ക്രിക്കറ്ററാകണമെങ്കില്‍ നീയൊരു പുലിക്കുട്ടിയാകണം; ജിഎംബി ആകാശിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറല്‍

ചിത്രം-ജിഎംബി ആകാശിന്റെ ഫെയ്‌സ്ബുക്ക് പേജ്‌
ചിത്രം-ജിഎംബി ആകാശിന്റെ ഫെയ്‌സ്ബുക്ക് പേജ്‌

ഇന്ത്യയില്‍ ബാലവേല നിരോധിച്ചിട്ട് കുറച്ചായി. എങ്കിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരു നേരത്തെ അന്നത്തിനായി ആയിരക്കണക്കിന് കുട്ടികളാണ് ജോലിചെയ്യുന്നത്. ഒരു സര്‍ക്കാര്‍ സംവിധാനമോ, സാംസ്‌കാരിക സാമൂഹ്യ സംഘനടകളോ ഇവര്‍ ജോലി ചെയ്യുന്നത് കാണാത്തത് കൊണ്ടാണോ അതോ കണ്ടില്ലെന്ന് നടിക്കുന്നതുകൊണ്ടാണോ എന്നത് വ്യക്തമല്ല. 

ഹോട്ടലുകള്‍, ക്വാറികള്‍, കല്‍ക്കരി ഫാട്ക്ടറികള്‍, കെട്ടിട നിര്‍മാണം തുടങ്ങിയ നിരവധി മേഖലകളില്‍ എത്രയോ കുട്ടികള്‍ ഭക്ഷണത്തിനായി മാത്രം ജോലി ചെയ്യുന്നു. ഇവരുടെ പഠനം, ജീവിതം എല്ലാം നിരാകരിച്ചുകൊണ്ടാണ് ഇവരെ ഇത്രയും ചെറുപ്പത്തില്‍ ജോലി ചെയ്യാന്‍ ആരംഭിക്കുന്നത്.

എന്നാല്‍, ബംഗ്ലാദേശി ഫോട്ടോഗ്രാഫര്‍ ജിഎംബി ആകാശ് ബാലവേലയുടെ മറ്റൊരു മുഖം തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചത് വൈറലായിരിക്കുകയാണ്. ഒരു ഫാക്ടറിയില്‍ ജോലി ചെയ്യുന്ന ഷക്കീല്‍ എന്ന കുട്ടിയുടെ ജീവിതരീതിയാണ് ആകാശ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

എനിക്ക് ക്രിക്കറ്റ് കളിക്കാന്‍ വലിയ ഇഷ്ടമാണ്. എന്നാല്‍, എന്നെ സംബന്ധിച്ച് കളി പ്രാക്ടീസ് ചെയ്യുവാന്‍ സമയം കിട്ടുന്നില്ല. എല്ലാ ദിവസവും പത്ത് മണിക്കൂറോളം ഫാക്ടറിയില്‍ ജോലിയെടുക്കണം. ചില സമയങ്ങളില്‍ വൈദ്യുതി മുടങ്ങുമ്പോള്‍ ഫാക്ടറി ജോലികള്‍ നിര്‍ത്തിവെക്കും. ഏകദേശം ഒരു മണിക്കൂറോളം വൈദ്യുതി മുടങ്ങുമ്പോഴാണ് ഞാന്‍ ക്രിക്കറ്റ് പരിശീലിക്കാന്‍ പോകുന്നത്.

ഫാക്ടറിക്കടുത്തുള്ള ഒരു ഗ്രൗണ്ടില്‍ അവിടെയുള്ള സ്‌കൂള്‍ കുട്ടികള്‍ കളിക്കുന്നുണ്ടാകും. അവര്‍ എന്നെയും ഒരു ടീമിലെടുക്കും. വൈദ്യുതി വരുന്നതുവരെയാണ് എന്റെ പ്രാക്ടീസ് സമയം. ഫാക്ടറിയില്‍ ബാക്കിയുള്ള കുട്ടികള്‍ വൈദ്യുതി പോകുന്ന സമയത്ത് വിശ്രമിക്കാന്‍ സമയം കണ്ടെത്തുമ്പോള്‍ ഞാന്‍ മാത്രമാണ് ക്രിക്കറ്റ് പ്രാക്ടീസ് ചെയ്യുന്നതിനായി ഗ്രൗണ്ടിലേക്ക് ഓടുന്നത്.

എന്റെ ക്രിക്കറ്റിനോടുള്ള താല്‍പ്പര്യം കണ്ട് ഫാക്ടറി ഉടമസ്ഥന് അസ്വസ്ഥതയുണ്ട്. വലുതാകുമ്പോള്‍ വലിയ ക്രിക്കറ്റ് താരമാകുമെന്ന് ഞാന്‍ എപ്പോഴും അയാളോട് പറയും. വലിയ സ്വപ്‌നങ്ങള്‍ കാണാനുള്ള പ്രായമൊന്നും നിനക്കായിട്ടില്ലെന്ന് അപ്പോള്‍ അയാള്‍ എന്നെ കളിയാക്കി പറയും. ക്രിക്കറ്റ് കളിക്കാരന്‍ ആകണമെങ്കില്‍ നീയൊരു പുലിക്കുട്ടിയാകണമെന്നാണ് അയാള്‍ പറയുന്നത്. ഫാക്ടറിയിലുള്ള മറ്റാളുകളും എന്നെ കളിയാക്കുമെങ്കിലും വൈദ്യുതി മുടങ്ങുന്ന സമയങ്ങളില്‍ എന്നും ഞാന്‍ ക്രിക്കറ്റ് കളിക്കാന്‍ പോകും.

കഴിഞ്ഞ വെള്ളിയാഴ്ച ഗ്രൗണ്ടില്‍ മാച്ചായിരുന്നു. ഞാനാണ് എന്റെ ടീമിനെ നയിച്ചത്. ആശ്ചര്യമെന്ന് പറയട്ടെ, ഞങ്ങളുടെ ഫാക്ടറി ഉടമയും കളികാണാന്‍ വന്നിരുന്നു. ഞാന്‍ വിക്കറ്റുകള്‍ക്കിടയില്‍ ഓടുന്ന സമയത്ത് അയാള്‍ ആര്‍പ്പുവിളിച്ചു. ഞാനൊരു പുലിക്കുട്ടിയാണെന്ന് അയാള്‍ പറഞ്ഞുകൊണ്ടേയിരുന്നു. മത്സരത്തില്‍ എന്റെ ടീം ജയിച്ചു. ഈ കാണുന്ന പുലിയുടെ മുഖമൂടി ഫാക്ടറി ഉടമസ്ഥന്‍ സമ്മാനമായി തന്നതാണ്. എന്റെ ജീവിതത്തിലെ ആദ്യ കളിപ്പാട്ടം.

ആകാശ് ഇത് പോസ്റ്റ് ചെയ്തതോടെ ആയിരക്കണക്കിന് ആളുകളാണ് ശക്കീലിന് പിന്തുണയുമായി പോസ്റ്റിന് കമന്റ് ചെയ്തത്. 

ആകാശിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com