍ന്ന് അരവിന്ദ് കേജ്രിവാള്‍ സര്‍ക്കാരിനോട് പ്രതികരണം അറിയിക്കാന്‍ ചീഫ് ജസ്റ്റിസ് ജി. രോഹിണി, ജസ്റ്റിസ് സംഗീത ധിംഗ്ര സെഹ്ഗാള്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു. 
കുരങ്ങന്മാരെ പിടിക്കാനുള്ള വിദഗ്ധരെ തേടി നിരവധി പരസ്യം കോര്‍പ്പറേഷന്‍ നല്‍കി. ഒരു കുരങ്ങനെ പിടിക്കാന്‍ 1,200 രൂപ വരെ പ്രതിഫലം വാഗ്ദാനം ചെയ്തു. എന്നിട്ടും ഒരാള്‍ പോലും വന്നില്ല. ഡല്‍ഹി സര്‍ക്കാരിന്റെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോടും അഭ്യര്‍ത്ഥിച്ചു. ഇതുകൂടാതെ ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍ എന്നീ സര്‍ക്കാരുകളോട് കുരങ്ങുപിടുത്തക്കാരെ അയയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ല. കുരങ്ങന്മാരെ പിടിക്കാനുള്ള കൂടുപോലും ഡല്‍ഹി സര്‍ക്കാര്‍ നല്‍കിയില്ല. നഗരത്തിലെ കുരങ്ങുശല്യം ക്രമാതീതമായി വര്‍ദ്ധിക്കുകയാണെന്നും കോര്‍പ്പറേഷന്റെ സത്യവാങ് മൂലത്തില്‍ പറയുന്നു. കുരങ്ങന്മാരെ ആദ്യം പുനരധിവസിപ്പിച്ച അശോല-ഭാട്ടിയുടെ പരിസരത്തു സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ഇവ വ്യാപകമായി ആക്രമിക്കുകയാണ്. 
2007 മാര്‍ച്ച് 14ന് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവു തിരിത്തണം എന്നാവശ്യപ്പെട്ടാണ് കോര്‍പ്പറേഷന്‍ ഹൈക്കോടതിയെ സമീപിച്ചത്. അലഞ്ഞുതിരിയുന്ന കുരങ്ങന്മാരെ പിടുകൂടി പുനരധിവസിപ്പിക്കണം എന്നായിരുന്നു കോടതി നിര്‍ദ്ദേശിച്ചത്. വന്യജീവി സംരക്ഷണ നിയമം അനുസരിച്ച് ഡല്‍ഹി സര്‍ക്കാരിന്റെ വനംവകുപ്പിനു മാത്രമേ കുരങ്ങന്മാരെ കൈകാര്യം ചെയ്യാന്‍ കഴിയൂ എന്നും കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ പറയുന്നു. കോര്‍പ്പറേഷന് അതിനുള്ള അധികാരമോ സ്വാതന്ത്ര്യമോ ഇല്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com